മക്കളെ വളർത്താൻ അവൾ
ഉറക്കം വിറ്റു,
വിശപ്പ് മറന്നു.
വെയിലത്തും മഴയത്തും നിന്നു,
തൻ ചിറകിനുള്ളിൽ അവരെ ചേർത്തു.
അമ്മമാർ ഒരു തണലാണ്
വെയില്ത്ത് വാടുമ്പോൾ
തലയ്ക്കു മുകളിൽ ചാഞ്ഞു നിൽക്കുന്ന തണലായ മരം
അമ്മയുടെ സ്നേഹത്തിന്
കണക്കുപുസ്തകം ഇല്ല
കൊടുത്തതിനൊന്നും റസീറ്റുമില്ല.
തിരികെ ചോദിക്കാൻ ഒരു കടവുമില്ല.
കാലം കരളിൽ നോവായ് പെയ്തു,
നെറ്റിയിൽ വീണ വിയർപ്പുതുള്ളിയിൽ
അവരുടെ ഭാവിയുടെ വെളിച്ചം കണ്ടു.
ഒടുവിൽ,
അവർ ആകാശം തൊട്ടു.
കാറ്റ് കൊള്ളാൻ
പുതിയ മേൽക്കൂര തേടി.
പിന്നെ ആ വീടിന്റെ മൂലയിൽ,
ഒരു കസേര ഒഴിഞ്ഞു കിടന്നു.
ജനലിലൂടെ അവൾ നോക്കിയിരിന്നു
മക്കൾ പോയ വഴിയിലേക്കല്ല,
താൻ നടന്നു തീർത്ത വഴികളിലേക്ക്.
അവളുടെ കണ്ണുനീരിന് ഉപ്പില്ല,
ഉപ്പെല്ലാം എന്നോ അലിഞ്ഞു തീർന്നതാണ് .
അമ്മമാർ തിരസ്കരിക്കപ്പെടുമ്പോൾ,
ഒരു വീടല്ല വീഴുന്നത്,
ഒരു ലോകത്തിന്റെ കരുണയാണ്.

സോഫി തിലകൻ
ന്യൂയോർക്ക്

