സംസ്ഥാനത്തെ ചെറുകിട വനിതാ വ്യവസായ സംരഭകരിൽ 63 ശതമാനവും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്ന് വനിത കമ്മീഷൻ്റെ പഠന റിപ്പോർട്ട്. കഴിഞ്ഞ നാല് കൊല്ലത്തിനിടയിൽ തുടക്കം കുറിച്ച സംരംഭകരിൽ നിന്ന് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ ചെറുകിട വനിതാ വ്യവസായ സംരഭകരിൽ 63 ശതമാനവും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്ന് വനിത കമ്മീഷൻ്റെ പഠന റിപ്പോർട്ട്. കഴിഞ്ഞ നാല് കൊല്ലത്തിനിടയിൽ തുടക്കം കുറിച്ച സംരംഭകരിൽ നിന്ന് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ വനിതാ ചെറുകിട സംരംഭകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് 60 സംരംഭകരെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. സംരംഭകരിൽ 55 ശതമാനം സ്ത്രീകളിൽ ഭൂരിപക്ഷവും 31നും 45നും ഇടക്ക് പ്രായമുള്ളവരാണ്. ഇവരിൽ 63 ശതമാനം പേരും ക്രിസ്ത്യാനികളാണ്. വെറും അഞ്ച് ശതമാനം പേരാണ് പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ളത്.
സംരംഭകരിൽ 88 ശതമാനം പേരും വിവാഹിതരും എപിഎൽ വിഭാഗത്തിൽ പെട്ടവരുമാണ്. ബഹുഭൂരിപക്ഷം പേർക്കും സംരംഭകത്വം സംബന്ധിച്ച് യാതൊരു പരിശീലനവും ലഭിച്ചിട്ടില്ല. 71 ശതമാനം സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. 83 ശതമാനം പേർക്കും കുടുംബത്തിന്‍റെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് കമ്മീഷൻ്റെ കണ്ടെത്തലിലുണ്ട്.സ്ത്രീ സംരംഭകർക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുവാൻ മികച്ച പരിശീലനം ആവശ്യമാണ് എന്നാണ് വനിതാ കമ്മീഷന്‍റെ പ്രധാന ശുപാർശ. ഇതിനായി സർക്കാർ മുൻകൈ എടുത്ത് മികച്ച പരിശീലനം നൽകണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെടുന്നത്. സംരംഭക ആഭിമുഖ്യം വളർത്താനുള്ള കോഴ്സുകൾ ഹൈസ്കൂൾ തലം മുതൽ തുടങ്ങണം.
ബിപിഎൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് സർക്കാർ പുതിയ കർമപദ്ധതികളിലൂടെ പിന്തുണ നൽകണമെന്നും കമ്മീഷന്‍റെ ശുപാർശയിലുണ്ട്. പലിശരഹിത വായ്പകൾ നൽകുന്നതിനും ഉയർന്ന സബ്സിഡി നൽകാനുമുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയാൽ ധാരാളം പേർ സംരംഭകരായി മുന്നോട്ട് വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീ സംരംഭങ്ങൾക്ക് ഫണ്ട് നൽകുന്ന കർമപദ്ധതികളെക്കുറിച്ച് സ്ത്രീകൾക്കിടയിൽ ബോധവൽക്കരണം അത്യാവശ്യമാണ്.
സംരംഭകർ തമ്മിൽ കൂട്ടായ പ്രവർത്തനം ഉണ്ടായാൽ രാജ്യത്തിനകത്തും പുറത്തും നേട്ടം കൊയ്യാനാവുമെന്നും കമ്മീഷന്‍റെ ശുപാർശയിലുണ്ട്. മികച്ച സാങ്കേതിക വിദ്യകളും വിപണന സാധ്യതകളും ലഭ്യമാക്കാൻ സർക്കാർ – സർക്കാരേതര സ്ഥാപനങ്ങളിൽ നിന്നുള്ള പിന്തുണ അത്യാവശ്യമാണ്.