PRAVASI

(ലേഖനം) സത്യത്തിന്‍റെ പുനരുത്ഥാനം

Blog Image

ഒരു ചരിത്രം എന്നത് മനുഷ്യന്‍റെ ഭൂതകാലപ്രവര്‍ത്തികളുടെ വ്യക്തമായ  രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്.  എന്നാല്‍, ചരിത്ര സംഭവങ്ങളെ സംശയിക്കുകയും വിമര്‍ശിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത സാധാരണമായി. അതിന്‍റെ പിന്നില്‍, മതപരവും രാഷ്ടീയവുമായ ഉദ്ദേശ്യങ്ങളും,  കൂലിക്ക് കുറ്റംചെയ്യുന്നവരും മറ്റ്  കാരണങ്ങളുമുണ്ട്. 
ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന വിശ്വാസമായ പുനരുത്ഥാനം ഭൂരിഭാഗം വിശ്വാസികള്‍ ആചരിക്കുന്നുണ്ട്. ഇത് സുപ്രധാന നോമ്പുകളിലൊന്നാണ്. യേശുമിശിഹ തന്‍റെ കുരിശുമരണത്തിനു ശേഷം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതിനെ അനുസ്മരിക്കുന്ന ദിനമാണ് “ഈസ്റ്റര്‍” അഥവാ  “ഉയിര്‍പ്പ് പെരുന്നാള്‍.” ഈസ്റ്ററിനു മുമ്പത്തെ ഏഴ് ആഴ്ചകളാണ് അമ്പത് നോമ്പ് കാലം. ഇതിന്‍റെ ഗതകാല ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്ന്കാര്യങ്ങള്‍ പീലാത്തോസ് യേശുവിനു നല്‍കിയ ക്രൂരമായ ശിക്ഷയും, യേശുവിന്‍റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ്‌! 
യേശുക്രിസ്തു ജീവിച്ചിരുന്നില്ല എന്ന് വാദിക്കുന്നവരുണ്ട്. പുരാതനമായ കെട്ടുകഥകളില്‍നിന്നും കടഞ്ഞെടുത്ത ഒരു കഥാപാത്രമാണ്‌ യേശുവെന്നും,  അദ്ദേഹം ജീവിച്ചിരുന്നതിനു തെളിവൊന്നുമില്ലെന്നും അവര്‍ പറയുന്നു. അപ്പോസ്തലിക രേഖകളും കലര്‍പ്പുള്ളതാണെന്ന് കരുതുന്ന ഇവര്‍ “യേശു മിത്തിസിസം” (യേശു എന്നൊരാള്‍ ജീവിചിരുന്നതിനു ചരിത്രപ്രധാനമായ അസ്തിത്വമില്ലെന്നും, ക്രിസ്തുമതം വികസിപ്പിച്ചെടുത്തതാണെന്നും പറയുന്ന സിദ്ധാന്തം) അനുകരിക്കുന്നവരാണ്. ഇവരുടെ ലക്ഷ്യം, മതങ്ങളുടെ ചരിത്രപരമായ വിശ്വാസ്യതയെയും, വളര്‍ച്ചയെയും തകര്‍ക്കുകയെന്നതത്രേ.     
