PRAVASI

നേഴ്സ് പ്രാക്ടീഷണർ വീക്ക് ആഘോഷം: ഐനാനി സൗജന്യ തുടർവിദ്യാഭ്യാസ സെമിനാർ നടത്തി

Blog Image

ഐനാനി, ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാരുടെ പ്രതിനിധി സംഘടനയായ ഇൻഡ്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക്, രണ്ടായിരത്തി ഇരുപത്തിനാലിലെ നേഴ്സ് പ്രാക്ടീഷണർ വീക്ക് ആരോഗ്യ രംഗത്ത്, പ്രത്യേകിച്ചു നഴ്സിംഗ് പ്രാക്ടീസ് രംഗത്ത് പ്രാധാന്യമർഹിക്കുന്ന വിദ്യാഭ്യാസ പരിപാടികളോടെ ആഘോഷിച്ചു.  ന്യൂ യോർക്ക് എൽമോണ്ടിലെ കേരള സെന്ററാണ് ഐനാനി ഈ വര്ഷം ആഘോഷത്തിനായി തെരഞ്ഞെടുത്തത്.  
അമേരിക്കൻ നഴ്സസ് അസോസിയേഷൻ ന്യൂ യോർക്ക് ചാപ്റ്റർ സെക്രെട്ടറി കിംബെർലി വെലേസ് മുഖ്യാതിഥിയായിരുന്ന ആഘോഷത്തിന് എജുക്കേഷൻ ആൻഡ് പ്രൊഫെഷണൽ ടെവേലോപ്മെന്റ്റ് കമ്മിറ്റി ചെയർ ആന്റോ പോൾ സ്വാഗതം ആശംസിച്ചു.  പ്രസിഡന്റ് ഡോ. അന്നാ ജോർജ് അധ്യക്ഷപ്രസംഗം നടത്തി.  ഇക്കഴിഞ്ഞ വർഷങ്ങളിൽ ഐനാനി പൊതു സമൂഹത്തിൻറെ നന്മയ്ക്കും നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനും നഴ്സിംഗ് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും ചെയ്ത വിജയകരമായ ശ്രമങ്ങളെ വിശദീകരിച്ചു വിലയിരുത്തി.  ഒരു നേഴ്സ് പ്രാക്ടീഷണർ കൂടിയായ അവർ പ്രദേശത്തെ ഹോസ്പിറ്റലുകളിലും മറ്റു ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലും നേഴ്സ് പ്രാക്ടീഷണർമാർ ചെയ്തുകൊണ്ടിരിക്കുന്ന ഉന്നത സേവനങ്ങളുടെ പ്രാമുഖ്യതയെ ചൂണ്ടിക്കാട്ടി.  
കൊയാലിഷൻ ഓഫ് ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് എന്ന സംഘടനയോടൊപ്പം സമൂഹത്തിൽ തുടർന്നു വരുന്ന ഏഷ്യൻ വിരുദ്ധ വിദ്വെഷ സംഭവങ്ങൾക്കെതിരെയുള്ള പോരാട്ടം നടത്തുന്ന ഐനാനി അപ്രതീക്ഷിതമായി അത്തരം ഒരു സംഭവത്തിന് ഇരയാകേണ്ടി വന്നാൽ അല്ലെങ്കിൽ സംഭവത്തിന് ദൃക്‌സാക്ഷി ആകേണ്ടിവന്നാൽ സുരക്ഷിതമായി ചെയ്യാവുന്ന ശ്രമങ്ങളെ കുറിച്ച് ഡോ. അന്നാ ജോർജ്, ഡോ. സോളിമോൾ കുരുവിള, ഡോ. ആനി ജേക്കബ് എന്നിവർ "ബൈസ്റ്റാൻഡർ ഇന്റെർവെൻഷൻ" എന്ന അവബോധന-പരിശീലന ക്‌ളാസ് നൽകി.   
അമേരിക്കയിൽ ഓരോ നാൽപ്പതു സെക്കന്റിലും ഒരാൾക്ക് ഹൃദയാഘാതം ഉണ്ടെന്നാണ് കണക്ക്.  ഒരു വര്ഷം ഒരു ലക്ഷം ആളുകളുടെയെങ്കിലും ജീവൻ എടുക്കുന്ന ഹൃദയാഘാതമായിരുന്നു അടുത്ത വിഷയം.  ഹൃദ്രോഗ ചികിത്സാ രംഗത്ത് വിദഗ്ധരായ ഷൈനി സേവ്യർ,ലൈസി മേച്ചേരിൽ എന്നീ നേഴ്സ് പ്രാക്ടീഷണര്മാര് "മയോകാർഡിയൽ ഇൻഫാർക്ഷൻ: ടൈംലി ഇന്റർ വെൻഷൻ"  എന്ന ശീർഷകത്തിൽ നടത്തിയ സംവേദനാല്മക ക്‌ളാസ് ഹൃദ്രോഗബാധയുടെ ഗൗരവവും ആദ്യ സൂചനകളും പ്രതിരോഗ പരിചരണങ്ങളും സമയോചിതമായി എടുക്കേണ്ട നടപടികളും ഏറ്റവും ആധുനികമായ ശാസ്ത്ര പിന്തുണയോടെമികവുറ്റതാക്കി.
പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങൾ സ്ത്രീകളിലെ ഹൃദയാഘാതത്തെ തിരിച്ചറിയുന്നതിന് വിഷമമുണ്ടാക്കുന്ന അവസ്ഥയാണുള്ളത്.  അക്കാരണം കൊണ്ടുതന്നെ പലപ്പോഴും സമയോചിതമായ ചികിത്സാ നടപടികൾ എടുക്കുവാൻ താമസമുണ്ടാകാറുണ്ട്.   മറ്റൊരു ഹൃദ്രോഗ വിദഗ്‌ദ്ധയായ നഴ്സ് പ്രാക്ടീഷണർ ബെസ്സി തങ്കവേലു അവതരിപ്പിച്ച പ്രഭാഷണം സ്ത്രീകൾക്കിടയിലെ ഹൃദയാഘാതത്തെ കുറിച്ചായിരുന്നു.
ടായ് ചി പരിശീലനത്തെ കുറിച്ചായിരുന്നു ഡോ. ശബ്നം മുൾടാനി നടത്തിയ ക്‌ളാസ്. വളരെ സാവധാനത്തിലുള്ള നിയന്ത്രിത ചലനങ്ങളിലൂടെ ശാരീരിക സന്തുലനം, വഴക്കം, പേശികളുടെ ശക്തി, പേശികളുടെ ഏകോപനം എന്നിവയെ കേന്ദ്രീകരിച്ചുള്ള ടായ് ചി രീതി പ്രായമായവരിൽ ഉണ്ടാകാവുന്ന വീഴ്ചയുടെ റിസ്ക് കുറയ്ക്കാൻ കഴിയുമെന്ന് തെളിവാധിഷ്ഠിതമായി അവർ അവതരിപ്പിച്ചു.  ദൈനം ദിന ജീവിതത്തിലും ജോലി സ്ഥലത്തും ശാരീരിക വിന്യാസത്തിൽ (body posture) ശ്രദ്ധിക്കുക വഴി കഴുത്തു വേദന, തോൾ വേദന പുറം വേദന എന്നിവയെ എങ്ങനെ ഒഴിവാക്കാനാകുമെന്ന് ഫിസിക്കൽ തെറാപ്പിസ്റ്റ് ബെജിത് ജോസെഫ് നൽകിയ ടിപ്പുകൾ പങ്കെടുത്ത നഴ്സിംഗ് സമൂഹത്തിന് വളരെ ഉൾക്കാഴ്ചകൾ നൽകി.  
പങ്കെടുത്ത നഴ്സുമാർക്കെല്ലാവർക്കും എ പി ആർ എൻ വേൾഡ് അംഗീകരിച്ച തുടർ വിദ്യാഭ്യാസ ക്രെഡിറ്റുകൾ സൗജന്യമായി നൽകപ്പെട്ടു.  
മൂന്നു ലക്ഷത്തി എൺപത്തയ്യായിരം പേരുടെ ശക്തിയുള്ള നഴ്സ് പ്രാക്ടീഷണർ സമൂഹം  അമേരിക്കൻ ആരോഗ്യ പരിപാലന രംഗത്തു നൽകുന്ന നിർണ്ണായക  സംഭാവനകളെ പ്രത്യേകിച്ചു വിലമതിക്കുന്നതിനും അംഗീകരിക്കുന്നതിനുമാണ് എൻ പി വീക്ക് ആഘോഷിക്കപ്പെടുന്നത്. 
