ചിക്കാഗോ: ലയണ്‍സ് ക്ലബ്ബ് ഇന്‍റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് വണ്‍ എഫിന്‍റെ സെക്കന്‍റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണറായി ഷാജന്‍ ആനിത്തോട്ടം തിരഞ്ഞെടുക്കപ്പെട്ടു. ഹില്‍ട്ടണ്‍ എംബസി സ്വീറ്റ്സ് ഡിയര്‍ഫീല്‍ഡില്‍ കഴിഞ്ഞ വാരാന്ത്യം നടന്ന 84-ാമത് ഡിസ്ട്രിക്റ്റ് കണ്‍വന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ലയണ്‍ ചാള്‍സ് ലാന്‍സിംഗ് (ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍), ലയണ്‍ വിന്‍സന്‍റ് ലിയോണി (ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍), ലയണ്‍ ബില്‍ സ്റ്റാന്‍ലി (ഫൗണ്ടേഷന്‍ ട്രസ്റ്റി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
മുപ്പത് ക്ലബ്ബുകളും എണ്ണൂറിലധികം അംഗങ്ങളുമുള്ള ഡിസ്ട്രിക്റ്റ് വണ്‍ എഫിന്‍റെ ഉന്നത പദവിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഷാജന്‍ ആനിത്തോട്ടം. സോണ്‍ ചെയര്‍മാന്‍, റീജിയന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി സ്കോക്കി ലയണ്‍സ് ക്ലബ്ബിന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്നു. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന), ഇല്ലിനോയി മലയാളി അസോസിയേഷന്‍ (ഐ.എം.എ.) എന്നിവയുടെ പ്രസിഡന്‍റായിരുന്നു. 2009-ല്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സ്കോക്കി-മോര്‍ട്ടണ്‍ ഗ്രോവ് എഡ്യുക്കേഷന്‍ ഡിസ്ട്രിക്റ്റ് 69 സ്കൂള്‍ ബോര്‍ഡ് മെമ്പറായി വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 2010 മുതല്‍ സ്കോക്കി വില്ലേജ് ഫാമിലി സര്‍വ്വീസ് കമ്മീഷണറായി സേവനം ചെയ്യുന്നു. നിലവില്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം കൂടി വഹിക്കുന്നു.
പകര്‍ന്നാട്ടം (നോവല്‍), ഒറ്റപ്പയറ്റ് (ലേഖനങ്ങള്‍), പൊലിക്കറ്റ ( കവിതാസമാഹാരം), ഹിച്ച്ഹൈക്കര്‍ (ചെറുകഥാസമാഹാരം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.എ. (പാലാ സെന്‍റ് തോമസ് കോളജ്), എം.ഫില്‍. (പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി), ബി.എഡ്. (മാന്നാനം സെന്‍റ് ജോസഫ് ട്രെയിനിംഗ് കോളജ്), എം.എസ്.ഡബ്ലു. (യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി, ചിക്കാഗോ) ബിരുദധാരിയാണ്. ഇപ്പോള്‍ കോണ്‍കോര്‍ഡിയ യൂണിവേഴ്സിറ്റി(ചിക്കാഗോ)യില്‍ പി.എച്ച്.ഡി. പഠനം നടത്തുന്നു. ഇന്ത്യാ ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ അഞ്ച് വര്‍ഷത്തെ അദ്ധ്യാപകസേവനത്തിനു ശേഷം 1998-ല്‍ അമേരിക്കയിലേക്ക് കുടിയേറി. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ഇല്ലിനോയി ഗവണ്‍മെന്‍റ് സര്വ്വീസില്‍ മാനേജരായി ജോലി ചെയ്യുന്നു.
ഭാര്യ: ബിനു. മക്കള്‍: അന്‍ഷില്‍ & ആല്‍വിന്‍.