തിരക്കേറിയ വേനല്‍ അവധിക്കാലത്ത് കൗമാരപ്രായക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് സുഗമമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ ഇല്ലിനോയിലെ ഏതാനും ഡ്രൈവിങ് ലൈസന്‍സ് സ്ഥാപനങ്ങളുടെ സേവനം ശനിയാഴ്ചകളിലും ലഭ്യമാക്കി.
ചിക്കാഗോ: തിരക്കേറിയ വേനല്‍ അവധിക്കാലത്ത് കൗമാരപ്രായക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് സുഗമമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ ഇല്ലിനോയിലെ ഏതാനും ഡ്രൈവിങ് ലൈസന്‍സ് സ്ഥാപനങ്ങളുടെ സേവനം ശനിയാഴ്ചകളിലും ലഭ്യമാക്കി. നിലവില്‍ ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്ന 15 ഡിഎംവി സ്ഥാപനങ്ങള്‍ കൂടാതെയാണ് ഇവ. ആഡിസണ്‍, അറോറ, ബ്രിഡ്ജ്വ്യൂ, ചിക്കാഗോ വെസ്റ്റ്, ഡെസ്പ്ലെയിന്‍സ്, എല്‍ജിന്‍, ജോലിയറ്റ്, ലേക്ക് സൂറിച്ച്, പ്ലേയ്നോ, സെന്‍റ് ചാള്‍സ്, ബെല്‍ഡിവെയര്‍, ബെനല്‍റ്റോ എന്നീ ഡ്രൈവിങ് സെന്‍ററുകളാണ് കൗമാരക്കാര്‍ക്ക് മാത്രമായി വേനല്‍ അവധിക്കാലത്ത് ശനിയാഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിക്കുക. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ശനിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഈ പ്രത്യേക സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുവേണ്ട എഴുത്തുപരീക്ഷയും റോഡ് ടെസ്റ്റും ഇതില്‍ ഉള്‍പ്പെടും.
ഇല്ലിനോയി സെക്രട്ടറി ഓഫ് സ്റ്റേറ്റ് അലക്സി ജിനോലിയസ്സിന്‍റെ ജനസൗഹൃദ പരിഷ്കാരങ്ങളുടെ ഭാഗമാണ് പുതിയ ഈ സേവനവും. വേനല്‍ അവധിക്കാലത്ത് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് അനുഭവപ്പെടാറുണ്ട്. ഈ തിരക്ക് ഒഴിവാക്കുകയാണ് പുതിയ നടപടിയിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
ശനിയാഴ്ചകളിലെ പ്രത്യേക സേവനം താല്പര്യപ്പെടുന്നവര്‍ തൊട്ടടുത്ത ബുധനാഴ്ചകളില്‍ 1-800-252-8980 എന്ന നമ്പറില്‍ വിളിച്ച് അതിനായി അപ്പോയിന്‍റ്മെന്‍റ് എടുത്തിരിക്കണം. ഇതുവഴി പ്രതിവാരം 1000 അധിക അപ്പോയിന്‍റ്മെന്‍റുകള്‍ നല്കുവാനാണ് ഇല്ലിനോയി ഡിപ്പാര്‍ട്ടുമെന്‍റ് ഓഫ് മോട്ടോര്‍ വെഹിക്കിള്‍സ് ലക്ഷ്യമാക്കിയിട്ടുള്ളത്.
ജോസ് കല്ലിടുക്കിൽ