PRAVASI

ചില സമയങ്ങളിൽ പ്രതികാരമാണ് ഒരേയൊരു പോംവഴി!

Blog Image

അവർ പറയുന്നു;
'ക്ഷമയുള്ള മനുഷ്യൻ്റെ ക്രോധമാണ് ഏറ്റവും സൂക്ഷിക്കേണ്ടത് ' എന്ന്. എന്നാൽ നമുക്കതിനെ ഇവിടെ ഇങ്ങനെ വ്യാഖ്യാനിക്കാം;  ‘ഒരു സാധാരണക്കാരൻ്റെ ക്രോധമാണ് ഏറ്റവും സൂക്ഷിക്കേണ്ടത് ' 

എന്തെങ്കിലും കാര്യത്തിനായി ഒരിക്കൽപ്പോലും പോലീസ് സ്റ്റേഷനിൽ പോകാത്തവരാണ്  ഇന്ത്യയിൽ 95% ആളുകളും. വലിയ വലിയ മോഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത അവർ സാധാരണക്കാരായി ജീവിക്കുകയും അതുകൊണ്ടുതന്നെ പോലീസിൽ നിന്ന് അകന്നുനിൽക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 

എന്നാൽ, പോലീസ് അപൂർവ്വമായെങ്കിലും കള്ളക്കേസുകളിലൂടെ  അത്തരം നിരപരാധികളായ സാധാരണക്കാരെ  വേട്ടയാടാറുണ്ട്. അവർ നിഷ്കളങ്കരും നിർദ്ദോഷികളുമായതുകൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്യുക. പലപ്പോഴും കാരണങ്ങളില്ലാതെയും ചിലപ്പോൾ കയ്യബദ്ധത്തിൽപ്പെട്ടും ഈ നിരപരാധികൾക്ക് കസ്റ്റഡിമരണവും സംഭവിക്കാറുണ്ട്. 

മനശാസ്ത്രത്തിൻ്റെ പിതാവായ സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നത് മനുഷ്യൻ ജനിക്കുമ്പോൾതന്നെ അവൻ്റെയുള്ളിൽ ഒരു റിബൽ കൂടിയുണ്ടാവുമെന്നാണ്.  അതിനർത്ഥം വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും പ്രതിഷേധിക്കാനും എതിർക്കാനുമുള്ള മനസ്സുകൂടിയുണ്ടാവുമെന്നാണ്.  അപ്പോൾ തെറ്റുചെയ്യാത്ത ഒരു സാധാരണക്കാരൻ്റെമേൽ കുറ്റം ചാർത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താൽ അയാളുടെ പ്രതികാരത്തിൻ്റെ വ്യാപ്തി എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല, അതൊരിക്കലുമവസാനിക്കില്ല, അതങ്ങനെ തുടരും .....
അതുകൊണ്ടാണ് ചിത്രത്തിന് 'തുടരും' എന്ന് പേരിട്ടത്. അത്തരം തുടർച്ചകൾ ആഗ്രഹിക്കുന്ന ഒരുകൂട്ടമാളുകളുടെ കഥയാണിത്.

ഏറെ നാളുകൾക്ക് ശേഷമാണ് പ്രേക്ഷകനെ കസേരയോടു ചേർത്തു ബന്ധിച്ചിരുത്തുന്ന ഒരു സിനിമ കാണുന്നത്.  An Elephant Sitting Still എന്ന പേരിലെ ജാപ്പാനീസ് സങ്കല്പംപോലെ  'തുടരും' നമ്മെ അനങ്ങാത്ത ആനകളാക്കി കസേരകളോട് ബന്ധിച്ചിരുത്തുകയും സസ്പെൻസ്കൊണ്ട്  ഷോക്കടിപ്പിച്ച് ശ്വാസംമുട്ടിച്ചു നിശബ്ദരാക്കി കൊല്ലുകയും ചെയ്യും. അത്രയ്ക്ക് ഹൃദയമിടിപ്പുണ്ടാക്കുന്നതാണ് ഇതിലെ ഓരോ സസ്പെൻസും.

കെആർ സുനിലും തരുൺ മൂർത്തിയും എഴുതിയ തിരക്കഥയാണ് ചിത്രത്തിൻ്റെ ജീവൻ. ചരിത്രവിജയം രചിക്കാനിറങ്ങിത്തിരിച്ച  അവർക്ക്  കഥാചക്രവർത്തി കിരീടം തന്നെ കൊടുക്കണം. എത്ര വ്യക്തതയോടെയാണ് കഥാതന്തു അതിൻ്റെ യുക്തിസഹമായ നിഗമനത്തിലെത്തുന്നത്.

