PRAVASI

ഒരേ സമൂഹം, ഒരേ ദർശനം, ഒരേ ഭാവി: ഫൊക്കാന ‘ടീം ഇന്റഗ്രിറ്റി’ പ്രകടനപത്രിക പുറത്തിറക്കി

Blog Image


ന്യൂയോർക്ക്: ഫൊക്കാനയുടെ 2026-2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രസിഡൻഷ്യൽ സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ‘ടീം ഇന്റഗ്രിറ്റി’ സമഗ്രമായ പ്രകടനപത്രിക പുറത്തിറക്കി. 'തലമുറകളെ ബന്ധിപ്പിക്കുക, സമൂഹങ്ങളെ ശാക്തീകരിക്കുക, മലയാളി വ്യക്തിത്വത്തെ ഉയർത്തുക' എന്ന മുദ്രാവാക്യവുമായി പുറത്തിറക്കിയ പ്രകടനപത്രികയിൽ, ഫൊക്കാനയെ വാർഷിക കൺവെൻഷനുകളിൽ ഒതുങ്ങുന്ന സംഘടനയിൽ നിന്ന് വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു ആഗോള മലയാളി ഇക്കോസിസ്റ്റമാക്കി മാറ്റുമെന്ന കാഴ്ചപ്പാടാണ് അവതരിപ്പിച്ചിരിക്കുന്നത്.

സുതാര്യത, ഉൾക്കൊള്ളൽ, പരിവർത്തനാത്മക നേതൃത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന പദ്ധതിയാണ് ടീം ഇന്റഗ്രിറ്റി മുന്നോട്ടുവയ്ക്കുന്നത്. മുതിർന്ന തലമുറയുടെ നേതൃത്വത്തിൽ മാത്രം ഒതുങ്ങാതെ, യുവജനങ്ങളെയും രണ്ടാം തലമുറയെയും  നേതൃത്വത്തിന്റെ ഭാഗമാക്കുന്ന ‘തലമുറാന്തര നേതൃത്വം’  എന്ന ആശയത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.

പ്രകടനപത്രികയുടെ ഭാഗമായി മൂന്ന് പ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 100 മലയാളികളെ ആദരിക്കുന്ന ‘ഫൊക്കാന 100 ലീഡേഴ്സ് റെക്കഗ്നിഷൻ ഇനിഷ്യേറ്റീവ്’, അംഗസംഘടനകളെ ഒരു കുടക്കീഴിൽ ബന്ധിപ്പിക്കുന്ന ‘മലയാളി കണക്ട്’ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഭാവി തലമുറ നേതാക്കളെ വളർത്തിയെടുക്കാനുള്ള ‘ഫൊക്കാന ഫ്യൂച്ചർ ലീഡേഴ്സ് അക്കാദമി’ എന്നിവ.

ഏഴ് പ്രധാന ലക്ഷ്യങ്ങൾ  (seven pillars)  അടിസ്ഥാനമാക്കിയാണ് സംഘടനയുടെ ഭാവി വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയിരിക്കുന്നത്. യുവജന ശാക്തീകരണം, കുടുംബ-സീനിയർ പരിചരണം, സംസ്കാര-സാഹിത്യ സംരക്ഷണം, തൊഴിൽ-ബിസിനസ് വളർച്ച, വനിതാ ശാക്തീകരണം, കായിക-ആരോഗ്യ വികസനം, സുതാര്യ ഭരണസംവിധാനം എന്നിവ.

യുവജനങ്ങൾക്ക് ദേശീയ തലത്തിലുള്ള ഫൊക്കാന യൂത്ത് കൗൺസിൽ, മെന്റർഷിപ്പ് നെറ്റ്‌വർക്ക്, കേരള-അമേരിക്ക വിദ്യാർത്ഥി കൈമാറ്റ പദ്ധതികൾ, യുവജനോത്സവം, സ്റ്റാർട്ടപ്പ് ചലഞ്ച് എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളം പഠനത്തിനും സംസ്കാര സംരക്ഷണത്തിനുമായി ഏകീകൃത ഡിജിറ്റൽ പഠന പ്ലാറ്റ്ഫോമും രൂപീകരിക്കും.

