PRAVASI

സിംസൺ കളത്തറ-അനുസ്മരണം

Blog Image

സിംസൺ കളത്ര വൈക്കത്ത് ചെമ്പ് എന്ന ഗ്രാമത്തിൽ 12.15.1940ൽ ജനനം,  അമേരിക്കയിലെ വൈറ്റ്പ്ലെയിൻസിൽ 03.14.2026ൽ മരണം. ഏതാണ്ട് 85, വയസ്സുവരെ ജീവിച്ചിരുന്ന അദ്ദേഹത്തിൻറെ വേർപാട് സ്വന്തം കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അമേരിക്കയിലെ മറ്റ് അനവധി മലയാളികളെയും കണ്ണീരിലാഴ്ത്തി. സംഭവബഹുലമായുള്ള അദ്ദേഹത്തിൻറെ ജീവിതം, പ്രത്യേകിച്ച് ഇവിടത്തെ അനവധി മലയാളികൾക്ക് ഒരു വെളിച്ചവും വഴികാട്ടിയും ആയിരുന്നു. അദ്ദേഹത്തിൻറെ റസ്റ്റോറൻറ് സ്ഥാപനം വഴി അനവധി പേർക്ക് പല ഘട്ടങ്ങളിലായി അദ്ദേഹം തൊഴിൽ നൽകിയിട്ടുണ്ട്. 

ദശാബ്ദങ്ങളോളം ഹോട്ടൽ റസ്റ്റോറൻറ് മേഖലയിലൂടെ ഇന്ത്യൻ ഭക്ഷണ സംസ്കാരത്തെ അമേരിക്കൻ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ ഒരു ആദ്യകാല സംരംഭകനായിരുന്നു അദ്ദേഹം. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ- റോക്ക് ലാൻഡ് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് ടൈം അചീവമെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. 
ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരനായി1968ൽ സിംസൺ കളത്തറ ന്യൂയോർക്കിൽ എത്തി. അന്നിവിടെ മലയാളികൾ തീരെ കുറവായിരുന്നു. പരിമിതമായി ഉണ്ടായിരുന്ന മലയാളികൾ, അധികപക്ഷവും സ്റ്റുഡൻറ് വിസയിൽ എത്തിയവരായിരുന്നു. അന്ന് അധികം പേരും അമേരിക്കയിൽ എത്തിയിരുന്നത് നീണ്ട കപ്പൽ യാത്രയിലൂടെയാണ്.

സിംസൺ 1972 ൽ അമേരിക്കയിലെ ഇന്ത്യൻ സർക്കാർ ജോലി ഉപേക്ഷിച്ച്  ന്യൂയോർക്കിൽ വൈറ്റ്പ്ലെയിൻസ് അടുത്തുള്ള റായ്-ഹിൽട്ടൻ ഹോട്ടലിൽ ജോലിക്ക് ചേർന്നു. ജോലിയിൽ ഇരുന്നു കൊണ്ട് തന്നെ ഹോട്ടൽ മാനേജ്മെന്റിനെ പറ്റി അദ്ദേഹം പഠിച്ചു. അതിനിടയിൽ ഒരിക്കൽ അദ്ദേഹം വൈറ്റ്പ്ലെയിൻസിൽ ഉള്ള റോയൽ ബംഗാൾ ടൈഗർ എന്ന ഇന്ത്യ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുവാൻ  പോയി. ഒരു ബംഗാളിയുടെ ഉടമസ്ഥതയിൽ ആയിരുന്നു അന്ന് ആ റസ്റ്റോറൻറ്. അന്ന് അവിടെ ഉണ്ടായിരുന്നത് ഹോട്ടൽ ഉടമയും ഒരു കുക്കും ഒരു സപ്ലയറും  മാത്രമായിരുന്നു. കാര്യമായ കസ്റ്റമർ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഉടമയും സപ്ലൈയറും ചെയറിൽ ചാരികിടന്നു ഉറങ്ങുകയായിരുന്നു. സിംസൺ ആവശ്യപ്പെട്ട ഒരു ഭക്ഷണ ഐറ്റവും അവിടെ ഇല്ലായിരുന്നു. അതിനാൽ എളുപ്പത്തിൽ അല്പം സാമ്പാറും ചോറും അച്ചാറും മാത്രം അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അതുപോലും അവിടെ ഉടൻ എടുക്കാൻ ഇല്ലായിരുന്നു. അവിടെ ഉണ്ടായിരുന്ന ഹോട്ടൽ മുതലാളി ഉടൻതന്നെ തൊട്ടടുത്ത ഗ്രോസറി കടയിൽ പോയി അല്പം പച്ചരിയും, പച്ചക്കറിയും വാങ്ങി എത്രയും വേഗത്തിൽ ആകാമോ അത്രയും വേഗത്തിൽ തന്നെ സാമ്പാറും ചോറും തയ്യാറാക്കി കൊടുത്തു. അതിനായിട്ട് ഏതാണ്ട് 45 മിനിറ്റോളം സിംസൺ വെയിറ്റ് ചെയ്ത കഥ ഒരു നർമ്മം മാതിരി ഈ ലേഖകനോട് പറഞ്ഞത് ഇന്നും ഓർക്കുന്നു.  

