PRAVASI

മിന്നലേ.... അടി മിന്നലേ....

Blog Image

ഒരു രഹസ്യം: കേരള സര്‍ക്കാര്‍ 'മിന്നല്‍ മാജിക്' എന്ന പേരില്‍, ഒരു മുന്തിയ ഇനം ബ്രാന്‍ഡി വിപണിയിലെത്തിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍, അതിന്‍റെ ലഹരിയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് എഴുതിയതാണീ കുറിപ്പ്. എന്നാല്‍, ഒട്ടും നിനച്ചിരിക്കാതെ സര്‍ക്കാര്‍ സംവിധാനത്തില്‍, 'വീണ, വീണാ' എന്ന പേരില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍  ഇറക്കി കളം നിറച്ചപ്പോള്‍, ഞാനീ കുറിപ്പ് നാലായി മടക്കി പോക്കറ്റിലിട്ടു. വലിയ വലിയ വാര്‍ത്തകള്‍ക്കിടയില്‍ ഈ ചെറിയ കുറിപ്പിനു എന്തു പ്രസക്തി? ഒരു ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം വെറും രണ്ടു ദിവസം കൊണ്ട് 'നൂറു കോടി ക്ലബി'ലെത്തുന്നതുപോലെ 'വീണ- വീണായും' ബോക്സോഫീസില്‍ വന്‍ വിജയം നേടി.
ചില 'പഴയ' പരിചയക്കാര്‍, വല്ലപ്പോഴുമൊരിക്കല്‍ കാണുമ്പോള്‍ 'ഈയിടെയായി  ഒന്നും എഴുതാറില്ലേ?' എന്നു ചോദിക്കാറുണ്ട്. 'ഞാന്‍ എഴുതാറുണ്ട്. പക്ഷേ, ആരും വായിക്കുന്നില്ല' എന്നു പറയണമെന്നു തോന്നുമെങ്കിലും ഒരു വിളറിയ ചിരികൊണ്ടു ഞാന്‍ മറുപടി ഒതുക്കും.
എന്നാല്‍, ഇനി ഇതു പ്രസിദ്ധീകരിക്കാമെന്നു കരുതിയപ്പോള്‍, അതാ വീണ്ടും വരുന്നു, 'വീണ- വീണാ'യുടെ രണ്ടാം ഭാഗം.
പട്ടാപ്പകല്‍, പോലീസ് സുരക്ഷിത വലയത്തില്‍ നിന്ന നായികയെ, ചില കിരാതന്മാര്‍ അതിസാഹസികമായി വധിക്കുവാന്‍ ശ്രമിക്കുന്നു- 'കഴുത്തു പിടിച്ചു ഞെരിക്കുകയും, കൈപിടിച്ചു തിരിക്കുകയും ചെയ്യുന്ന' ചില ഭീകരദൃശ്യങ്ങള്‍ ഈ സിനിമയിലുണ്ട്. കൊലപാതക ശ്രമത്തെ, ഉണ്ണിയാര്‍ച്ചയുടെ ശൗര്യത്തോടെ എതിര്‍ത്തു തോല്‍പ്പിച്ചെങ്കിലും, കഴുത്തിനു ഗുരുതരമായ ക്ഷതമേറ്റ അവരെ നേരെ കഇഡ-വില്‍ പ്രവേശിപ്പിച്ചു. ഒരു വിദഗ്ദ്ധ സംഘം ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷം, ഒരു മാസത്തെ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചു.


