PRAVASI

പത്തനംതിട്ട പീഡന കേസിൽ 20 പേർ അറസ്റ്റിൽ, നവ വരനെയടക്കം പിടികൂടി; ആദ്യം പീഡിപ്പിച്ചത് സുബിൻ

Blog Image

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ 20 പേർ അറസ്റ്റിലായെന്ന് പൊലീസ്. നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് ഇപ്പോൾ റാന്നിയിൽ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവടക്കം മൊത്തം 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
റാന്നിയിൽ നിന്നുള്ള ആറു പേരുടെ അറസ്റ്റ് കൂടിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മൊത്തം എഫ്ഐആറുകളുടെ എണ്ണം 7 ആയിട്ടുണ്ട്. പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിനാണെന്നും പൊലീസ് വിവരിച്ചു. അന്ന് പെൺകുട്ടിക്ക് 13 വയസാണ് ഉണ്ടായിരുന്നത്. റബ്ബർ തോട്ടത്തിൽ വച്ച് നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങൾ സുബിൻ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. സുബിൻ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചതായും പൊലീസ് വിവരിച്ചു.
രണ്ട് സ്റ്റേഷനുകളിലെ 5 കേസുകളിലായി ആദ്യം പിടിയിലായത് 14 പേർ, പൊലീസിന്‍റെ അറിയിപ്പ്

18 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന്  വിധേയയാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 5 കേസുകളിലായി  14 പേർ പോലീസിന്റെ പിടിയിലായി. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത ഇലവുംതിട്ട പോലീസ് 5 യുവാക്കളെ ഇന്നലെ പിടികൂടിയിരുന്നു. തുടർന്ന് ഇന്ന് പത്തനംതിട്ട പോലീസ് 3 കേസുകളെടുക്കുകയും ആകെയുള്ള 14 പ്രതികളിൽ 9 പേരെ ഉടനടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുബിൻ (24), വി കെ വിനീത് (30), കെ അനന്ദു ( 21), എസ് സന്ദീപ്  (30),  ശ്രീനി എന്ന എസ് സുധി(24) എന്നിവരാണ്  ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയത ഒരു കേസിലെ പ്രതികൾ. ഇവിടെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അച്ചുആനന്ദ് ( 21)ആണ്‌ പ്രതി. ആദ്യത്തെ കേസിൽ അഞ്ചാം പ്രതി സുധി  പത്തനംതിട്ട പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ നിലവിൽ ജയിലിലാണ്. പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ ചേർത്ത ഈ കേസിന്റെ അന്വേഷണം പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണനാണ് അന്വേഷണം.
13 വയസുള്ളപ്പോൾ  സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് 16 വയസ്സ് ആയപ്പോൾ ബൈക്കിൽ കയറ്റി വീടിനു സമീപമുളള അച്ചൻകോട്ടുമലയിലെത്തിച്ച് ആൾതാമസമില്ലാത്ത ഭാഗത്ത് റബ്ബർ തോട്ടത്തിൽ വച്ച്  ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട്  മറ്റൊരു ദിവസം പുലർച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികൾക്ക് കാഴ്ചവക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവർ സംഘം ചേർന്ന്  അച്ചൻകൊട്ടുമലയിലെത്തിച്ച് കൂട്ടബലാൽസംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു.

പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസിലിംഗിൽ തനിക്കുണ്ടായ ക്രൂരമായ ലൈംഗിക പീഡനങ്ങൾ കൗൺസിലർമാരെ കുട്ടി അറിയിക്കുകയായിരുന്നു. സ്ഥാപനഅധികൃതർ ഇടപെട്ട്   കോന്നി നിർഭയ ഹെൻട്രി ഹോമിൽ  കഴിഞ്ഞ ഡിസംബർ 6 മുതൽ  പാർപ്പിച്ചുവരികയാണ്. എട്ടിനും 13 നും സി ഡബ്ല്യു സി കൗൺസിലിങ്ങിന് വിധേയയാക്കി. നിരവധി ആളുകൾ പീഡിപ്പിച്ചതായുള്ള വെളിപ്പെടുത്തലിന്റെ  അടിസ്ഥാനത്തിൽ  കുട്ടിയുടെ മൊഴികൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശപ്രകാരം പത്തനംതിട്ട വനിതാ പോലീസ് എസ് ഐ കെ ആർ ഷെമിമോൾ  അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്. പീഡനം നടന്ന സ്ഥലങ്ങളുടെ ക്രമത്തിലാണ് പുതിയ കേസ് ഇന്ന് രജിസ്റ്റർ ചെയ്തത്. മൊഴികൾ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.

ഊർജ്ജിതമാക്കിയ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ വീടുകളിൽ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തത്.ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതി സുബിന്റെ സുഹൃത്താണ് ഇവിടെ അറസ്റ്റിലായ മറ്റ് പ്രതികൾ.  ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെത്തിയിട്ടില്ല, അന്വേഷണം വ്യാപകമാക്കി. സ്വന്തമായി ഫോൺ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.പത്തനംതിട്ട സ്റ്റേഷനിൽ സംഭവത്തിൽ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകളാണ്. ഷംനാദ് ( 20)ആണ് ആദ്യ കേസിൽ അറസ്റ്റിലായത്. അടുത്ത കേസിൽ  6 പ്രതികളാണ് പിടിയിലായത്, ഇതിൽ ഒരാൾ 17 കാരനാണ്. അഫ്സൽ( 21), ഇയാളുടെ സഹോദരൻ ആഷിക്ക് ( 20), നിധിൻ പ്രസാദ് (21), അഭിനവ് ( 18), കാർത്തിക്ക് ( 18)എന്നിവരാണ് പിടിയിലായ പ്രതികൾ. ഇതിൽ അഫ്സൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മനപ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിന് എടുത്ത രണ്ട് കേസുകളിൽ പ്രതിയായിട്ടുണ്ട്. ഈ കേസുകളിൽ നിലവിൽ ജാമ്യത്തിലാണ്. ആഷിക്, അഫ്സൽ പ്രതിയായ ഒരു കേസിൽ കൂട്ടുപ്രതിയാണ്, കോടതി ജാമ്യത്തിലാണിപ്പോൾ.മറ്റൊരു കേസിൽ  കണ്ണപ്പൻ എന്ന സുധീഷ് (27),  നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31)എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പോലീസ് സ്റ്റേഷനുകളിൽ  2014 ലെ രണ്ട് മോഷണകേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് പോലീസ്. കുട്ടിയുടെ വെളിപ്പെടുത്തൽ പ്രകാരം കൂടുതൽ കേസുകൾ എടുത്തേക്കുമെന്ന് പോലീസ് അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.