പിന്നീട് അദ്ദേഹം ആ ഹോട്ടൽ വാങ്ങി സ്വന്തമാക്കി ബിൽഡിങ്ങിനോടൊപ്പം തന്നെ അനേകം പരിഷ്കാരങ്ങൾ വരുത്തി. ഇന്ത്യൻ പാചകലയിൽ വൈദഗ്ത്യം ഉള്ളവരെ അദ്ദേഹം ഇന്ത്യയിൽ നിന്നും വരുത്തി പുതിയ ബംഗാൾ ടൈഗർ റസ്റ്റോറന്റിൽ ജോലി കൊടുത്തു. നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, വൈവിധ്യമേറിയ ഭക്ഷണ പദാർത്ഥങ്ങൾ ഒരു അമേരിക്കൻ ഫ്ലേവറോടുകൂടി  തന്നെ ഹോട്ടലിൽ അദ്ദേഹം ലഭ്യമാക്കി. ചെറുതും വലുതുമായ പാർട്ടി ഹാളുകളും ലഭ്യമായിരുന്നു. വെസ്റ്റ്ചെസ്റ്റർ റോക്‌ലാൻഡ് പ്രാന്ത പ്രദേശങ്ങളിൽ നിന്നും ധാരാളം ഉപഭോക്താക്കൾ എത്തി. വളരെ ക്ലീനും രുചികരവുമായ ബംഗാൾ ടൈഗറിലെ ഭക്ഷണപാനീയങ്ങളെ പറ്റി ന്യൂയോർക്കു ടൈംസ് ഉൾപ്പെടെ റിവ്യൂകൾ പ്രത്യക്ഷപ്പെട്ടു. ഒരിക്കൽ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ "ചാപക്വ"  എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കിയ ഫോർമർ അമേരിക്കൻ പ്രസിഡൻറ് ബിൽ ക്ലിൻറനും, പത്നി ഹിലരി ക്ലിന്റനും ആദിത്യമരുളാൻ ബംഗാൾ ടൈഗറിന് ഭാഗ്യമുണ്ടായ വിവരം അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അതുപോലെ അവരുടെ മകളായ ചെൽസാ ക്ലിന്റൺ പല ആവർത്തി ഇന്ത്യൻ ഫുഡ് പാഴ്സലായി വാങ്ങിപ്പോയ വിവരവും സിംസൺ പറയുകയുണ്ടായി. അന്നവിടെ തുടക്കത്തിൽ ഇന്ത്യൻ ബഫേ ഫുഡിന് 2 ഡോളർ ആയിരുന്നു ചാർജ് ചെയ്തിരുന്നത്. പിന്നീട് 15 ഡോളർ വരെയായി.

