PRAVASI

ജിജി ഫിലിപ്പിന് മുഖം സേവന ശ്രേഷ്ഠ പുരസ്കാരം ഋഷി രാജ് സിംഗ് സമ്മാനിച്ചു

Blog Image

കോട്ടയം: മുഖം ഗ്ലോബൽ മാഗസിൻ ഏർപ്പെടുത്തിയ 2024 - 2025 ലെ സേവന ശ്രേഷ്ഠ പുരസ്കാരം കറുകച്ചാൽ ട്രാവൻകൂർ ഫൗണ്ടേഷൻ ചെയർമാൻ ജിജി ഫിലിപ്പിന് റിട്ടയർഡ് ഡി.ജി.പി ഋഷിരാജ് സിംഗ് സമ്മാനിച്ചു. ആഗസ്റ്റ് 9 ഉച്ചയ്ക്ക് 2 മണിക്ക് കറുകച്ചാൽ ട്രാവൻകൂർ ഫൗണ്ടേഷനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. റിട്ടയർമെൻ്റ് റസിഡൻസുകൾ കേരളത്തിൻ്റെ ആവശ്യമാണെന്നും ട്രാവൻകൂർ ഫൗണ്ടേഷൻ അതിനൊരു മാതൃകയാണെന്നും ഋഷി രാജ് സിംഗ് പറഞ്ഞു. കേരളത്തിലെ കുട്ടികൾ വിദേശ രാജ്യങ്ങളിലേക്കും മെട്രോ നഗരങ്ങളിലേക്കും ചേക്കേറുമ്പോൾ പ്രായമായവർ ഒറ്റപ്പെടും . എല്ലാ സൗകര്യങ്ങളോടും കൂടി ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് നൽകിയാൽ ഇത്തരം റസിഡൻസുകൾ പല റിട്ടയർമെൻ്റ് വ്യക്തികൾക്കും ഏറെ ഗുണപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  വിവിധ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളെ കണ്ടെത്തി ആദരിക്കുന്ന മുഖം ഗ്ലോബൽ മാസിക കോവിഡ് കാലത്ത് ആഗോള തലത്തിൽ ആരംഭിച്ച സാംസ്കാരിക സാഹിത്യ മാസികയാണ്. കഴിഞ്ഞ രണ്ട് വർഷമായി മാധ്യമ രംഗത്തും , ജീവകാരുണ്യ രംഗത്തും പ്രവർത്തിക്കുന്ന പ്രവാസികൾക്ക് പുരസ്കാരം നൽകിയിരുന്നു. ഈ വർഷം മുതൽ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും പുരസ്കാരം നൽകുവാൻ തീരുമാനിച്ചതിൻ്റെ ഭാഗമായാണ് ട്രാവൻകൂർ ഫൗണ്ടേഷൻ്റെ ചെയർമാൻ ജിജി ഫിലിപ്പിന് പുരസ്കാരം നൽകിയത്.  കറുകച്ചാൽ , കോട്ടയം , പത്തനംതിട്ട എന്നിവിടങ്ങളിൽ സീനിയർ സിറ്റിസൺസിനായി തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടി തുടങ്ങിയ വീടുകളുടെ സമുച്ചയമാണ് ട്രാവൻകൂർ ഫൗണ്ടേഷൻ ലിവിംഗ് സിസ്റ്റം .ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനൊപ്പം നിരവധി സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജിജി ഫിലിപ്പ് നേതൃത്വം നൽകുന്നു. നല്ലൊരു ബിസിനസുകാരൻ നല്ലൊരു ജീവകാരുണ്യ പ്രവർത്തകൻ കൂടി ആയി മാറിയതിൻ്റെ ഉദാഹരണമാണ് ജിജി ഫിലിപ്പ് . ദീപികയുടെ 2024ലെ ബിസിനസ് എക്സലൻസ് അവാർഡും ജിജി ഫിലിപ്പിന് ലഭിച്ചിട്ടുണ്ട് . പ്രവാസി മലയാളികളുടെ റിട്ടയർമെൻ്റ് കാലം കേരളത്തിൻ്റെ ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് ട്രാവൻകൂർ ഫൗണ്ടേഷൻ ഈ വീടുകളെല്ലാം നിർമ്മിച്ചിരിക്കുന്നത്. ഡോക്ടർ, നേഴ്സ് ഫെസിലിറ്റി മുതൽ ഒരു വ്യക്തിയുടെ എല്ലാ കാര്യങ്ങൾക്കും മുൻതൂക്കം നൽകിയാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ബിസിനസ് രംഗത്ത് പുതിയ ഒരു പാതയ്ക്ക് രൂപം കൊടുക്കുകയും വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ റിട്ടയർമെൻ്റ് ഹോംസിന് തുടക്കം കുറിക്കുകയും അത് വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയും ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്യുന്ന ജിജി ഫിലിപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാവും മുഖം സേവന ശ്രേഷ്ഠ പുരസ്കാരം .
കഥാകൃത്തും ലഹരി മുക്ത കേരളം കോർഡിനേറ്ററുമായ ബി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രാവൻകൂർ ഫൗണ്ടേഷൻ ചെയർ പേഴ്സൺ ഡോ . രേണു ഏബ്രഹാം ,ഫൊക്കാന മുൻ പ്രസിഡൻ്റ് ജോർജി വർഗീസ് , മുൻ ജനറൽ സെക്രട്ടറി ഡോ. മാമ്മൻ സി. ജേക്കബ്ബ് , കൈരളി ആർട്ട്സ് ക്ലബ്ബ് ഫ്ലോറിഡയുടെ പ്രസിഡൻ്റ് വർഗീസ് ജേക്കബ്ബ് ,എഴുത്തുകാരായ കോരസൺ വർഗീസ് , സരോജ വർഗ്ഗീസ്, ജെയിംസ് ചെട്ടിയാത്ത് , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജിജി ഫിലിപ്പ് മറുപടി പ്രസംഗം നടത്തി. മുഖം ഗ്ലോബൽ മാഗസിൻ എഡിറ്റർ അനിൽ പെണ്ണുക്കര സ്വാഗതവും ഫിലിപ്പ് ജോൺ നന്ദിയും അറിയിച്ചു


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.