ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ നാലാം സീസണിനു ഫിലാഡൽഫിയായിൽ ഔദ്യോഗിക കിക്കോഫ് നടക്കും.
ഓഗസ്റ്റ് 19 ബുധനാഴ്ച വൈകുന്നേരം 6.45ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടക്കുന്ന “An Evening of Celebration, Partnership & Community” എന്ന പരിപാടിയോടെയാണ് യു.എസ്. കിക്കോഫ്. ഓർമ്മ ഇന്റർനാഷണൽ പ്രസംഗമത്സരം സീസൺ 4 കിക്കോഫ്, ഇന്ത്യയുടെ 80-താം സ്വാതന്ത്ര്യദിനാഘോഷം, ചാനൽ 24ന്റെ Million Malayalee Club (MMC) സംരംഭത്തിന്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളാണ് ഒരേ വേദിയിൽ നടക്കുന്നത്.
ഈ പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 24 News Editor-in-Charge പി. പി. ജെയിംസ്, C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിന്റെ മുൻ സ്പീക്കർ ജോൺ പെർസൽ, ഫിലാഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാനയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഫിലാഡൽഫിയയിലെയും അമേരിക്കയിലെയും പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളും ഓഗസ്റ്റ് 19ലെ പരിപാടിയിൽ പങ്കെടുക്കും. MAP, KALAA, PAMPA, WMC, PIANO, Kottayam Association, PATH, FOMAA, FOKANA, World Malayalee Federation എന്നീ സംഘടനകളുടെ പ്രതിനിധികൾ പരിപാടിയിൽ സന്നിഹിതരാകും. ഓർമ്മ സീസൺ 4ന്റെ വിജയത്തിനായി സംഘടനകളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനൊപ്പം വിവിധ മലയാളി സംഘടനകളെയും സാമൂഹിക-സാംസ്കാരിക നേതാക്കളെയും ഒരുമിപ്പിക്കുന്ന ഒരു മാതൃകാ വേദിയായി ഈ പരിപാടി മാറും.
ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സീസൺ 4ന് വേൾഡ് മലയാളി ഫെഡറേഷനുമായി (WMF) പുതിയതും കൂടുതൽ ആഴത്തിലുള്ളതുമായ സഹകരണം ഈ സീസണിലെ പ്രധാന പ്രത്യേകതകളിലൊന്നാണ്. WMFന്റെ ആഗോള ശൃംഖലയും വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുമായുള്ള ബന്ധവും പ്രയോജനപ്പെടുത്തി കൂടുതൽ മലയാളി വിദ്യാർത്ഥികളെ മത്സരത്തിന്റെ ഭാഗമാക്കാനും പ്രസംഗ-നേതൃത്വ പരിശീലനത്തിന് അന്താരാഷ്ട്ര വേദി ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്.
സീസൺ 4ൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ മത്സരം നടക്കും. നാല് ഘട്ടങ്ങളിലായാണ് മത്സരപരമ്പര സംഘടിപ്പിക്കുന്നത്. സീസൺ 4ന്റെ പ്രത്യേകതയായി സബ് ജൂനിയർ വിഭാഗത്തിനായി ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം പരിശീലനവും നൽകുന്ന ഓർമ്മയുടെ പ്രത്യേക മാതൃക സീസൺ 4ലും തുടരും. ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് പരിശീലനത്തിന് പ്രാധാന്യം നൽകുന്നത്.
ആദ്യ സീസണിൽ 428 പേരും, രണ്ടാം സീസണിൽ 1467 പേരും, മൂന്നാം സീസണിൽ ഏകദേശം 1650 പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തിരുന്നു. മുൻ സീസണുകളിലെ വലിയ പ്രതികരണത്തിന് പിന്നാലെ WMF ഉൾപ്പെടെയുള്ള ആഗോള മലയാളി സംഘടനകളുടെ സഹകരണത്തോടെ നാലാം സീസണിൽ ഈ പങ്കാളിത്തം കൂടുതൽ വിപുലമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
സീസൺ 4ന്റെ ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാലായിൽ നടക്കും. സെപ്റ്റെംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും ഉടൻ www.ormaspeech.org എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.
കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രചാരണത്തിന് തുടക്കം
സീസൺ 4ന്റെ അന്താരാഷ്ട്ര പ്രചാരണ പ്രവർത്തനങ്ങൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ ആരംഭിച്ചിരുന്നു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സീസൺ 4ന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പ്രചാരണ പരിപാടി കേരള മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഇതോടെ സീസൺ 4ന്റെ കേരളത്തിലെ പോസ്റ്റർ ലോഞ്ചിംഗിന് തുടക്കം കുറിച്ചു.
തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ വിവിധ സമയങ്ങളിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയുടെ ഭാഷാപാടവവും ചിന്താശേഷിയും അവതരണ മികവും വളർത്തുന്നതിൽ ഓർമ്മയുടെ അന്തർദേശീയ പബ്ലിക് സ്പീക്കിംഗ് സംരംഭത്തിന്റെ പ്രാധാന്യം ഈ പ്രചാരണ പരിപാടികളിൽ പ്രമുഖർ ചൂണ്ടിക്കാണിച്ചു.
കേരളത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓർമ്മ കേരള ചാപ്റ്റർ ചെയർമാൻ കുര്യാക്കോസ് മാണിവയലിൽ, ട്രഷറർ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രൊഫ. ടോമി ചെറിയാൻ, ജോർജ് കരുണക്കൽ, ഡോ. ബെന്നി കുര്യൻ, സോയി തോമസ് എന്നിവർ നേതൃത്വം നൽകി. കേരളത്തിൽ ആരംഭിച്ച ഈ പ്രചാരണത്തിന്റെ തുടർച്ചയായാണ് ഫിലാഡൽഫിയയിൽ സീസൺ 4ന്റെ യു.എസ്. കിക്കോഫ് നടക്കുന്നത്.
പരിപാടിയുടെ ഏകോപനം
ഓർമ്മ ഇന്റർനാഷണലിന്റെ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർലിൻ മേരി അഗസ്റ്റിൻ, ഫിലാഡെൽഫിയ ചാപ്റ്റർ പ്രെസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്രി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് ഓഗസ്റ്റ് 19ലെ പരിപാടി സംഘടിപ്പിക്കുന്നത്.
ഓർമ്മ ഇന്റർനാഷണലിന്റെ ഭാരവാഹികളും ടാലന്റ് പ്രമോഷൻ ഫോറം ടീമും WMF ഉൾപ്പെടെയുള്ള വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും സംയുക്തമായി സീസൺ 4ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണ്.
തീയതി: 2026 ഓഗസ്റ്റ് 19, ബുധനാഴ്ച
സമയം: വൈകുന്നേരം 6.45 മുതൽ
വേദി: സാന്തോം ഓഡിറ്റോറിയം, സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ പള്ളി, 608 Welsh Road, Philadelphia, PA 19115.
പ്രധാന പരിപാടികൾ:
ORMA International Speech Competition-Season 4 Kickoff | 80th Indian Independence Day Celebration | Million Malayalee Club (MMC) Signing-In
കൂടുതൽ വിവരങ്ങൾ: www.ormaspeech.org