ഒരു ഇടത്തരം കുടുംബത്തിലെ സാധാരണ ജോലികൾ കൈകാര്യം ചെയ്യുന്ന നായകനും നായികയും! സാധാരണ ദമ്പതികളുടെ ജീവിതം അഭിനയിച്ചല്ല ജീവിച്ചുതന്നെയാണ് മോഹൻലാലും ശോഭനയും നമുക്കുമുന്നിൽ നില്ക്കുന്നത്. ആ അഭിനയത്തികവിൽ പലപ്പോഴും ഇതൊരു സിനിമയാണെന്നതുപോലും നമ്മൾ വിസ്മരിച്ചുപോവുന്നു.

ആദ്യം സർക്കിൾ ഇൻസ്‌പെക്ടറായും പിന്നീട് ഡിവൈഎസ്‌പിയുമായി വരുന്ന പ്രകാശ് വർമ്മയുടെ അഭിനയം എത്ര ഗംഭീരമാണ്. മനുഷ്യസങ്കല്പത്തിനുമപ്പുറമുള്ള പകയും ക്രൂരതയും പ്രകടിപ്പിക്കുന്ന ആ കഥാപാത്രത്തെ പുതുമുഖമായിട്ടുകൂടി ഏറ്റവും മികവുറ്റതാക്കാൻ കഴിഞ്ഞത്  അപാരമായ സിദ്ധിവൈഭവം തന്നെയാണ്.

സമൂഹത്തിലെ ഓരോ വിഭാഗത്തിനും തങ്ങളുടെ രോഷം പ്രകടപ്പിക്കാനുള്ള ഒരു 'പഞ്ച് ബാഗായി' പോലീസ് മാറിയിരിക്കുന്നു വെന്ന് ചിത്രം സമർത്ഥിക്കുന്നുണ്ട്.   എന്നാൽ പലപ്പോഴും പൊതുജനങ്ങളാൽ പരിഹസിക്കപ്പെടുകയും പഴിക്കപ്പെടുകയും ചെയ്യുന്ന പോലീസും രാഷ്ട്രീയക്കാരും ചിലനേരത്തെങ്കിലും നേരിൻ്റെയും ധാർമ്മികതയുടെയും ഭാഗത്താണെന്നും  കേരളം നൂറുശതമാനം സാക്ഷരത നേടിയതിൻ്റെ ഗുണമാണതെന്നും  പറയുന്നത് സിനിമയിൽ മാത്രമാണെന്ന് കരുതി ഒരുപക്ഷെ പ്രേക്ഷകർ ചിരിച്ചേയ്ക്കാം.

സിനിമയുടെ വിജയത്തിനു പിന്നിലെ ഓരോഘടകങ്ങൾക്കും കയ്യടി നല്കേണ്ടതുണ്ട്. ജാക്ക് ബിജോയിയുടെ പശ്ചാത്തല സംഗീതവും നിഷാദും റഫീക്കും ചേർന്നൊരുക്കിയ  എഡിറ്റിംഗും ഒന്നിനൊന്നു മികച്ചതു തന്നെ. ജാക്ക്സും ബിജോയിയും ചേർന്നാലപിച്ച ഗാനങ്ങളും ശ്രുതിമനോഹരംതന്നെ.

തരുൺമൂർത്തിയെന്ന സംവിധായകൻ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ ഒരുക്കിയ  ഈ ഫാമിലി എൻ്റർടെയ്‌നർ കാണുമ്പോൾ പ്രേക്ഷകർ ഞെട്ടിത്തരിക്കും.  പിണച്ചുകെട്ടിയും വളച്ചൊടിച്ചും മുറുക്കിയും നിവർത്തും തിരിച്ചും മറിച്ചും പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന, എന്നാൽ അങ്ങേയറ്റം  കാമ്പുള്ള ഒരു സമ്പൂർണ്ണ കുടുംബ ചിത്രം. മുപ്പത്തിയഞ്ചാം വർഷവും എം. രഞ്ജിത്ത് എന്ന നിർമ്മാതാവ് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ ചെയ്ത ചിത്രം  പ്രേക്ഷകരെ  രസിപ്പിക്കുകയും ഒരു സിനിമ എങ്ങനെയാവണമെന്ന് കാണിച്ചുതരികയും ചെയ്യുന്നു.

 ഋഷിരാജ് സിംഗ്‌ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.