PRAVASI

പ്രാർത്ഥന പി. നമ്പ്യാരുടെ ഭരതനാട്യ അരങ്ങേറ്റം ഡാലസിൽ നടന്നു

Blog Image

ഡാലസ്:     കലയും അക്കാദമിക മികവും നേതൃത്വപാടവവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് മുന്നേറുന്ന പ്രാർത്ഥന പി. നമ്പ്യാരുടെ ഭരതനാട്യ അരങ്ങേറ്റം 2026 ജൂലൈ 26-ന് ഡാലസിലെ ലൂയിസ്‍വിൽ ഗ്രാൻഡ് തീയേറ്ററിൽ ശ്രദ്ധേയമായി നടന്നു.

എട്ടാം വയസ്സിൽ ഭരതനാട്യ പഠനം ആരംഭിച്ച പ്രാർത്ഥന കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഗുരു ശ്രീമതി മിനി ശ്യാമിന്റെ കീഴിൽ ശ്രീ സ്കൂൾ ഓഫ് ഡാൻസിൽ പരിശീലനം നേടിയുവരികയാണ്. ഗുരുവിന്റെ ശിക്ഷണത്തിലും മാർഗനിർദേശത്തിലും കലാപരമായ മികവ് കൈവരിച്ച പ്രാർത്ഥനയ്ക്ക് ഡാലസ് മേഖലയിലെ വിവിധ സാംസ്കാരിക വേദികളിലും ക്ഷേത്രങ്ങളിലും നിരവധി തവണ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഡാലസ് ഗുരുവായൂർ ക്ഷേത്രം, ഡാലസ് ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലെ അവതരണങ്ങൾ ശ്രദ്ധേയമായിരുന്നു. കൂടാതെ, കേരളത്തിലെ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും ഭരതനാട്യം അവതരിപ്പിക്കാനുള്ള ഭാഗ്യവും പ്രാർത്ഥനയ്ക്ക് ലഭിച്ചു.

അരങ്ങേറ്റത്തിൽ അവതരിപ്പിച്ച വിവിധ ഇനങ്ങൾ ഭാവാഭിനയത്തിലും താളലയബോധത്തിലും സാങ്കേതിക മികവിലും ശ്രദ്ധേയമായി. ആത്മവിശ്വാസത്തോടെയും പക്വതയോടെയും അവതരിപ്പിച്ച പ്രകടനം കലാസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങി.

അക്കാദമിക രംഗത്തും മികവ് തെളിയിച്ച പ്രാർത്ഥന ലോൺ സ്റ്റാർ ഹൈസ്കൂളിൽ നിന്ന് മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കി. ഉന്നതപഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ (UT Austin) ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പ്രവേശനം നേടി.

സാമൂഹിക സേവന-നേതൃത്വ രംഗങ്ങളിലും സജീവ സാന്നിധ്യമായ പ്രാർത്ഥന Malayalee Engineers Association of North Texas (MEANT)-ന്റെ യൂത്ത് ചെയറായി പ്രവർത്തിച്ചിട്ടുണ്ട്. സഹോദരന്റെ FIRST LEGO League ടീമിന്റെ പരിശീലകയായി സേവനമനുഷ്ഠിച്ച പ്രാർത്ഥനയ്ക്ക് മികച്ച പരിശീലകയ്ക്കുള്ള Best Coach Award ലഭിക്കുകയും ചെയ്തു. സ്കൂൾ ടെന്നീസ് ടീമിന്റെ ക്യാപ്റ്റനായും മികച്ച നേതൃത്വപാടവം പ്രകടിപ്പിച്ചിട്ടുണ്ട്.

കായിക-സാഹസിക രംഗങ്ങളിലും പ്രാർത്ഥന ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ലോകപ്രശസ്തമായ Grand Canyon Rim-to-Rim ഹൈക്ക് വിജയകരമായി പൂർത്തിയാക്കിയതോടൊപ്പം, Irving Marathon-ൽ തന്റെ പ്രായവിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. കായികക്ഷമതയും ആത്മവിശ്വാസവും അർപ്പണബോധവും പ്രതിഫലിപ്പിക്കുന്ന ഈ നേട്ടങ്ങളും പ്രാർത്ഥനയുടെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടാണ്.

ഗുരു ശ്രീമതി മിനി ശ്യാം ശിഷ്യർക്ക് വേദി പരിചയം ലഭിക്കുവാൻ നൽകിവരുന്ന അനേകം അവസരങ്ങൾ പ്രാർത്ഥനയുടെ കലാപരമായ വളർച്ചയ്ക്ക് വലിയ കരുത്തായി. ഗുരുവിന്റെ ശിക്ഷണവും കുടുംബത്തിന്റെ പിന്തുണയും ചേർന്നാണ് ഈ നേട്ടങ്ങൾക്ക് അടിത്തറയായത്.

പ്രശാന്ത് പി. നമ്പ്യാർ–മഞ്ജിമ പ്രശാന്ത് ദമ്പതികളുടെ മകളാണ് പ്രാർത്ഥന. സഹോദരൻ ഗോപാൽ പി. നമ്പ്യാർ. പിതൃമുത്തശ്ശൻമാരായ ഗോപാല കുറുപ്പ്, ലീല ജി. കുറുപ്പ് (പാലയുള്ള പറമ്പത്ത്, വടകര ദേശം), മാതൃമുത്തശ്ശൻമാരായ നാരായണ കുറുപ്പ്, വസന്ത് വി. പി. (മച്ചുള്ളത്തിൽ) എന്നിവരുടെ കൊച്ചുമകളാണ്.

അരങ്ങേറ്റച്ചടങ്ങിൽ അമേരിക്കയിലെ വിവിധ സാംസ്കാരിക, സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ, കലാസ്വാദകർ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്ത് പ്രാർത്ഥനയ്ക്ക് ആശംസകൾ നേർന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.