അരിസോണ : ഒരു മാസം ഒരു വീട് പദ്ധതിയുമായി സൈമൺ ( സോമൻ ) കോട്ടൂർ ജീവകാരുണ്യ രംഗത്ത് മാതൃകയാകുന്നു. നിർധനരായ 25 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി പൂർത്തീകരിക്കുകയാണ് അദ്ദേഹം. പത്തോളം വീടുകളുടെ പണി പൂർത്തിയായിക്കഴിഞ്ഞു . സൈമൺ കോട്ടൂർ പ്രവാസി മലയാളികൾക്ക് അഭിമാനമായി അർഹതപ്പെട്ടവരെ വിവിധ രംഗങ്ങളിൽ , വിവിധ മേഖലകളിൽ ഇന്ന് സഹായിക്കുന്നുണ്ട്. കിടങ്ങൂരിൽ ജനിച്ച് അമേരിക്കൻ മണ്ണിലേക്ക് പറിച്ചു നടപ്പെട്ട അദ്ദേഹം അശരണരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങായി മാറിക്കഴിഞ്ഞു. അരിസോണയിൽ വലിയ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിട്ട് വിജയം വരിക്കുംമ്പോഴും മനുഷ്യ സ്നേഹവും കാരുണ്യവും അദ്ദേഹത്തിൻ്റെ ജീവിത വിജയത്തിൻ്റെ ഭാഗമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു.
സൈമണും ഭാര്യ എൽസയും ചേർന്ന് അവഗണനക്കും പീഡനങ്ങൾക്കും ഇരയായ കുട്ടികൾക്കായി അമേരിക്കയിൽ സൺഷൈൻ ഹോംസ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. അമേരിക്കൻ ജനതയുടേയും ഭരണകൂടത്തിൻ്റെയും പ്രശംസ ഇതിനോടകം നേടിയ സ്ഥാപനം കൂടിയാണിത്. ജീവിത വിജയം നേടുമ്പോൾ സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളോടുള്ള സഹാനുഭൂതിയും അനുകമ്പയും അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നു. വിദ്യാഭ്യാസ രംഗത്ത് മികവുറ്റതും എന്നാൽ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾ നൽകി വിദ്യാഭ്യാസ രംഗത്ത് അജയ്യരായി മുന്നോട്ട് വരുവാൻ അദ്ദേഹം കൈത്താങ്ങ് ആകുന്നു . താൻ സ്കോളർഷിപ്പ് നൽകുന്ന കുട്ടികളോട് അദ്ദേഹം പറയുന്ന ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. " പഠിച്ച് ഉന്നതിയിൽ എത്തുമ്പോൾ ഒരു കുട്ടിയെ നിങ്ങളും പഠിപ്പിക്കുക ".
സ്വന്തം ധർമ്മ പ്രവർത്തനങ്ങളെ പരസ്യപ്പെടുത്താൻ ഒട്ടും താല്പര്യമില്ല എന്നതാണ് അദ്ദേഹത്തിൻ്റെ മഹത്വം . പ്രവാസി മലയാളികൾക്ക് എന്നും പ്രചോദനമായുള്ള ജീവിതം കരുണയും ഉത്തരവാദിത്വവും കൈകോർക്കുന്ന ഒരു ജീവിത വിജയം തന്നെയാകുന്നു. ഇനിയും ഇത്തരം നന്മ പ്രവർത്തികൾ തുടരുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. അശരണരായ മനുഷ്യർക്ക് സൈമൺ കോട്ടൂരും കുടുംബവും തണലാവട്ടെ.
%20%26%20ELSA%20KOTTOOR%20(1).jpg)
സൈമൺ (സോമൻ )കോട്ടൂർ&എൽസ കോട്ടൂർ