അപ്പോഴിതാ കഥയ്ക്കൊരു സര്‍പ്രൈസ് ട്വിസ്റ്റ്.
ഇരുട്ടിന്‍റെ മറവില്‍ സകലരുടെയും കണ്ണുവെട്ടിച്ച് കഴുത്ത് അനക്കാന്‍ പറ്റാത്ത നായികയുടെ അതിസാഹസികമായ നൂറു മൈല്‍ കരമാര്‍ഗ്ഗം കാറിലൂടെയുള്ള യാത്ര.
വീട്ടിലെത്തിയ നായികയോട്, 'ഈ പടി ചവിട്ടിപ്പോകരുത്' എന്ന് ഭര്‍ത്താവിന്‍റെ ഉഗ്രശാസന.
'ദൃശ്യം' സിനിമയുടെ മൂന്നാം ഭാഗം പോലെ 'വീണ- വീണാ'യുടെ അടുത്ത റിലീസിംഗ് ഉടനെ പ്രതീക്ഷിക്കാം.
ഇനി കാത്തിരുന്നിട്ടു കാര്യമില്ല. ഒരു മമ്മൂട്ടി ചിത്രത്തോട്, ഒരു മാമുക്കോയ ചിത്രം  ഏറ്റുമുട്ടിയാലുള്ള അവസ്ഥ.
ഏതായാലും എന്‍റെ കുറിപ്പ് പ്രസിദ്ധീകരണത്തിന് അയയ്ക്കുന്നു. ആരെങ്കിലും വായിക്കുന്നുണ്ടെങ്കില്‍, ഒരു പത്തു ദിവസം മുന്‍പുള്ള മാനസികാവസ്ഥയില്‍ വായിക്കണമെന്നപേക്ഷിക്കുന്നു.
ഇനി 'മിന്നലേ.... അടി മിന്നലേ' ആരംഭിക്കാം.
*        *    *
ഒരു ഉദ്ഘാടനവേദി: (അനൗണ്‍സ്മെന്‍റ്)
സഹൃദയരേ! നല്ലവരായ നാട്ടുകാരേ! കേരള സര്‍ക്കാരിന്‍റെ താങ്ങും തണലുമായി നില്‍ക്കുന്ന സാമ്പത്തിക സ്രോതസ്സുകളെ! മീറ്റിംഗ് ഉടന്‍ തന്നെ ആരംഭിക്കും. മന്ത്രി ഗസ്റ്റ് ഹൗസില്‍ എത്തിയിട്ടുണ്ട്. ഊണിനു 'ചൂരക്കറി' വിളമ്പിയതില്‍ അദ്ദേഹം അതൃപ്തിയിലാണ്. നെയ്മീന്‍ കറിയും വരാല്‍ വറുത്തതും തയ്യാറായാല്‍ ഉടന്‍തന്നെ, ഊണു കഴിച്ചിട്ട് അദ്ദേഹം ഇവിടേക്ക് എഴുന്നള്ളുന്നതാണ്. അതുവരെ നിങ്ങള്‍ അക്ഷമരായി കാത്തിരിക്കുവാന്‍ അപേക്ഷിക്കുന്നു. കൂട്ടത്തില്‍ ഒരു സന്തോഷവാര്‍ത്ത കൂടിയുണ്ട്; മീറ്റിംഗില്‍ ആദ്യാവസാനം പങ്കെടുക്കുന്നവര്‍ക്ക് 'പൊതിച്ചോര്‍' നല്‍കുന്നതാണ്. ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ഇതില്‍ പങ്കെടുക്കുവാന്‍ എത്തിയിരിക്കുന്ന ബംഗാളികള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ തെറ്റിക്കരുത്. അവര്‍ക്കുള്ള പരിശീലനം മൈതാനത്തിന്‍റെ കിഴക്കുവശത്തു നടക്കുന്നുണ്ട്.
(മൈക്കുകാരനോട്: പാട്ടുവെയ്ക്കടാ തെണ്ടി)
ഉച്ചഭാഷിണിയില്‍ക്കൂടി ഒരു ഗാനം ഒഴുകിയെത്തുന്നു.
'നീയറിഞ്ഞോ മേലേ മാനത്ത്
ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്
സ്വര്‍ഗ്ഗത്തിലെ മുത്തച്ഛന്മാര്‍ക്ക്
ഇനി ഇഷ്ടംപോലെ കുടിക്കാമല്ലോ!'
മന്ത്രി പുംഗുവന്‍ തന്‍റെ പരിവാരങ്ങളുമായി എത്തുന്നു. കള്ളന്മാര്‍ക്കു പോലീസ് കാവല്‍ നില്‍ക്കുന്നതു പോലെ, അയാളുടെ ചുറ്റും 'ഗണ്‍' ഏന്തിയ ഗണ്‍മാന്‍മാരുണ്ട്. ഇ.ഡി എന്നെങ്ങാനും കേട്ടാല്‍, അദ്ദേഹം ഓടിപ്പോകാതിരിക്കുവാനായിരിക്കും, ഒരു പക്ഷേ!
മന്ത്രി തന്‍റെ പ്രസംഗം ആരംഭിക്കുന്നു:
പ്രിയ സഹോദരീ, സഹോദരങ്ങളേ!
ഈ അടുത്ത കാലത്തായി കേരളത്തിന്‍റെ പ്രതിഛായ ലോകമെമ്പാടും വര്‍ദ്ധിച്ചു വരികയാണല്ലോ! പ്രത്യേകിച്ചും നമ്മുടെ ആരോഗ്യമേഖല, ലോകത്തിലെ നമ്പര്‍ വണ്‍ ആണ്. ചൊറി, ചിരങ്ങ്, മലമ്പനി, കുരങ്ങുപനി മുതലായ മാറാരോഗങ്ങളുമായി ഇവിടെ ചികിത്സ നടത്തുവാനെത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് പത്തു ശതമാനം ഡിസ്കൗണ്ട് നല്‍കും എന്നുള്ള കാര്യം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
