PRAVASI

(പുസ്തക പരിചയം) സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ

Blog Image

ഈ അടുത്ത് ഇത്രയധികം ചർച്ച ചെയ്യപ്പെട്ട ഒരു പുസ്തകം മറ്റൊന്നുണ്ടാകില്ല. അതേ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ. -'Belonging - A journey of love .'  പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ ഇതിനെ കുറിച്ച് നടന്ന വിമർശനങ്ങളും സംഭവ ബഹുലമായ കുറ്റാരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും മറ്റും തന്നെയാണ് എങ്ങിനെ എങ്കിലും പെട്ടെന്ന് തന്നെ ഇത് വായിക്കണമെന്ന് പ്രേരിപ്പിച്ചത്.  തന്നെയല്ല, ഒരാഴ്ച കൊണ്ട്, രണ്ട് ലക്ഷത്തിൽ പരം കോപ്പികൾ വിറ്റ് പോയെന്നുള്ള ഖ്യാതിയും ഈ വായനക്ക് ആവേശം കൂട്ടിയെന്ന് തന്നെ പറയാം. പക്ഷെ, പുസ്തകം മേടിച്ച് വായിക്കുന്ന ഒരു പതിവില്ലാത്ത എനിക്ക് ഈ പുസ്തകം ഓൺലൈൻ ആയി വായിക്കാൻ സാധിച്ചത് 'Libby ' എന്ന ആപ്ലിക്കേഷൻ വഴിയാണ്. ലോകത്തിൽ എവിടെയുമുള്ള പ്രാദേശിക ലൈബ്രറികളെ ബന്ധിപ്പിക്കുന്ന ഈ ആപ്പ് വഴി അബു ദാബിയിലേ ' മക്തബ ' ലൈബ്രറിയിൽ നിന്ന് എനിക്ക്  ഇ ബുക്കായി  പുസ്തകം ലോൺ ചെയ്യാൻ സാധിച്ചു. 

ആദ്യമായി തന്നെ പറയട്ടെ, രാഷ്ട്രീയ പരമായ  വിലയിരുത്തലൊന്നും ഇതിലൂടെ ഞാൻ ആഗ്രഹിക്കുന്നില്ല. വ്യക്തി പരമായി പറഞ്ഞാൽ രാഷ്ട്ര പുരോഗതിയും സാധാരണ ജനങ്ങളുടെ സമാധാന പരമായ ജീവിതം സാധ്യമാക്കുന്നതും രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ബഹുസ്വരതയും കാത്തു സൂക്ഷിക്കുന്നതും  സത്യവും നീതിയും നിലനിർത്തുന്നതുമായ ഏത് പ്രത്യയ ശാസ്ത്രത്തെയും ബഹുമാനിക്കുന്ന ഒരു സാധാരണ സ്ത്രീയാണ് ഞാൻ. അതു കൊണ്ടു തന്നെ സോണിയ ഗാന്ധി എന്ന രാഷ്ട്രീയ നേതാവിനോട്  പ്രത്യേകമായ മമതയോ വെറുപ്പോ എനിക്കില്ല തന്നെ. 

