PRAVASI

രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള സമീപനത്തിൽ കോണ്‍ഗ്രസിൽ ഏകാഭിപ്രായം ഉണ്ടാകാത്തതിൽ ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തി

Blog Image

രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള സമീപനത്തിൽ കോണ്‍ഗ്രസിൽ ഏകാഭിപ്രായം ഉണ്ടാകാത്തതിൽ ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തി. വിഷയം തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന ആശങ്ക നില്‍ക്കുമ്പോള്‍ ഇതിനെപ്പോലും സ്വന്തം നേട്ടത്തിന് ഉപയോഗിക്കാൻ ചില നേതാക്കള്‍ നടത്തുന്ന ശ്രമത്തില്‍ അവര്‍ക്ക് കടുത്ത നീരസമുണ്ട്. പ്രതിപക്ഷനേതാവിൻ്റെ നിലപാട് പോലെ ഈ വിവാദത്തെ അവഗണിക്കുകയാണ് ഗുണകരമെന്നാണ് അവരുടെ അഭിപ്രായം. ഇതിൽ അനാവശ്യ പ്രതികരണം വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലും ധാരണയായിട്ടുണ്ട്. സ്വര്‍ണ്ണപാളിക്കേസ് എടുത്തിട്ട് ഇതിനെ മറികടക്കുക എന്നതാകും ഇനി കോണ്‍ഗ്രസ് സ്വീകരിക്കുന്ന തന്ത്രം.

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കഴിഞ്ഞദിവസം യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സി.പി.എമ്മിന്റെ തന്ത്രമാണെന്ന ആരോപണം ഉയരുന്നതിനിടയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങുകയും ചെയ്തിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെടുത്തി ഈ വിഷയത്തെ തിരിച്ചുവിടാനുള്ള ശ്രമമാണ് നേതൃത്വം നടത്തുന്നത്. അതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചു കൊണ്ടും പരാതി നല്‍കിയ അതിജീവിതയെ ആക്രമിച്ചു കൊണ്ടും കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നതിലാണ് കടുത്ത അതൃപ്തി ഘടകകക്ഷികള്‍ പ്രകടിപ്പിക്കുന്നത്.

പരാതി എപ്പോള്‍ വന്നാലും വിഷയം അതീവ ഗുരുതരസ്വഭാവം ഉള്ളതാണന്ന നിലപാടാണ് അവര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വിഡി സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും നിലപാടുകളാണ് മുന്നണിക്ക് ഗുണകരമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സസ്‌പെന്‍ഡ് ചെയ്തതിനാൽ, പാർട്ടിയുമായി നിലവില്‍ ബന്ധമില്ലാത്ത വ്യക്തിയെക്കുറിച്ച് കൂടുതൽ പ്രതികരണം വേണ്ടെന്ന അവരുടെ നിലപാടുകള്‍ എല്ലാവരും ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ പോലും ഈ വിഷയത്തെ ഉപയോഗിച്ചുകൊണ്ട് സതീശനെ വെട്ടാന്‍ ശ്രമിക്കുന്നവര്‍ മുന്നണിക്ക് കടുത്ത ദ്രോഹമാണ് ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആരോപണം ഉയര്‍ന്നുവന്ന സമയം മുതല്‍ തന്നെ ആ യുവതിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടുകളാണ് അടൂര്‍ പ്രകാശിനെയും വി.കെ.ശ്രീകണ്ഠനെയും കെ.സുധാകരനെയും പോലുള്ള നേതാക്കള്‍ സ്വീകരിച്ചുവന്നത്. അന്ന് അവര്‍ക്ക് അതിന് ഉന്നതതലങ്ങളില്‍ നിന്നുള്ള പിന്തുണയും ലഭിച്ചു. അന്ന് ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നുമില്ലാതിരുന്നത് ഒരുകണക്കിന് ആ നിലപാടുകളെ സാധൂകരിക്കുന്നതും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. പരാതി നിലവിലുണ്ട്. അതില്‍ എഫ്.ഐ.ആര്‍ എടുത്ത് അന്വേഷണം നടക്കുകയുമാണ്. അക്കാര്യം ചൂണ്ടിക്കാട്ടി മൗനം പാലിക്കുകയാണ് എല്ലാവര്‍ക്കും അഭികാമ്യമെന്ന നിലപാടാണ് ലീഗ് പങ്കുവച്ചിരിക്കുന്നത്.
വിഷയം ഇത്രയും ഗുരുതരമാക്കാതെ നോക്കുന്നതില്‍ കോണ്‍ഗ്രസ് പൊതുവെയും രാഹുല്‍ മാങ്കൂട്ടത്തിൽ പ്രത്യേകിച്ചും പരാജയപ്പെട്ടുവെന്ന അഭിപ്രായവും മുന്നണിക്കുള്ളില്‍ ശക്തമാണ്. മുന്നണിയെ പ്രതിക്കൂട്ടിലാക്കാനാണ് ഇപ്പോള്‍ പരാതി വന്നതെന്ന് പറയുന്നവര്‍, ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആരോപണങ്ങളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നപ്പോള്‍ ഇടപെടണമായിരുന്നു എന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. വെറും ആരോപണമല്ല, വ്യക്തമായ ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. അന്നുതന്നെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് വിഷയത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമായിരുന്നു.

വേണ്ടിവന്നാൽ അതിജീവിതയെ അവര്‍ കണ്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാകട്ടെ, അന്ന് പുറത്തുവന്ന ശബ്ദരേഖകളെയോ, വാട്ട്‌സ്ആപ്പ് ചാറ്റുകളെയോ നിഷേധിക്കുകയോ വിശദീകരിക്കുകയോ പോലും ചെയ്യാതെ എല്ലാവരെയും വെല്ലുവിളിച്ച് മുന്നോട്ടു പോകുകയുമായിരുന്നു. ആരോപണ വിധേയന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സമയത്ത് പാര്‍ട്ടിക്കും മുന്നണിക്കും കേടുപാടുകള്‍ ഉണ്ടാകാതെ നോക്കാനുള്ള ബാദ്ധ്യത ഒരു ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിനും ഉണ്ടായിരുന്നു. ഇതൊന്നും അന്നാരും പരിഗണിച്ചില്ല.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് തന്നെ നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. മുതിര്‍ന്ന നേതാക്കളുടേത് ഉള്‍പ്പെടെ പത്തോളം പരാതികള്‍ ലഭിച്ചിരുന്നു. അതില്‍ അടയിരുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കാനോ അതിന് നിര്‍ദ്ദേശം നല്‍കാനോ പോലും അവര്‍ക്കും കഴിഞ്ഞില്ല. ഹൈക്കമാന്‍ഡ് എന്ന സംവിധാനത്തിന്റെ പിടിപ്പുകേടാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയില്‍ ഉണ്ടാകുന്ന ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്ന അഭിപ്രായവും ഘടകകക്ഷികള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതുമാത്രമല്ല, പല പ്രശ്നങ്ങളെയും വേണ്ട ഗൌരവത്തിൽ പരിഗണിക്കുന്നില്ല എന്ന പരാതിയും ഈ സാഹചര്യത്തിൽ ലീഗ് അടക്കമുള്ളവർ പ്രകടിപ്പിക്കുന്നുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.