കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് സി.പി.എമ്മിന്റെ കോട്ടകളിൽ വിമത സ്ഥാനാർത്ഥികൾക്ക് മിന്നും വിജയം. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികളെ മലർത്തിയടിച്ചാണ് മുൻ നേതാക്കൾ നിയമസഭയിലേക്ക് കുതിക്കുന്നത്. സി.പി.എം സംഘടനാ സംവിധാനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രഹരമായാണ് ഈ അട്ടിമറികളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ സത്യസന്ധമായ നിലപാടെടുത്ത മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ വിജയം സി.പി.എം നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്. ആരോപണവിധേയനായ ടി.ഐ മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കിയ പാർട്ടി ധാർഷ്ട്യത്തിന് വോട്ടിലൂടെയാണ് പയ്യന്നൂരിലെ ജനങ്ങൾ മറുപടി നൽകിയത്. പാർട്ടി ഗ്രാമങ്ങളിൽ നിന്ന് മാത്രം 25,000-ത്തോളം വോട്ടുകൾ ചോർത്തിയാണ് കുഞ്ഞികൃഷ്ണൻ അട്ടിമറി നടത്തിയത്.
തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പി.കെ ശ്യാമളയ്ക്ക് സീറ്റ് നൽകിയതിനെതിരെ രംഗത്തുവന്ന മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ തളിപ്പറമ്പ് പിടിച്ചെടുത്തു. മരുമോനിസം എന്ന വിവാദത്തിന് പിന്നാലെ കുടുംബവാഴ്ചയ്ക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെയുണ്ടായ പൊട്ടിത്തെറിയുടെ ഫലമാണ് ഈ വിജയം. അമ്പലപ്പുഴയിൽ മുതിർന്ന നേതാവ് ജി. സുധാകരന്റെ വിജയം വെട്ടിനിരത്തൽ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ നൽകിയ താക്കീതായി മാറി. അഴിമതിക്കും വ്യക്തിതാൽപ്പര്യങ്ങൾക്കും അതീതമായി ജനകീയ നേതാക്കൾക്ക് പാർട്ടിക്ക് പുറത്തും സ്വീകാര്യതയുണ്ടെന്ന് സുധാകരൻ തെളിയിച്ചു. പിണറായി- ഗോവിന്ദൻ അച്ചുതണ്ടിന്റെ തന്ത്രങ്ങൾ പിഴച്ച തിരഞ്ഞെടുപ്പിൽ, വിമതരുടെ വിജയം സി.പി.എമ്മിനുള്ളിൽ വലിയ ആഭ്യന്തര കലഹങ്ങൾക്ക് വഴിതുറക്കും.

