ഹോങ്കോങ്ങ്: ലയണ്‍സ് ക്ലബ്ബ്സ് ഇന്‍റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് വണ്‍ എഫ് ഗവര്‍ണറായി ഷാജന്‍ ആനിത്തോട്ടം അധികാരമേറ്റു. ഹോങ്കോങ്ങിലെ ഏഷ്യാ വേള്‍ഡ് എക്സ്പോയില്‍ വച്ച് നടന്ന സംഘടനയുടെ 108-ാമത് ആഗോള കണ്‍വന്‍ഷനില്‍ വച്ച് ലയണ്‍സ് ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് മാര്‍ക്ക് ലയണ്‍സാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമായി പതിനേഴായിരത്തോളം ലയണ്‍സ് ക്ലബ്ബംഗങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
ആയിരത്തിത്തൊള്ളായിരത്തി പതിനേഴില്‍ മെല്‍വിന്‍ ജോണ്‍സ് എന്ന മനുഷ്യസ്നേഹി ഇല്ലിനോയി സംസ്ഥാനത്ത് തുടങ്ങിയ ലയണ്‍സ് ക്ലബ്ബ്സ് ഇന്‍റര്‍നാഷണല്‍ ഇന്ന് ഇന്ത്യയുള്‍പ്പെടെ ഇരുനൂറില്‍പ്പരം രാജ്യങ്ങളിലായി വളര്‍ന്ന് ഏതാണ്ട് ഒന്നര ദശലക്ഷത്തോളം അംഗസംഖ്യയില്‍ എത്തിനില്ക്കുന്നു. ആതുരസേവനവും ദുരന്തനിവാരണവുമുള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ ആഗോളസംഘടന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വീസ് സംഘടനയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ആറും ഇല്ലിനോയി സംസ്ഥാനത്ത് നിന്നുമുള്ള പത്തു പേരുമുള്‍പ്പെടെ ആകെ അറുന്നൂറ്റമ്പതോളം ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാര്‍ സംഘടനയില്‍ സേവനം അനുഷ്ഠിക്കുന്നു.