അമേരിക്കയിൽ പ്രാഥമിക ചികിത്സാമേഖലയിൽ ദീർഘകാലമായി നില നിൽക്കുന്ന ഒരു പ്രതിഭാസമാണ് മെഡിക്കൽ ഡോക്റ്റർമാരുടെ ക്ഷാമം.  കുട്ടികളിലും മുതിർന്നവരിലും സാധാരണമായുണ്ടാകുന്ന അസുഖങ്ങൾക്ക് ചികിത്സ  ലഭ്യമാക്കാൻ ഡോക്റ്റർമാരുടെ ക്ഷാമം  പല കമ്മ്യൂണിറ്റികളും  പ്രത്യേകിച്ച് വിദൂര ഗ്രാമ പ്രദേശങ്ങളിൽ വിഷമം സൃഷ്ടിക്കുന്നുണ്ട്.  ഡോക്ടർമാർ കൂടുതൽ സാമ്പത്തിക വരുമാനവും കൂടുതൽ ഗൗരവതരമായ പ്രഫഷണൽ പ്രാക്ടീസും സൗകര്യമാക്കുന്ന സ്പെഷ്യാലിറ്റികളിലേക്കു നീങ്ങുമ്പോൾപ്രാഥമികാരോഗ്യ രംഗംകൂടുതൽ കൂടുതൽ ദാതാക്കളിലാത്തതായി മാറിക്കൊണ്ടിരിക്കുകയാണ്. ഫ്ലൂ, അപ്പർ റെസ്പിരറ്റോറി ഇൻഫെക്ഷൻ, പോലുള്ള സാധാരണ അസുഖങ്ങൾ വരുന്നവർക്ക് ആശ്വാസവും ചികിത്സയും ലഭിക്കാത്ത അന്തരീക്ഷം നിലനിൽക്കുമ്പോൾ നഴ്സ് പ്രാക്ടീഷണര്മാരുടെ ലഭ്യത പ്രാഥമിക ശുസ്രൂഷാരംഗത്ത് വലിയൊരു സഹായമായി. 
രാജ്യത്തെ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളും വാഷിങ്ടൺ ഡി സി യും നേഴ്സ് പ്രാക്ടീഷണര്മാര്ക്ക് പൂർണ്ണമായ പ്രാക്ടീസ് അധികാരം (ഫുൾ പ്രാക്ടീസ് അതോറിറ്റി)  നൽകിയിട്ടുണ്ട്.  അതായത് വിദ്യാഭ്യാസവും പരിശീലനവും തേടി ലൈസൻസും സർട്ടിഫിക്കറ്റും ലഭിച്ച നഴ്സ് പ്രാക്ടീഷണര്മാര്ക്ക് രോഗികളെ പരിശോധിച്ചു രോഗാവസ്ഥ വിശകലനം ചെയ്തു കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റുകൾ ഓർഡർ ചെയ്യുവാനും രോഗ നിർണ്ണയം നടത്തി സ്വതന്ത്രമായി മരുന്നുകളും മറ്റു ട്രീട്മെന്റുകളും നടത്താനുള്ളഅധികാരമാണ് ഫുൾ പ്രാക്ടീസ് അതോറിറ്റി.  ഫിസിഷ്യന്മാരുടെ മേൽനോട്ടത്തിൽ അല്ലെങ്കിൽ ഭാഗികമായ സ്വയംഭരണമാണ് മറ്റു സംസ്ഥാനങ്ങളിൽ നേഴ്സ് പ്രാക്ടീഷണര്മാര്ക്കുള്ളത്. ഈ സംസ്ഥാനങ്ങളിൽ എല്ലാം മറ്റു ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിലെ പോലെ ഫുൾ പ്രാക്ടീസ് അതോറിറ്റിക്കു വേണ്ടിയുള്ള പടവുകൾ കടന്നു കൊണ്ടിരിക്കുന്നു.   
