എല്ലാവരും അയാളെ പൊട്ടനെന്നാണ് വിളിച്ചിരുന്നത്. എത്ര ഉച്ചത്തില്‍ വിളിച്ചാലും അയാള്‍ കേള്‍ക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഞങ്ങളും സധൈര്യം വിളിച്ചു- "പൊട്ടന്‍". കേള്‍വിയുടെയും സംസാരത്തിന്‍റെയും മാസ്മര സിദ്ധികള്‍ ഇല്ലാത്തതുകൊണ്ടുതന്നെ അയാള്‍ അത്തരം എല്ലാ വിളികളെയും നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചു. അരയില്‍ എപ്പോഴും കരുതുന്ന വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില എന്നിവയുടെ പൊതി അയാളുടെ പല്ലുകളില്‍ അങ്ങിങ്ങ് കറപിടിപ്പിച്ചിരുന്നു. എങ്കിലും അത്രയും കറയറ്റ ചിരികള്‍ ഞാന്‍ വിരളമായേ കണ്ടിട്ടുള്ളു.
ഞങ്ങളുടെ വീട്ടിലെയും ആ നാട്ടിലെ തന്നെയും പ്രധാന തെങ്ങുകയറ്റക്കാരന്‍ ആയിരുന്നു ഈ പൊട്ടന്‍. പൊട്ടന്‍ എന്ന പേര് അത്രമേല്‍ പ്രചാരത്തില്‍ ആയിരുന്നതുകൊണ്ട് ആരും അയാളുടെ യഥാര്‍ത്ഥ പേരിനെക്കുറിട്ട് ആലോചിച്ച് തലപുകച്ചില്ല. അല്ലെങ്കിലും കേള്‍ക്കാത്തവര്‍ക്ക് എന്തിനാണ് പേര്?
ആകാശത്തോളം എത്തുന്ന തെങ്ങുകളില്‍ സമൃദ്ധമായി തേങ്ങ വിളഞ്ഞിരുന്ന കുട്ടിക്കാലം. പലപ്പോഴായി തെങ്ങുകളുടെയും തേങ്ങകളുടെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. എന്നിട്ടും ഞങ്ങളുടെ കറി ആവശ്യങ്ങള്‍ക്കുള്ള തേങ്ങ വലിയ പ്രയാസമില്ലാതെ കിട്ടിയിരുന്നു. വിറകുപുരയില്‍ കൂട്ടിയിട്ടിരിക്കുന്ന തേങ്ങകളുടെ എണ്ണം കുറഞ്ഞു തുടങ്ങുമ്പോഴേക്കും, അമ്മ പൊട്ടനെ അന്വേഷിച്ചു തുടങ്ങും. വഴിയേയെങ്ങാനും അയാള്‍ പോകുന്നത് കണ്ടാല്‍ ഒന്നുകില്‍ അമ്മ ഓടും, അല്ലെങ്കില്‍ ഞങ്ങളെ ആരെയെങ്കിലും ഓടിക്കും. വിളിച്ചാല്‍ കേള്‍ക്കാത്തതുകൊണ്ട് പൊട്ടന്‍റെ മുന്‍പില്‍ ചെന്നുനില്‍ക്കണം. അല്ലെങ്കില്‍ തൊട്ടുവിളിക്കണം.
പിന്നത്തെ കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്. അമ്മയും പൊട്ടനും തമ്മില്‍ നടക്കുന്ന ദീര്‍ഘമായ സംഭാഷണം. സംസാരിക്കാന്‍ അമ്മയ്ക്ക് വാക്കുകളുടെ ആവശ്യമില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ അമ്മയ്ക്ക് എല്ലാവരുടെയും ഭാഷ അറിയാമായിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പൂക്കളുടെയും മരങ്ങളുടെയും ചെടികളുടെയും പൂച്ചയുടെയും പട്ടിയുടെയും കിളികളുടെയും കുഞ്ഞുങ്ങളുടെയുമൊക്കെ ഭാഷ! എത്ര അനായാസമായാണ് അമ്മ അവയോടെല്ലാം സംസാരിച്ചിരുന്നത്. ആശങ്കകളോ, അര്‍ഥശങ്കകളോ ഇല്ലാതെ, വരുന്ന തീയതിയും സമയവും ഒക്കെ ഉറപ്പിച്ച് പൊട്ടന്‍ നടന്നു നീങ്ങും.

