തൃശ്ശൂരിൽ പുതുവർഷാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്താനുപയോഗിച്ച കത്തി 14കാരന്റേത് തന്നെയെന്ന് സ്ഥീരികരണം.പാലിയം റോഡ് ടോപ്പ് റസിഡൻസിയിൽ എടക്കളത്തൂർ വീട്ടിൽ ജോൺ ഡേവിഡിന്റെ മകൻ ലിവിൻ ഡേവിസ് എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു.
ലിവിനാണ് ആദ്യം കത്തി വീശിയതെന്നും ഇതു വാങ്ങി തിരിച്ചു കുത്തുകയായിരുന്നു എന്നുമാണ് പിടിയിലായ പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നത്.എന്നാൽ ലിവിനെ കുത്താനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിടിയിലായവരെ സഹപാഠിക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തിയതിനും ലഹരി ഉപയോഗിച്ചതിനും മുമ്പ് സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
തേക്കിൻകാട് മൈതാനിയിലെ വാട്ടർ ടാങ്കിന് സമീപം ചൊവ്വാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം നടന്നത്. കത്തികൊണ്ട് 14കാരൻ ലിവിന്റെ കഴുത്തിലും നെഞ്ചിലു കുത്തുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് ലിവിൻ മരിക്കുന്നത്. സംഭവ ദിവസം പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ആരാണെന്ന് ലിവിനും കൂടെയുണ്ടായിരുന്ന ആളും ചോദ്യം ചെയ്തതാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.