തങ്ങളുടെ പ്രൈമറി കെയർ പ്രൊവൈഡർ ആയി മിക്കവരും പരിഗണിക്കുന്നതും മുൻഗണന കൊടുക്കുന്നതും മെഡിക്കൽ ഡോക്ടർമാരെയാണെങ്കിലും നേഴ്സ് പ്രാക്ടീഷണര്മാരുടെ സേവനം  ലഭിച്ചവർ  തൃപതരാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. വെറ്ററൻസ് അഡ്മിനിസ്ട്രേഷൻ ഹെൽത് കെയർ നേഴ്സ് പ്രാക്ടീഷണർ - മെഡിക്കൽ ഡോക്ടർ ചികിത്സകളിൽ രോഗികളുടെ അനുഭവത്തെ കുറിച്ച് നടത്തിയ പഠനം ചൂടിക്കാണിച്ചത് ചികിത്സാഫലത്തിന്റെ ഗുണനിലവാരത്തിൽ വ്യത്യാസമില്ലായെന്നാണ്. മെഡിക്കൽ ഡോക്ടർമാർക്ക് കൂടുതൽ വിദ്യാഭ്യാസം ഉണ്ടെന്നതാണ് അവരോടുള്ള താൽപ്പര്യത്തിന് പിന്നിൽ.  കൂടുതൽ സങ്കീർണ്ണതകൾ ഇല്ലാത്ത ആരോഗ്യ പ്രശ്നങ്ങളിൽഡോക്ടർമാരിൽ നിന്നും നേഴ്സ് പ്രാക്ടീഷണര്മാരില്നിന്നും  ലഭിക്കുന്ന ചികിത്സയിലും എടുത്തുപറയത്തക്കവിധം വ്യത്യാസങ്ങളില്ലായെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ കാണിക്കുന്നത്.  രോഗങ്ങളെ കണ്ടുപിടിക്കുന്നതിനും അവയെ ചികില്സിക്കുന്നതിനും ഡോക്ടർമാർ പ്രത്യേക ശ്രദ്ധ നൽകുമ്പോൾ നേഴ്സ് പ്രാക്ടീഷണര്മാര് കുറച്ചുകൂടെ സമഗ്രമായ സമീപനം എടുക്കുന്നു.  ജീവിതശൈലിയും ആരോഗ്യവും തമ്മിലുള്ള ബന്ധം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും രോഗികളോടൊപ്പം ചെലവഴിക്കുന്ന സമയവും നേഴ്സ് പ്രാക്ടീഷണര്മാരില് നിന്നാണ് രോഗികൾക്ക് ലഭിക്കുന്നതത്രെ. പല രോഗികളും നേഴ്സ് പ്രാക്ടീഷണര്മാർക്ക് മുൻഗണന കൊടുക്കുന്നത് അവർ കൂടുതൽ അനുകമ്പയും രോഗികളോട് കൂടുതൽ ശ്രദ്ധയും രോഗി-ദാതാവ് ബന്ധത്തിൽ താൽപ്പര്യം കാണിക്കുന്നവരുമായതുകൊണ്ടാണ്.
ഫുൾ പ്രാക്ടീസ് അതോറിറ്റി അനുവദിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ മെഡിക്കൽ ഡോക്ടർമാർ നേഴ്സ് പ്രാക്ടീഷണര്മാരുടെ മേൽനോട്ട ചുമതലയോ സഹകരണ ബന്ധമോ നിലനിൽക്കുമ്പോൾ അത് അനുവദിച്ചിട്ടുള്ള ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിലും വാഷിങ്ടൺ ഡി സി യിലും രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും ശ്രദ്ധയും ഫലവും നൽകുന്നതിനുള്ള സഹപ്രവർത്തക ബന്ധം ആണ് നില നിൽക്കുന്നത്.  സങ്കീർണ്ണമായ കേസുകൾ നേഴ്സ് പ്രാക്ടീഷണര്മാരെക്കാൾ വിദ്യാഭ്യാസവും വൈദഗ്ധ്യവും ഉള്ള മെഡിക്കൽ ഡോക്ടർമാർ ഏറ്റെടുക്കുമ്പോൾ കൂടുതൽ സങ്കീര്ണതയില്ലാത്ത, സാധാരണ രോഗ ചികിത്സ നേഴ്സ് പ്രകടീഷണര്മാര് കൈകാര്യം ചെയ്യുന്നു.  അങ്ങനെ മെഡിക്കൽ ഡോക്ടർമാരുടെ ക്ഷാമം ആരോഗ്യമേഖലയിൽ ഉണ്ടാക്കിയ വിടവ് കുറയ്ക്കുന്നതിനും റൂറൽ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാനും നേഴ്സ് പ്രാക്ടീഷണർമാർ സ്തുത്യർഹമായ പങ്കാണ് വഹിക്കുന്നത്.  
ഹോസ്പിറ്റലിലും നഴ്സിംഗ് ഹോമിലും വേദനയനുഭവിക്കുന്നവർക്ക് ആശ്വാസം നൽകി, വിദ്യാഭ്യാസ രംഗത്തു ശിക്ഷണം നൽകി, ഗവേഷണത്തിലൂടെ പുതിയ അറിവ് സൃഷ്ടിച്ച് മാനവ രാശിയുടെ ആരോഗ്യ ക്ഷേമത്തിന് കഠിനാധ്വാനം നടത്തുന്ന നഴ്സുമാരുടെ സംഘടനയായ ഐനാനി പൊതുസമൂഹത്തിനു നൽകുന്ന അനന്യസാധാരണമായ ശ്രമങ്ങളെ മുഖ്യാതിഥി  കിംബെർലി വെലേസ് നിർലോഭം പുകഴ്ത്തി.  
എ പി ആർ എൻ ചെയർ സിനി ബോബി കൃതഘ്‌നത പ്രകടനം നടത്തി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.