കേരളം ഉറ്റുനോക്കിയ ആവേശകരമായ ത്രികോണ പോരാട്ടത്തിനൊടുവിൽ പാലക്കാട് മണ്ഡലം യു.ഡി.എഫ് നിലനിർത്തി. എൻ.ഡി.എയുടെ കരുത്തയായ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ 12,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ചലച്ചിത്ര താരം രമേശ് പിഷാരടി വിജയിച്ചു. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കാത്തുസൂക്ഷിച്ച യു.ഡി.എഫ് കോട്ടയിൽ പിഷാരടി തന്റെ രാഷ്ട്രീയ കരിയറിലെ ആദ്യ വിജയം കുറിച്ചു. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. എല്‍ഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എന്‍ എം ആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ ശോഭാ സുരേന്ദ്രൻ മികച്ച ലീഡ് നിലനിർത്തിയിരുന്നെങ്കിലും, നഗരസഭാ പരിധിക്ക് പുറത്തുള്ള പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ രമേശ് പിഷാരടി മുന്നിലെത്തി. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് വിജയമുറപ്പിച്ച ശോഭയ്ക്ക്, തിരഞ്ഞെടുപ്പ് വേളയിലുണ്ടായ വോട്ടിന് പണം നൽകിയെന്ന ആരോപണം വലിയ തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ പുറത്തായതോടെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ രമേശ് പിഷാരടിയെ ഇറക്കിയ യു.ഡി.എഫ് തന്ത്രം ഫലം കണ്ടു. എൽ.ഡി.എഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഷാഫി പറമ്പിൽ 2011-ൽ തിരിച്ചുപിടിച്ച മണ്ഡലം യു.ഡി.എഫ് കൈവിടാതെ സൂക്ഷിച്ചു. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ പിഷാരടി, രാഷ്ട്രീയത്തിലെ അതികായരെ പരാജയപ്പെടുത്തി കരുത്ത് തെളിയിച്ചു. ബി.ജെ.പി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയായ പാലക്കാട് ഇത്തവണയും നിയമസഭയിലേക്ക് ബി.ജെ.പിയെ തുണച്ചില്ല.

