ബുദ്ധി ജീവിയായ ഇ എം എസ് ഉം സരസനായ ഇ കെ നായനാരും കർക്കശക്കാരനായ അച്യുതനന്ദനും മുതൽ ലീഡർ കെ കരുണാകരനും ആദർശ ധീരനായ എ കെ ആന്റണിയും ഫ്ളക്സ്ബിൾ ആയ ഉമ്മൻ ചാണ്ടിയും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇരിക്കുവാൻ രണ്ടായിരത്തി പതിനാറിൽ നൂറു സീറ്റുമായി ഗൗരവാകരൻ ആയ പിണറായി വിജയൻ വന്നപ്പോൾ കേരളത്തിലെ പത്രങ്ങളും ചാനലുകളും ഏറ്റവും ആധുനിക ടെക്‌നോളജിയിലേയ്ക്കു വളർന്നു
. രണ്ടായിരത്തി പതിനൊന്നു മുതൽ പതിനാറു വരെ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടിയുടെ യൂ ഡി എഫ് ഗവണ്മെന്റ് അതിന്റെ അവസാന കാലഘട്ടത്തിൽ സോളാർ വിവാദവും ബാർ കോഴയും തുടങ്ങിയ വിവാദങ്ങളിൽ പെട്ടു ആടി ഉലഞ്ഞപ്പോൾ ഏതാണ്ട് അടുത്ത ഭരണവും ഒപ്പം മുഖ്യമന്ത്രി കസേരയും ഉറപ്പിച്ചിരുന്ന പിണറായി വിജയൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ചിരിക്കുവാനുള്ള പരിശീലനത്തിനും ആധുനിക മാധ്യമ പ്രവർത്തകരെ എങ്ങനെ നേരിടണം എന്ന് പഠിക്കുവാനും ആയിരുന്നു
. മന്ത്രിസഭ യോഗത്തിന് ശേഷമുള്ള പത്ര സമ്മേളനങ്ങൾക്കു പോലും വളരെ പിശുക് കാട്ടിയ പിണറായി ചാനലുകാരുടെ ചോദ്യങ്ങൾക്കു വളരെ ബുദ്ധിപരവും തന്ത്രപരവും ആയാണ് മറുപടി നൽകിയത്
. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം അധികം വൈകാതെ തന്നെ കേരള ചരിത്രത്തിലെ ഏറ്റവും മാധ്യമ വിരോധി ആയ മുഖ്യൻ എന്ന് പേരെടുത്ത പിണറായി ആ പേരിനു ബലം നൽകിയത് പോലെ ആയിരുന്നു തിരുവനന്തപുരത്തു പത്രക്കാരോട് കടക്കു പുറത്തു എന്ന് പറഞ്ഞത്
. താൻ പറയുന്ന മറുപടി ഒരു അബദ്ധം ആകരുതേ എന്ന് നിർബന്ധം ഉണ്ടായിരുന്ന പിണറായി മാധ്യമങ്ങളെ നേരിട്ടത് ഇലക്ഷന് മുൻപ് തന്നെ വലിയ തയ്യാറെടുപ്പു നടത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ പത്രേക്കർക്കുള്ള ഓരോ മറുപടിയും തെളിയിച്ചു
. ഒന്നാം പിണറായി സർക്കാർ ഭരണം തുടങ്ങി രണ്ടു വർഷത്തിന് ശേഷം രണ്ടായിരത്തി പതിനെട്ടിൽ കേരളമകമാനം ഒരു വർഷ കാലത്ത് ഉണ്ടായ പ്രളയം ഏറ്റവും കൂടുതൽ മാർക്കറ്റ് ചെയ്തെടുത്തത് പിണറായി വിജയന്റെ മാധ്യമ പരിശീലനത്തിന്റെ തെളിവായിരുന്നു
. രണ്ടായിരത്തി പതിനാറിൽ ഭരണം തുടങ്ങി രണ്ടു വർഷം കൊണ്ടു വിരലിൽ എണ്ണാവുന്ന പത്ര സമ്മേളനങ്ങൾ നടത്തിയ പിണറായി രണ്ടായിരത്തി പതിനെട്ടിലെ പ്രളയ കാലത്ത് ദിവസം രണ്ടും മൂന്നും പ്രാവശ്യം പത്ര സമ്മേളനങ്ങൾ നടത്തി മാധ്യമ പ്രവാർത്തകർക്കു ചോദ്യം ചോദിക്കുവാനുള്ള സമയം കൊടുത്തില്ല
