PRAVASI

ക്ഷണപ്രഭാചഞ്ചലം

Blog Image

ബാലഭാസ്ക്കറുടെ ജീവിതം ഒരു പരാജയമായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ അമ്മ ദുഃഖത്തോടെ എന്നാൽ സംശയലേശമെന്യേ  പറയുന്നത് ശ്രദ്ധിച്ചു. . മകനോടുള്ള സ്നേഹം, വാത്സല്യം , അണച്ചു പിടിക്കൽ അതിലുമേറെ ആരോടൊക്കെയോ ഉള്ള നീരസം എല്ലാം ചേർന്ന് അവരുടെ  ശബ്ദം വല്ലാതെ ചിലമ്പിയിരുന്നു.  
 .  
ആറാം വയസ്സിൽ ആയുസ്സറ്റുപോയ ക്ലിൻ്റിനെ ഓർത്തു പോയി ഞാനപ്പോൾ .  അവൻ വരച്ചു കൂട്ടിയ കാക്കത്തൊള്ളായിരം ചിത്രങ്ങൾ.  ആ ജീവിതം ഒരു പരാജയമായിരുന്നു എന്ന് പറയാനാവുമോ. 
തൻ്റെ അവതാരലക്ഷ്യം പൂർത്തിയാക്കാൻ ക്ലിൻ്റിന് ഭൂമിയിൽ ലഭിച്ചത് ആറ് വർഷങ്ങൾ മാത്രം. എന്നിട്ടും ജരാനരകളില്ലാതെ, വൃദ്ധിക്ഷയങ്ങളില്ലാതെ അനേകം മനസ്സുകളിൽ 
ജീവിക്കുകയല്ലേ അവനിപ്പോഴും 

അസാധാരണ വ്യക്തിപ്രഭാവമുള്ളവരെ  ഈ ലോകത്ത് നിന്നും മൊഴിചൊല്ലി ആർക്കും വേർപെടുത്താനാവില്ല.  

ബാലഭാസ്ക്കറും അങ്ങനെ ഒരാളാണ്. 
നാല്പത് വയസ്സിൽ അവസാനിച്ച ജീവിതത്തെ എത്രയോ പേർ ഹൃദയത്തിലേറ്റിയിരിക്കുന്നു എന്നതിന് മാധ്യമങ്ങൾ സാക്ഷ്യം പറയുന്നു. അങ്ങനെയുള്ള ഒരാൾ പരാജിതനാണോ?   

നൂറ് വയസ് വരെ ജീവിച്ചിട്ടും ഒരിടത്തും പാദമുദ്ര പതിക്കാനാവാതെ മാഞ്ഞു പോകുന്ന ആൾക്കൂട്ടത്തിൽ ഒരാൾ ചരിത്രമായി മാറുന്നുവെങ്കിൽ ആ ജീവിതം  സാർത്ഥകമായി എന്നാണ് അർത്ഥം. 

മാതാപിതാക്കക്കളുടെ അനിഷ്ടം വകവയ്ക്കാതെ ഇഷ്ടപ്പെട്ട പെൺകുട്ടിയെ ജീവിതത്തിലേയ്ക്ക് ചേർത്തുവെന്നത് പരാജയ ഹേതുമല്ല. ശുദ്ധസംഗീതം മാത്രം കൈമുതലായുള്ള ഒരു യുവാവിൻ്റെ ഒപ്പം വീട് വിട്ടിറങ്ങിയ  പെൺകുട്ടി ഭാവിയിൽ പങ്കാളി സമ്പന്നനായ കലാകാരനായി തീരുമെന്ന് നിരൂപിക്കാനും സാധ്യതയില്ല. 
പ്രണയികൾക്ക് മാത്രം സാധ്യമാകുന്ന ധൈര്യമാണത്. 

ബാലഭാസ്ക്കറിൻ്റെ സംഗീത വിരുന്ന്  ഒരിക്കലേ എനിക്ക് നേരിട്ട് ആസ്വദിക്കാനായിട്ടുള്ളൂ .
കുസൃതി കലർന്ന ചിരിയോടെ നിശാഗന്ധിയിലെ വേദിയിൽ നിന്നും വയലിനുമായി താഴേയ്ക്കിറങ്ങിയ  സംഗീതമാന്ത്രികൻ വിസ്മയം വാരിവിതറുന്നത് വല്ലാത്ത ഒരനുഭവമായിരുന്നു. 

 പ്രശസ്തിക്കൊപ്പം വാലാട്ടിയെത്തുന്നതാണ് സമ്പത്തും സൗഹൃദങ്ങളുമെല്ലാം.  
  
ബാലുവിൻ്റെ അച്ഛൻ്റെ സന്ദേഹങ്ങൾ, അമ്മയുടെ സങ്കടങ്ങൾ,  ഭാര്യ ലക്ഷ്മിയുടെ തീരാ വ്യഥകൾ എല്ലാം 
അനുതാപത്തോടെ തിരിച്ചറിയാൻ കഴിയുന്നു. 
എന്നാൽ ചില സാമൂഹ്യ മാധ്യമങ്ങളിലെ  നിറം പിടിപ്പിച്ച കഥകൾ അവഗണിക്കേണ്ടതുണ്ട് .   അപസർപ്പകക്കഥകൾ മെനഞ്ഞ്  സ്വാസ്ഥ്യം  കൊടുത്തുന്ന ചിലരാകട്ടെ കൈയ്യിൽ ഒരു പാട്ട നെയ്യും  കരുതി  നടപ്പാണ്. തീ കണ്ടാലുടനെ ഒഴിക്കണമല്ലോ , ആളട്ടെ, ആളിക്കത്തട്ടെ. 

