LITERATURE

(സാമൂഹ്യപാഠം) എത്ര ആമ്പോലിച്ചാലും ഏട്ടിലെ പശു പുല്ലു തിന്നില്ല

Blog Image

എന്നും ഉണരുന്നത്  സ്ഥാനാര്‍ത്ഥികളുടെ മഹത്വവും ജനസമ്മതിയും വിളിച്ചോതുന്ന സ്വയംസ്തുതിയുടെ സുപ്രഭാതം കേട്ടാണ്. കണ്ണും കരളും കവര്‍ന്ന നമ്മുടെ സ്വന്തം ജനനായകന്‍, പ്രിയങ്കരന്‍, ജനപക്ഷത്ത് നില്‍ക്കുന്നവർ ,സൂര്യന്‍ ,ഉദയസൂര്യന്‍, സാരഥി, ചങ്ക്, കരളിന്റെ കരള്‍, വികസനനായകന്‍, മതേതരന്‍ എന്ന് വേണ്ട ഒരു അങ്ങാടിയില്‍ കിട്ടാവുന്ന എല്ലാമരുന്നും ചേര്‍ത്തുള്ള അരിഷ്ടമായും കഷായമായും ലേഹ്യമായും കായകല്‍പ്പമായും ഒക്കെ ഉച്ചഭാഷിണികളിലൂടെ ഓരോ സ്ഥാനാര്‍ത്ഥിയുടെയും മഹത്വം ഒഴുകിക്കൊണ്ടിരുന്നു.  സന്തോഷം. നാട് നന്നായിരിക്കുന്നു.മഹത്വമുള്ളവരാല്‍ നിറയപ്പെട്ടിരിക്കുന്നു. ദൈവമേ, ഇനി ഞങ്ങള്‍ക്ക് അവിടുത്തെവക രക്ഷകനേയും അവതാരങ്ങളേയും ആവശ്യമില്ലല്ലോ... എന്തെന്നാല്‍ നിനക്കിനി ഇവിടെ റോളില്ല. പാപികളും കഷ്ടപ്പെടുന്നവരും ഇല്ല . നിന്റെ കല്പനകളും സുവിശേഷങ്ങളും നിന്റെ വക  പ്രവാചകന്മാരേയും വേണ്ട. ദേ ഈ ജനനാകന്മാരെല്ലാം ലോകത്തെ നന്മയാൽ പൂര്‍ത്തികരിച്ചിരിക്കുന്നു. വിണ്ണിലേക്കുനോക്കി ഇത്രയും  പ്രാര്‍ത്ഥിച്ചത് ഭാര്യ കേട്ടുവെന്ന് തോന്നു ചായ, വിളിക്കാതെ തന്നെ അവര്‍ കൊണ്ടുവച്ചു.
 മഹിമത്തുക്കളായ മഹാരഥന്മാരുടെ അവതാനങ്ങള്‍ കേട്ടുകൊണ്ട് ഉണരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നും നല്ല കാര്യമാണ്. അതുകൊണ്ട് അവയെ കുറേക്കൂടി ശ്രദ്ധിക്കാം എന്ന് വിചാരിച്ചു. ആദ്യം വന്നത് ജനനായകനും ജനപക്ഷനായകനും കണ്ണിലുണ്ണിയും തോളോട് നല്‍കുന്നവന്‍ സാധാരണക്കാരില്‍ സാധാരണക്കാരനുമായ സ്ഥാനാര്‍ത്ഥിയുടെ വാഴ്ത്തലാണ്. ആ സുപ്രഭാതം കേട്ട് ചായ കുടിച്ചു കൊണ്ടിരുന്നു. അപ്പോള്‍ അതുതീരുന്നതിനു മുമ്പ് രണ്ടാമത്തെ വന്നു. അദ്ദേഹം ഉദയസൂര്യന്‍ ആണ്. അദ്ദേഹവും വികസനമാണ് പറയുന്നത്. ജനങ്ങളുടെ കണ്ണിലുണ്ണിയാണ്.  കണ്ണും കരളും കവര്‍ന്ന സ്ഥാനാര്‍ത്ഥിയാണ്. അടുത്തത് വന്നത് ലോകത്തിനുതന്നെ വലിയഉപകാരം ചെയ്യുവാന്‍പോകുന്ന, ലോകത്തിലേക്ക് കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പടവുമാണ്. അദ്ദേഹം സ്വന്തം മണ്ഡലം എന്നല്ല ഇന്ത്യയും ഒട്ടാകെ അപ്പുറം എല്ലാരാജ്യങ്ങളെയും ഉദ്ധരിക്കും.  എല്ലാവരും ഒരുകാര്യത്തില്‍ സോഷ്യലിസ്റ്റുകള്‍ ആണ് മനോഹരമായ ചിരിയുടെ കാര്യത്തില്‍. അത് എല്ലാവര്‍ക്കും ഉണ്ട്. ഇല്ലാത്തവനും ഉള്ളവനും എല്ലാം അത് സ്വീകരിക്കാം. ബി പി എൽ , എ പി എൽ മുന്‍ഗണനാഭേദമില്ല. ചെറുപ്പം, യുവാവ് എന്നുവിശേഷിപ്പിക്കുന്ന എല്ലാവർക്കും വയസ്സ് 60 കഴിഞ്ഞിട്ടുണ്ടെങ്കിലും  ചെറുപ്പമാണ്. 
 ഓരോകവലയിലും നിന്ന് സ്ഥാനാര്‍ത്ഥിയെ പുകഴ്ത്തി പ്രഭാഷണങ്ങളും പ്രകീര്‍ത്തനങ്ങളും അനൗണ്‍സ്‌മെന്റ് ഒക്കെ നടത്തി, അവസാനം ഇപ്പറഞ്ഞതെല്ലാം വെടിയാണ് എന്ന് പറയാതെതന്നെ പറയിപ്പിച്ച് വെടിക്കെട്ട് നടത്തി അടുത്തസ്ഥലത്തേക്ക് മറയുകയും ചെയ്യുന്നു. കേള്‍ക്കാന്‍ ആരുമില്ലെങ്കിലും നവദ്വാരങ്ങളിലൂടെയും ഇടിച്ചുകയറാവുന്ന ശബ്ദമുള്ള ഉച്ചഭാഷിണികള്‍കൊണ്ട് ജനത്തെ അവര്‍ പ്രസാദിപ്പിച്ചുക്കൊണ്ടിരുന്നു. 
എല്ലാസ്ഥാനാര്‍ത്ഥികളും അവരുടെ മഹത്വവും യൗവനവും വികസന ലക്ഷ്യങ്ങളും ജനകീയതയും ജനങ്ങളില്‍ ഒരാളായിതീര്‍ന്നുനിന്നുകൊണ്ട് തന്റെ കാരുണ്യത്തെക്കുറിച്ച് ഒക്കെ വാനോളം പറഞ്ഞിട്ടുണ്ട്. ഒക്കെ കേട്ട് കഴിഞ്ഞാല്‍ ഓരോരുത്തരും ബാലറ്റ് കിട്ടുന്നതിനുമുമ്പുതന്നെ ചുവരിലോ കാണുന്ന ഭിത്തിയിലോ തന്റെ വോട്ട് കുത്തി കളയും എന്നു തോന്നിപ്പോയി. എന്നാല്‍ എല്ലാം കഴിഞ്ഞപ്പോള്‍ പട്ടം താഴെ വന്നു. കണ്ണും കാതും കരളും ഒക്കെ കവര്‍ന്ന ഈ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണം, വിജയതിലകം അണിക്കണം എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അത് കേട്ടപ്പോള്‍ പ്രയാസം തോന്നി. കാരണം എങ്ങനെയെങ്കിലും ജയിപ്പിക്കാം. പോരെല്ലോ,  വിജയത്തിലേക്ക് ആനയിക്കുകയും വിജയതിലകം അണിയ്ക്കുകയും വേണം. സാദ്ധ്യമല്ല. ഒരുദിവസത്തെ പണി കളഞ്ഞ് വെയിലുകൊണ്ട്, ക്യൂനിന്ന് വിജയിപ്പിക്കുകയും വിജയസോപാനത്തിലേക്ക് ആനയിക്കുകയും വിജയതിലകം അണിയിക്കുകയുംകൂടി വയ്യാ... നേരമില്ലെന്നേ.. വണ്ടി മിസ്സാകും!  കണ്ണും കരളും കവര്‍ന്ന ഈ ജനനായകന്മാരെ നിങ്ങളുടെ വിലയേറിയ സമ്മതിദാന അവകാശം രേഖപ്പെടുത്തി അവരെ വിജയിപ്പിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നതു കേള്‍ക്കുമ്പോള്‍ ഒരു സംശയം. കാരണം കണ്ണും കരളും കക്കുന്നവന്‍ ഒരു അഭ്യര്‍ത്ഥനയില്ലാതെ ആളുകള്‍ക്ക് വോട്ടു ചെയ്യില്ലേ? സ്‌നേഹത്തിന്റെ ഭാഷയില്‍ ജനാധിപത്യത്തിന്റെ ഭാഷയില്‍ വിജയിപ്പിക്കണം വിജയതിലകം അണിയിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു എന്ന് പറയുന്നതിന്റെ അര്‍ത്ഥം ഇപ്പറഞ്ഞതൊന്നും ജനം വിശ്വസിച്ചിട്ടില്ല എന്ന അറിവാകാം. അതുകൊണ്ട് അവസാനത്തെ ഐറ്റം കാലുപിടിയാണ്.കാര്യം കാണാന്‍ ചൊറിയന്‍ പുഴുവിനും ഉമ്മ കൊടുക്കാം.

സാമൂഹികപാഠം 
എത്ര ആമ്പോലിച്ചാലും ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന് മണ്ടയൊള്ളോന് അറിയാം

അനിൽ പെണ്ണുക്കര 

വര:ഋഷി ശങ്കർ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.