PRAVASI

സമര്‍പ്പണത്തിന്‍റെ വഴികളിലൂടെ

Blog Image
ദൈവം നല്കുന്ന വേറിട്ട സമ്മാനമാണ് ഓരോ സമര്‍പ്പിത ജീവിതവും.ധന്യമായ സമര്‍പ്പണത്തിന്‍റെ വഴികളില്‍ തമ്പുരാന്‍റെ കൈപിടിച്ച് മുന്നേറുന്ന രണ്ടു സന്യസ്തരുടെ ദീപ്തമായ ഓര്‍മ്മകള്‍ ആയിരങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് പങ്കുവച്ച് ഒരാഘോഷമാക്കി മാറ്റി

മയാമി: ദൈവം നല്കുന്ന വേറിട്ട സമ്മാനമാണ് ഓരോ സമര്‍പ്പിത ജീവിതവും.ധന്യമായ സമര്‍പ്പണത്തിന്‍റെ വഴികളില്‍ തമ്പുരാന്‍റെ കൈപിടിച്ച് മുന്നേറുന്ന രണ്ടു സന്യസ്തരുടെ ദീപ്തമായ ഓര്‍മ്മകള്‍ ആയിരങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് പങ്കുവച്ച് ഒരാഘോഷമാക്കി മാറ്റി.
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കനലായി കത്തിയ സന്യാസത്തിന്‍റെ തീജ്ജ്വാല ഇന്ന് അഗ്നിയായി ജ്വലിപ്പിച്ച് അനേകര്‍ക്ക് സമാശ്വാസം പകര്‍ന്ന് നിറപുഞ്ചിരിയോടുകൂടി തളരാതെ മുന്നേറുന്ന സിസ്റ്റര്‍ എല്‍സ ഇടയാകുന്നേല്‍ എസ്.എ.ബി.എസ്.ന്‍റെയും.
കാല്‍ നൂറ്റാണ്ട് മുമ്പ് ആരാധന സന്യാസിനി  സമൂഹത്തിന്‍റെ അംഗമായി ആവൃതിയുടെ അകതളങ്ങളില്‍ മാത്രം ഒരുങ്ങിനില്ക്കാതെ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രേക്ഷിത വേല ചെയ്ത സിസ്റ്റര്‍ സില്‍വി കിഴക്കേമുറിയുടെ സില്‍വര്‍ ജൂബിലിയും സിസ്റ്റര്‍ എല്‍സായുടെ സുവര്‍ണ്ണജൂബിലിയും ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറാനാ ദേവാലയത്തില്‍ സമുചിതമായി ആഘോഷിച്ചു.
ഒരേസമയം തങ്ങള്‍ അംഗമായിരിക്കുന്ന ആരാധന സന്യാസിനി സമൂഹത്തിന്‍റെ ആചാരനിഷ്ഠകളും വൃതാനുഷ്ഠാനങ്ങളും പരിപാലിക്കുന്നതോടൊപ്പം തങ്ങളുടെ ഔദ്യോഗികമായ തൊഴില്‍ മേഖലയേയും സമന്വയിപ്പിച്ച്  അനേകര്‍ക്ക് മാതൃകയും പ്രചോദനവുമാകുകയാണ് ഇന്നീ സന്യാസിനികള്‍.
സന്യാസത്തിന്‍റെ സുവര്‍ണ്ണശോഭയില്‍ എത്തിനില്ക്കുന്ന സിസ്റ്റര്‍ എല്‍സ, കാരുണ്യത്തിന്‍റെയും കരുതലിന്‍റെയും പ്രതീകമായ ആതുരശുശ്രൂഷയില്‍ നാലര പതിറ്റാണ്ടിന്‍റെ പൂര്‍ണ്ണതയില്‍ മുന്നേറുകയാണ്.
1979-ല്‍ കേരളത്തില്‍ നേഴ്സിംങ് പഠനം പൂര്‍ത്തീകരിച്ച് അഡററേഷന്‍ കോണ്‍ഗ്രിഗേഷന്‍റെ വിവിധ ആശുപത്രികളിലെ നേഴ്സിംങ് മേഖലയില്‍ ട്യൂട്ടര്‍ ആയും, നേഴ്സിംങ് സൂപ്രണ്ടായും സേവനം ചെയ്ത് അമേരിക്കയിലേക്ക് കൂടിയേറി.
ഏതാനും വര്‍ഷം ടെക്സാസിലും തുടര്‍ന്ന് 2014 മുതല്‍ കോറല്‍ സ്പ്രിംങ് അഡറേഷന്‍ കോണ്‍വെന്‍റില്‍ അംഗമായി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് ഇടവകസമൂഹത്തില്‍ വിനയാന്വതയായി സേവനം ചെയ്യുന്നു.
തിളക്കമാര്‍ന്ന സില്‍വര്‍ ജൂബിലി നിറവില്‍ എത്തിനില്ക്കുന്ന സിസ്റ്റര്‍ സില്‍വി കിഴക്കേമുറി കര്‍മ്മമേഖലയില്‍ ലൈബ്രേറിയനായും ഫോര്‍മേറ്റര്‍ ആയും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ആഫ്രിക്കയിലും ജോലി ചെയ്ത് ഇന്ന് കേരളം പോലെ മനോഹരമായ സൗത്ത് ഫ്ളോറിഡായിലെ കോറല്‍ സ്പ്രിംങ്സ് അഡറേഷന്‍ കോണ്‍വെന്‍റില്‍ അംഗമായി ഈ ഇടവകയുടെ ആദ്ധ്യാത്മിക നവീകരണത്തിന് തന്‍റെ അറിവും, നേതൃത്വപാടവവും നല്കി, ഈ ഇടവകസമൂഹത്തിന് ഒരു മുതല്‍കൂട്ടാകുകയാണ്.
