"യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരത്തുനിന്ന് ന്യൂ ഡെൽഹി യിലേക്ക് പോകുന്ന 2645 ആം നമ്പർ കേരള എക്സ്പ്രസ്സ് അൽപ്പ സമയത്തിനകം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാണ്. "
"എനിക്ക് പോകേണ്ട, തിരിച്ച് പോയാലോ" വെറുതേ ഒരു പാഴ്ചിന്ത.. പ്രവാസ ജീവിതത്തിലേക്കുള്ള സ്വാഗത ഗാനം പോലെ ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുളള ഈ അറിയിപ്പ് കാതുകളിൽ മുഴങ്ങുന്നു.
അറിയിപ്പ് കേട്ടപ്പോൾ മുതൽ യാത്രക്കാരിൽ ചിലർ പെട്ടികളും കുട്ടികളുമായി തയാറാകുന്നു. മറ്റു ചിലർ വെള്ളം വാങ്ങാനും പൊതിച്ചോറ് വാങ്ങാനും ധൃതിയിലോടുന്നു. ''S6,S7 അവിടെയാണ് , അങ്ങോട്ട് മാറി നിൽക്കാം '' എന്ന് പറഞ്ഞു അങ്ങുമിങ്ങും ലഗേജ് നീക്കി വക്കുന്ന കുറെപ്പേർ. എ സി കോച്ച് പുറകിലായിരിക്കും അല്ല മുമ്പിലായിരിക്കും എന്ന് തർക്കിച്ച് ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വിഷമിക്കുന്ന വേറെ കുറെ പേർ..ഇതിലൊന്നും താൽപ്പര്യമില്ലാതെ മാറി നിൽക്കുന്നത് ഞാൻ മാത്രം. പ്രായമേറിയ മുത്തശ്ശിയെ ഒറ്റക്കാക്കി പോകുന്നതിന് മനസ്സനുവദിക്കുന്നില്ല തന്നെ. മുത്തശ്ശിയുടെ അമ്മൂട്ടിന്നുള്ള വിളി കാതിൽ മുഴങ്ങുന്നപോലെ.
എനിക്ക് മുത്തശ്ശിയും മുത്തശ്ശിക്ക് ഞാനും മാത്രമേ സ്വന്തമായുള്ളൂ. ഓർമ വച്ച നാൾ മുതൽ മുത്തശ്ശിയുടെ നേര്യതിൽ തൂങ്ങിയാണ് നടത്തം. മുത്തശ്ശിയുടെ ഇഷ്ടങ്ങൾ തന്നെയാണ് എൻ്റെയും. ഉപ്പിലിട്ട മാങ്ങയും ചക്കരയും തേങ്ങയും അരിപ്പൊടിയിൽ തിരുമ്മി കനലിൽ ചുട്ടെടുക്കുന്ന ഓട്ടടയും മറ്റും ഇനി എന്നാണ് കഴിക്കാൻ പറ്റുക. ഇങ്ങനെയൊരു വേർപാട് ചിന്തിച്ചിരുന്നത് തന്നെയില്ല.
മുത്തശ്ശിയുടെ ഓർമകളിൽ മനം നൊന്തു ചിന്താവിഷ്ടയായ എന്നെ ഉണർത്തിയത് കൂകിപ്പാഞ്ഞ് പ്ലാറ്റ്ഫോമിലേക്കെത്തിയ കേരള എക്സ്പ്രസ്സ് തന്നെയായിരുന്നു. തീവണ്ടിയുടെ വരവും കാത്ത് അക്ഷമയോടെ നിന്ന യാത്രക്കാരും യാത്ര അയക്കാനെത്തിയ ബന്ധുക്കളും കമ്പാർട്ട്മെൻ്റുകൾ തിരഞ്ഞ് അങ്ങുമിങ്ങും ചിതറിയോടുന്നു.' കിട്ടുന്ന കമ്പാർട്ട്മെൻ്റിൽ കേറിക്കോ, ട്രെയിൻ വിടാറായി ' എന്ന് പറഞ്ഞു താമസിച്ചെത്തിയ കൂട്ടുകാരനെ മറ്റൊരു കമ്പാർട്ട്മെൻ്റിൽ കയറ്റി വിടുന്ന സുഹൃത്തുക്കൾ.
ബാഗുമായി ഞാനും എൻ്റെ S3 കമ്പാർട്ട്മെൻ്റ് ലക്ഷ്യമാക്കി നടക്കാൻ ശ്രമിച്ചു. കഴിയുന്നില്ല, ആരോ പിന്നിലേക്ക് വലിക്കുന്ന പോലെ, കാലുകൾ ഏന്തി വലിഞ്ഞ് വീണ്ടും ശ്രമിച്ചു, എനിക്കെന്താ പറ്റുന്നേ , അറിയില്ല.. കൂ..ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി. ബാഗുമായി ഞാൻ സ്പീഡിൽ നടക്കാൻ ശ്രമിച്ചു..
സാധിക്കുന്നില്ല..തീവണ്ടിയുടെ വേഗത കൂടി, നിമിഷങ്ങൾക്കുള്ളിലത് കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായി.."അമ്മൂട്ടി"... കാതിൽ മുത്തശ്ശിയുടെ സ്നേഹം നിറഞ്ഞ ശബ്ദം.. നിറുകയിൽ തലോടി വാത്സല്യം തുളുമ്പുന്ന മുഖം കൺമുന്നിൽ..
ആഗ്രഹിച്ച പോലൊരു ജോലി കിട്ടിയപ്പോൾ ഒരു ദുർബല നിമിഷത്തിൽ ആ പാവത്തിനെ മറന്നുവോ.. സ്വാർത്ഥ താല്പര്യങ്ങൾ മനസ്സിൽ കടന്നു കൂടി..പോകേണ്ട എന്ന് ഒരു വാക്കിലോ നോക്കിലോ പോലും മുത്തശ്ശി പറഞ്ഞിട്ടില്ല. എൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും തന്നെയായിരുന്നു ആ പാവത്തിനും വലുത്. ദൂരേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ മനക്കലെ ഗോപിയണ്ണനെയും സാവിത്രി ഓപ്പോളെയും കൂട്ടി കായ വറുത്തതും വേപ്പിലക്കെട്ടി, അരി മുറുക്ക്, എന്നിങ്ങനെ എനിക്കിഷ്ടമുള്ള
തെല്ലാം ഉണ്ടാക്കി. പാവം ..ജോലി ഇനിയും വരും , മുത്തശ്ശി എത്ര നാൾ കൂടെ കാണുമെന്ന് മാത്രം അറിയില്ല.. തീരമണയാൻ ആർത്തിരമ്പുന്ന കടൽ തിര പോലെ മുത്തശ്ശിയുടെ ലാളനക്കായി മനസ്സ് കൊതിക്കുന്നു.
