സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. പരാതി പഠിക്കാൻ ഗതാഗത വകുപ്പാണ് പ്രത്യേക സമിതിയെ നിയോഗിക്കുന്നത്. ഗതാഗത മന്ത്രി സി.പി. ജോൺ മുഖ്യമന്ത്രിയുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമിതിയെ വെക്കാൻ തീരുമാനമായത്. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ വലിയ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടെന്നും, അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തുടനീളം അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ജൂൺ 29-ന് വയനാട് ജില്ലയിൽ സ്വകാര്യ ബസുകൾ പണിമുടക്കി പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് ഈ ദ്രുതഗതിയിലുള്ള സർക്കാർ നീക്കം.
സ്വകാര്യ ബസ് മേഖലയെ പൂർണ്ണ തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ ടിക്കറ്റ് ഇതര വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിലേത് പോലെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം സ്വകാര്യ ബസുകൾക്കും ലഭ്യമാക്കാൻ സർക്കാർ അനുമതി നൽകും. കൂടാതെ, നിരന്തരമായ ഇന്ധനവില വർദ്ധനവ് കണക്കിലെടുത്ത് നിലവിലുള്ള സ്വകാര്യ ബസുകളെ സി.എൻ.ജി ഇന്ധനത്തിലേക്ക് മാറ്റുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. പദ്ധതി നിലനിർത്തിക്കൊണ്ടുതന്നെ സ്വകാര്യ ബസുകളുടെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

