PRAVASI

കെ.ബി ഗണേഷ്‌കുമാറിന്റെ പത്തനാപുരത്തെ പരാജയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിജയം

Blog Image

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പത്തനാപുരത്തെ പരാജയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിജയം കൂടിയാകുന്നു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗണേഷിനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ വരെ കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സോളാര്‍ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണമുള്ള 4 പേജുകള്‍ കൂട്ടിചേര്‍ത്തതിലെ ഗൂഢാലോചന അന്വേഷിക്കാന്‍ അഭിഭാഷകനായ സുധീര്‍ ജേക്കബാണ് കൊട്ടാരക്കര കോടതിയില്‍ ഹർജി നല്‍കിയത്. ഈതോടെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ വഞ്ചന പത്തനാപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിറഞ്ഞത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ്‌കുമാര്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നീതി പുലര്‍ത്താന്‍ ഈ കേസ് യുക്തിസഹമായ പര്യവസാനത്തില്‍ എത്തേണ്ടതുണ്ടെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അന്ന് നിരീക്ഷിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സോളാര്‍ ഗൂഢാലോചന കേസിലെ കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 തള്ളുകയും ചെയ്തു.
സാക്ഷി വിസ്താരത്തിന് അമിതമായ മാധ്യമശ്രദ്ധ ലഭിക്കുന്നുവെന്നും ഇത് തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഗണേഷ് കുമാര്‍ സ്റ്റേ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല.

”ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു” എന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തോടെയുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പത്തനാപുരത്ത് നിറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനും ഡോ. മറിയം ഉമ്മനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജ്യോതി കുമാര്‍ ചാമക്കാലക്ക് വേണ്ടി സജീവമായി പ്രചരണത്തിനിറങ്ങിയിരുന്നു.
ഗണേഷ് കുമാര്‍ ഭാര്യ ഡോ. യാമിനി തങ്കച്ചിയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യാമിനി വാര്‍ത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി 2013ല്‍ മന്ത്രിയായ ഗണേഷിന്റെ രാജിക്കത്ത് വാങ്ങിച്ചത്. ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗണേഷ് കുമാറിന് പകയുണ്ടായിരുന്നെന്നും സോളാര്‍ പരാതിക്കാരി ജയിലില്‍ നിന്നെഴുതിയ കത്തില്‍ നാല് പേജ് കൂട്ടിചേര്‍ത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം കൊണ്ടുവന്നതിന് പിന്നില്‍ ഗണേഷ്‌കുമാറിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് കോടതിയിലെ ഹർജി.ബാലകൃഷ്ണപിള്ളയും ഗണേഷും യു.ഡി.എഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം പോയി.

ഇടമലയാര്‍ അഴിമതിക്കേസില്‍ വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസില്‍ ജയിലില്‍പോയ പിള്ളയെ സോളാര്‍ കേസിലെ പ്രത്യുപകാരത്തിന് 2017ല്‍ ഇടത് മുന്നണി കാബിനറ്റ് റാങ്കോടെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കുകയായിരുന്നു. 2021ല്‍ മരണം വരെ പിള്ള ഈ സ്ഥാനത്ത് തുടര്‍ന്നു.
ഗണേഷ്‌കുമാറിനെതിരെ രണ്ടാം ഭാര്യ ബിന്ദു മേനോന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. വാളകത്തെ കുടുംബവീട്ടില്‍ വെച്ച് ഗണേഷ് കുമാറിനെ മറ്റൊരു സ്ത്രീയോടൊപ്പം മോശമായ സാഹചര്യത്തില്‍ കണ്ടു എന്നതായിരുന്നു പ്രധാന ആരോപണം. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ച് വാങ്ങാന്‍ ശ്രമിച്ചതായും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഗണേഷ്‌കുമാര്‍ ക്ഷമാപണം നടത്തിയെന്നും പരാതിയില്ലെന്നും പ്രശ്‌നം പരിഹരിച്ചെന്നുമുള്ള വിശദീകരണമാണ് ബിന്ദു മേനോന്‍ നല്‍കിയത്. ഗൗരവകരമായ ആരോപണം ഉയര്‍ന്നിട്ടും ഗണേഷിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കാതെ സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പിണറായി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം നടത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ചിട്ട് നല്‍കുകയായിരുന്നു സി.ബി.ഐ. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ വേട്ടയാടലാണ് പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല പ്രധാന പ്രചരണ വിഷയമാക്കിയത്.
2021ല്‍ ജ്യോതികുമാര്‍ ചാമക്കാലയെ 14,336 വോട്ടിനാണ് ഗണേഷ്‌കുമാര്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ 5 വര്‍ഷവും പത്തനാപുരത്ത് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു ചാമക്കാല. ഉമ്മന്‍ ചാണ്ടിയെ വഞ്ചിച്ചതിനെതിരെ ഒരു വോട്ട് എന്ന പ്രചരണത്തില്‍ ഇത്തവണ ഗണേഷിന് അടിതെറ്റുകയായിരുന്നു. പത്തനാപുരത്ത് ഒരിക്കലും തോല്‍പ്പിക്കാനാവില്ല എന്ന ഗണേഷിന്റെ അഹങ്കാരത്തിന് കൂടിയാണ് തിരിച്ചടി ലഭിച്ചത്. പത്തനാപുരത്തേത് ഉമ്മന്‍ ചാണ്ടിയുടെ വിജയം കൂടിയായി മാറുകയാണ്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.