പീലാത്തൊസിനെയും സങ്കല്പ നാടകത്തിലെ സഹനടനായി കാണുന്നവരു ണ്ട്. എന്നാല്‍, അദ്ദേഹം ജീവിച്ചിരുന്നതിനു തൃപ്തമായ തെളിവുകളുണ്ട്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ടൈബീരിയസിന്‍റെ ഭരണകാലത്ത്, റോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന, യൂദിയയിലെ ഗവര്‍ണറായിരുന്നു പൊന്തിയസ് പീലാത്തൊസ്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് പുറത്തിറക്കിയ നാണയങ്ങളും, A.D 1961-ല്‍, “സിസേറിയ” എന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത, ഒരു കല്ലും (അതിന്മേല്‍, “പൊന്തിയസ് പീലാത്തൊസ് യൂദിയയിലെ ഗവര്‍ണര്‍” എന്ന് ലത്തീന്‍ ഭാഷയില്‍ കൊത്തിവച്ചിട്ടുണ്ട്), മറ്റ് പുരാവസ്തു ക്കളും, റോമിനെക്കുറിച്ചുള്ള രേഖകളുമുണ്ട്. യേശുക്രിസ്തുവിന്‍റെ സന്ദേശ ങ്ങളെ വിശദീകരിക്കുന്ന ചരിത്രകാരന്മാരുടെ അനവധി ഗ്രന്ഥങ്ങളും, ബൈബിളില്‍ പുതിയനിയമ പുസ്തകത്തിലുള്ള നാല് സുവിശേഷങ്ങളും, പീലാത്തൊസും യേശുക്രിസ്തുവും ഒരേസമയത്ത് ജീവിച്ചിരുന്നുവെന്നു തെളിയിക്കുന്നു.     
പീലാത്തൊസ്, അധികാരമോഹിയും അനീതിപരനും കഠിനഹൃദയനും ഭീരുവും ആയിരുന്നുവെന്ന്‌ വിമര്‍ശകര്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുറ്റകരമായ വ്യവസ്ഥിതിയുടെ ഉടമയായി കണ്ടവരുമുണ്ട്. ഇപ്രകാരം കാണുവാന്‍ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചത്, അദ്ദേഹം യേശുക്രിസ്തുവിന് നല്‍കിയ ക്രൂരമായ ശിക്ഷയായിരുന്നു. ഇത്‌ സംബന്ധിച്ച് മതപന്ധിതന്മാര്‍ എഴുതിയ  വ്യത്യസ്ത വീക്ഷണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.   
യേശുക്രിസ്തു ദൈവപുത്രനാണെന്നും, അദ്ദേഹത്തിന്‍റെ ജനനവും ജീവിതവും  മരണവും പുനരുത്ഥാനവും വാസ്തവമാണെന്നും, അവ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള പഴയനിയമ പ്രവചനങ്ങളുടെ കൃത്യമായ നിവൃത്തി യാണെന്നും ക്രിസ്തുമതപ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്, യേശുവിന്‍റെ യാഗമരണം ദൈവിക പദ്ധതിപ്രകാരമായിരുന്നുവെന്ന സത്യ  വിശ്വാസം നിലനില്‍ക്കുന്നു. യേശുവിന്‍റെ ജനന മരണ പുനരുത്ഥാനം സംബന്ധിച്ച രേഖകള്‍ അദ്ദേഹത്തിന്‍റെ ദൈവീകതയെയും, പാപമോചനത്തി നായുള്ള അവിടുത്തെ ബലിയെയും, നിത്യജീവനിലേക്കുള്ള വാഗ്ദാനത്തെ യും വെളിപ്പെടുത്തുന്നു.         
തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിനും, ബന്ധങ്ങളുടെ തകര്‍ച്ചക്കും, മാനസിക സമ്മര്‍ദ്ദത്തിനും, ലക്ഷ്യങ്ങള്‍ പരാജയപ്പെടുന്നതിനും, വിശ്വാസം നഷ്ടപ്പെടുന്നതിനും, സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിനും മറ്റ് പ്രശ്നങ്ങള്‍ക്കും തെറ്റിദ്ധാരണ കാരണമാകും. യേശുക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ ന്യായവും യുക്തവുമായിരുന്നുവെങ്കിലും, ദൈവജനം എന്ന് സ്വയം പുകഴ്ത്തിയ ജൂത മതനേതാക്കള്‍ അവയെ തെറ്റിദ്ധരിച്ചു. അസ്വസ്ഥരായി. യേശു, അവരുടെ നിലനില്‍പിനും ഭരണാധികാരത്തിനും പുരോഗതിക്കും  കനത്ത വെല്ലുവിളിയാണെന്നു കരുതി. ഈ വസ്തുത, ബൈബിളും ചരിത്ര രേഖകളും വ്യക്തമാക്കിയിട്ടുണ്ട്.  