രാഷ്ട്രീയ സമവാക്യങ്ങളോ പകപോക്കലോ ഒന്നുമല്ല ഈ പുസ്തകത്തിൽ എനിക്ക് കാണാൻ സാധിച്ചത് , ഒരു സ്ത്രീയുടെ പല ഭാവങ്ങൾ മാത്രമാണ്. അത്, മകളായി, സഹോദരിയായി, വിദ്യാർത്ഥിയായി, കാമുകിയായി, ഭാര്യയായി, മരുമകളായി, അമ്മയായി, സുഹൃത്തായി, രാഷ്ട്രീയ നേതാവായി അവർ നിറഞ്ഞാടിയ വേഷങ്ങളായിരുന്നു. ഭർത്താവിനും കുട്ടികൾക്കുമൊപ്പം സമാധാന പരമായ ജീവിതം ആഗ്രഹിച്ച  ഒരു സാധാരണ സ്ത്രീ. പക്ഷെ, അവർക്ക് വേണ്ടി വിധി കാത്തു വച്ചത് മറ്റൊന്നായിരുന്നു. സാധരണ ഒരു വ്യക്തിക്ക് നേരിടേണ്ടി വരുന്നതിലും പല മടങ്ങ് അധികമായി  പ്രതിസന്ധികളിലൂടെ കടന്നു പോയ ഒരു സ്ത്രീ. അതിൽ, സന്തോഷവും അതിൽ പരം വേദനകളും അവർക്ക് അനുഭവിക്കേണ്ടി വന്നു. മറ്റൊരു രാഷ്ട്രത്തിൽ നിന്ന് ഭാരതത്തിൻ്റെ മണ്ണിലേക്ക് മരുമകളായി വന്നു ചേർന്നവൾ. തൻ്റെ ഭർത്താവിനോടും മക്കളോടും ഭർതൃ മാതാവിനോടും കുടുംബത്തോടുമുള്ള സ്നേഹവും വിധേയത്വവും കടപ്പാടുമെല്ലാം  ഈ പുസ്തകത്തിൽ നമുക്ക് കാണാൻ കഴിയും. ആദ്യമായ് പിറന്ന കൺമണിയുടെ വിയോഗത്തിൽ അമ്മയുടെ വേദനയും അതോടൊപ്പം തന്നെ തേടി വന്ന പേരു ദോഷങ്ങളും.. സ്വന്തം സഹോദരനെ പോലെ കരുതിയിരുന്ന ഭർതൃ സഹോദരൻ്റെ അകാല വേർപാടും അതോടൊപ്പം  തനിക്കിഷ്ടമില്ലാത്ത രാഷ്ട്രീയ ജീവിതത്തിലേക്ക് ഭർത്താവിൻ്റെ രംഗ പ്രവേശവും..തെളിഞ്ഞും മറഞ്ഞും നേരിടേണ്ടി വന്ന കുറ്റപ്പെടുത്തലുകളും കൈ ചൂണ്ടലുകളും ഒരു വശത്ത്.. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ്, ചലനമറ്റ ഭർതൃ മാതാവിൻ്റെ നിണമണിഞ്ഞ ശരീരവുമായി, ആശുപത്രി വരാന്തയിൽ, തളർന്ന മനസ്സുമായി , വരാൻ പോകുന്ന വിപത്തുകളെ ഭീതിയോടെ  കാത്തു നിന്ന നിമിഷങ്ങൾ..ഭർത്താവിന് അപ്രതീക്ഷിതമായി ലഭിച്ച പ്രധാനമന്ത്രി എന്ന വലിയ ഉത്തരവാദിത്തം,  അതുമായി സമരസപ്പെടുവാനുള്ള അവരുടെ തത്രപ്പാടുകൾ.. എന്നും എന്തിനും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ഭർത്താവിൻ്റെ അതിദാരുണമായ വിയോഗം. കുടുംബത്തെ വേട്ടയാടുന്ന സുരക്ഷ പ്രശ്നങ്ങൾ കൊണ്ട് തൻ്റെ മക്കളുടെ  സുരക്ഷയെ ഓർത്തു ഭയന്നു ജീവിക്കുന്ന മാതാവ്. പൊതു വേദികളിൽ ഒന്നുരിയാടാൻ പോലും ഭയമുണ്ടായിരുന്ന ഒരുവളിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ  പാർട്ടി നേതൃത്വത്തിലേക്കുള്ള പരകായ പ്രവേശം. 


സോണിയ ഗാന്ധിക്ക്  വലിയ വ്യക്തിപ്രഭാവം ഉണ്ടെന്ന്  എനിക്ക്  മുമ്പ് ഒരിക്കലും തോന്നിയിരുന്നില്ല.  എങ്കിലും തികച്ചും വിദേശിയായി ജനിച്ചു വളർന്ന ഒരു സ്ത്രീ ഭാരതത്തിൻ്റെ പാരമ്പര്യ വസ്ത്ര ധാരണ രീതിയിൽ തൻറെ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട്. അഞ്ചര ആറു മീറ്റർ നീളമുള്ള സാരി വാരി ചുറ്റി നമ്മുടെ മഴയത്തും വെയിലത്തും നടക്കുന്നത് പുറമേ നിന്നു നോക്കുന്നവർക്ക് വളരെ എളുപ്പമായി തോന്നാം എങ്കിലും ഇത് ധരിച്ചു നടക്കുന്നത്  കുറച്ച്  ബുദ്ധിമുട്ടുള്ള ഒരു ടാസ്ക് തന്നെയാണ്. വസ്ത്ര ധാരണത്തിൽ മാത്രമല്ല ഇന്ത്യയുടെ  മൂല്യങ്ങളും  വിശ്വാസ സംഹിതകളും ഭാഷയും സംസ്കാരവവുമെല്ലാം  ജീവിതത്തിലേക്ക് പകർത്തിയതൊക്കെ ശ്ലാഘനീയമാണ്  . തൻ്റെ ഭർത്താവിൻ്റെ കുടുംബത്തെയും സ്വന്തമെന്ന് കണ്ട് സ്നേഹിച്ച ഒരു നല്ല മരുമകളെ നമുക്ക് പുസ്തകത്തിൽ കാണാം. കുടുംബ ബന്ധങ്ങൾക്ക് വലിയ വില കൽപ്പിക്കുന്ന ഒരു സ്ത്രീ. സ്വന്തം കുടുംബത്തിലെയും ഭർതൃ വീട്ടിലെയും വ്യക്തി ബന്ധങ്ങൾ എടുത്തു കാട്ടി വിവരിക്കുന്നതിൽ നിന്നുമത് കൃത്യമായി മനസ്സിലാക്കാം. അമ്മായി അമ്മയും മരുമകളുമായുള്ള ആഴമേറിയ ബന്ധവും സൗഹൃദങ്ങളും എടുത്തു പറയേണ്ടത് തന്നെ. മകൻ്റെ ദാരുണമായ വേർപാടിൽ മനം തകർന്ന അമ്മയുടെ ( ഇന്ദിരയുടെ) ചിത്രം  വേദന ജനകമായിരുന്നു. അത് മാത്രമല്ല  അമേരിക്കയുടെ ഏഴാം കപ്പൽ പടയെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും തുരത്തിയ, ആരെയും  കൂസാത്ത , രാജസ്ഥാൻ മരുഭൂമിയിൽ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയ ഭാരതത്തിൻ്റെ ഉരുക്ക് വനിതയുടെ ദുർബലമായ, മുറിവേറ്റ മറ്റൊരു മുഖം കൂടി ഈ വായന വെളിപ്പെടുത്തി തന്നു. 
  