. പ്രളയ കാലത്തിനു സമാനമായി കോവിഡ് കാലത്തും തുടക്കത്തിൽ ആരോഗ്യ മന്ത്രി ആയി പേരെടുത്ത കെ കെ ശൈലജ ടീച്ചർ മൂന്നു നേരവും പത്രസമ്മളനങ്ങൾക്കു തുടക്കം ഇട്ടെങ്കിലും ടീച്ചറുടെ ഗ്രാഫ് കുത്തനെ ഉയരുന്നത് കണ്ടു വിളറി പിടിച്ച പിണറായി താമസിയാതെ ടീച്ചറെ സൈഡിലേയ്ക്കു ഇരുത്തി മൈക്ക് പിടിച്ചു വാങ്ങി ചാനലുകാർക്ക് ചോദ്യം ചോദിക്കുവാൻ അവസരം നൽകാതെ കൂടുതൽ കൂടുതൽ വാചാലനായി ടീച്ചർ ഉണ്ടാക്കി എടുത്ത ഇമേജ് മുഴുവൻ തന്റെ പേരിലാക്കി
. രണ്ടായിരത്തി ഇരുപത്തി ഒന്നിൽ പ്രതിപക്ഷ നേതാവായ വി ഡി സതീശൻ മാധ്യമങ്ങളെ എങ്ങനെ നേരിടണം എന്ന് കൃത്യമായി ഹോംവർക്കു ചെയ്തിരുന്നു എന്നതിന് തെളിവാണ് അദ്ദേഹം ആ സ്‌ഥാനം ഏറ്റെടുത്ത ശേഷം നടന്ന ഓരോ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും ചാനലുകാരുമായി സംസാരിക്കുമ്പോൾ അദ്ദേഹം കാണിച്ച അസാമാന്യ വൈബ്
. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു കഴിഞ്ഞു വിജയഹ്‌ലാദം പങ്കിടുവാൻ കോട്ടയം ഡി സി സി ഓഫീസിൽ ചാനലുകാരോട് സംസാരിക്കുവാൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അലക്കി തേച്ച വെള്ള മുണ്ടും ഖദർ ഷർട്ടുമിട്ടു ഒന്ന് വാചാലനാകാൻ വന്നപ്പോഴേയ്ക്കും അന്നത്തെ കെ പി സി സി പ്രസിഡന്റ് സുധാകരൻജി മൈക്ക് തട്ടിപ്പറിച്ചു എടുത്തു കൊണ്ടു പോയെങ്കിലും പിന്നീട് നടന്ന പാലക്കാടും നിലമ്പൂരും ഉൾപ്പെടെ ഉള്ള എല്ലാ ഉപ തെരെഞ്ഞെടുപ്പുകളിലും നാല്പതും അൻപതും ദിവസങ്ങൾ അവിടെ സ്‌ഥിരമായി താമസിച്ചു ചാനലുകാരെ ഇങ്ങോട്ട് വിളിച്ചു വരുത്തിയാണ് വി ഡി തന്റെ ഗ്രാഫ് ഉയർത്തിയത്
. കഴിഞ്ഞ നിയമസഭ പൊതു തെരെഞ്ഞെടുപ്പിന് കളം ഒരുങ്ങാൻ തുടങ്ങിയപ്പോൾ തന്നെ ചാനലുകാരുമായുള്ള തന്റെ സംവാദത്തിന് കടുപ്പവും കൊഴുപ്പും കൂട്ടിയ വി ഡി തെരെഞ്ഞെടുപ്പിനോട് അടുത്തപ്പോൾ തന്നെ വനവാസം എന്ന വാക്ക് ഇരുപത്തിലധികം പ്രാവശ്യം ഉപയോഗിച്ചപ്പോൾ തന്നെ വൻ വിജയം മണത്തു
. പല അണിയറ നീക്കങ്ങൾക്കും നാടകങ്ങൾക്കും ഒടുവിൽ മുഖ്യമന്ത്രി ആയി രണ്ടു മാസം പിന്നിടുമ്പോൾ ആ പഴയ പ്രതിപക്ഷ നേതാവിന്റെ ശൈലിയും പൂർണമായി ഉപേക്ഷിക്കാൻ സതീശൻ സർ തയ്യാറായിട്ടില്ലന്നാണ് മാധ്യമ വിചാരണ തെളിയിക്കുന്നത്

സുനിൽ വല്ലാത്തറ ഫ്‌ളോറിഡ

