"എന്‍റെ പേര് കെ.പി. യോഹന്നാന്‍ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് ആത്മീയ യാത്ര" 3 പതിറ്റാണ്ടിനപ്പുറം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളെ ഓരോ പ്രഭാതത്തിലും വിളിച്ചുണര്‍ത്തിയ ആ സുവിശേഷ നാദം നിലച്ചു. ബിഷപ്പ് ഡോ. കെ.പി. യോഹന്നാന്‍ വിടവാങ്ങി.
"എന്‍റെ പേര് കെ.പി. യോഹന്നാന്‍ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് ആത്മീയ യാത്ര" 3 പതിറ്റാണ്ടിനപ്പുറം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളെ ഓരോ പ്രഭാതത്തിലും വിളിച്ചുണര്‍ത്തിയ ആ സുവിശേഷ നാദം നിലച്ചു. ബിഷപ്പ് ഡോ. കെ.പി. യോഹന്നാന്‍ വിടവാങ്ങി.
അമേരിക്കയിലെ ഡാളസിലായിരുന്നു അന്ത്യം. മെയ് ഏഴിന് ചൊവ്വ രാവിലെ 6.45 ന് സഭാ ആസ്ഥാനത്തിന് വെളിയിലുള്ള റോഡില്‍ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു ഗുരുതരമായി പരിക്കേറ്റു. എയര്‍ ലിഫ്റ്റ് ചെയ്തു ഡാളസിലെ മെതെഡിസ്റ്റ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭൗതിക ശരീരം സഭാസ്ഥാനമായ തിരുവല്ലയില്‍ 19നു എത്തിച്ചു. സംസ്ക്കാരം 21 ന് ചൊവ്വാഴ്ച കുറ്റപ്പുഴ ബിലീവേഴ്സ് ചര്‍ച്ച് കത്തീഡ്രലില്‍ നടന്നു. ഏഴര പതിറ്റാണ്ടോളം നീണ്ട ജീവിത യാത്രയുടെ ഏറിയ പങ്കും ദൈവരാജ്യത്തിനായി ചെലവിട്ട് മടക്കം. ഒരുപക്ഷേ കേരളം കണ്ടതില്‍ വച്ച് ഏറ്റവും ക്രാന്തദര്‍ശിയായ, കര്‍മ്മോത്സാഹിയായ പ്രേഷിത പ്രവര്‍ത്തകന്‍ ആരെന്ന് ചോദിച്ചാല്‍ അത് ഡോ. കെ.പി. യോഹന്നാന്‍ ആണെന്ന് സമ്മതിക്കേണ്ടിവരും. സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും യേശുക്രിസ്തുവിനെ സമൂഹത്തിന് പരിചയപ്പെടുത്തുകയും വേദനിക്കുന്ന സമൂഹങ്ങളെ ചേര്‍ത്തുപിടിക്കുകയും ചെയ്ത കര്‍മ്മധീരനായ സുവിശേഷകനായിരുന്നു അദ്ദേഹം. തനി നാടന്‍ ഭാഷ ശൈലിയില്‍ പ്രയോഗിക ക്രിസ്തീയ ജീവിതത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ സന്ദേശങ്ങളേറെയും. ലളിതമായ ആ സുവിശേഷ സന്ദേശങ്ങള്‍ ആര്‍ക്കും മനസ്സിലാകുമായിരുന്നു. സുവിശേഷീകരണത്തില്‍ സൈക്കളും, മോട്ടോര്‍ സൈക്കളുകളും, വാനും, ബസും വരെ പല സഭകള്‍ക്കും സംഘടനകള്‍ക്കും നല്‍കി. ഞാന്‍ പെന്തെക്കോസ്തു യുവജന സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന നാളുകളില്‍ 1990-ല്‍ നടത്തിയ കേരള സുവിശേഷയാത്രയ്ക്കുവേണ്ടി തന്‍റെ വാനും ഡ്രൈവറേയും ഒരാഴ്ചത്തേക്ക് വിട്ടുനല്‍കിയത് നന്ദിയോടെ സ്മരിക്കുന്നു. തന്‍റെ ഒപ്പമുള്ളവരെ മാത്രമല്ല ത്യാഗസന്നദ്ധരായി കര്‍ത്തൃവേല ചെയ്യുന്ന ഇന്ത്യയൊട്ടാകെയുള്ള നൂറുകണക്കിന് സുവിശേഷകരേയും പാസ്റ്റര്‍മാരെയും അദ്ദേഹം സഹായിച്ചിരുന്നു. സുവിശേഷീകരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയൊട്ടാകെ അദ്ദേഹം തന്‍റെ സേവനവും സഹായവും എത്തിച്ചു.
പ്രകൃതിയേയും മരങ്ങളേയും സ്നേഹിച്ച വ്യക്തിയായിരുന്നു ബിഷപ്പ് കെ.പി. യോഹന്നാന്‍. സഭാ ആസ്ഥാനമായ കുറ്റപ്പുഴയിലെ സെമിനാരിയും കാമ്പസും ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലും കാണുമ്പോള്‍ ഇത് വ്യക്തമാണ്.
കുട്ടനാട്ടിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സുവിശേഷീകരണത്തിനുവേണ്ടി സമര്‍പ്പിച്ച ഡോ. കെ.പി.യുടെ ജീവിതം ഇന്നത്തെ ക്രിസ്തീയ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാണ്. ശുഭകരമായ ഒരു തുടക്കം, കര്‍മ്മ പാതയില്‍ അതിവേഗമുള്ള വളര്‍ച്ച, എങ്കിലും സുഗമമായിരുന്നില്ല അവസാന കാലഘട്ടത്തില്‍ ആ സുവിശേഷ യാത്ര. പെന്തെക്കോസ്തു ഉപദേശങ്ങളുടെ അടിത്തറയില്‍ തുടക്കം കുറിച്ച തന്‍റെ ആത്മീയ യാത്ര എപ്പിസ്കോപ്പാ സഭാ സംവിധാനത്തിലേക്ക് നീങ്ങുകയും ഹിസ്റ്റോറിക്കല്‍ ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസം സ്വീകരിക്കുകയും ചെയ്തത് കേരളത്തിലെ നവീകരണ സഭകള്‍ക്കോ പാരമ്പര്യ സഭകള്‍ക്കൊ ഉള്‍ക്കൊള്ളാനായില്ല. ഒരു കാര്യം സത്യമാണ് ഏഷ്യയിലെ സുവിശേഷ ദൗത്യത്തിനു അതുല്യ സംഭാവനകള്‍ നല്‍കിയ ഡോ. കെ.പി. യോഹന്നാന്‍ നമ്മോടു വിടപറയുമ്പോള്‍ തന്‍റെ ജീവിതം വരും തലമുറ സുവിശേഷ പ്രവര്‍ത്തകര്‍ പഠിക്കേണ്ട ഒരു തുറന്ന പാഠപുസ്തകമായി നിലകൊള്ളും.
ഡോ. ജോര്‍ജ് മാത്യു
ചീഫ് എഡിറ്റര്‍
ന്യൂലൈഫ് ഇവാഞ്ചല്‍