പുസ്തകത്തിലൂടെ  കടന്നു പോകുമ്പോഴാണ്  ഒരു പാട് ഓർമകൾ മനസ്സിലേക്ക് ഓടിയെത്തിയത്. ശ്രീമതി ഇന്ദിരാഗാന്ധിയുടെ  മരണം , പ്രൈമറി സ്കൂളിൽ  പഠിക്കുമ്പോഴാണ് , രണ്ടാം ക്ലാസിൽ..ഉച്ച തിരിഞ്ഞ് ഗ്രൗണ്ടിൽ കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി  മണിയടിച്ചത്. പെട്ടെന്ന് തന്നെ വിളിച്ച് കൂട്ടിയ അസംബ്ലിയിൽ പ്രധാന അദ്ധ്യാപകനായിരുന്ന ജോൺ സാറിൻ്റെ ദുഃഖ ഭരിതമായ മുഖത്തോടെയുള്ള അറിയിപ്പ്  -നമ്മുടെ പ്രധാന മന്ത്രി വെടിയേറ്റ് മരിച്ചു..ഇനി ക്ലാസില്ല, എല്ലാവർക്കും വീട്ടിലേക്ക് മടങ്ങാമെന്ന്.. വീണ്ടും അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂൾ അവധിയാണെന്ന് കൂടി കേട്ടപ്പോൾ മനസ്സിൽ ലഡു പൊട്ടി. രണ്ടാം ക്ലാസുകാരിക്ക് എന്തറിയാം?  സ്കൂളിൽ പോകണ്ടല്ലോ.. അത്ര തന്നെ.. പിറ്റേന്ന് കാലത്തെ മനോരമ പത്രത്തിലെ "ഇന്ദിര വെടിയേറ്റ് മരിച്ചു" എന്ന തലക്കെട്ടും ഫോട്ടോയും അതിനടിയിൽ "രാജീവ്  പ്രധാനമന്ത്രി"  എന്ന വാർത്തയും ഇപ്പോഴും ഓർമയിലുണ്ട്. അതേ പത്രം കുറേ വർഷങ്ങളോളം ചേട്ടായി വീട്ടിൽ സൂക്ഷിച്ചു വച്ചിരുന്നു. പിന്നീട് , ചിതാഭസ്മം കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിൽ നിമജ്ജനം ചെയ്യാനായി പ്രത്യേക ട്രെയിനിൽ കൊണ്ടുപോയ കാഴ്ച  മാഞ്ഞൂർ മേൽപ്പാലത്തിൽ  നിന്നു നോക്കി കണ്ട കഥകൾ സഹപാഠികൾ പങ്കു വെച്ചതുമൊക്കെ അന്നത്തേതുപോലെ ഓർമയിൽ തെളിഞ്ഞു. "എൻ്റെ  ഓരോ തുള്ളി ചോരയും ഭാരതത്തിന് വേണ്ടി" എന്ന അടിക്കുറിപ്പോടെ കവലകളിൽ പിന്നീട് രൂപപ്പെട്ട ഇന്ദിര പ്രിയദർശിനി സ്മാരകങ്ങകളും..