യേശുക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ അക്കാലത്തുണ്ടായിരുന്ന കഠിനനിഷ്ടയുള്ള നിയമജ്ഞരെയും, ‘പരീശര്‍’ ‘സദൂക്യര്‍’ ‘ശാസ്ത്രിമാര്‍’ എന്നിവരേയും, ഒരു വിഭാഗം ജനങ്ങളെയും പ്രകോപിപ്പിച്ചു. അവരുടെ കാപട്യം, നിയമപരമായ കടുത്ത നിലപാട്, പക്ഷപാതം, സ്നേഹമില്ലായ്മ എന്നിവയെ യേശു  ചോദ്യം ചെയ്തു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! വെള്ളതേച്ച ശവക്കല്ലറകളോട് നിങ്ങള്‍ സമമാകുന്നു എന്ന് പറഞ്ഞു. (മത്തായി 23:27). നീതിമാന്മാരായി നടിക്കുകയും ഉള്ളില്‍ ചതിവും വഞ്ചനയും കൊണ്ടുനടക്കുകയും ചെയ്ത അവരെ വിമര്‍ശിച്ചു. മുഖം കഴുകുന്ന രീതിയിലുള്ള ആചാരങ്ങളല്ല, ഹൃദയത്തിന്‍റെ ശുദ്ധിയാണ് വേണ്ടതെന്നും, ദശാംശം നല്‍കുന്നതിനുപരി കരുണ നീതി വിശ്വസ്തത എന്നീ കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്നും പഠിപ്പിച്ചു. യഹൂദര്‍ പാപികളായി കരുതിയ ജനത്തെ യേശു തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തിയതും, യരുശലേം ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ പുറത്താക്കിയതും, ദൈവരാജ്യ ത്തെക്കുറിച്ചു പ്രസംഗിച്ചതും, “ഞാന്‍ ദൈവപുത്രന്‍” എന്ന് പ്രഖ്യാപിച്ചതും (യോഹന്നാന്‍ 10:36), പാപങ്ങള്‍ മോചിച്ചതും (മത്തായി 9:26, ലൂക്കോസ് 5:20) യഹൂദ നേതാക്കളെ കോപിപ്പിച്ചു. ജൂത മതനിയമങ്ങളെ മറിച്ചിടാന്‍ യേശു ശ്രമിക്കുന്നുവെന്ന് അവര്‍ തെറ്റിദ്ധരിച്ചു, ദൈവദൂഷണക്കുറ്റം ആരോപിച്ചു.     
യഹൂദ നേതാക്കളുടെ തെറ്റായ ആരോപണങ്ങളെയും ധാരണകളെയും തിരുത്തുന്നതിനും, വാസ്ഥവമെന്തെന്നു ബോദ്ധ്യപ്പെടുത്തുന്നതിനും യേശു ശ്രമിച്ചു. ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനാ  ണ് വന്നതെന്ന് നിരൂപിക്കരുത്; നീക്കുവാനല്ല നിവര്‍ത്തിക്കുവാനത്രേ ഞാന്‍ വന്നത് എന്ന് പറഞ്ഞു (മത്തായി 5:17).                       
