കർണാടകയിൽ വിദ്യാർത്ഥിനികൾക്ക് പിന്നാലെ ഇനി ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര സൗജന്യമാക്കുന്ന വിപ്ലവാത്മക പദ്ധതിക്ക് തുടക്കമായി. ഇതിനായുള്ള പ്രത്യേക യാത്രാ പാസുകളുടെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ബെംഗളൂരു ഉൾപ്പെടെ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമേകുന്നതാണ് ഈ തീരുമാനം. താമസസ്ഥലത്തുനിന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കാണ് ഈ സൗജന്യ പാസ് ലഭിക്കുക.
കർണാടക സർക്കാർ നേരത്തെ നടപ്പാക്കിയ ‘ശക്തി’ പദ്ധതി വഴി സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ബസ് യാത്ര സൗജന്യമാക്കിയിരുന്നു. എന്നാൽ, ഇത് കർണാടകയിലെ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നതിനാൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ പദ്ധതിയിൽ കർണാടകത്തിന് പുറത്തുനിന്നെത്തി പഠിക്കുന്ന വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിയതാണ് മലയാളികൾക്ക് അനുഗ്രഹമായത്. കോളേജിൽനിന്നുള്ള രേഖകൾക്കൊപ്പം എവിടയാണ് താമസിക്കുന്നതെന്ന് തെളിയിക്കുന്ന വാടക ശീട്ടോ വൈദ്യുതി ബില്ലോ ഹാജരാക്കിയാൽ പദ്ധതിയിൽ ഉൾപ്പെടുത്തും.
സൗജന്യ ബസ് പാസ് സ്വന്തമാക്കാൻ വിദ്യാർത്ഥികൾ കർണാടക സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ ‘സേവാസിന്ധു’ വഴി ഓൺലൈനായി അപേക്ഷിക്കണം. സർക്കാരിന്റെ ഓൺലൈൻ സേവനകേന്ദ്രങ്ങളായ ‘കർണാടക വൺ’, ‘ഗ്രാമ വൺ’ സെന്ററുകളിൽ നേരിട്ടെത്തിയും അപേക്ഷ നൽകാം (30 രൂപ സർവീസ് ചാർജ് ഈടാക്കുന്നതാണ്). അപേക്ഷകൾ അംഗീകരിച്ചു കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിലെ കൗണ്ടറുകൾ വഴിയോ കർണാടക വൺ, ഗ്രാമ വൺ കേന്ദ്രങ്ങൾ വഴിയോ പാസുകൾ കൈപ്പറ്റാം. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് 10 മാസത്തേക്കുള്ള പാസാണ് ലഭിക്കുക. ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് 12 മാസത്തെ കാലാവധിയുള്ള പാസ് വിതരണം ചെയ്യും. ട്രാൻസ്‌പോർട്ട് വകുപ്പിന്റെ കെ.എസ്.ആർ.ടി.സി., ബി.എം.ടി.സി., എൻ.ഡബ്ല്യൂ.കെ.ആർ.ടി.സി., കെ.കെ.ആർ.ടി.സി. ബസുകളിൽ പാസ് ഉപയോഗിച്ച് യാത്രചെയ്യാം.