രാജീവ് ഗാന്ധിയുടെ  അതിദാരുണമായ മരണ ദിനത്തിൻ്റെതായിരുന്നു മറ്റൊരോർമ. വേനലവധി ആയിരുന്നത് കൊണ്ട് അമ്മയോടും ചേച്ചിയോടുമൊപ്പം അമ്മ വീട്ടിലായിരുന്നു. തലേ ദിവസം വൈകുന്നേരത്തോടെ പിറ്റേന്ന് ഉച്ചക്ക്  തിരിച്ചു വരണമെന്ന് കരുതി പോയതാണ്. പിറ്റേന്ന് കാലത്ത് കുറുമുള്ളൂർ പള്ളിയിൽ  കുർബാനയുടെ ആരംഭത്തിൽ  അച്ചൻ വിളിച്ചു  പറയുമ്പോഴാണ്  രാജീവ് ഗാന്ധിയുടെ അന്ത്യ യാത്രാ വാർത്ത എൻ്റെ കാതുകൾ കേട്ടത്. പള്ളിയിൽ നിന്നും തിരികെ എത്തി അമ്മയുടെ ബന്ധു വീട്ടിലെ  ദൂരദർശൻ  വാർത്ത കണ്ടതും മനോരമ പത്രത്തിലെ "രാജീവ് കൊല്ലപ്പെട്ടു" എന്ന തലക്കെട്ടോടെ  അദ്ദേഹത്തിൻ്റെ ചിരിക്കുന്ന മുഖമുള്ള വലിയ ഫോട്ടോയും  മനസ്സിൽ കടന്നു വന്നു. അന്നത്തെ ദിവസം 'ബന്ദ്'  ആയതിനാലും പൊതു ഗതാഗതം സ്തംഭിച്ചതിനാലും  കുറുമുള്ളൂർ അമ്മ വീട്ടിൽ നിന്നും മാഞ്ഞൂരുള്ള ഞങ്ങളുടെ വീട്ടിലേക്ക് നടന്നു  വരേണ്ടി വന്നതും  തികഞ്ഞ കോൺഗ്രസ് അനുഭാവി ആയിരുന്ന എൻ്റെ അപ്പയുടെ  സങ്കടം നിറഞ്ഞ മുഖവും  മനസ്സിൽ ഇപ്പോഴുമുണ്ട്.  മൂന്നു ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റ അന്തിമ കർമങ്ങൾ വീർഭൂമിയിൽ നടക്കുന്നതിൻ്റെ തത്സമയ സംപ്രേഷണം അയൽപക്കത്തെ വീട്ടിലെ ടിവിയിലൂടെ കണ്ടതും ഓർമയിലുണ്ട്.  മലയാളിയുടെ നിഘണ്ടുവിൽ അത്ര പരിചയം ഇല്ലാതിരുന്ന suicide bomber എന്ന ആശയവും ശ്രീ പെരുമ്പത്തൂർ എന്ന സ്ഥലവും പിന്നീടങ്ങോട്ട് ചിരപരിചിതമായി മാറി. 


സ്നേഹത്തിൻ്റെയും  വേദനയുടെയും ത്യാഗത്തിൻ്റെയുമൊക്കെ ഒരുപിടി ഓർമകളാണ് ഈ പുസ്തകം നമുക്ക് മുന്നിൽ തുറന്നു വക്കുന്നത്. 
'ആത്മ ലയനത്തിൻ്റെ സ്‌നേഹയാത്ര' എന്ന പേരിൽ  Dr. KT ജലീൽ  ഈ പുസ്തകത്തിൻറെ ഒരു  അവലോകനം അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. വ്യത്യസ്തമായ രാഷ്ട്രീയ അഭിരുചികൾ ആണെങ്കിൽ കൂടിയും  പ്രത്യയ ശാസ്ത്രങ്ങൾ ക്കതീതമായി  വളരെ ഹൃദ്യമായ തലക്കെട്ടിൽ ഒരു വിശകലനം നടത്തിയത് അഭിനന്ദനാർഹമാണ്. ജനാധിപത്യത്തിൻ്റെ  മനോഹാരിതയും അത് തന്നെയാണല്ലോ.
 പുസ്തകത്തിൻ്റെ ആരംഭത്തിൽ സൂചിപ്പിച്ചിരിക്കുന്ന  ഋഗ്വേദ  സൂക്തം ഉദ്ധരിക്കുന്ന പോലെ നമുക്ക്" ഒരുമിച്ച് നടക്കാം, ഒരുമിച്ച് സംസാരിക്കാം, നമ്മുടെ മനസ്സും ചിന്തയും ഐക്യപ്പെടട്ടെ.. നമ്മുടെ  ലക്ഷ്യവും ഹൃദയവും ഒന്നായിരിക്കട്ടെ !!". 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.