ഒരു രജിസ്റ്റേഡ് നേഴ്സായി സേവനമനുഷ്ഠിച്ചിരുന്ന ഭാര്യ റോസമ്മയുടെ മാനേജ്മെന്റിൽ ബംഗാൾ ടൈഗർ റസ്റ്റോറന്റിന് അടുത്ത് തന്നെ ഒരു ഇന്ത്യൻ ഗ്രോസറി സ്റ്റോറും ഉണ്ടായിരുന്നു. റോസമ്മ കുറച്ചു കൊല്ലങ്ങൾക്ക് മുമ്പ് മരണത്തിന് കീഴടങ്ങി.

സ്വന്തം ബിസിനസിന് പുറമേ ഇവിടത്തെ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളും സംഭാവനകളും നിരവധിയാണ്. 1985 ആഗസ്റ്റ് 15, ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളോടൊപ്പം സിംസൺ കളത്തറ ആരംഭം കുറിച്ച " നാദം" എന്ന മലയാള പത്രം 1997 വരെ വിവിധ അമേരിക്കൻ മലയാളികളുടെ വായനാ മുറികളിൽ എത്തി. നാട്ടിലെയും അമേരിക്കയിലെയും രാഷ്ട്രീയ സാമൂഹ്യ വാർത്ത വിശേഷങ്ങൾ, വിശകലനങ്ങൾ നാദം പത്രത്തിൽ നിന്ന് ലഭ്യമായിരുന്നു.  ഈ ലേഖകനും നാദം പത്രം എഡിറ്റോറിയൽ ബോർഡിൽ ഉണ്ടായിരുന്നു. സ്ഥിരമായി അതിൽ എഴുതുകയും ചെയ്തിരുന്നു വൈറ്റ് പ്ലെയിൻസിൽ ആദ്യമായി ഇന്ത്യൻ അമേരിക്കൻ ഫോറം സംഘടിപ്പിച്ച ഇന്ത്യൻ കൾച്ചറൽ റാലിയിൽ അദ്ദേഹത്തിൻറെ സംഭാവനയും,നേതൃത്വവും വളരെ വലുതായിരുന്നു.

അമേരിക്കയിലെ തന്നെ പ്രമുഖമായ മലയാളി അസോസിയേഷനുകളിൽ ഒന്നായ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻറെ ആദ്യത്തെ സംഘാടക സമിതിയിൽ ഒരു അംഗമായിരുന്നു സിംസൺ കളത്തറ. ഒരിക്കൽ യോങ്കേഴ്സിലെ  സൂര്യ ഗ്രോസറി ഹാളിൽ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻറെ കമ്മറ്റി യോഗം നടക്കുന്നതിനിടയിൽ,  മലയാളത്തിലെ സിനി മെഗാസ്റ്റാർ മമ്മൂട്ടിയെയും കൂട്ടിക്കൊണ്ട് സിംസൺ അവിടെ വന്നത് ഇന്നും ഓർക്കുന്നു. അന്ന് ഞാൻ മലയാളി അസോസിയേഷൻറെ കമ്മിറ്റിയിൽ ഉണ്ട്. കൂടാതെ സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ "കേരളദർശനം" മാസികയുടെ മുഖ്യപത്രാധിപരും ചുമതലക്കാരനും ആയിരുന്നു. മൺമറഞ്ഞ പ്രസിദ്ധ സാഹിത്യകാരനായ ജോയൻ കുമരകവും അവരോടൊപ്പം ഉണ്ടായിരുന്നു.