യഹൂദ ജനവും പ്രമാണികളും യേശുവില്‍ കണ്ടതും കേട്ടതുമായ മറ്റൊരു ഗുരുതരമായ കുറ്റം, യേശു തന്നെത്തന്നെ “യഹൂദന്മാരുടെ രാജാവ്” എന്ന് വിശേഷിപ്പിച്ചതാണ്. യേശു പീലാത്തൊസിന്‍റെ മുമ്പില്‍ നിന്നപ്പോള്‍, യഹൂദ മതനേതാക്കന്മാര്‍ “ഇവന്‍ യഹൂദന്മാരുടെ രാജാവാകുന്നുവെന്ന് പറയുന്നു”  എന്ന കുറ്റം ചുമത്തി. അവര്‍ അങ്ങനെ ചെയ്തതിനും കാരണമുണ്ട്. ആ കാലഘട്ടത്തില്‍, യഹൂദ ദേശം റോമന്‍ ഭരണാധികാരികളുടെ അധികാരത്തി ന്‍ കീഴിലായിരുന്നു. ഒരു വ്യക്തി യഹൂദന്മാരുടെ രാജാവെന്നു പറഞ്ഞാല്‍, അയാള്‍ റോമിനെതിരേയുണ്ടാക്കുന്ന കലാപത്തിന്‍റെ കാരണക്കാരനാകുന്നു എന്ന ന്നിലയില്‍, ഒരു രാഷ്ട്രീയ കുറ്റവാളിയായി കരുതപ്പെടുമായിരുന്നു. യേശുവിന്‍റെ അത്ഭുത്ത പ്രവൃത്തികളും, രോഗികളെ സൗഖ്യപ്പെടുത്തിയതു മുഖാന്തിരം ഉണ്ടായ ജനപ്രീതിയും, അദ്ദേഹത്തെ അനുഗമിച്ച അനുയായി കളുടെ കൂട്ടവും, യഹൂദ നേതാക്കളില്‍ അസൂയയും ഭയവും ഉളവാക്കി. ദൈവിക വാഗ്ദത്തപ്രകാരമുള്ള മിശിഹ വരുമ്പോള്‍ അദ്ദേഹം ഒരു രാഷ്ട്രീയ മഹാരാജ്യം സ്ഥാപിക്കുമെന്ന് അന്നത്തെ മതനേതാക്കള്‍ വിശ്വസിച്ചി രുന്നു. അതിന് വിപരീതമായി, യേശു ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിച്ചു. താന്‍ മിശിഹയാണെന്ന്‌ പറയുകയും ചെയ്തു (യോഹന്നാന്‍ 4:26, മര്‍ക്കൊസ് 14:62).  ഇവ മതനേതാക്കന്മാരുടെ മധുരപ്രതീകളെ ഉടച്ചു. അതോടെ, അവര്‍  ശത്രുക്കളായി. എന്നാല്‍, വധശിക്ഷ നല്‍കാനുള്ള അധികാരം അവരുടെ  നേതാക്കള്‍ക്ക് ഇല്ലായിരുന്നു.          
“നീ യഹൂദന്മാരുടെ രാജാവോ” എന്ന പീലാത്തൊസിന്‍റെ ചോദ്യത്തിന് “ഞാന്‍ ആകുന്നു” എന്ന് അവന്‍ ഉത്തരം പറഞ്ഞു (ലൂക്കൊസ് 23: 3 , മര്‍ക്കോസ് 15:2). യേശു അങ്ങനെ പറഞ്ഞത്, അധികാരവും അവകാശവും സ്ഥാപിക്കാന്‍ ഉദ്ദേശിച്ചല്ല, മനുഷ്യന്‌ പാപമോചനം നല്‍കി ദൈവരാജ്യം സ്ഥാപിക്കാന്‍ വന്ന മിശിഹയാണെന്ന്‌ മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടി യായിരുന്നു. ഭൂമിയിലെ രാജാക്കന്മാര്‍ ആരാധിക്കപ്പെടുന്നതിനും, സേവിക്കപ്പെടുന്നതിനും, സുഖമനുഭവിക്കുന്നതിനും പ്രവര്‍ത്തിക്കുമ്പോള്‍, സകല ജനങ്ങളെയും സേവിക്കുന്നതിനും, അനേകര്‍ക്കുവേണ്ടി തന്‍റെ ജീവനെ നല്‍കുന്നതിനും വേണ്ടി വന്നവനാണെന്ന്, അവരെ ബോദ്ധ്യപ്പെടുത്തണമാ യിരുന്നു. ക്രൂശിലെ യാഗമരണത്തിലൂടെയാണ് താന്‍ രാജാവായി കിരീടമണിയുന്നതെന്ന് പീലാത്തൊസിനെ അറിയിക്കണമായിരുന്നു. ബൈബിളിലെ പഴയനിയമപ്രകാരം, ദാവീദിന്‍റെ സന്തതിയായി വരാനിരിക്കുന്ന മിശിഹ, താന്‍തന്നെയാണെന്നു വെളിപ്പെടുത്തുകയായിരുന്നു.                                               പൊന്തിയസ് പീലാത്തൊസ് യേശുവിനെ ക്രൂശിക്കാന്‍ വിട്ടുകൊടുത്തതിന്‍റെ  കാരണങ്ങളിലേക്ക് നോക്കുമ്പോള്‍, നമ്മള്‍ കാണുന്ന ഒത്തിരി കാര്യങ്ങള്‍, ഭൂത വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോടു ബന്ധപ്പെട്ടതാണ്.  
