ചങ്ങനാശേരി എസ് ബി -അസംപ്‌ഷൻ കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റർ എല്ലാ വർഷവും നൽകിവരുന്ന വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തി(2023)ന് തെരേസ ചിറയിലും സ്റ്റീഫൻ മാത്യു നേര്യംപറമ്പിലും അർഹരായി
ചിക്കാഗോ: ചങ്ങനാശേരി എസ് ബി -അസംപ്‌ഷൻ കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റർ എല്ലാ വർഷവും നൽകിവരുന്ന വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തി(2023)ന് തെരേസ ചിറയിലും സ്റ്റീഫൻ മാത്യു നേര്യംപറമ്പിലും അർഹരായി. മാത്യു വാച്ചാപറമ്പിൽ സ്മാരക പുരസ്കാരവും റവ ഡോ ജോർജ്ജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ സുവർണ്ണ ജൂബിലി മെമ്മോറിയൽ പുരസ്കാരവും ക്യാഷ് അവാർഡ്, പ്രശംസാപത്രം, ഫലകം എന്നിവയും അടങ്ങുന്നതാണ് എസ് ബി ആൻഡ് അസംപ്‌ഷൻ അലുമ്‌നി അസോസിയേഷൻ ഹൈസ്കൂൾ അക്കാഡമിക് എക്സലൻസ് അവാർഡ്. സംഘടനയുടെ സജീവ അംഗങ്ങളായ ഡോ. മനോജ് നേര്യംപറമ്പിലിന്റെയും ടീനയുടെയും മകനാണ് സ്റ്റീഫൻ. ചിക്കാഗോ ചിറയിൽ ലൂക്ക് -ഷിജി ദമ്പതികളുടെ മകളാണ് തെരേസ. ഹൈസ്കൂൾ തലത്തിൽ
പഠന-പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയ സംഘടനാംഗങ്ങളുടെ മക്കൾക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ള പ്രസ്തുത പുരസ്കാരങ്ങൾ ജൂൺ 23 ആം തീയതി നടന്ന എസ് ബി അസംപ്‌ഷൻ അലുമ്‌നി സമ്മർ ഫാമിലി ഫെസ്റ്റിൽ മുൻ എസ് ബി കോളേജ് പ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ ഡോ ജോർജ്ജ് മഠത്തിപ്പറമ്പിൽ നൽകുകയുണ്ടായി.
പ്രൊഫ. ജെയിംസ് ഓലിക്കര, ജിജി മാടപ്പാട്, അമ്പിളി ജോർജ്ജ് എന്നിവർ അംഗങ്ങളായ അവാർഡ് നിർണയ കമ്മറ്റിയാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്. ജി പി എ എസിടി അഥവാ എസ്എടി, പഠന-പാഠ്യേതര മേഖലകളിലെ മികവുകൾ, അപേക്ഷാർഥികളുടെയും അവരുടെ
മാതാപിതാക്കളുടെയും സംഘടനാ പ്രവർത്തനങ്ങളിലുള്ള സജീവ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. കൂടാതെ എസ് .
ബി ആൻഡ് അസംപ്‌ഷൻ അലുംനി അസ്സോസിയേഷൻ സാമൂഹിക പ്രസക്തമായ വിവിധ വിഷയങ്ങളെകൂറിച്ച് ദേശീയതലത്തിൽ നടത്തിയ ഉപന്യാസമത്സരത്തിൽ തെരെഞ്ഞെടുക്കപ്പെട്ട മികച്ച രചനകൾക്ക് ഷോൺ ഗ്രിഗറി, വിവേക് ആറ്റുപുറം, റയാൻ തോമസ് എന്നിവർ സമ്മാന അർഹരായതായി മൂല്യനിർണ്ണയ കമ്മറ്റി ചെയർപേഴ്സൺ കാർമ്മൽ തോമസ് അറിയിച്ചു. അവാർഡ് ജേതാക്കൾ ചടങ്ങിൽ നന്ദിപ്രകാശനം നടത്തി സംസാരിച്ചു. ചിക്കാഗോ മാർത്തോമ്മാ പള്ളി വികാരി റവ എബി എം തോമസ് തരകൻ, സംഘടനയുടെ ഉപരക്ഷാധികാരിയും പൂർവ്വവിദ്യാർഥിയും ചിക്കാഗോ രൂപത പ്രൊക്യൂറേറ്ററുമായ റവ ഫാ കുര്യൻ നെടുവേലിചാലുങ്കൽ എന്നിവർ അവാർഡ് ദാനചടങ്ങിൽ മുഖ്യ അതിഥികളായിരുന്നു. അസോസിയേഷൻ വൈസ് പ്രസിഡന്റ് മാത്യു ദാനിയേൽ സ്വാഗതവും തോമസ് ഡിക്രൂസ് നന്ദിയും പറഞ്ഞു.