ബസ്സ് കാത്തു നിൽക്കാതെ കിട്ടിയ ഓട്ടോയിൽ കയറി. എത്രയും പെട്ടന്ന് മുത്തശ്ശിയുടെ അരികിലെത്താൻ മനസ്സ് വെമ്പൽ കൊണ്ടു. പാവം, ഇപ്പോൾ പൈക്കിടാവിനോട് പരിഭവം പറയുന്നുണ്ടാവും. "ചേട്ടാ, പാമ്പാടി" അൻപത് വയസ്സ് കഴിഞ്ഞ ഒരു മധ്യ വയസ്കനാണ് ഡ്രൈവർ. "മോൾ പാമ്പാടിയിൽ എവിടാ "," NSS സ്കൂളിനടുത്ത ചേട്ടാ " "എൻഎസ്എസ് സ്കൂളിനടുത്ത് എന്ന് പറഞ്ഞാല് , തെക്കേടത്ത് മാധവിയമ്മയെ അറിയുവോ" " സർപ്പക്കാവും കുളവുമൊക്കെയുള്ള.." " ചേട്ടന് മാധവിയമ്മയെ എങ്ങനെ അറിയാം "? "മോൾക്ക് മാധവിയമ്മയെ അറിയാവോ " ? "അതേ, എൻ്റെ മുത്തശ്ശിയാണ്.." "ദേവയാനിയുടെ മോളാണോ ? അമ്മൂട്ടി " "അതേ" ഞാൻ മറുപടി നൽകി. "മാധവിയമ്മ പറഞ്ഞു ഒരു പാട് കേട്ടിരിക്കുന്നു, ആദ്യമായാ കാണുന്നത്" "ചേട്ടൻ മുത്തശ്ശിയെയും എൻ്റെ അമ്മയെയും എങ്ങനെയാ പരിചയം? " "മോളേ, അതൊക്കെ ഒരുപാട് നീണ്ട കഥകളാണ് , കുട്ടിക്ക് മുത്തശ്ശി തന്നെ എല്ലാം പറഞ്ഞു തരും."
"ആ വീടെത്തിയല്ലോ,. സംസാരിച്ച് നേരം പോയതറിഞ്ഞില്ല" "എത്രയായി ചേട്ടാ" ? "ഒന്നും വേണ്ട കുഞ്ഞേ, മാധവിയമ്മയുടെ കൊച്ചുമോളോട് ഞാൻ കൂലി വാങ്ങിക്കാനോ ?" അയ്യോ , അത് ശരിയാവില്ല, ചേട്ടൻ വാ, മുത്തശ്ശിയെ കണ്ടിട്ട് പോവാം" 500 രൂപയുടെ രണ്ടു നോട്ടുകൾ അദ്ദേഹത്തിന് കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു. "മോളേ, ഇതൊന്നും വേണ്ട, ഞാൻ മുത്തശ്ശിയെ കണ്ടിട്ട് മടങ്ങിക്കോളാം " കാശ് വാങ്ങാൻ മടിയോടെ അദ്ദേഹം പറയുന്നത് കേട്ട് ആ നോട്ടുകൾ അദ്ദേഹത്തിൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ ഞാൻ നിർബന്ധ പൂർവം നിക്ഷേപിച്ചു.
"മുത്തശ്ശി, മുത്തശ്ശി " നീട്ടി വിളിച്ചു കൊണ്ട് ഞാൻ പടിപ്പുരയിലേക്ക് കയറി. മുത്തശ്ശിയുടെ മറുപടിയൊന്നുമില്ല. "മുത്തശ്ശി.. മുത്തശ്ശി.." വീണ്ടും നീട്ടി വിളിച്ചു കൊണ്ട് മുറ്റത്തു നിന്നും ഇറയത്തേക്ക് കയറി, ബാഗ് അരമതിലിൽ വച്ചു, പൂമുഖത്ത് നിന്ന് തേക്കേപ്പുരയിലേക്കും നടുമുറിയിലേക്കുമുള്ള വാതിലുകൾ മലക്കെ തുറന്ന് കിടക്കുന്നു..."ഈ മുത്തശ്ശി ഇതെവിടെ പോയി ഇങ്ങനെ വാതിൽ തുറന്നിടാറുളളതല്ലല്ലോ " മനസ്സിൽ എന്തൊക്കെയോ ഭയ വിഹ്വലതകൾ കുമിഞ്ഞ് കൂടുന്നു .. "മാധവിയമ്മേ , മാധവിയമ്മെ".. എന്ന് മുറ്റത്ത് നിന്ന് ഓട്ടോ ചേട്ടനും ഉറക്കെ വിളിക്കുന്നുണ്ട്.. പക്ഷേ മറുപടിയില്ല.. മെല്ലെ,നടുമുറ്റം കടന്നു അടുക്കളയിലേക്ക് ചെന്നപ്പോൾ അതാ അവിടെ വീണു കിടക്കുന്നു മുത്തശ്ശി.. " മുത്തശ്ശി,മുത്തശ്ശി" ഞാൻ കുലുക്കി വിളിച്ചു, "ചേട്ടാ, ഒന്നോടിവന്നേ , മുത്തശ്ശി ഇവിടെ വീണു കിടക്കുന്നു." പെട്ടെന്ന് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളമെടുത്ത് മുഖത്ത് തളിച്ചു കൊണ്ട് വീണ്ടും വീണ്ടും നീട്ടി വിളിച്ചു "മുത്തശ്ശി, മുത്തശ്ശി, കണ്ണു തുറക്കു മുത്തശ്ശി, അമ്മൂട്ടിയ വിളിക്കുന്നെ,. " എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു,. കണ്ഠമിടറി വാക്കുകൾ മുറിഞ്ഞു തുടങ്ങി.."മുത്ത..മുത്തശ്ശി.".സകല ദൈവങ്ങളെയും മനസ്സിലോർത്തു വീണ്ടും വീണ്ടും തട്ടി വിളിച്ചു.."
"മോളേ,ഹൃദയമിടിപ്പ് നിലച്ചിട്ടില്ല, ശ്വാസവും എടുക്കുന്നുണ്ട്" നാഡി മിടിപ്പ് നോക്കുന്ന ചേട്ടനെ കണ്ട് ഞാൻ അന്തം വിട്ടു..ഇത്രയും വിദ്യാഭാസമുണ്ടെങ്കിലും എനിക്കങ്ങനെ ഒരു ബുദ്ധി തോന്നിയില്ല ."മോളേ, മുത്തശ്ശിയെ ആശുപത്രിയിൽ കൊണ്ടുപോകാം. " രണ്ടാളും കൂടി പിടിച്ച് മുത്തശ്ശിയെ ഓട്ടോയിൽ കിടത്തി അടുത്തുള്ള സ്വകാര്യ ആശുപത്രി യിലേക്ക് പാഞ്ഞു. പോകും വഴി മുത്തശ്ശി മെല്ലെ കണ്ണു തുറക്കാൻ ശ്രമിച്ചു കൊണ്ട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ.."മുത്തശ്ശി.. ഇത് അമ്മൂട്ടീയ.. അമ്മൂട്ടി പോയില്ല.." മുത്തശ്ശി മെല്ലെ മിഴികൾ തുറന്നു.. അമ്മൂട്ടി എന്ന് വിളിക്കുന്നത് പോലെ ചുണ്ടുകൾ അനക്കി.. പെട്ടെന്ന് തന്നെ മിഴികൾ അടച്ചു..അപ്പോഴേക്കും ഓട്ടോ ആശുപത്രി കവാടത്തിൽ എത്തിയിരുന്നു. ഒരു സ്ട്രെച്ചറിൽ കിടത്തി മുത്തശ്ശിയെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു.