വൈക്കത്തെ, ചെമ്പ് ഗ്രാമത്തിൽ തൊട്ട് അയൽ വീടുകൾ ആയിരുന്നു മമ്മൂട്ടിയുടെ കുടുംബവും സിംസന്റെ കുടുംബവും. മമ്മൂട്ടി അമേരിക്ക സന്ദർശിക്കുമ്പോൾ എല്ലാം സിംസനോടൊപ്പമാണ് മിക്കവാറും കഴിഞ്ഞിരുന്നത്. സിംസന്റെ നിര്യാണത്തിൽ മമ്മൂട്ടിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി. നാട്ടിൽനിന്ന് എത്തിയിരുന്ന വളരെയധികം സാഹിത്യ സാംസ്കാരിക നേതാക്കളും വൈറ്റ്പ്ലെയിൻസിൽ എത്തിയാൽ സിംസൻ കളത്രയുടെ ആതിഥേയത്വം സ്വീകരിക്കാതിരുന്നിട്ടില്ല. റോച്ചെസ്റ്റർ ഫൊക്കാനാ കൺവെൻഷനിൽ എത്തിയ മൺമറഞ്ഞ മലയാളത്തിന്റെ മഹാ നോവലിസ്റ്റു തകഴി ശിവശങ്കരപ്പിള്ളക്ക് വൈറ്റ്പ്ലെയിൻസിൽ ബംഗാൾ ടൈഗർ ഹോട്ടലിൽ സ്വീകരണം ഒരുക്കിയപ്പോൾ ഈ ലേഖകനും പങ്കെടുത്തത് അനുസ്മരിക്കുന്നു.

അദ്ദേഹത്തിൻറെ ബംഗാൾ ടൈഗർ ഹോട്ടൽ ഹാളിൽ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സാമൂഹ്യ സംസ്കാര രാഷ്ട്രീയമീറ്റിങ്ങുകൾ, പ്രൈവറ്റ്ഫംഗ്ഷനുകൾ  എത്രയെത്ര നടത്തിയിരിക്കുന്നു. മലയാളികളുടെ പ്രസിദ്ധീകരണങ്ങൾക്ക്,  മലയാളി പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നിരവധി പ്രോത്സാഹനങ്ങളും സംഭാവനകളും നൽകിയിട്ടുള്ളത് ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. ഈ വേർപാട് ഇവിടത്തെ മലയാളി സമൂഹത്തിന് പ്രത്യേകിച്ച് ന്യൂയോർക്കിലെ മലയാളികൾക്ക് ഒരു തീരാനഷ്ടമാണ്. സിംസൺ കളത്തറയുടെ പാവന സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

സിംസൺ - റോസമ്മ ദമ്പതികൾക്ക് മൂന്നു മക്കളാണ്. മൂത്തമകൻ, മാത്യൂ സിംസൺ, ഭാര്യ, ലിൻ സിംസൺ. രണ്ടാമത്തെ മകൻ, ജോൺ സിംസൺ, ഭാര്യ അലക്സ് സിംസൺ, മൂന്നാമത്തെ മകൾ, മേരി സിംസൺ, ഭർത്താവ്, ജേസൺ വ്യാൻഡ്. എന്നിവരാണ്. 

സിംസന്‍റെ സഹോദരങ്ങളായി, സൈമൺ കളത്തറ, സ്റ്റാൻലി കളത്തറ, സിരെറ്റ  പാറക്കടവിൽ എന്നിവരാണ്.

സിംസൺ കളത്തറയുടെ സംസ്കാര ശുശ്രൂഷയുടെ ഭാഗമായ:
പൊതുദർശനം: മാർച്ച് 20 വൈകുന്നേരം 4 മുതൽ 9 വരെ. മക്മഹോൻ ലിയോൺ ഫ്യൂണറൽ ഹോം  491 മാമറോണക്ക് അവനു,  വൈറ്റ്പ്ലെയിൻസ്, ന്യൂയോർക്ക് 10605

സംസ്കാര ശുശ്രൂഷ: മാർച്ച് 21 രാവിലെ 9:30 സെൻറ് ജോൺസ് കാത്തലിക് ചർച്ച്  148 ഹാമിൽട്ടൻ അവന്യൂ വൈറ്റ്പ്ലെയിൻസ്, ന്യൂയോർക് തുടർന്ന് സംസ്കാരം: മൗണ്ട് കാൽവരി സിമിത്തേരി,  575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്.

എ.സി. ജോർജ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.