വാഹനാപകടത്തിന് നേർസാക്ഷിയായ ആൾ പറയുന്നത് വിശ്വസിക്കാതിരിക്കാൻ യുക്തിഭദ്രമായ കാരണങ്ങളില്ല. സംശയങ്ങൾ ദുരീകരിക്കേണ്ടത് അന്വേഷണ ഏജൻസികളാണ്. അതുവരെ സമചിത്തത പാലിക്കേണ്ടതുണ്ട്.  
മടിയിലുറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെയും ഭർത്താവിനെയും നഷ്‌ടപ്പെട്ട് ജീവിതം കീഴ്മേൽ മറിഞ്ഞു പോയ ഒരു സ്ത്രീ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കപ്പെടുന്നത് നല്ല കാര്യമല്ല. 

മകൻ്റെ ജീവിതം വെറുമൊരു പാഴ്ക്കിനാവായി പോയല്ലോ എന്ന് വിലപിക്കുന്ന മാതാപിതാക്കളും ഒപ്പം  ഓഡിറ്റിംഗിന് വിധേയമാക്കപ്പെടുകയാണ്.  
ആൾക്കൂട്ടം രണ്ട് ചേരിയായി മാറി പുലഭ്യം പറയുന്നു. വാക്കുകൾ കരുതലോടെ പ്രയോഗിക്കാൻ അവർക്ക് ശീലമില്ലായിരിക്കാം .
ആർക്കാണ് കൂടുതൽ നഷ്ടം , ആർക്കാണ് കൂടുതൽ നെഞ്ചുരുക്കം എന്ന് അളവ് നോക്കാനെത്തുന്നവരുടെ തിക്കും തിരക്കുമാണ് എങ്ങും .   പറ്റുമെങ്കിൽ ചിതാഗ്നിയിൽ നിന്ന് ബീഡി കത്തിക്കുന്നവരാണ് ചിലരെങ്കിലും. 

അന്വേഷണവും കേസും,വീറും വാശിയും പകയും  എല്ലാം അതതിൻ്റെ വഴിക്ക് നടക്കട്ടെ . ശാസ്ത്രമോ മനുഷ്യനോ ആര് വേണമെങ്കിലും ജയിച്ചോട്ടെ എന്നാൽ സംശയങ്ങളുടെ പുറമറയിൽ പരസ്പരം കഴുത്ത് ഞെരിച്ച് കൊല്ലാതിരിക്കാനുള്ള ഔചിത്യം പാലിക്കാൻ ജീവിച്ചിരിക്കുന്നവർക്ക് ബാധ്യതയുണ്ട്. 

പ്രിയാ വേണുഗോപാൽ , നിൻ്റെയുള്ളിൽ പാരമ്പര്യ സംഗീതത്തിൻ്റെ ഊർജമുണ്ട്.  ബാലുച്ചേട്ടനോടുള്ള നിൻ്റെ അഗാധ സ്നേഹവും എനിക്കറിയാം .  സത്യാന്വേഷണത്തിൻ്റെ തേര് തെളിക്കുമ്പോൾ ഓർക്കുക, സ്നേഹത്താൽ അന്ധരായിപ്പോയ വൃദ്ധദമ്പതിമാരാണ് പിന്നിൽ . 
അവരുടെ കണ്ണും കാതുമാകുന്നതിനൊപ്പം തണുപ്പാകാനും നിനക്ക് കഴിയണം. അവരുടെ മനസ്സിൻ്റെ നീറ്റലുകൾ ഊതിക്കെടുത്തണം. 
എന്തെന്നാൽ സന്താനദു:ഖം അനുഭവിക്കുന്ന രണ്ടമ്മമാരാണ് 
നിനക്ക് മുന്നിൽ. ബാലുവിൻ്റെ അമ്മയും തേജസ്വിനിയുടെ അമ്മയും 
ആരാണ് കൂടുതൽ ശരി എന്ന ചോദ്യത്തിന് ഇവിടെ  പ്രസക്തിയേയില്ല.

ഇന്നലെ സ്ക്രീനിൽ നിൻ്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വേദന തോന്നി കുഞ്ഞേ നിരാശയും. 
എത്ര പൊതിഞ്ഞു പിടിച്ചിട്ടും നിൻ്റെ ശബ്ദത്തിൽ അസ്വാരസ്യത്തിൻ്റെ നുരകൾ പൊന്തിവരുന്നുണ്ടായിരുന്നു. 

നീയും മോളും മനോഹരമായി പാടുമ്പോഴുള്ള പ്രസരിപ്പ് ഇഷ്ടമുള്ളത് കൊണ്ടാവാം എനിക്ക് നിരാശയുണ്ടായത്.  

മരിച്ചവരുടെ ചുമലിൽ ഭാരങ്ങളില്ല. ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്ന  കെട്ടുപാടുകളിൽ നിന്നും വിമുക്തരാണവർ. 
നമുക്കറിയാത്ത എവിടെയോ അവർ തൂവൽ ഭാരത്തോടെ , ആഹ്ലാദത്തോടെ കൈകൾ കോർത്ത് പാടുന്നുണ്ടാവണം. വിജയപരാജയങ്ങളുടെ കണക്കെടുപ്പിലൊന്നും അവർക്ക് താല്പര്യം തോന്നാനിടയില്ല. 

പകയും, വെറുപ്പും, പരിഹാസവും, നിരാശയും കണ്ണുനീരും ഭൂമിയിൽ നമ്മൾ ഖനനം ചെയ്തുണ്ടാക്കുന്നവയാണ്.  
 
മീരയ്ക്കും , ബാലുവിനും , തേജസ്വിനിക്കും സ്വാസ്ഥ്യമുണ്ടാവട്ടെ

സുധക്കുട്ടി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.