ഒരു നേഴ്സ് ഓടിയെത്തി മുത്തശ്ശിയെ സ്‌ട്രെച്ചറിൽ നിന്നും കട്ടിലിലേക്ക് കിടത്താമെന്ന് പറഞ്ഞപ്പോഴാണ് മറ്റൊരു നഴ്സ് പറഞ്ഞത് സി ടി സ്കാൻ കഴിഞ്ഞ് മതിയെന്ന്. വളരെ പെട്ടെന്ന് തന്നെ മുത്തശ്ശിയെ എന്തൊക്കെയോ മെഷീനിലേക്ക് കണക്ട് ചെയ്തു കൊണ്ട് എന്താണ് സംഭവിച്ചത് എന്ന് അവർ ചോദി്ചു മനസ്സിലാക്കി. "മുത്തശ്ശിയെ ഒന്നൂടി വിളിച്ചു നോക്കിയേ" . "മുത്തശ്ശി.. മുത്തശ്ശി "സിസ്റ്റർ പറഞ്ഞത് കേട്ട് ഞാൻ വിളിച്ച്. മുത്തശ്ശി കണ്ണുകൾ മെല്ലെ തുറന്നു, എന്നെ നോക്കി, ഒരു അപരിചിതയെ കാണുമ്പോലെ.. " മുത്തശ്ശി എന്താ ഇങ്ങനെ നോക്കുന്നെ .. ഞാൻ അമ്മൂട്ടിയല്ലെ''. ഡ്യൂട്ടി ഡോക്ടർ പെട്ടെന്ന് തന്നെയെത്തി സി ടി സ്കാൻ ചെയ്യുവാൻ പറഞ്ഞു.സ്കാൻ ചെയ്തു തിരികെ കൊണ്ടു വരുമ്പോൾ കണ്ണു തുറന്നു മുത്തശ്ശി ഒരിക്കൽ കൂടി നോക്കി.. "അമ്മൂട്ടി".. സംശയത്തോടെ വിളിച്ചു.."ൻ്റെകുട്ടി പോയില്ലേ".. "മുത്തശ്ശി ട്രെയിൻ പോയി, എനിക്ക് കയറാൻ സാധിച്ചില്ല" എന്ന് മാത്രം പറഞ്ഞു.. "എങ്കിൽ വൈകാതെ ഫ്ലൈറ്റ് ബുക്ക് ചെയ്യൂ.. എനിക്ക് കുഴപ്പമൊന്നും ഇല്ല.. നമുക്ക് വീട്ടിൽ പോകാം..ൻ്റെ കുട്ടി ആശിച്ച് നേടിയ ജോലി".. "ഞാൻ മുത്തശ്ശിയെ വിട്ട് എവിടെക്കുമില്ല.. ജോലിയൊക്കെ ഇവിടെയും കിട്ടും".. "ഈ കുട്ടി എന്ത് വിഡ്ഢിത്തമാണ് പറയണേ".. "അതേ മുത്തശ്ശി ഇപ്പൊ അതൊന്നും ചിന്തിക്കേണ്ട..രാവിലെ ഞാൻ പോയതിൽ പിന്നെ ഒന്നും കഴിച്ചിരിക്കില്ല.. അത് കൊണ്ടല്ലേ തളർന്നു വീണു പോയത്..ഞാൻ പോയി കാൻ്റീനിന്ന് ഇത്തിരി കഞ്ഞി വാങ്ങി വരാം".."കുഞ്ഞിവിടെ മാധവിയമ്മയുടെ കൂടെയിരിക്ക്.. ഞാൻ വാങ്ങി വരാം" എന്നു ഓട്ടോ ചേട്ടൻ പറഞ്ഞത് കേട്ട് മുത്തശ്ശി അദ്ദേഹത്തെ ആകാംക്ഷയോടെ നോക്കി ചോദിച്ചു.. "രാഘവൻ..എങ്ങനെ".
"ഇദ്ദേഹത്തിൻ്റെ ഒട്ടോയിലാണ് ഞാൻ വന്നത്.മുത്തശ്ശിയെ അറിയും എന്നു പറഞ്ഞിരുന്നു.
"ഇത്തിരി കഞ്ഞി കുടിക്ക് മാധവിയമ്മെ" എന്ന് പറഞ്ഞു കാൻ്റീനിൽ നിന്ന് കൊണ്ട് വന്ന കഞ്ഞി രാഘവേട്ടൻ ഒരു സ്റ്റീൽ പാത്രത്തിലേക്ക് പകർത്തി.. "രാഘവൻ മടങ്ങിക്കോളൂ ..അവിടെ നിർമല തന്നെയായിരിക്കുമല്ലോ..നേരം സന്ധ്യ മയങ്ങി".." അത് കുഴപ്പമില്ല..ഞാൻ കുന്നേലെ ചാക്കോച്ചനെ വിളിച്ച് പറഞ്ഞിട്ടുണ്ട്..സാലിയെ കുറച്ച് സമയത്തേക്ക് വീട്ടിലേക്കയക്കാൻ.." "ശ്ശൊ...അതൊന്നും വേണ്ടിയിരുന്നില്ല രാഘവ..എനിക്കിനിയിപ്പം വീട്ടിൽ പോകാനോക്കുമെന്ന് തോന്നുന്നില്ല..രാഘവൻ വൈകാതെ പോകാൻ നോക്കൂ..നാളെയെങ്കിലും ഒന്ന് വിട്ടാൽ മതിയായിരുന്നു..എൻ്റെ കൃഷ്ണാ.."" ആ.. ചാക്കോടെ രണ്ട് കൊസറാം കൊള്ളി പിള്ളേര് ഉണ്ടായിരുന്നില്ലേ..അവരൊക്കെ എത്രടമൊക്കെ ആയി?...എൻ്റെ ദേവൂട്ടിക്ക് വല്യ ഇഷ്ടമായിരുന്നു രണ്ടാളെയും...നല്ല മിടുക്കരാ.. പഠിക്കാനും കളിക്കാനുമൊക്കെ എന്ന് എപ്പോഴും പറയുമായിരുന്നു. ട്യൂഷൻ പഠിപ്പിക്കാൻ തറവാട്ടിലേക്ക് വിളിപ്പിക്കുമായിരുന്നു.. രണ്ടാളുടെയും കല്യാണം ക്ഷണിക്കാൻ ചാക്കോ വന്നിരുന്നു.. രാഘവനറിയാല്ലോ.. ദേവൂൻ്റെ അച്ഛൻ്റെ വേർപാടിന് ശേഷം ഞാൻ തറ വാടിനു പുറത്ത് ആഘോഷങ്ങൾക്കൊന്നിനും പോകാറില്ലാന്ന് "...
