PRAVASI

പൃഥ്വിരാജ് :സിനിമയെ പരിവർത്തനം ചെയ്യുമ്പോൾ

Blog Image

പൃഥ്വിരാജിനോളം വിജയം ആഗ്രഹിക്കുന്ന മറ്റൊരു നടനോ സംവിധായകനോ മലയാള സിനിമയിൽ ഉണ്ടോയെന്നു സംശയമാണ്. മറ്റെല്ലാവരും വിജയം ആഗ്രഹിക്കുന്നവരാണ്, എന്നാലും ഏതൊക്കെയോ അതിരുകളിൽ അവർ തട്ടിത്തടഞ്ഞു നിൽക്കുന്നുണ്ട്. അടുത്ത സ്കെയിലിലേക്ക് അവരുടെ ആഗ്രഹങ്ങളെയും അധ്വാനങ്ങളെയും കൊണ്ടുപോകാൻ ആത്മവിശ്വാസം ഇല്ലാതെ അറച്ചുനിൽക്കുന്നുണ്ട്. എന്നാൽ, ഇയാൾ അതിനെയെല്ലാം അതിലംഘിക്കുന്നു.

സ്വന്തമായി ഒരു വൻവിജയം ഓർക്കസ്ട്രേറ്റ് ചെയ്തെടുക്കാനും അതിനു പിന്നിൽ മറ്റുള്ളവരെ ആത്മവിശ്വാസത്തോടെ അണിനിരത്താനും അയാളുടെ സ്വപ്നങ്ങൾക്കു കഴിയുന്നു. ഒരുപക്ഷെ, ഇതെല്ലാം ആരംഭിക്കുന്നത് അങ്ങനെയൊരാളുടെ ഉള്ളിൽ ഉടലെടുക്കുന്ന ഒരു സ്വപ്നത്തിൽ നിന്നാണ്, അതിനുവേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹത്തിൽ നിന്നാണ്, മറ്റെല്ലാ തിരക്കുകൾക്കിടയിലും അതിനുവേണ്ടി അയാൾ ഉണർന്നിരിക്കുന്നതു കൊണ്ടാണ്. എല്ലാവരും കിട്ടിയതു എങ്ങനെയെങ്കിലും നിലനിർത്താനായി പാടുപെടുമ്പോൾ അതിലെങ്ങും തൃപ്തനാവാതെ അയാൾ തന്റെ സ്വപ്നങ്ങൾക്കു പിന്നാലെ ഉണർന്നിരിക്കുന്നു.

കലയും കച്ചവടവും ഒരു ടെറിഫിക് കോമ്പിനേഷനാണ്. അതിന്റെ രണ്ടിന്റെയും ജനിതകകണങ്ങൾ ഒത്തിണങ്ങിയ വലിയ സിനിമകൾ മലയാളത്തിന്റെ തീയറ്ററുകളിൽ കണ്ടു നമ്മൾ കണ്ണുമിഴിച്ചിട്ടുണ്ട്. ബാഹുബലിയും കെജിഎഫും പുഷ്പയും സലാറും കണ്ടു കണ്ണുചിമ്മുമ്പോൾ ഇങ്ങനെയൊരു സിനിമ എന്നാണ് നമ്മുടെ കൊച്ചുമലയാളത്തിൽ എന്നുനമ്മൾ നെടുവീർപ്പിട്ടുണ്ട്. ആ നെടുവീർപ്പിനെയാണ്, ആ നിരാശയെയാണ്, പൃഥ്വിരാജ് തോളിലേറ്റുന്നത്. സിനിമ ആത്യന്തികമായി സ്വപ്നങ്ങളുടെ വാണിഭമാണ്.


സിനിമയെ കുറിച്ചുള്ള പൃഥ്വിരാജിന്റെ ഇന്റർവ്യൂകളിൽ, പോസ്റ്റുകളിൽ, അയാൾ ഉപയോഗിക്കുന്ന വാക്കുകളിൽ, എങ്ങനെയാണ് സിനിമയെ സമീപിക്കുന്നത് എന്നതിന്റെ കൃത്യമായ സൂചനകൾ ഉണ്ട്. ഇന്നുവരെ ഒരുപക്ഷെ മലയാള സിനിമ നിർമിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രൊഫെഷണൽ കോർപറേറ്റ് സമീപനം അതിൽ ഉണ്ട്. ഡെലിവർ, റിസൾട്ട്, പിച്ചിങ്, ചെക്ക്ലിസ്റ്റ് - ഒരു കോർപറേറ്റ് സ്ഥാപനത്തിന്റെ പ്രവർത്തനരേഖകളിൽ മാത്രം ഒരുപക്ഷെ കാണാൻ കഴിയുന്ന സമീപനത്തിലേക്കു അയാൾ സിനിമയെ പരിവർത്തനം ചെയ്യുന്നുണ്ട്. വിജയങ്ങൾ യാദൃച്ഛികമല്ലെന്നും അതിനെ എങ്ങനെയാണ് പ്ലാൻ ചെയ്തു നടപ്പിലാക്കേണ്ടത് എന്നും മലയാള സിനിമക്ക് കാണിച്ചുകൊടുക്കുന്ന പണികൂടിയാണ് അയാൾ എടുക്കുന്നത്.
ഒരാൾ അയാളുടെ സ്വപ്നങ്ങളിലൂടെ സഞ്ചരിച്ചു എങ്ങനെയാണ് ഒരു ഇൻഡസ്ട്രിയെ അടുത്ത ലെവലിലേക്കു നയിക്കുന്നത് എന്നതിന്റെ കാർണിവൽ കാഴ്ചകൂടിയാണ് എമ്പുരാൻ.

 ഷിബു ഗോപാലകൃഷ്ണൻ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.