PRAVASI

സെെതാലിയുടെ കാളവണ്ടി

Blog Image

ഋതുഭേദങ്ങള്‍ക്ക്  ഇടതടവില്ലാതെ  ഞങ്ങളുടെ ദേശത്തുളള കടകളിലേക്ക്,  വലിയങ്ങാടിയില്‍ നിന്നും  പലചരക്കുകള്‍  എത്തിയിരുന്നത് സെെതാലിയുടെ കാളവണ്ടിയിലായിരുന്നു.

വണ്ടിയുടെ ഉടമ വീടിനടുത്തുളള  മമ്മൂട്ടിക്ക ആയിരുന്നെങ്കിലും,  വലിയ കൊമ്പുകളും കഴുത്തില്‍  കറുത്ത ചരടുമുളള വെളുത്ത കാളകള്‍ക്ക്, അനുസരണയും അടുപ്പവും എന്നും  സെെതാലിയോടാണ്.

സെെതാലിയുടെ ഒരു വിരലനക്കം കാളകള്‍ക്കും കാളകളുടെ ഒരു ഇമയനക്കം സെെതാലിക്കും,  മനപ്പാഠവും വാക്കുകള്‍ക്കതീതമായ ആത്മബന്ധത്തിന്റെ പ്രതീകമായിരുന്നു.

ചരക്കു വാഹനങ്ങളും റോഡുകളും ഇന്നുളളത്ര സുഖമമല്ലാത്തിനാല്‍ ദേശക്കാര്‍ക്ക് ഇക്കാര്യത്തിനുളള ഏകാശ്രയം ആ വണ്ടിയും സെെതാലിയും മാത്രമായിരുന്നു. 

കൂര്‍ത്ത നോട്ടവും കുറഞ്ഞ മിണ്ടാട്ടവും ചെറിയ മൂളലും ഒത്ത  തടിയും നല്ല ഉയരവും ശരീരം നിറയെ രോമമുളള സെെതാലിക്ക്, സ്വന്തം വീടിനേക്കാള്‍ പരിചയം അങ്ങാടിയെയാണ്. മുതുകത്ത് ചുമട് താങ്ങിയുളള കയറ്റിറക്കലും പുകയില കൂട്ടിയുളള വെറ്റില മുറുക്കുമാണ് ഞങ്ങള്‍ക്ക് ഏറെ പരിചയമുളള അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്.

ആ ദേശത്ത് പരമ്പ് കൊണ്ട് മുകള്‍ത്തട്ടുളള വളരെ കുറച്ച് വണ്ടികളില്‍ ഒന്നായിരുന്നു സെെതാലിയുടേത്.

മലയാളം ക്ലാസ്സില്‍ ശ്രീ. പി. ഭാസ്കരന്റെ '' വണ്ടിക്കാളകള്‍'' എന്ന പദ്യത്തിലെ 
'' മറ്റൊരു വണ്ടിക്കാള മനുഷാകാരം പൂണ്ടിട്ടറ്റത്തു വണ്ടിക്കയ്യില്‍ ഇരിപ്പൂ കൂനിക്കൂടി '' 
എന്ന വരികളുടെ ദൃശ്യാവിഷ്ക്കാരം ഭാവനയിലെത്താന്‍ ഞങ്ങള്‍ക്കന്ന് തീരെ പണിപ്പെടേണ്ടിവന്നില്ല.

അങ്ങാടിയില്‍ നിന്നും ചരക്ക് കയറ്റി ഒരു റാന്തല്‍ വെട്ടത്തില്‍ ഇരുട്ടിനെ തുരന്ന് രാത്രി പുറപ്പെട്ടാല്‍  രാവിലെ വണ്ടി  നാട്ടിലെത്തിക്കുന്നതില്‍ സെെതാലിയുടെ  പങ്ക് തുലോം വിരളമായിരുന്നു. കാലങ്ങളായി പരിചയ സമ്പന്നരായ കാളകളുടെ കഴിവിനാല്‍, വണ്ടിക്കാരന്റെ വെെദഗ്ദ്ധ്യമൊന്നുമില്ലാതെ സ്വയമേവ നടക്കുന്ന കേവല പ്രതിഭാസം മാത്രമായിരുന്നത്.             