"ആഹാ...മുത്തശ്ശി നല്ല ഉഷാറായല്ലോ... കുറച്ചു റെസ്റ് എടുത്തോളൂ..ട്ടോ..ഒത്തിരി കഥ പറയാനുണ്ടെന്ന് തോന്നുന്നു ...അതൊക്കെ പിന്നീട് മതി...ഇപ്പൊ മരുന്നൊക്കെ കഴിച്ച് ഒന്നുറങ്ങിക്കോളൂ"..ഡ്യൂട്ടി ഡോക്റ്റർ ജെയിംസാണ്.."സിസ്റ്റർ ഷേർലി, മുത്തശ്ശിയെ മെഡിക്കൽ വാർഡിലേക്ക് അഡ്മിറ്റ് ചെയ്തേക്കൂ..ഡോക്ടർ അലക്സാണ്ടറുടെ കീഴിൽ" "മോനെ, എനിയ്ക്ക് വീട്ടി പോകാൻ പറ്റ്വോ?".." വീട്ടിലൊക്കെ. പോകാമല്ലോ ..പക്ഷെ ഇന്നല്ല..നാളെ ന്യൂറോളജിസ്റ് അലക്സാണ്ടർ ഡോക്ടറെ കണ്ടിട്ട് പോകാം..എന്താ പോരെ"?"ഉം.. നാളെയെങ്കിലും പോകാൻ പറ്റിയാൽ മതിയായിരുന്നു.. ഈ കുട്ടിയും വെറുതെ ബുദ്ധിമുട്ടുന്നു"..
"അതെ കുട്ടി, ഈ രസീത് കൊടുത്ത് അമ്മച്ചിയെ വാർഡിലേക്ക് അഡ്മിറ്റ് ചെയ്യാനുള്ള പൈസ ഡെപ്പോസിറ്റ് ചെയ്ത് വരൂ, ഫാർമസിയിൽ നിന്ന് ഈ മരുന്നുകൾ കൂടി വാങ്ങിക്കോ.. "ഇങ്ങ് താ മോളെ, ഞാൻ പോകാം" " വേണ്ട രാഘവേട്ട, ഞാൻ പൊക്കോളാം "" എന്ന ഞാൻ കൂടി വരാം തനിയെ പോകണ്ട, സന്ധ്യ മയങ്ങി, ഫീസ് അടക്കുന്ന ഓഫീസ് ഇവിടെ തന്നെയാ.. ചിലപ്പോ, ഈ ഫാർമസിയിൽ മരുന്ന് കിട്ടില്ല, അത് മെയിൻ ഫാർമസീന്ന് മേടിക്കേണ്ടി വരും.. അത് ഈ കെട്ടിടത്തിന് പുറത്ത് മെയിൻ റോഡ് സൈഡിലാണ്.." " ശരിയാ അമ്മൂട്ടി...രാഘവൻ്റെ കൂടെ പോയാൽ മതി"..
"ചേട്ടൻ വീട്ടിലെത്താൻ വൈകുമല്ലോ?
ചേട്ടൻ്റെ വീട്ടിലാരൊക്കെയുണ്ട്? മുത്തശ്ശി നിർമലയുടെ കാര്യം ചോദിച്ചല്ലോ.. ആരാ നിർമല..മുത്തശ്ശിയെ ചേട്ടന് എങ്ങനെ അറിയാം??" "എല്ലാം പറയാം മോളെ.". രാഘവേട്ടൻ ഓർമയുടെ ഭാണ്ഡം മെല്ലെ തുറന്നു..
കാവും അമ്പലവും ആയിരപ്പറ പാടശേഖരവുമെല്ലാം സ്വന്തമായുള്ള തെക്കേടത്ത് തറവാട്.. തറവാട് കാരണവർ രാജശേഖര മേനോൻ.അദ്ദേഹത്തിൻ്റെ ഭാര്യ സരസ്വതി ഏക മകൾ മാധവി. രാജശേഖര മേനോൻ്റെ ഇളയ സഹോദരി ദേവകി,പുതുശ്ശേരി തറവാട്ടിലെ കനിഷ്ഠ പുത്രൻ, സ്കൂൾ അദ്ധ്യാപകനായ ഗോപാല മേനോനുമായി ഇഷ്ടത്തിലായി. തങ്ങളുടെ നിലക്കും വിലക്കും ചേരാത്ത പുതുശ്ശേരിക്കാരുമായി ഒരു ബന്ധത്തിന് താൽപ്പര്യമില്ലാത്ത രാജശേഖര മേനോൻ തൻ്റെ സഹോദരിയെ മേലേടത്ത് രാമകൃഷ്ണ മേനോനുമായി വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ ഗോപാല മേനോൻ അദ്ദേഹത്തിൻ്റെ പ്രണയിനിയെ തെക്കേടത്ത് തറവാട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടു വന്ന് ക്ഷേത്ര കവാടത്തിൽ വച്ച് താലികെട്ടി. തൻ്റെ അഭിമാനക്ഷതത്തിന് കാരണക്കാരനായ ഗോപാലമേനോനെ കാർക്കശ്യക്കാരനായ രാജശേഖരൻ തൻ്റെ ശിങ്കിടികളെ വിട്ട് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ ഗോപാലൻ മാഷ് കിടപ്പിലായി. ഇതിനിടയിൽ ഗർഭിണി ആയിരുന്ന ദേവകി ഒരു പുത്രന് ജന്മം നൽകി. കുഞ്ഞുണ്ടായി രണ്ടാഴ്ച പിന്നിട്ടപ്പോൾ ഗോപാലൻ മാഷ് അന്ത്യ ശ്വാസം വലിച്ചു. ആരോടും പരിഭവം പറയാതെ തൻ്റെ വിധിയെന്ന് മാത്രം കരുതി ദേവകി മറ്റാരുടെയും സഹായം തേടാതെ തൻ്റെ കുഞ്ഞിനെ വളർത്തി വലുതാക്കി.
