ഒന്നിനു പുറകെ ഒന്നായി തന്നെ ആക്രമിച്ച രോഗങ്ങളെ ആത്മധൈര്യത്തോടെ നേരിട്ട് അടിയറവ് പറയിച്ച് അവയെ ഉത്സവമാക്കി മാറ്റിയ ഡോ. എം.പി. രവീന്ദ്രനാഥന്‍റെ പോരാട്ടത്തിന്‍റെ അവിശ്വസനീയമായ അനുഭവകഥനത്തിന്‍റെ നേര്‍സാക്ഷ്യമായ ഒരു പുസ്തകത്തെക്കുറിച്ചാണ് ഞാനിവിടെ പറയാനുദ്ദേശിക്കുന്നത്.
ഫ്ളോറിഡയില്‍ സ്ഥിരതാമസമാക്കിയ പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധന്‍ ഡോ. രവീന്ദ്രനാഥും ശിശുരോഗ വിദഗ്ദ്ധയായ ഭാര്യ ഡോ. സുശീലയും വിഖ്യാത കാര്‍ഡിയോളജിസ്റ്റായ മകന്‍ ഡോ. സന്ദീപും കൂടി അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ വൃക്ക മാറ്റല്‍ ശസ്ത്രക്രിയാ വിദഗ്ദ്ധനായ 90 വയസ്സു കഴിഞ്ഞ ഡോ. നജാരിയനെ കണ്ട് നന്ദി പറയാനെത്തുന്നു. വിടപറയാന്‍ നേരത്ത് അദ്ദേഹം താനെഴുതിയ "The miracle of kidney Transplantation' എന്ന പുസ്തകത്തിന്‍റെ ഒരു കോപ്പി സമ്മാനിച്ചുകൊണ്ട് ഡോക്ടര്‍ രവീന്ദ്രനാഥിനോട് "ട്രാന്‍സ്പ്ലാന്‍റ് അനുഭവങ്ങള്‍ എഴുതാന്‍ അവര്‍ പറഞ്ഞു. ഞാനെഴുതി അത്രതന്നെ."
ഡോ. രവീന്ദ്രനാഥും തനിക്കു നടത്തിയ വൃക്ക മാറ്റല്‍ പ്രക്രിയയും അതിനോടനുബന്ധിച്ച് തനിക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളും ഹൃദയാവര്‍ജകമായ രീതിയില്‍ എഴുതി "Second chance' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിന്‍റെ മൊഴിമാറ്റം, കവിത തുളുമ്പുന്ന ഭാഷയില്‍ പ്രസിദ്ധ കവി ബിമല്‍ രാമങ്കരി നടത്തുകയും 'മാതൃഭൂമി ബുക്സ്' അതിനെ അണിയിച്ചൊരുക്കി വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. 'രോഗങ്ങളുടെ രഥോത്സവം' എന്ന അന്വര്‍ത്ഥമായ ശീര്‍ഷകത്തിലിറങ്ങിയ പ്രസ്തുത പുസ്തകം ഞാന്‍ ഈയിടെ വായിച്ചു, ആസ്വദിച്ചു, അനുഭവിച്ചു.
നാല് പ്രധാന കഥാപാത്രങ്ങളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്. കഥാനായകന്‍ ഡോ. രവീന്ദ്രനാഥ് തന്നെ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസും ലണ്ടനില്‍ നിന്നും എം.ആര്‍.സി.പിയും എടുത്ത രവീന്ദ്രനാഥ് കുറച്ചുനാള്‍ കേരളത്തില്‍ ജോലി നോക്കിയശേഷം വിവാഹിതനായി ഭാര്യ ഡോ. സുശീലയുമൊത്ത് അമേരിക്കയില്‍ എത്തി. വിവിധ ആശുപത്രികളില്‍ സേവനവും പഠനവും ഗവേഷണവും നടത്തി അനേകം ബിരുദങ്ങള്‍ കരസ്ഥമാക്കി. ബ്രൂക്സ്വില്ലില്‍ സ്ഥിരതാമസമാക്കിയ ഡോ. രവീന്ദ്രനാഥന് 1989-ല്‍ വൃക്കരോഗം സ്ഥിരീകരിച്ചു. 1994 ആയപ്പോഴേയ്ക്കും വൃക്ക മാറ്റിയേ പറ്റൂ എന്ന സ്ഥിതിവിശേഷം വന്നുചേര്‍ന്നു. അതോടൊപ്പം ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിലും തടസ്സങ്ങളുണ്ടായി.
