PRAVASI

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ അന്തരിച്ചു

Blog Image

കോട്ടയം:ഉഴവൂർ സെന്‍റ് സ്റ്റീഫന്‍സ് കോളേജ് മുൻ പ്രിൻസിപ്പലും ,കേരളാ എക്സ്പ്രസ്സ് കൺസൽട്ടൻറ് എഡിറ്ററും ,എഴുത്തുകാരനും,സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ (68 )അന്തരിച്ചു .ബി സി എം കോളേജ് റിട്ട.അധ്യാപിക പ്രൊഫ .വത്സ പൂഴിക്കുന്നേലാണ് ഭാര്യ .മക്കൾ:ഡോ.ആതിര (ദുബായ് ),അനഘ (അമേരിക്ക).
മരുമക്കൾ :അജയ് വാലേൽ ,ജെയ്‌സ് കിഴക്കടശ്ശേരിൽ. 

കോട്ടയം ജില്ലയിലെ തെള്ളകത്ത്, പൂഴിക്കുന്നേല്‍ തോമസിന്‍റെയും ഏലിയാമ്മയുടെയും മകനായി 1958 ഡിസംബര്‍ 9-ന് ജനനം. തെള്ളകം സെന്‍റ് മേരീസ്, പാറമ്പുഴ ഹോളി ഫാമിലി, കോട്ടയം എസ്.എച്ച്. മൗണ്ട് എന്നീ സ്കൂളുകളില്‍ പഠനം. മാന്നാനം കെ.ഇ. കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ്, സ്കൂള്‍ ഓഫ് ലെറ്റേഴ്സ് എം.ജി. യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഉപരിപഠനം.
1981 മുതല്‍ ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ മലയാളം അധ്യാപകന്‍, മലയാളവിഭാഗം മേധാവി, തുടര്‍ന്ന് പ്രിന്‍സിപ്പല്‍, കോട്ടയം ബി.സി.എം. കോളജ് മലയാള വിഭാഗം മേധാവി എന്നീ നിലകളില്‍ 34 വര്‍ഷത്തെ അധ്യാപന ജീവിതം. 2016 മുതല്‍ കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തില്‍ (വടവാതൂര്‍ മേജര്‍ സെമിനാരി) വിസിറ്റിംഗ് പ്രൊഫസറായിരുന്നു .
കോട്ടയം അതിരൂപത പി.ആര്‍.ഒ., ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സെക്രട്ടറി, കെ.സി.വൈ.എല്‍. ഡയറക്ടര്‍, എം.ജി. യൂണിവേഴ്സിറ്റി മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 35 വര്‍ഷം അപ്നാദേശ് പത്രാധിപസമിതി അംഗം. 18 വര്‍ഷം തുടര്‍ച്ചയായി എഡിറ്റോറിയല്‍ എഴുതി. 18 വര്‍ഷം കോട്ടയം അതിരൂപത പ്രീ-മാര്യേജ് കോഴ്സ് ഫാക്കല്‍റ്റി അംഗം.
1999-ല്‍ ദുബായ് ക്നാനായ കണ്‍വന്‍ഷനിലും ജര്‍മ്മനിയില്‍ നടന്ന യൂറോപ്യന്‍ ക്നാനായ കണ്‍വന്‍ഷനിലും അതിഥിയായിരുന്നു. 2002-ല്‍ ചിക്കാഗോ ഫൊക്കാനാ കണ്‍വന്‍ഷന്‍, ഒര്‍ലാന്‍റോ ക്നാനായ കണ്‍വന്‍ഷന്‍, 2003-ല്‍ റോമില്‍ നടന്ന ആഗോള ക്നാനായ കണ്‍വന്‍ഷന്‍, 2008-ലെ ചിക്കാഗോ പ്രസ് ക്ലബ് ഓഫ് ഇന്ത്യാ കോണ്‍ഫറന്‍സ്, ദുബായില്‍ നടന്ന യു.എ.ഇ. ഉഴവൂര്‍ കോളജ് പൂര്‍വവിദ്യാര്‍ത്ഥി സമ്മേളനം എന്നിവയില്‍ പ്രഭാഷകനായിരുന്നു. 2010-ല്‍ ബര്‍മിങ്ഹാമില്‍ നടന്ന ബ്രിട്ടീഷ് ക്നാനായ കണ്‍വന്‍ഷനിലും ടെക്സാസില്‍ നടന്ന അമേരിക്കന്‍ ക്നാനായ കണ്‍വന്‍ഷനിലും 2014-ല്‍ കാന്‍ബറയില്‍ നടന്ന ഓഷ്യാനാ കണ്‍വന്‍ഷനിലും 2015-ലെ യു.എ.ഇ ക്നാനായ കണ്‍വന്‍ഷനിലും പങ്കെടുത്തു. കൂടാതെ ഈജിപ്ത്, ഇസ്രായേല്‍, ജോര്‍ദ്ദാന്‍, ഫ്രാന്‍സ്, ഇറ്റലി, ബല്‍ജിയം, ഹോളണ്ട്, ഓസ്ട്രിയ, സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്‍ഡ്, ബാലി, മധ്യപൂര്‍വദേശങ്ങള്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.
2017-ല്‍ ഫാദര്‍ ജോസഫ് നെടുഞ്ചിറ സ്മാരക പുരസ്കാരം ലഭിച്ചു. 2019-ലെ മികച്ച ആത്മകഥയ്ക്കുള്ള 'മലയാളം യുകെ' എന്ന ബ്രിട്ടീഷ് മലയാളം ഓണ്‍ലൈന്‍ പത്രത്തിന്‍റെ പുരസ്കാരം 'സഫലം സൗഹൃദം സഞ്ചാരം' എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി കേരളാ എക്സ്പ്രസ് പത്രത്തിന്‍റെ കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ എന്ന നിലയിലും മറ്റു സര്‍ഗാത്മക സംഭാവനകളുടെയും അംഗീകാരമായി പ്രൊഫ. ബാബു പൂഴിക്കുന്നേലിന് 'അക്ഷരശ്രേഷ്ഠ'  പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട് .

.പൂഴിക്കുന്നേല്‍ കുടുംബചരിത്രം,    ക്നാനായക്കാരുടെ കല്യാണപ്പാട്ടുകള്‍,    വഴക്കവും പൊരുളും,സഫലം സൗഹൃദം സഞ്ചാരം,നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും,സ്വർണ്ണച്ചാമരം തുടങ്ങി അഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് .

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.