"എന്തൊരു കഷ്ടം അല്ലേ രാഘവേട്ട, ഈ സ്ഥിതിഗതികൾക്കൊന്നും ഇപ്പോഴും ഒരു മാറ്റവുമില്ലല്ലോ ""അതെന്താ മോളെ അങ്ങനെ പറഞ്ഞേ? ഇപ്പോ സ്ഥിതിയൊക്കെ ഒത്തിരി മെച്ചപ്പെട്ടില്ലേ? ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെന്നല്ലാതെ".." ഈ അടുത്തല്ലേ ദുരഭിമാന കൊലപാതക മെന്നോക്കെയുള്ള വാർത്ത കേട്ടത്.. എന്തിനാണ് ഈ ക്രൂരത? അവരെ ജീവിക്കാൻ വിട്ടുകൂടെ ? ഇഷ്ടമല്ലെങ്കിൽ പറഞ്ഞ് തിരുത്താൻ നോക്കണം.. സമ്മതിക്കുന്നില്ലെങ്കിൽ മുതിർന്ന കുട്ടികളല്ലേ...അവർക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ പ്രായമായില്ലേ.. അത് ബഹുമാനിക്കണ്ടെ "? "മോളേ.. അത് കുട്ടിക്ക് അങ്ങനെ തോന്നും.. പക്ഷെ പാവം മാതാപിതാക്കളുടെ കാര്യമോ.. ഒത്തിരി സ്വപ്നങ്ങൾ കണ്ടല്ലേ അവർ മക്കളെ വളർത്തുന്നത്..എല്ലാവരും മക്കളുടെ നന്മക്ക് വേണ്ടി ചെയ്യുന്നതാണ്.. പിന്നീടത് അവരുടെ അഭിമാന പ്രശ്നമായി തീരുന്നു..പിന്നെ, ഇപ്പോഴൊക്കെ എന്തെല്ലാ മൊക്കെയ കേൾക്കുന്നത്? ലൗ ജിഹാദ് ഒരു വശത്ത്.. ഈ ആസിഡ് ആക്രമണങ്ങൾ, കൊലപാതകങ്ങൾ... എന്ന് വേണ്ട.. " "അതൊക്കെ ശരി തന്നെ, നിസ്വാർഥ പ്രണയങ്ങളും സംഭവിക്കുന്നുണ്ടല്ലോ" "അതും ശരിയാ..നല്ലതിനെ തിരിച്ചറിയാൻ നമ്മുടെ കുട്ടികൾക്ക് കഴിയണം.. അത് പറഞ്ഞു കൊടുക്കണം"
"അതൊക്കെ പോട്ടെ, രാഘവേട്ടൻ കഥ തുടരൂ..പാവം ദേവകി മൂത്തമ്മ...ഒരു കുട്ടിയെ തനിയെ വളർത്തിക്കൊണ്ടു വരാൻ എന്ത് കഷ്ടപ്പെട്ട് കാണും ...പോരാത്തതിന് നമ്മുടെ നാട്ടിലെ പിന്തിരിപ്പനാളുകളും.." " ശരിയാ മോളെ, അവർ ഒത്തിരി കഷ്ടപ്പെട്ടു. പക്ഷെ, ഒരു ജോലി ഉണ്ടായിരുന്നത് കൊണ്ട് അവർ പിടിച്ച് നിന്നു. അല്ലെങ്കിലും, പെൺകുട്ടികൾക്ക് സ്വയം വരുമാനം കണ്ടെത്താൻ കഴിയുന്ന ജോലി ഉണ്ടായിരിക്കണം.. എന്തു വന്നാലും തനിയെ നേരിടാൻ പോരുന്ന ധൈര്യവും ആത്മവിശ്വാസവും വേണം" . നമ്മുടെ സർക്കാർ സ്കൂളിൽ ടീച്ചറായിരുന്നു അവർ. എല്ലാവരോടും വളരെ സൗമ്യതയോടെ പെരുമാറിയിരുന്ന ദേവകി വല്യമ്മയെ എല്ലാവർക്കും വലിയ മതിപ്പായിരുന്നു. രാജശേഖര മേനോൻ അവരെയും കുട്ടിയെയും ജീവിക്കാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല.. പക്ഷെ, അദ്ദേഹത്തിൻ്റെ ക്രൂരതകളെ ചോദ്യം ചെയ്യാൻ ആരും തയ്യാറായില്ല.സ്വന്തം മകളായ മാധവിയല്ലാതെ".. "ആര് ? എൻ്റെ മുത്തശ്ശിയോ " ? "ഉം..ഈ കാണുന്ന പോലെ ഒന്നുമായിരുന്നില്ല മുത്തശ്ശി...പുലിക്കുട്ടി ആയിരുന്നു..സാക്ഷാൽ ഝാൻസി റാണി! ".മകളുടെ നിർബന്ധങ്ങൾക്ക് മുമ്പിൽ അച്ഛന് പിന്നീട് തല കുലുക്കേണ്ടി വന്നു.. മരിക്കുന്നതിന് മുമ്പ് സ്വത്തിൽ പാതി രാജശേഖരൻ ദേവകിക്കും മോനുമായി എഴുതി കൊടുത്തു. അവരെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു..ചെയ്ത ക്രൂരതകൾക്ക് അവരോട് മാപ്പിരന്നു..ഇതിനെല്ലാം കാരണം മാധവിയമ്മയും..തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതിന് ശേഷമാണ് ദേവകിയുടെ മകനും തൻ്റെ മുറച്ചെറുക്കനുമായ പദ്മനാഭ മേനോനുമായി മാധവിയമ്മ അടുക്കുന്നത്..
പുരോഗമന ചിന്താഗതിക്കാരനായ പദ്മനാഭ മേനോൻ മോളുടെ മുത്തശ്ശൻ..അത്യാവശ്യം വിപ്ലവം തലക്ക് പിടിച്ചിരുന്ന മോളുടെ മുത്തശ്ശൻ നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു..
രാജശേഖര മേനോൻ്റെ മരണത്തിന് ശേഷം തറവാട് കാരണവർ പദ്മനാഭമേനോൻ ആയിരുന്നു. വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നത് കൊണ്ട് അദ്ദേഹത്തിന് ഈ സ്വത്തിനോടും കാര്യസ്ഥതയോടു മൊന്നും താൽപര്യമില്ലായിരുന്നു..അതെല്ലാം നോക്കി നടത്തിയിരുന്നത് മോളുടെ മുത്തശ്ശി യായിരുന്നു. മോളുടെ അമ്മ , ദേവയാനിയും അത് പോലെ തന്നെ ഒരു പുലിക്കുട്ടി ആയിരുന്നു. എന്നൽ , മോളുടെ അമ്മാവൻ രാജീവൻ തൻ്റെ അച്ഛനെപ്പോലെ ഒരു സാത്വികനും.. ദേവയാനിയും എൻ്റെ നിർമലയും എൻ്റെ സഹോദരി കാർത്തികയും നല്ല സുഹൃത്തുക്കളായിരുന്നു.. ദേവു, നിമ്മി ,കാത്തു അങ്ങനെയാണ് ഞങ്ങൾ അവരെ വിളിച്ചിരുന്നത്. നന്നായി പഠിക്കുമായിരുന്നു അവരെല്ലാം ..ചെറുപ്പം മുതലേയുള്ള സുഹൃദ്ബന്ധം.. ബിരുദത്തിന് മൂന്നാളും ഒരേ സബ്ജക്ട് തന്നെയാണ് പഠിക്കുവാൻ തിരഞ്ഞെടുത്തത്. രാജീവനും ഞാനും ഒരേ പ്രായക്കാർ ആയിരുന്നു..പത്തിൽ തോറ്റതോടെ ഞാൻ പഠിത്തം നിർത്തി. വീട്ടിലെ ബുദ്ധി മുട്ടുകളും ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയും കാത്തുവിൻ്റെ പഠനവും എല്ലാത്തിനുമായി ഞാൻ മണിയനാശാരിയുടെ കൂടെ മേസ്തിരി പണിക്ക് പോയി തുടങ്ങി.പഠിക്കാൻ മിടുക്കനായിരുന്ന രാജീവ് ബിരുദത്തിന് ഫിസിക്സ് പഠിച്ചപ്പോൾ അവർ മൂന്ന് പേരും രണ്ട് വർഷത്തിന് ശേഷം കെമിസ്ട്രി ഐശ്ചികമായി ബിരുദത്തിന് ചേർന്നു...