യേശുവിന്‍റെ കുറ്റത്തിന് റോമന്‍ നിയമമനുസരിച്ച് ശിക്ഷാവിധി നല്‍കേണ്ട തല്ലായിരുന്നു. റോമന്‍ നിയമപ്രകാരം, യേശു പറഞ്ഞതും പ്രവര്‍ത്തിച്ചതും മരണശിക്ഷ അര്‍ഹിക്കുന്നതുമായിരുന്നില്ല. എന്നുവരികിലും, ജൂതന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയതിനാല്‍, ജൂതനിയമമനുസരിച്ചു, മരണശിക്ഷ നല്‍കി എന്നാണ് കരുതേണ്ടത്.
ഒരു കോടതിയില്‍ നിയമപ്രകാരമുള്ള കേസുകള്‍ കേള്‍ക്കുകയും തെളിവുകളും നിയമങ്ങളും പരിഗണിച്ച് വിധി പ്രസ്താവിക്കുകയും ചെയ്യുന്ന ന്യായവ്യവസ്ഥയിലെ, അധികാരപ്പെട്ട ഉധ്യോഗസ്ഥനാണ് ന്യായാധിപന്‍. അദ്ദേഹം, നിയമം പാലിക്കപ്പെടുന്നതും നീതി നടപ്പിലാക്കപ്പെ ടുന്നതും ഉറപ്പാക്കുന്ന, സ്വതന്ത്ര ന്യായാധികാരിയുമാണ്. എന്നാല്‍, നീതിയില്‍ ഉറച്ചുനിന്ന്, ഒരു ന്യായവിധി നല്‍കുവാന്‍ പീലാത്തൊസിന് സാധിച്ചോ? 
യേശുവിനെ ചോദ്യംചെയ്ത ശേഷം, പീലാത്തൊസ് യഹൂദ ജനത്തോട് പറഞ്ഞു: “ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല” (യോഹന്നാന്‍ 18:38). അയാള്‍ മഹാപുരോഹിതന്മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: “ഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല” (ലൂക്കൊസു് 23:4). അതിനുശേഷം, മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി അവരോട് പറഞ്ഞു: “ഈ മനുഷ്യന്‍ ജനത്തെ വഴിതെറ്റിക്കുന്നുവെന്നു പറഞ്ഞ് നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ. ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല.” “ഹെരോദാവും കണ്ടില്ല”  (ലൂക്കോസ് 23: 14-15).  