മിക്കവാറും പറഞ്ഞ ദിവസം തന്നെ, അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം അയാള്‍ വരും. വെറ്റിലപ്പൊതിയും കയറും തളപ്പുമൊക്കെയായി, തേങ്ങയിടുന്നത് കാണാനുള്ള കൗതുകം കൊണ്ട് ഞാനും പലപ്പോഴും അമ്മയുടെ പിറകേ കൂടും. ഞങ്ങള്‍ മൂന്നാളും തെങ്ങിന്‍ചുവട്ടില്‍ നിന്ന് തെങ്ങിന്‍ചുവട്ടിലേക്ക് നടപ്പാണ് പിന്നെ. ഏതൊക്കെ തെങ്ങില്‍ കയറണം, എത്ര തേങ്ങ കാണും എന്ന ഏകദേശ കണക്കെടുപ്പുകള്‍ക്കൊടുവില്‍ പൊട്ടന്‍ വിസ്തരിച്ച് ഒന്നു മുറുക്കും. അതു കാണാന്‍ തന്നെ ഒരു ശേലാണ്. മുറുക്കിത്തുപ്പി, തളപ്പൊക്കെ ഇട്ട് ആദ്യത്തെ തെങ്ങിലേക്ക്. ആ മെല്ലിച്ച ശരീരം, മാനം നോക്കി നില്‍ക്കുന്ന തെങ്ങിന്‍റെ തുഞ്ചത്തേക്ക് കയറിപ്പോകുന്നത് ഞാന്‍ പലപ്പോഴും ശ്വാസമടക്കിയാണ് നോക്കി കണ്ടിരുന്നത്.
ഇനിയാണ് രസം. നമ്മുടെ കണ്‍മുന്‍പില്‍ തേങ്ങകള്‍ ഓരോന്നായി താഴേക്ക് വീഴും. എത്ര നോക്കി നിന്നാലും രണ്ടു തേങ്ങകള്‍ എല്ലാ പ്രാവശ്യവും ഞങ്ങളുടെ കാഴ്ചയ്ക്കപ്പുറം പൊട്ടനു മാത്രമറിയാവുന്ന ഏതോ പൊന്തക്കാട്ടില്‍ പതിയിരിക്കും. അങ്ങനെ വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത എന്നിലെ കുറ്റാന്വേഷി ആ രണ്ടു തേങ്ങകളെ പരതി ഇറങ്ങും. നീണ്ട തെരച്ചിലിനൊടുവില്‍ ആ തേങ്ങകളെ കണ്ടെടുത്ത് വിജയശ്രീലാളിതയായി ഞാനാ തേങ്ങകളെയും ആ സാധു മനുഷ്യനെയും നോക്കി ചിരിക്കും. എന്‍റെ മഹത്തായ നേട്ടത്തില്‍ അമ്മയെന്നെ അഭിനന്ദിച്ചിരുന്നതായി എനിക്ക് ഓര്‍മ്മയില്ല. പക്ഷേ, അയാള്‍ എപ്പോഴും വെറ്റിലക്കറയുള്ള പല്ലുകള്‍ കാട്ടി എന്നെ നോക്കി ചിരിച്ചു.
അങ്ങനെ അവസാനം ആ സാധുമനുഷ്യന്‍ എല്ലാ തേങ്ങയും ചുമന്നുകൊണ്ട് മുറ്റത്തിടും. അപ്പോഴാവും എന്‍റെ കണ്ണ് മുറ്റത്തെ മാവിന്‍കൊമ്പിലോ, പറമ്പിലെ വരിക്കച്ചക്കയിലോ ഒക്കെ ഉടക്കുന്നത്. ഞാനമ്മയോട് കാര്യം പറയും. അമ്മ പൊട്ടനോട് ചോദിക്കും. പലപ്പോഴും അയാള്‍ മടിയൊന്നും കൂടാതെ ഞാന്‍ വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് നടക്കും. ചൊട്ടനുറുമ്പുകള്‍ ആര്‍ത്തുല്ലസിക്കുന്ന മാവില്‍ കയറി മാങ്ങയുമായി ആ പാവം തിരിച്ചു വരുമ്പോള്‍ ദേഹം നിറയെ ഉറുമ്പുകള്‍ പൊതിഞ്ഞിരിക്കും. ആ മനുഷ്യന്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മാമ്പഴം എന്‍റെ നേര്‍ക്ക് നീട്ടുമ്പോള്‍, ചുനയൊലിച്ച് പൊള്ളുന്നത് എന്‍റെ മനസ്സാണ്.
ഉറുമ്പുകളേയൊക്കെ കുടഞ്ഞ്, കൂലി എണ്ണി വാങ്ങി അയാള്‍ പോകാനൊരുങ്ങുമ്പോള്‍ അമ്മ രണ്ടോ മൂന്നോ തേങ്ങകള്‍കൂടി അയാള്‍ക്ക് കൊടുക്കും. വീണ്ടും വെറ്റിലക്കറയുള്ള അതേ ചിരി! തേങ്ങ പിരിച്ച് തോളിലിട്ട് അയാള്‍ നടന്നു പോകുന്നത് കാഴ്ച മറയുവോളം ഞാന്‍ നോക്കിനില്‍ക്കും.
(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)