രാജീവനും ദേവുവും കോളേജ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. യൂണിയൻ ചെയർമാൻ ആയിരുന്നു രാജീവ്, ആർട്സ് ക്ലബ് സെക്രട്ടറി ദേവുവും. കോളജ് ഇലക്ഷൻ സമയമായിരുന്നു..രാജീവനും ദേവുവും അവരുടെ പാർട്ടിയുമൊക്കെ വിജയക്കൊടി പാറിക്കുമെന്ന് ഉറപ്പായിരുന്നു. അവരെ തകർക്കാൻ എതിർ കഷികൾ കണ്ട് പിടിച്ചത് അല്പം വളഞ്ഞ വഴി ആയിരുന്നു. രാജീവനും എൻ്റെ സഹോദരി കാത്തുവും തമ്മിൽ അവിഹിത ബന്ധമാണെന്നും കാത്തുവിന് ഗ ർഭമുണ്ടെന്നുമൊക്കെ തെറ്റായ വാർത്തകൾ പറഞ്ഞു പരത്തി. കോളജ് ഭിത്തികളിൽ അവരുടെ പേരോടൊപ്പം അറക്കുന്ന കമൻ്റുകളും ചിത്രങ്ങളും നിറഞ്ഞു . എന്നത്തെയും പോലെ കലാലയത്തിലെക്ക് കളി ചിരികളുമായി എത്തിയ ആ കൂട്ടുകാരെ തേടിയെത്തിയത് കൂക്കു വിളികളും പരിഹാസങ്ങളും ആയിരുന്നു..ചെറുപ്പം മുതലേ നിസ്സാര കാര്യങ്ങൾക്ക് പോലും കരഞ്ഞിരുന്ന എൻ്റെ കാത്തുവിന് അത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.. പ്രശ്‌ന പരിഹാരത്തിനായി പ്രിൻസിപ്പലിൻ്റെ റൂമിലേക്ക് രാജീവനും ദേവുവും കൂടി പോയി. കാത്തുവിൻ്റെ കരച്ചിൽ സ്വഭാവം അറിയുന്നത് കൊണ്ടു തന്നെയാണ് നിമ്മിയെ കാത്തുവിനൊപ്പം നിർത്തിയത്. പക്ഷെ, എതിർ പാർട്ടിയിലെ കുറെ കുട്ടികൾ പുറകേ നടന്ന് കാത്തുവിനെയും നിമ്മിയെയും അപമാനിച്ചുകൊണ്ടിരുന്നു. നാണക്കേട് സഹിക്കാനാവാതെ, കാത്തു നാലാം നിലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി. അത് കണ്ട് നിന്ന നിമ്മി തല കറങ്ങി വീണു..ആരോ വെള്ളം തളിച്ചപ്പോൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് എണീറ്റു ..പിന്നെ പരിസരം മറന്ന് അലറി വിളിച്ചുകൊണ്ട് കാത്തുവിനരികിലേക്കോടി. പ്രിൻസിപ്പലിൻ്റെ മുറിയിൽ നിന്നിറങ്ങി വന്ന രാജീവനും ദേവുവിനും കാണാനായത് രക്തത്തിൽ കുളിച്ചു കിടക്കുന്ന കാത്തുവിൻറെ ജീവനറ്റ ശരീരവും അതിനരികിൽ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞിരിക്കുന്ന നിമ്മിയും.. കോളേജിലേക്ക് പോയ മോളുടെ ജീവനറ്റ ശരീരം ഒരു മുന്നറിയിപ്പ് പോലുമില്ലാതെ ആംബുലൻസിൽ വീട്ടിലേക്ക് എത്തുമ്പോഴുള്ള അമ്മയുടെ അവസ്ഥ.. എൻ്റെ അമ്മ... സ്വരമിടറി കണ്ണു നിറച്ചു നിൽക്കുന്ന രാഘവേട്ടൻ... "ഏട്ടാ..വേണ്ട..എനിക്കിനി ഒന്നും കേക്കണ്ട..". "അല്ല മോളേ, കേൾക്കണം..എല്ലാം അറിയണം.." കാത്തുവിൻ്റെ ശരീരം വീട്ടിലേക്ക് എടുത്തപ്പോൾ മറ്റ് കാര്യങ്ങൾ ഒന്നുമറിയാതെ എൻ്റെ അമ്മയും യാത്രയായി. പണി സ്ഥലത്തായിരുന്ന എന്നെ വിളിക്കാൻ വന്നത് രാജീവനായിരുന്നു..."രാഘവ...എന്നെ വെറുക്കല്ലേ...ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല... കാത്തുവിനെ തെറ്റായ കണ്ണു കൊണ്ട് ഒരിക്കൽ പോലും നോക്കീട്ടില്ല... അവളെൻ്റെയും കൂടി പെങ്ങളല്ലേ..."
കെട്ടിപ്പിടിച്ചുകൊണ്ട് അവൻ എന്നോട് പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല..വീട്ടിലെത്തുമ്പോൾ കാണുന്നത് ജീവനറ്റ രണ്ട് ശരീരങ്ങൾ..അങ്ങനെ പണ്ട് തന്നെ അച്ഛനെ നഷ്‌ടപ്പെട്ടിരുന്ന ഞാൻ തികച്ചും അനാഥനായി..
പോലീസായി..കേസായി..എങ്ങുമെത്താതെയുള്ള നേരം കൊല്ലി അന്വേഷണങ്ങൾ..ഈ കള്ളക്കഥകൾക്കെല്ലാം ചുക്കാൻ പിടിച്ചത് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന അച്യുതൻ പാറത്തോട്. അദ്ദേഹത്തിൻ്റെ മരുമകനെ കോളേജ് യൂണിയനിൽ ജയിപ്പിക്കാനുള്ള കുതന്ത്രങ്ങൾ.. അല്ലെങ്കിലും ഈ കലാലയ രാഷ്ട്രീയത്തിൽ രാജീവനും ദേവുവും ആകെ തളർന്നിരുന്നു. എങ്കിലും, കുറ്റവാളികളെ കണ്ടെത്തണമെന്നുള്ള ആവശ്യവും ശക്തമായ സമര പദ്ധതികളുമായി അവർ മുന്നോട്ട് പോയി. അതിനെ തകർക്കാനും, രാജീവനെ എന്നന്നേക്കുമായി ഇല്ലാതാക്കാനും പോന്ന കള്ളക്കഥ ഒരാഴ്ചത്തെ അന്വേഷണത്തിന് ശേഷം അവർ കെട്ടിച്ചമച്ചു. രാജീവിൻ്റെ ബൈക്കിൽ അവരുടെ ചാരൻമാർ കൊണ്ട് വച്ച കൂവപ്പൊടി ബ്രൗൺ ഷുഗർ ആണെന്നും രാജീവ് ഡ്രഗ് അഡിക്ട് ആണെന്നും പറഞ്ഞ് അവനെ അറസ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് ആയതിനാൽ തന്നെ രാജീവന് ജയിലിൽ കിടക്കേണ്ടി വന്നു. മന്ത്രിയുടെ ശിങ്കിടി ആയിരുന്ന സ്ഥലം എസ് ഐയുടെ പീഡനത്തിൽ രാജീവൻ കൊല്ലപ്പെട്ടു.. അത് പോലീസ് മർദനമായിരുന്നില്ല രാജീവൻ ആത്മഹത്യ ചെയ്തതാണ് എന്ന് വരുത്തി തീർക്കാൻ അവർ അവനെ കെട്ടി തൂക്കി. ഈ വാർത്തകൾ എല്ലാം പദ്മനാഭ മേനോനെ വല്ലാതെ തളർത്തി. അദ്ദേഹം കടുത്ത നിരാശയിലേക്ക് കൂപ്പുകുത്തി. മുറിക്ക് വെളിയിലേക്ക് വരാൻ പോലും മടിച്ച അദ്ദേഹം ഒരു രാത്രി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു.