പീലത്തൊസ് ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അവന്‍റെ ഭാര്യ ആളയച്ച്: “ആ നീതിമാന്‍റെ കാര്യത്തില്‍ ഇടപെടരുത്; അവന്‍ നിമിത്തം ഞാന്‍ ഇന്നു സ്വപ്നത്തില്‍ വളരെ ക്ലേശം അനുഭവിച്ചു എന്നു പറയിച്ചു” (മത്തായി 27:19). ഇതും, യേശു നീതിമാനാണെന്നു വിശ്വാസിക്കാന്‍, അവനെ സഹായി ച്ചു. എങ്കിലും, “നീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതനല്ല; സ്വയം രാജാവാകുന്നവനെല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ” എന്ന യഹൂദ ജനത്തിന്‍റെ ഭീഷണി (യോഹന്നാന്‍ 19: 12)  അയാളെ ഭയപ്പെടുത്തി. കൈസര്‍ കോപിച്ചാല്‍ താന്‍ സ്ഥാനഭ്രഷ്ടനാക്കാപ്പെടുമെന്ന വിചാരവും ജനക്കൂട്ടത്തിന്‍റെ     
വര്‍ദ്ധിച്ച ആരവവും മുഖാന്തിരം, ഒരു ശരിയായ തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങിയ പീലാത്തൊസ്, “വെള്ളം എടുത്തു ജനക്കൂട്ടം കാണ്‍കെ കൈ കഴുകി: “ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല. നിങ്ങള്‍തന്നെ നോക്കിക്കൊള്ളുവിന്‍ എന്നുപറഞ്ഞു” (മത്തായി 27: 24). അങ്ങനെ, അവന്‍ യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. ക്രൂശിക്കേ ണ്ടതിനു ഏല്‍പിച്ചു!    
ഇപ്രകാരം, യേശുക്രിസ്തുവിന് നല്‍കിയ വധശിക്ഷ, മനുഷ്യലോകത്തിനും നീതിപാലകര്‍ക്കും നല്കുന്ന പാഠവും പരിജ്ഞാനവും, അര്‍ത്ഥവും ആഴമേറിയതാണ്. അധികാരികളും ഭരണകര്‍ത്താക്കളും അവരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വം, മറ്റുള്ളവരുടെ തെറ്റായ ആവശ്യത്തിന് ഉപയൊഗിക്കുന്നതിനു ദൃഷ്ടാന്തമാണ് യേശുവിനു നല്‍കിയ മരണശിക്ഷ. അദ്ദേഹത്തിന് എതിരായി മതനേതാക്കളും ഭരണാധികാരികളും ചേര്‍ന്നു നടത്തിയ വിചാരണ നീതിപൂവ്വമായിരുന്നില്ല. വ്യക്തമായൊരു കുറ്റവും തെളിയിക്കപ്പെട്ടില്ല. പ്രത്യേകിച്ചു പീലാത്തൊസ് യേശുവില്‍ കുറ്റമൊന്നും കണ്ടില്ല എന്നതിനുപരി, യേശു നീതിമാനാണെന്ന് ഉറക്കെപ്പറഞ്ഞു. അവന്‍റെ രക്തത്തില്‍ തനിക്ക് കുറ്റമില്ലെന്നും കൈ കഴുകിക്കൊണ്ട് പറഞ്ഞു. പക്ഷേ, അതുകൊണ്ട് വിധി കുറ്റമറ്റതാകുന്നില്ല. ജനങ്ങളുടെ ക്രൂരമായ ആവശ്യവും, കനത്ത കലാപഭീതിയും അസ്വസ്ഥനാക്കിയപ്പോള്‍, തന്‍റെ അധികാരവും സ്ഥാനവും നഷ്ടപ്പെടുമെന്നു ബോധ്യമായപ്പോള്‍ യേശുവിനെ ക്രൂശിക്കാന്‍ വിട്ടുകൊടുത്തു. അത് നീതിക്ക് നിരക്കാത്തതാണെന്ന് നിസ്സംശയം പറയാം.    
