നീ പകലും ഞാൻ രാത്രിയുമായ രണ്ടു കരകളിൽ ആകവേ പകലും ഇരവും ചേരുന്ന നമ്മുടെ സന്ധ്യകൾ നമുക്കില്ലാതെ പോകുമോ ?
ആകാശങ്ങൾക്കും കടലുകൾക്കും
അപ്പുറത്തെ ഏതോ ഒരു കരയിലെ നിന്നെ,
അവിടെ വന്ന് കാണുവാൻ
കഴിഞ്ഞിരുന്നെങ്കിൽ .....
കള്ളിമുൾച്ചെടികളിൽ പോലും,
നിശബ്ദമായ സ്നേഹത്തിന്റെ
സുഗന്ധം പരത്തുന്ന
റോസ് നിറത്തിലെ
പനീർപ്പൂക്കൾ വിരിയുന്ന രാജ്യത്ത് ,
ആകാശത്തിലെ നക്ഷത്രങ്ങൾ
മരച്ചില്ലകളിൽ തൂങ്ങിയാടുന്ന,
ജീവിതഭയങ്ങളെ ചുമപ്പ് കലർന്ന
തവിട്ടു നിറത്തിലെ മഷിയിൽ എഴുതിയ
കവിതകളാക്കി രാസമാറ്റം നടത്തുന്ന മണ്ണിൽ ...
പുലർകാലങ്ങളിൽ പിരിഞ്ഞുപോകാതെ,
സ്വപ്‌നങ്ങൾ നമ്മെ പുണരുന്ന നാട്ടിൽ ,
ആ പരദേശത്തെ , കുറച്ചു സന്ധ്യകളിൽ
എങ്കിലും സൂര്യാസ്തമനങ്ങളും ചന്ദ്രോദയങ്ങളും
എനിക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
പുലർകാലങ്ങളിൽ ഉണർവോടെ പ്രഭാത
സവാരിയ്ക്ക് ഇറങ്ങുമ്പോൾ
നമ്മൾ കൈകൾ കോർത്ത് പിടിക്കുമോ ?
കടലിലേക്ക് തുറക്കുന്ന ജനാലകൾ ഉള്ള
മുറിയിൽ എന്റെ പ്രീയപ്പെട്ട പുസ്തകങ്ങൾ
നിറച്ച വായനാമുറി നീയെനിക്ക് വേണ്ടി
ഒരുക്കിയിരിക്കുമോ ?
രാത്രികളിൽ ഞാൻ നിന്നെ
എന്റെ പ്രിയപ്പെട്ട ഉടയാടയാക്കുമോ ?
ഇരുട്ടിൽ തിളങ്ങിപ്പറക്കുന്ന
മിഞ്ഞാമിനുങ്ങുകൾക്കൊപ്പം
നമ്മൾ നൃത്തം ചെയ്യുമോ ?
നീയെന്റെ മുറിവുകളേയും
എന്റെ ഭയങ്ങളെയും
എന്റെ ആകുലതകളെയും
നോക്കിക്കാണുമോ?
നിന്റെ മുറിവുകൾക്കും
ഭയങ്ങൾക്കും, ആകുലതകൾക്കും
അവയെ മനസ്സിലാകുമോ ?
നനുത്ത ശരീരത്തിനും അതീതമായി
നീയെന്റെ ആത്മാവിൽ സ്പർശിക്കുമോ ?
ആഹ്ലാദം വിളയുന്ന പഴ തോട്ടങ്ങളും
പൂമ്പാറ്റകൾ പൂക്കുന്ന പൂന്തോട്ടങ്ങളും
ഒരുമിച്ചു കൃഷി ചെയ്യാനുള്ള
ഒരുപിടി സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയത് കൊണ്ട്
ഞാൻ പറഞ്ഞാലും പോകാതെ,
നീ എനിക്കായ് കാത്തു നിൽക്കുമോ ?
തമ്മിൽ ആഴത്തിലറിയാൻ മാത്രം
നമ്മൾ പരസ്പരം കലഹിക്കുമോ?
തമ്മിൽ ആഴത്തിലറിയാൻ മാത്രം
നമ്മൾ പരസ്പരം കരയുമോ?
തമ്മിൽ ആഴത്തിലറിയാൻ മാത്രം
നമ്മൾ പരസ്പരം പ്രണയിക്കുമോ?
ആരോ നമുക്കായി നമ്മുടെ പ്രിയ
ഗാനങ്ങൾ ഓരോന്നായ് പാടികേൾപ്പിക്കുമോ ?
ഏറ്റവും ഒടുവിലെ ആ പാട്ട് വരേ നമ്മൾ
നൃത്തച്ചുവടുകൾ തുടരുമോ ?
പതിയെ പതിയെ ഇഴഞ്ഞു നീങ്ങി,
ശാന്തമായി, എന്നാൽ വഴിമാറി ഒഴുകുന്ന
ഒരു പുതിയ നദിയെപ്പോലെ ,
സമയം നമ്മെകീറിമുറിച്ചു
നമ്മുടെ തെരുവുകളിലേക്ക്
വ്യാപാരിക്കുമോ ?
രാത്രികളിൽ പൂർണ്ണ ചന്ദ്രൻ
തന്നിലേക്ക് കുതിച്ചുചാടുന്ന
ആഴിത്തിരകളോടൊപ്പം
നൃത്തം ചെയ്യുമോ ?
സൂര്യൻ പുലരിയെ ചുംബിക്കാൻ
സമയം കാത്തു നിൽക്കുമോ ?
അങ്ങനെ മുന്തിരി വീഞ്ഞിന്റെ നിറമുള്ള
രാവിനെ പതിയെ പതിയെ മുഴുവനായി
നുകരുവാൻ നമുക്ക് കിട്ടുന്ന
നിമിഷങ്ങളുടെ ദൈർഘ്യം കൂടുമോ ?
സൗകര്യങ്ങളുടെയും സൗന്ദര്യത്തിന്റെയും
അളവുകോലുകൾ ഇല്ലാതെ
അവിടെ നീയെന്നെ കാത്തിരിക്കുമോ ?
നീ പകലും ഞാൻ രാത്രിയുമായ
രണ്ടു കരകളിൽ ആകവേ
പകലും ഇരവും ചേരുന്ന
നമ്മുടെ സന്ധ്യകൾ
നമുക്കില്ലാതെ പോകുമോ ?
നിഷ ജൂഡ് ,ന്യൂയോർക്ക്