കൊമ്പുകുലുക്കി തന്‍റെ നേരെ പാഞ്ഞടുത്ത രോഗ കാളക്കൂറ്റന്‍റെ കൊമ്പില്‍ പിടിച്ചു നിര്‍ത്തുവാന്‍ ഡോ. രവി തീരുമാനിച്ചു. സഹോദരങ്ങളുടെ സഹായം തേടി. തന്‍റെ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് തൃശൂരില്‍ താമസിച്ചിരുന്ന രത്നം എന്ന മൂത്ത സഹോദരി വൃക്ക ദാനം ചെയ്യാമെന്നു സമ്മതിച്ചു. താന്‍ മരിച്ചാലും അനേകം പേരുടെ ജീവന്‍ രക്ഷിക്കുന്ന സ്വന്തം അനുജന്‍ ജീവിച്ചിരിക്കണമെന്ന ഉത്കൃഷ്ടചിന്തയുടെ ഉടമയായ രത്നം ശിവരാമനാണ് രണ്ടാമത്തെ കഥാപാത്രം. ആദ്യപരിശ്രമത്തില്‍ വിസാ നിഷേധിക്കപ്പെട്ടെങ്കിലും രണ്ടാമത്തെ ഇന്‍റര്‍വ്യൂവില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയുടെ 'കേക്കു മുറിച്ചു കഷണം കൊടുക്കുന്നതുപോലെ നിസാരമല്ല വൃക്കദാനം' എന്ന പരിഹാസത്തിനു മുമ്പില്‍ പതറിപ്പോകാതെ 'വേണ്ടിവന്നാല്‍ എന്‍റെ ഹൃദയംപോലും രവിക്കു കൊടുക്കാന്‍ തയ്യാറാണെന്ന' മറുപടി മനസ്സു മാറ്റി. കോണ്‍സുലേറ്റിന്‍റെ സമീപത്തുള്ള പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍നിന്നും അനുജനെ വിളിച്ച് "രവി വിസ കിട്ടി"' എന്ന വാക്കുകള്‍ രവിയുടെ കാതില്‍ അമൃതം തളിച്ചു.
1994 ഓഗസ്റ്റ് ആറാം തീയതി ഡോ. രവീന്ദ്രനാഥന്‍റെ 'ജീവന്‍റെ മാലാഖ'യായ രത്നം ശിവരാമന്‍ ന്യൂയോര്‍ക്കില്‍ പറന്നിറങ്ങി. ഒരുതരത്തിലുള്ള ഭയത്തിനും ആശങ്കയ്ക്കും അടിമപ്പെടാകെ വൃക്ക ദാനം നടത്തിയ സ്ത്രീരത്നമായ രത്നമ്മയെ എത്ര ശ്ലാഘിച്ചാലാണ് മതിയാവുക!
രവീന്ദ്രനാഥന്‍റെ ഭാര്യ ഡോ. സുശീലയുടെ അസാധാരണമായ സഹനശക്തിയും ഏതു പ്രതികൂല പരിസ്ഥിതിയെയും നേരിടാനുള്ള ധൈര്യവും എടുത്തു പറയേണ്ടതാണ്. അവതാരികാകാരന്‍റെ ഭാഷയില്‍ "ഇങ്ങനെയൊരു ഭാര്യ ഒപ്പമുള്ളപ്പോള്‍ എട്ടോ പത്തോ ദശാബ്ദങ്ങള്‍ ജീവിച്ചിരിക്കുന്നതില്‍ ഒരത്ഭുതമില്ല." യു.എസിലെ തിരക്കുള്ള ഒരു ഡോക്ടറുടെ അദ്ധ്വാനഭാരം, കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍, ഭര്‍ത്താവിനെ ചികിത്സയ്ക്കായി അനേകം ആശുപത്രികളില്‍ കൊണ്ടുപോകേണ്ട ബാദ്ധ്യത, സര്‍വ്വോപരി കദനഭാരം എല്ലാം താങ്ങി ചുമല്‍ ഞെരിയുന്ന ആ കുടുംബിനിയുടെ ചിത്രം സഹതാപാര്‍ഹമാണ്.
അമേരിക്കന്‍ ആശുപത്രികളിലും പലതരം അനവധാനതകള്‍ നടനമാടാറുണ്ടെന്ന് ഈ പുസ്തകം തെളിയിക്കുന്നു. ലാബ് ടെസ്റ്റില്‍പോലും കൃത്യത പാലിക്കാന്‍ കഴിയുന്നില്ല. രണ്ടു പ്രാവശ്യം ആശുപത്രിയിലെ അനാസ്ഥ കാരണം മരണത്തോടു മല്ലിടേണ്ടിവന്ന കഥ നമ്മെ അമ്പരപ്പിക്കുന്നു.
ഇതൊരു സോദ്ദേശ രചനയാണ്. കിഡ്നി ദാനത്തിനു മടിക്കുന്ന ബന്ധുജനങ്ങളുടെ ഭയവും ആശങ്കയും അകറ്റുക എന്നതാണ് ഡോ. രവീന്ദ്രനാഥന്‍റെ ലക്ഷ്യം. വൃക്കദാതാവിനും സ്വീകര്‍ത്താവിനും വര്‍ഷങ്ങളോളം ജീവിച്ചിരിക്കാമെന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ഇത് വായിച്ചില്ലെങ്കില്‍ ഒരു തീരാനഷ്ടമാണ്.
.jpg)

