ഇനിമുതൽ സാമൂഹ്യക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾ വഴി നേരിട്ട് വീടുകളിൽ എത്തിക്കില്ല. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് സർക്കാർ ഔദ്യോഗികമായി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇനി ദേശസാത്കൃത ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമായിരിക്കും പെൻഷൻ തുക ഗുണഭോക്താക്കൾക്ക് ലഭിക്കുക.
സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുമ്പോൾ വരുന്ന ചെലവ് വളരെ കൂടുതലാണെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പല സൊസൈറ്റികളും ലോൺ തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും, സഹകരണ സംഘങ്ങൾക്ക് നൽകേണ്ടി വരുന്ന ഇൻസെന്റീവ് ഇനത്തിലുള്ള ഉയർന്ന ചെലവുകളും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കത്ത് കൂടി പരിശോധിച്ച ശേഷമാണ് സർക്കാർ ഈ സുപ്രധാന തീരുമാനത്തിലെത്തിയിരിക്കുന്നത്.