സീനിയർ സിറ്റിസൻസിനും  കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക സപ്പോർട്ട് നെറ്റ്‌വർക്ക്, ആരോഗ്യ സേവനങ്ങൾ, കേരളത്തിലെ സ്വത്ത്-നിയമ പ്രശ്നങ്ങൾക്കുള്ള ഹെൽപ് ഡെസ്ക്, അടിയന്തര സാഹചര്യങ്ങളിൽ സഹായം എത്തിക്കുന്ന എമർജൻസി റെസ്പോൺസ് സംവിധാനവും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്ന ടീം ഇന്റഗ്രിറ്റി, അമേരിക്കൻ സ്കൂൾ ജില്ലകളിലും സർവകലാശാലകളിലും മലയാളത്തെ രണ്ടാം ഭാഷയായി പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. സാഹിത്യകാരന്മാർക്കും എഴുത്തുകാർക്കും കൂടുതൽ വേദികൾ ഒരുക്കുമെന്നും കേരള സർക്കാരുമായും ഇന്ത്യൻ നയതന്ത്ര സംവിധാനങ്ങളുമായും സഹകരണം ശക്തമാക്കുമെന്നും രേഖയിൽ പറയുന്നു.

തൊഴിൽ-ബിസിനസ് രംഗത്ത് മലയാളികൾക്കായി ജോബ് & ടാലന്റ് പോർട്ടൽ, സി.എക്‌സ്.ഒ. ലീഡർഷിപ്പ് നെറ്റ്‌വർക്ക്, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സംവിധാനം, വിസ-ഇമിഗ്രേഷൻ സഹായ ഫോറം, വിവിധ തൊഴിൽ മേഖലകൾ കേന്ദ്രീകരിച്ച പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്.

വനിതാ ശാക്തീകരണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന പ്രകടനപത്രികയിൽ വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കൽ, ജോലിയിൽ തിരിച്ചെത്തുന്ന സ്ത്രീകൾക്കായുള്ള പരിശീലന പരിപാടികൾ, വനിതാ സംരംഭക ശൃംഖല, ആരോഗ്യ-മാനസികാരോഗ്യ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ ഫോറത്തിന്റെ പ്രത്യേക പ്രകടനപത്രികയും പുറത്തിറക്കിയിട്ടുണ്ട്.

കായിക രംഗത്ത് ദേശീയ സ്പോർട്സ് ലീഗ്, വാർഷിക ഫൊക്കാന ഗെയിംസ്, യുവജന കായിക പരിശീലന പദ്ധതികൾ, വെൽനസ് ചലഞ്ചുകൾ എന്നിവ നടപ്പാക്കുമെന്ന് ടീം പ്രഖ്യാപിച്ചു.

സാമ്പത്തിക സുതാര്യത ഉറപ്പാക്കാൻ ഫൊക്കാനയുടെ ഡിജിറ്റൽ  പ്ലാറ്റ്ഫോം, ഓൺലൈൻ അംഗത്വ സംവിധാനം, ഇവന്റ് മാനേജ്മെന്റ്, വോട്ടിംഗ് സംവിധാനം, ത്രൈമാസ സാമ്പത്തിക റിപ്പോർട്ടുകൾ, അംഗസംഘടനകളുമായി സ്ഥിരം ആശയവിനിമയ സംവിധാനം എന്നിവ നടപ്പിലാക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു.

ഭാവി തലമുറയെ പൊതുസേവനത്തിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും എത്തിക്കുന്ന ‘യങ് മലയാളി സിവിക് എൻഗേജ്മെന്റ് പ്രോഗ്രാം’, മലയാളി അമേരിക്കൻ അനുഭവങ്ങൾ രേഖപ്പെടുത്തുന്ന ‘മലയാളി ഐഡന്റിറ്റി ഇൻ നോർത്ത് അമേരിക്ക’ പദ്ധതി എന്നിവയും ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമാണ്.

'ഒരു സമൂഹം, ഒരേ  ദർശനം, ഒരേ  ഭാവി' എന്ന സന്ദേശത്തോടെയാണ് ടീം ഇന്റഗ്രിറ്റി തങ്ങളുടെ പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്. ഫൊക്കാനയുടെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ അംഗങ്ങളാണെന്നും, അർത്ഥവത്തായ പ്രവർത്തനങ്ങളിലൂടെ  സംഘടനയെ വളർത്തുകയാണ് ലക്ഷ്യമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.