നിര്‍ദ്ദോഷിയും നീതിമാനുമായൊരു മനുഷ്യനെ, സ്വന്ത സുരക്ഷക്കുവേണ്ടി കുരിശില്‍ തറച്ചുകൊല്ലാന്‍ വിധിച്ചതിലൂടെ പീലാത്തൊസ് നീതിന്യായ   വ്യവസ്ഥിതിക്ക് കളങ്കമായി. അയാള്‍, തന്‍റെ വിധിക്ക്, സത്യവും നീതിയും അടിസ്ഥാനമാക്കിയില്ല. നിരപരാധികളെ രക്ഷിക്കുകയും കുറ്റവാളികളെ മാത്രം ശിക്ഷിക്കുകയും ചെയ്യുകയെന്ന കോടതിയുടെ കടമ നിര്‍വ്വഹിച്ചില്ല. ജനസമ്മര്‍ദ്ദത്തിനു വഴങ്ങി, നീതിയും കരുണയും അവബോധവും ഇല്ലാതെ, കുറ്റം ചെയ്യാത്തവനെ കൊല്ലാന്‍ ഏല്‍പ്പിച്ചു. അതുകൊണ്ട്, ഈ പോയകാല  സംഭവം, ഇന്നത്തെ നീതിന്യായ വകുപ്പിന് ഗുണപാഠമാണ്.
ഇത്, നീതിപാലകരെയും മത രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയും ഓര്‍മ്മിപ്പിക്കുന്നത്, നിയമത്തിനും നീതിക്കും സത്യത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്ന ശക്തികള്‍ക്കു വഴങ്ങാതെ ഉറച്ചു നില്‍ക്കണമെന്നാണ്!   
യേശുവിന്‍റെ ക്രൂശുമരണം സര്‍വ്വജനത്തിനും നല്‍കുന്ന ആത്മീയവും ഭൗതികവുമായ പാഠങ്ങള്‍ എന്തെല്ലാമെന്ന്‌ പരിശോധിക്കുമ്പോള്‍ കാണുന്ന കാര്യങ്ങളും ചിന്തനീയമാണ്. യേശു തന്‍റെ ക്രൂശിലെ മരണം വഴി മനുഷ്യവര്‍ഗ്ഗലോകത്തിനു നല്‍കിയ മഹത്തായ സന്ദേശം, അതുല്യമായ സ്നേഹത്തിന്‍റെയും ക്ഷമയുടെയും ത്യാഗത്തിന്‍റെയും പ്രവര്‍ത്തനങ്ങളിലൂടെ നമ്മോട്‌ പറയുന്നത് ഇതാണ്: 
വിദ്വേഷത്തിന്‍റെ മറുപടി സ്നേഹം തന്നെയാണ്. തെറ്റിനെയും കുറ്റത്തെയും ക്ഷമ ജയിക്കുന്നു. സ്വാര്‍ത്ഥതയെക്കാള്‍ ത്യാഗം മഹത്വമുളളതാണ്. വേദനയി ലും പ്രത്യാശ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ക്ഷമിക്കുന്ന ഹൃദയം മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നു. ഭേദചിന്തയില്ലാതെ സ്നേഹിക്കുകയും, ക്ഷമിക്കുകയും, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്യുമ്പോള്‍ ഈ ഭൂമിയിലെ ജീവിതം കൂടുതല്‍ മധുരിക്കുമെന്നുമാണ്.  
മുള്‍ക്കിരീടവും നിണധാരകളുമായി, കുരിശില്‍ കിടന്നുകൊണ്ട് യേശു മൊഴിഞ്ഞ ഏഴ് വചനങ്ങള്‍ ആധുനികലോകത്തിന്‍റെ മനസാക്ഷിയില്‍ മാറ്റം വരുത്തുന്നതാണ്. “പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയാത്തതു കൊണ്ട് ഇവരോട് ക്ഷമിക്കണമേ” (ലൂക്കൊസ് 23:34). നമ്മേ കഠിനമായി വേദനിപ്പിക്കുന്നവരോടുപോലും കഷ്മിക്കുന്ന സ്വഭാവം മഹത്വമുളളതാണെ ന്നും, ക്ഷമ ഹൃദയത്തെ സ്വതന്ത്രമാക്കുന്നുവെന്നും പഠിപ്പിക്കുന്നു. “ഇന്നു നീ എന്നോടു കു‌ടെ പറുദീസയില്‍ ഇരിക്കുമെന്ന് ഞാന്‍ സത്യമായി നിന്നോട് പറയുന്നു” (ലൂക്കൊസ് 23:43). ഈ വചനം പ്രത്യാശ നല്‍കുന്നതിനുപരി മനുഷ്യന്‍ തെറ്റുകള്‍ ചെയ്താലും ഹൃദയത്തില്‍ മാറ്റമുണ്ടായാല്‍ ദൈവത്തി ന്‍റെ കരുണ ലഭിക്കുമെന്നാണ്. “സ്ത്രീയേ, ഇതാ നിന്‍റെ മകന്‍” (യോഹന്നാന്‍ 19 :26). ഏതോരവസ്തയിലും പുത്രധര്‍മ്മം നിര്‍വഹിക്കണമെന്നും, പരസ്പര ഉത്തരവാദിത്വവും സ്നേഹവും കുടുംബബന്ധങ്ങളും മാത്രമല്ല മനുഷ്യര്‍ തമ്മില്‍ അന്യോന്യം കരുതുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന ഉപദേശവും ഇതുവഴി നല്‍കുന്നു. ഏലി, ഏലി, ലമ്മാ ശബക്താനി “എന്‍റെ ദൈവമേ എന്‍റെ ദൈവമെ നീ എന്നെ കൈവിട്ടത് എന്ത്” എന്നര്‍ത്ഥമുള്ള വചനം (മത്തായി 27:46). അതിവേദന അനുഭവിക്കേണ്ടിവരുമ്പോഴും ദൈവത്തൊടു ചേര്‍ന്നു നില്‍ക്കേണ്ടതിന്‍റെയും, ദൈവം ഉപേക്ഷിക്കുകയില്ല എന്ന വിശ്വാസത്തിന്‍റെയും ദൃഷ്ടാന്തമാണ്. യേശു “എനിക്ക് ദാഹിക്കുന്നു” എന്നു പറഞ്ഞ വചനം (യോഹന്നാന്‍ 19: 28).  ശരീര ദാഹത്തെ മാത്രമല്ല മനുഷ്യസ്നേഹത്തിനും നീതിക്കും വേണ്ടിയുള്ള ദാഹം കൂടിയാണെന്ന് അര്‍ത്ഥമാക്കുന്നു. “നിവൃത്തിയായി” എന്ന വചനം (യോഹന്നാന്‍  19:30).  അര്‍ത്ഥപൂര്‍ണ്ണമായൊരു ദൗത്യം പൂര്‍ത്തിയാക്കിയെന്നാണ് അറിയിക്കുന്നത്, നമ്മുടെ ജീവിതവും ഒരു ദൗത്യമാണെന്നും അത് സത്യസന്ധമായി നിര്‍വഹിക്കണമെന്നുമാണ്. “പിതാവേ ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കൈയില്‍ ഭരമേല്‍പ്പിക്കുന്നു” എന്ന വചനം ( ലൂക്കൊസ് 23:46) അര്‍ത്ഥമാക്കുന്നത്.  പൂര്‍ണ്ണമായ ദൈവവിശ്വാസത്തോടുകൂടി ജീവിക്കുകയും, അന്ത്യത്തില്‍ ആത്മാവിനെ ദൈവത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നതിനെ ഓര്‍മ്മിപ്പിക്കുന്നു.  
യേശുക്രിസ്തു, കുരിശില്‍ കിടന്നുകൊണ്ട് നല്‍കിയ ഈ ഏഴ് വചനങ്ങളും മനുഷ്യവര്‍ഗ്ഗത്തെ പഠിപ്പിക്കുന്നത്: ക്ഷമിക്കുക, പരസ്പരം സ്നേഹിക്കുക, പ്രത്യാശയോടെ ജീവിക്കുക, ദൈവത്തില്‍ വിശ്വസിക്കുക എന്നിവയാണ്. ഇത്‌ പിന്തുടര്‍ന്നാല്‍, ഭൗതികജീവിതം കൂടുതല്‍ സന്തോഷവും സമാധാനവും ഉള്ളതായിരിക്കുമെന്നാണ്!      

 ജോണ്‍ വേറ്റം 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.