PRAVASI

2018 ആവർത്തിക്കരുത്..! ‘ഇന്നു രാത്രിയും കരുതൽ വേണം, മിന്നൽ പ്രളയസാധ്യത

Blog Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത തുടരണമെന്ന് രക്ഷാപ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. ഇന്നലെ രാത്രിയും ഇന്നു പകലും വലിയ തോതിൽ മഴ പെയ്തില്ലെങ്കിലും, ഇപ്പോൾ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഞായറാഴ്ച രാത്രി കനത്ത ജാഗ്രത വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് അനുസരിച്ച് പമ്പയിൽ അതിതീവ്ര മുന്നറിയിപ്പാണ് നൽകിയിട്ടുള്ളതെന്നും, ഈ അവസരത്തിൽ രാഷ്ട്രീയ വേർതിരിവുകൾ മാറ്റിവെച്ച് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ജില്ലയിലെ പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും നദീജലനിരപ്പ് ഉയർന്നാൽ അപകടത്തിൽപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ പത്തനംതിട്ട ജില്ലയിൽ 95 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, അതിൽ 3,568 പേർ കഴിയുന്നുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

2018ലെ പ്രളയത്തിനു ശേഷം നദികളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും മാറ്റുന്നതിന് മുൻഗണന നൽകും. രണ്ടര വർഷമായി അടഞ്ഞുകിടക്കുന്ന മണിയാർ ഡാമിന്റെ ഷട്ടർ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട മന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസുകാരെ മാത്രം ഉൾപ്പെടുത്തി യോഗം വിളിച്ചെന്ന പ്രതിപക്ഷ ആരോപണത്തെ ചിത്രങ്ങൾ സഹിതം പത്രസമ്മേളനത്തിൽ മന്ത്രി തള്ളിക്കളഞ്ഞു. എം.എൽ.എമാർക്കും ജനപ്രതിനിധികൾക്കും പുറമെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രളയബാധിതമായ വാർഡുകൾക്ക് ശുചീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടം 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും, ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിനായി ഒരു ലക്ഷം രൂപയും നൽകുമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായവർക്കുള്ള നഷ്ടപരിഹാരം മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനിക്കും.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.