പാവം മാധവി അമ്മയും ദേവുവും.. പക്ഷേ അവരുടെ പെൺ കരുത്ത് നാട് തിരിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു പിന്നീടങ്ങോട്ട്..മാധവിയമ്മ അന്നൊരിക്കൽ എന്നെ കാണാൻ വന്നിട്ട് പറഞ്ഞു. "രാഘവ..നീ ഇങ്ങനെ ഇരുന്നാൽ മതിയോ, നിൻ്റെ പെങ്ങളുടെയും അമ്മയുടെയും കുരുതിക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണ്ടെ? നീ ഇനി മുതൽ മേസ്തിരി പണിക്ക് പോവേണ്ട..ഞാൻ നിനക്കൊരു ജോലി തരാം..രാജീവിൻ്റെ അച്ഛൻ്റെ ജീപ്പ് ആരും ഓടിക്കാനില്ലാതെ വെറുതെ കിടക്കുന്നു. നീ എൻ്റെ കൂടെ വേണം.. നമുക്ക് ഒരുപാട് കാര്യങ്ങള് ചെയ്തു തീർക്കാനുണ്ട്. എൻ്റെ പൊന്ന് മോൻ്റെയും അവൻ്റെ അച്ഛൻ്റെയും കാത്തുവിൻ്റെയുമൊക്കെ ജീവനെടുത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് അർഹിച്ച ശിക്ഷ വാങ്ങി കൊടുക്കണം . അതിന് എന്തൊക്കെ നഷ്ടം വേണമെങ്കിലും ഞാൻ സഹിക്കും.."
"ആദ്യം തന്നെ നിമ്മിയെ പഴയ പടി ജീവിതത്തിലേക്ക് മടക്കികൊണ്ടുവരണം.എനിക്കറിയാം..നിനക്കവളെ ഒരു പാട് ഇഷ്ടമാണെന്ന്..രാജീവൻ എപ്പോഴും പറയുമായിരുന്നു നിമ്മിയെ കാണുമ്പോൾ നിൻ്റെ കണ്ണിലെ തിളക്കം ഒന്ന് കാണേണ്ടത് തന്നെയാണെന്ന്. മാനസികമായി തകർന്ന അവൾക്ക് ഒരു പുതു ജീവിതം കൊടുക്കാൻ നിനക്കു കഴിയും.. അതോ, മറ്റെല്ലാവരെയും പോലെ രോഗിയായ ഒരാളെ വിവാഹം കഴിക്കാൻ മടിയായിരിക്കുമോ" .. "അമ്മ അത് മാത്രം പറയരുത്... ഓർമ്മ വച്ച കാലം മുതലുളള കളിക്കൂട്ടുകാരിയാണ്..
എന്നെങ്കിലും കൂടെ കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്നു.. പിന്നീട് ആ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.. ഈ പഠിപ്പും വിവരവും ഇല്ലാത്ത എന്നെ അവൾക്കു ചേരില്ല...അവൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് മാത്രം ആഗ്രഹിച്ചു..ഇപ്പൊ , ഈ സ്ഥിതിയിൽ അവളെ ഞാനൊരിക്കലും ഉപേക്ഷിക്കില്ല..അമ്മ എനിക്ക് വേണ്ടി അവരുടെ വീട്ടു കാരോട് ഒന്ന് സംസാരിച്ചാൽ മതി".. അങ്ങനെ മാനസികാരോഗ്യ കേന്ദ്രത്തിൽ അവളെ ഞാൻ ശുശ്രൂഷിച്ചു ... നാലഞ്ച് മാസങ്ങൾക്ക് ശേഷം അവളുടെ സ്ഥിതി ഒത്തിരി ഭേദപ്പെട്ടു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത്പ്പോൾ എൻ്റെ ജീവിതത്തിലേക്ക് കൂട്ടി..
"രാഘവേട്ട ഞാൻ നിങ്ങളെയൊന്ന് തൊഴുതോട്ടെ?? ഇതാണ് യഥാർത്ഥ പ്രണയം.. അപ്പോ ചേച്ചിയുടെ അസുഖം പൂർണമായും ഭേദമായോ??" " മരുന്ന് ഇപ്പോഴും കഴിക്കാറുണ്ട്..രാത്രി തന്നെ ഇരിക്കാനോക്കെ ഭയങ്കര ഭയമാണ്. അല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല ". "മോളേ, അസുഖം ആർക്ക് വേണമെങ്കിലും ഉണ്ടാവാം.. അത് വിവാഹത്തിന് ശേഷവും ആവാമല്ലോ..പിന്നെ മാനസിക രോഗം അത് മറ്റ് അസുഖങ്ങൾ പോലെ ഒന്ന് തന്നെയാണ്.. നല്ല ചികിത്സകൊണ്ടും പരിചരണം കൊണ്ടും മാറ്റാവുന്ന ഒന്ന്"..
മാധവിയമ്മയും ദേവുവും കേസന്വേഷണം പുനരാരംഭിക്കാൻ ജില്ല കോടതിയിൽ അപ്പീൽ കൊടുത്തു. അപ്പീൽ കേട്ട കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. പോലീസ് കാരെ പോലും വെല്ലുവിളിക്കും പോലെ കേസിനാധാരമായ തെളിവുകൾ അമ്മയും മോളും സംഘടിപ്പിച്ചു. മാധവിയമ്മ തന്നെ ഈ കേസ് കോടതിയിൽ വാദിക്കുകയും ചെയ്തു.ഇതെല്ലാം വലിയ വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ചു.
ഇതിനിടയിൽ ആണ് ദേവുവിൻ്റെ വിവാഹം. കേസ് പുനരാരംഭിച്ചത് മുതൽ മാധവി അമ്മക്ക് ഒട്ടേറേ ഭീഷണികളും വധശ്രമങ്ങളും നേരിടേണ്ടി വന്നു. അത് കൊണ്ട് തന്നെ ദേവുനെ പെട്ടന്ന് വിവാഹം കഴിച്ചയക്കാൻ നിശ്ചയിച്ചു. വരൻ മെഡിക്കൽ കോളജിൽ ഡോക്ടർ. മോളുടെ അച്ഛൻ. ദേവനാരായണൻ.. ഒരു ലളിത ജീവിതക്കാരൻ. പാവപ്പെട്ട രോഗികൾക്ക് തികച്ചും സൗജന്യ ചികിത്സ നടത്തിയിരുന്ന നല്ല ഹൃദയത്തിനുടമ. അദ്ദേഹം തെക്കേടത്ത് തറവാട്ടിൽ എപ്പോൾ വന്നാലും കുറഞ്ഞത് അമ്പത് രോഗികളെ എങ്കിലും കാണും. രണ്ട് പേരുടെ ഹൃദയ ശസ്ത്രക്രീയ ഒരു പൈസ പോലും മുടക്കാതെ നടത്തിക്കൊടുത്തു.കൂടാതെ മരുന്നുകളുടെ ചിലവുകളും..എല്ലാവർക്കും പ്രിയങ്കരനായിരുന്ന ഒരു നല്ല മനുഷ്യൻ..