എന്നാല്‍ മദ്യമേഖല രംഗത്ത് നമ്മള്‍ക്ക് കുറച്ചു ജാഗ്രത കുറവുണ്ടായി. തന്മൂലം നമ്മുടെ ടൂറിസത്തിനു ചെറിയ ഇടിവുണ്ടായി.
രാത്രി പതിനൊന്നു മണി കഴിയുമ്പോള്‍ മുതല്‍, 'കള്ള് എവിടെ, കള്ള് എവിടെ?' എന്നു നെഞ്ചത്തടിച്ചു വിലപിച്ചുകൊണ്ട്, ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ കടാപ്പുറത്തുകൂടി, പാടിപ്പാടി ചങ്കുപൊട്ടി നടക്കുന്ന കാഴ്ച കണ്ടപ്പോള്‍, നമ്മുടെ സര്‍ക്കാരിന്‍റെ കരളലിഞ്ഞു.
മൂര്‍ത്തമായ സമയത്ത് മൂര്‍ത്തമായ തീരുമാനമെടുക്കുന്നതാണല്ലോ നമ്മുടെ വൈരുദ്ധ്യാത്മിക ഭൗതികവാദം. അതിനാല്‍ ഇനി മുതല്‍ നേരത്തോടു നേരം, കള്ളുഷാപ്പുകള്‍, ബിവറേജ് ഔട്ട്ലറ്റുകള്‍, സ്റ്റാര്‍ ബാറുകള്‍ എന്നിവിടങ്ങളില്‍ മദ്യം ലഭിക്കും.
ദിവസേന, മൂന്നു നേരം മദ്യം കഴിച്ചാല്‍, ഉല്‍ക്കണ്ഠ, വിഷാദം, വിറയല്‍ തുടങ്ങിയ രോഗങ്ങള്‍ മാറിക്കിട്ടും.
മദ്യപാനത്തിനുള്ള പരിശീലനം, ചെറുപ്പം മുതലേ ശീലിപ്പിക്കുവാന്‍ വേണ്ടി, ഇപ്പോള്‍ നേഴ്സറി സ്കൂളില്‍ കൊടുക്കുന്ന റേഷനരി ബിരിയാണിയോടൊപ്പം, പാലിനു പകരം വീര്യം കുറഞ്ഞ മദ്യം വിളമ്പുന്നതിനേപ്പറ്റിയും ആലോചനയുണ്ട്.
ഇനി നിങ്ങള്‍ കാത്തിരുന്ന നിമിഷം. നമ്മുടെ സര്‍ക്കാരിന്‍റെ സ്വന്തം ഡിസ്റ്റിലറിയില്‍, അമൂല്യ ഔഷധ ഗുണമുള്ള സസ്യങ്ങള്‍ ഇടിച്ചു പിഴിഞ്ഞ്, അതിന്‍റെ നീരിനോടൊപ്പം, ബാറ്ററി, സ്പിരിറ്റ് തുടങ്ങിയ ചേരുവകകള്‍ കൂടി ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ, 'മിന്നല്‍ മാജിക്'.
ഈ മംഗള കര്‍മ്മം നിര്‍വഹിക്കുന്നതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു കത്രികകൊണ്ട് നാട മുറിച്ചാണ് ഞാന്‍ ഈ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഈ കത്രിക ഒരു രോഗിയുടെ വയറ്റില്‍ അഞ്ചോ അന്‍പതോ വര്‍ഷങ്ങള്‍ കിടന്നാലും കത്രികയ്ക്ക് ഒരു കേടും സംഭവിക്കില്ല എന്നു മെഡിക്കല്‍ ഡയറക്ടര്‍ സര്‍ട്ടിഫൈ ചെയ്തിട്ടുള്ളതാണ്. രോഗികള്‍ക്ക് ചില നിസ്സാര അസൗകര്യങ്ങള്‍ ഉണ്ടാകുമെന്ന്,  സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാക്കുവാന്‍ വേണ്ടി പ്രതിപക്ഷം വെറുതേ പറഞ്ഞു പരത്തുന്നതാണ്.
മിന്നല്‍ അടിച്ചാല്‍, പിറകേ 'ഇടി' ഉണ്ടാവുക സ്വാഭാവികമാണല്ലോ! മിന്നലടിച്ച് നല്ലപോലെ മിനുങ്ങി വീട്ടില്‍ച്ചെല്ലുന്ന നിങ്ങള്‍, നിങ്ങളുടെ കെട്ടിയോളുമാര്‍ക്ക് നല്ല നാല് ഇടികൂടി കൊടുത്ത്, ഈ ആഘോഷത്തെ അതിന്‍റെ  പരിപൂര്‍ണ്ണതയിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രോഗിയുടെ വയറ്റില്‍ അഞ്ചുവര്‍ഷം കിടന്ന കത്രികകൊണ്ട് നാടമുറിച്ച് 'മിന്നല്‍ മാജിക്' ഉദ്ഘാടനം ചെയ്ത മന്ത്രി, ഗസ്റ്റുഹൗസിലേക്ക് പോലീസ് അകമ്പടിയോടു കൂടി മടങ്ങുന്നു.
('വീണ- വീണാ'യുടെ കൂടുതല്‍ ഭാഗങ്ങള്‍ ഇലക്ഷന്‍ കഴിയുന്നതുവരെ പ്രതീക്ഷിക്കാം.)
ശുഭം!

 രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.