മെയ് 19-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30ന് അഭിവന്ദ്യ ബിഷപ്പ് ജേക്കബ് അങ്ങാടിയടത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കോറല്‍ സ്പ്രിംങ്സ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത്  ഫോറോന ദേവാലയത്തില്‍ അനേകം വൈദികരുടെ സഹകാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയോടുകൂടി ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
തുടര്‍ന്ന് അല്‍ഫോന്‍സാ പാരീഷ് ഓഡിറ്റോറിയത്തില്‍ ജൂബിലേറിയന്‍സിനായുള്ള അനുമോദന സമ്മേളനം വര്‍ണ്ണ
ശബളമായി അരങ്ങേറി.
ബിഷപ്പ് എമിറിറ്റസ് ജേക്കബ് അങ്ങാടിയത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ ഫോറോനാ വികാരിയും; ആഘോഷകമ്മിറ്റി ചെയര്‍മാനുമായ റവ. ഫാ. ജോര്‍ജ്ജ്  ഇളമ്പാശ്ശേരി സ്വാഗതമാശംസിച്ചു.
ചിക്കാഗോ രൂപതാ പ്രോക്യൂറേറ്റര്‍ റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, സിസ്റ്റര്‍ ജോളി മരിയ എസ്.എ.ബി.എസ്, ഫാ. തോമസ് പുളിക്കില്‍, ഡോ. ഷൈനി ആന്‍റണി, ട്രസ്റ്റി ജോഷി 
ചെളിപറമ്പില്‍, ദിവ്യ സണ്ണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഇടവകസമൂഹത്തിന്‍റെ ആദരവ് ജൂബിലേറിയന്‍സിന് പൊന്നാട അണിയിച്ച് അഭിവന്ദ്യ  ബിഷപ്പ് എമിറിറ്റസ് ജേക്കബ് അങ്ങാടിയത്ത് നിര്‍വ്വഹിച്ചു. സിസ്റ്റര്‍ എല്‍സയും സിസ്റ്റര്‍ സില്‍വിയായും ചേര്‍ന്ന് ഏവര്‍ക്കും നന്ദിയും കൃതജ്ഞതയും അര്‍പ്പിച്ചു.
യൂത്ത് കൊയറിന്‍റെ പ്രാര്‍ത്ഥനാ ഗാനവും, സീനിയര്‍ കൊയറിന്‍റെ ജൂബിലി മംഗളവും, സി.സി.ഡി. വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് പരിപാടികളും, വിഭവസമൃദ്ധമായ വിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
പരിപാടികളുടെ എം.സി.മാരായി ദീപാ ദീപുവും, ജോയല്‍ വിന്‍സെന്‍റും, നയനാ ജോസഫും, മന്നാ മറിയാ ടോണിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ആന്‍സി ജോണിന്‍റെയും സിജി ഡെന്നിയുടെയും നേതൃത്വത്തില്‍ മദേര്‍സ് ഫോറമാണ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റ് ചെയ്തത്.
പാരീഷ് കമ്മിറ്റി അംഗങ്ങളും ട്രസ്റ്റിമാരും സി.സി.ഡി. കോ-ഓര്‍ഡിനേറ്റഴ്സും പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ സൗത്ത് ഫ്ളോറിഡായിലെ വിവിധ ക്രൈസ്തവ ദേവലായങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന വൈദികര്‍; അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ആരാധനാ സഭയിലെ സിസ്റ്റേഴ്സ്; വിവിധ മേഖലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട അതിഥികളും ഒത്തുചേര്‍ന്ന് ജൂബിലി ആഘോഷം മഹനീയമാക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.