"എനിക്ക് അമ്മയെയും അച്ഛനെയും ഒന്നും കണ്ട ഓർമ്മ കൂടി ഇല്ല..വീട്ടിൽ ഒരു ഫോട്ടോ പോലും കാണാനില്ല..അത് കൊണ്ടു തന്നെ അവരുടെ രൂപം പോലും അറിയില്ല.. മുത്തശ്ശി പറയും.. എൻ്റെ ദേവൂൻ്റെ അതേ ഛായയാണ് അമ്മൂട്ടിക്കും ന്ന്.. ഒപ്പം ഒന്ന് കൂടി പറയും..ന്ന സ്വഭാവം നിൻ്റച്ചൻ്റെ തന്നെ.. എൻ്റെ ദേവൻ്റെ ന്ന്".. ചിലപ്പോഴൊക്കെ ഞാൻ മുത്തശ്ശിയോട് വഴക്കടിച്ചിട്ടുണ്ട്..
അതെന്താ അവരുടെ ഒരു ഫോട്ടോ പോലും ഇല്ലാത്തെ എന്ന് ചോദിച്ച്".."മോളെ , എല്ലാത്തിനും തക്കതായ കാരണങ്ങളുമുണ്ട്. അവരുടെ കല്യാണം കഴിഞ്ഞു അധികം വൈകാതെ തന്നെ മോളുടെ അമ്മ ഗർഭവതിയായി. അപ്പോഴും കേസും കോടതിയുമൊക്കെയായി മാധവിയമ്മയുടെ ജീവിതം തുടർന്നു . തെളിവുകൾ എല്ലാം പ്രതികൾക്ക് എതിരായിരുന്നതിനാൽ വിധി നമുക്കു അനുകൂലമായിരുക്കുമെന്ന് പകൽ പോലെ വ്യക്തമായിരുന്നു. കേസിൽ വ്യവസായ മന്ത്രിയുടെയും മരുമകൻ്റെയുമൊക്കെ വ്യക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നത് കൊണ്ട് അവർ രാജി വക്കണമെന്ന് പറഞ്ഞ് നാട്ടിലാകെ ബഹളമായി... സർക്കാർ പോലും വീഴുമെന്ന അവസ്ഥ..
വിധി വരുവാൻ വെറും രണ്ടു ദിവസം മാത്രം ബാക്കി യായിരുന്നു. ദേവുനേയും കൊണ്ട് ആശുപത്രിയിൽ ചെക്കപ്പിന് പോയതായിരുന്നു ദേവൻ..എതിരെ വന്ന ഒരു ലോറി അവരുടെ കാർ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ ഓടിച്ചുപോയി. കാറിൽ നിന്നും തെറിച്ച് വീണ
ദേവുനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. അമ്മയുടെ നില അതീവ ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ സാധിക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്നും ഉടൻ തന്നെ ഓപ്പറേഷൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കാൻ സാധിച്ചാൽ ചിലപ്പോൾ കുഞ്ഞിനെ രക്ഷിക്കാമെന്നും ഡോക്റ്റർ പറഞ്ഞു. അങ്ങനെ ഏഴാം മാസത്തിൽ മോളുണ്ടായി.ദേവൻ സ്പോട്ടിൽ തന്നെ മരണപ്പെട്ടിരുന്നു. തൻ്റെ മകളുടെയും മരുമകൻ്റെയും ജീവനറ്റ ശരീരത്തിന് മുമ്പിൽ നിൽക്കുമ്പോൾ മാധവിയമ്മ ഒരു തുള്ളി കണ്ണുനീർ പൊഴിച്ചില്ല. എന്തോ വല്ലാത്ത ഒരവസ്ഥ.. പക്ഷെ , കുഞ്ഞുങ്ങളുടെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മോളെ കാണാൻ എന്നും മുത്തശ്ശി വരും.. മോളോട് എന്നും സംസാരിക്കും..ഇനി മുത്തശ്ശിക്ക് മോൾ മാത്രേ ഉള്ളൂ എന്ന് പറയും. മുത്തശ്ശി ജീവിക്കുന്നത് അമ്മൂട്ടിക്ക് വേണ്ടിയ.. എന്നൊക്കെ പറയും..മൂന്നര മാസം കഴിഞ്ഞാണ് മോളെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടു വരുന്നത്. ഉറക്കമൊഴിച്ച് രാവും പകലുമെന്നില്ലാതെ മുത്തശ്ശി കുട്ടിക്കൊപ്പമായിരുന്നു.
ഇതിനിടയിൽ കേസിൻ്റെ വിധി വന്നു. വിധി കേൾക്കാൻ മാധവിയമ്മ കോടതിയിൽ എത്തിയില്ല. കുറ്റക്കാരൊക്കെ അഴികൾക്കുള്ളിലായി. പിന്നീടുള്ള മാധ വിയമ്മയുടെ ജീവിതം മോളെ ചുറ്റി പറ്റി മാത്രമായിരുന്നു. ഒപ്പം ഒരു കൗൺസലി
ങ് സെൻ്ററും തുടങ്ങി. ആത്മഹത്യ ഒന്നിനും പരിഹാരമല്ലയെന്നും എന്തൊക്കെ വന്നാലും ജീവിതം പോരാടി ജയിക്കാനുള്ളതാണെ
ന്നുമൊക്കെ എല്ലാവരോടും പറയും. എന്തു വന്നാലും മനോധൈര്യം കൈവിടരുതെന്നും അതിന് സർവ്വ ശക്തനോട് പ്രാർഥിക്കണമെന്നുമൊക്കെ എപ്പോഴും എന്നോടും പറയും. എന്തുണ്ടെങ്കിലും വിശ്വസ്തരായ ആരോടെങ്കിലും തുറന്ന് പറയണമെന്നും..അല്ലെങ്കിലും അവർ തന്ന ധൈര്യം മാത്രമാണ് ഞാനും നിമ്മിയും ഇന്നും സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന തിന് കാരണം..മുത്തശ്ശിയെ ഒരിക്കലും തനിയെ വിടരുത് മോളെ".."എനിക്കിപ്പോ കാണണം എൻ്റെ മുത്തശ്ശിയെ.. രാഘവേട്ടൻ മരുന്ന് മേടിച്ച് കൊണ്ടു പോര്.." ഒരോ ട്ടമായിരുന്നു മുതശ്ശിക്കരികിലേക്ക്.. "മുത്തശ്ശി..".കരഞ്ഞ് കൊണ്ട് ആ നെഞ്ചിലേക്ക് വീണു.. "എന്താ എൻ്റെ കുട്ടിക്ക്?"കവിളിലും നെറ്റിയിലുമൊക്കെ മൃദുവായി ചുംബിച്ചു കൊണ്ട് മുത്തശ്ശി എൻ്റെ തലയിൽ മെല്ലെ തലോടിക്കൊണ്ട് മെല്ലെ വിളിച്ചു .. "അമ്മൂട്ടി."....
മോളമ്മ മാത്യു അമ്പലപ്പറമ്പിൽ