ഒരിക്കല്‍ മാത്രം കാളകള്‍ക്ക് വഴി തെറ്റി നേരം പുലര്‍ന്നപ്പോള്‍ തമിഴകത്തെ, ഏതോ ഉള്‍ഗ്രാമത്തില്‍ എത്തിപ്പെട്ടെന്ന സെെതാലിയുടെ മൊഴി ആ നാട്ടിലെ ഞങ്ങള്‍ കുട്ടികളടക്കം ആരും വിശ്വസിച്ചില്ല. ആരും വിശ്വസിക്കണമെന്ന് സെെതാലിക്ക് യാതൊരു നിര്‍ബന്ധവുമില്ലതാനും.

ഇക്കാര്യവും കൂടി ചര്‍ച്ച ചെയ്യാന്‍ വേണ്ടി പാതയോരത്തെ  ഒട്ടുമാവിന്റെ ചുവട്ടില്‍  ഞങ്ങള്‍ കുട്ടികള്‍ പതിവ്  മീറ്റിങ്ങ് കൂടിയിരുന്നു. അപ്പോഴാണ് വലിയ കനാലില്‍ നിറയെ വെളളം വന്നെന്നറിഞ്ഞതോടെ എല്ലാവരും അത് കാണാന്‍ അങ്ങോട്ട് പോയത്. അതോടെ ഈ പ്രശ്നം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ അവസാനിക്കുകയാണ് ഉണ്ടായത്.
    
നമുക്ക് വീണ്ടും സെെതാലിയിലേക്ക് വരാം...ഒറ്റമുണ്ടും അരയില്‍ പച്ചബെല്‍റ്റും മുറുക്കാനുളള പൊതിയുമല്ലാതെ, മറ്റുടയാടകളുടെ ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാത്ത സെെതാലിയുടെ പല്ലുകള്‍ ജനിച്ചപ്പോഴേ ചുവന്ന കളറാണെന്നാണ് ഞങ്ങള്‍ കുട്ടികളൊക്കെ ധരിച്ചുവച്ചിരുന്നത്.
     
കാല്‍മുട്ടിന് താഴെവരെ മാത്രം മുണ്ടുടുക്കുന്ന സെെതാലി, അത് കണങ്കാല് വരെ ഇറക്കിയുടുത്ത്  ഇതുവരെ ദേശത്താരും കണ്ടിട്ടില്ല.
    
വണ്ടി അങ്ങാടി വിട്ടാല്‍, ഓരോ പ്രധാന സ്ഥലവും പിന്നിടാന്‍  എടുക്കുന്ന സമയം വിശദമായി അറിയാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും സെെതാലിയെ സംബന്ധിച്ച് ഇതൊന്നുമൊരു ചോദ്യമല്ലാത്തതിനാല്‍,  അതിനു മുതിരാതെ വലുതായപ്പോള്‍ ഞങ്ങള്‍ സ്വയം മനസ്സിലാക്കുകയാണ് ഉണ്ടായത്.
   
കാലചക്രം തിരിയവെ, പരിഷ്ക്കാരത്തിനൊത്ത് വീഥികളില്‍ നിന്നും കാളവണ്ടികള്‍ നിരത്തൊഴിഞ്ഞപ്പോള്‍  സെെതാലിയും അവനവന്റെ സൃഷ്ടിയുടെ ധര്‍മ്മം പൂര്‍ത്തിയാക്കി, വണ്ടിയും കാളകളുമില്ലാതെ, ആരോടും പറയാതെ, ഒരുനാള്‍....തിരികെ വരാതെയുളള യാത്രപോയി...

 പ്രദീപ് ശിവദം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.