എഴുതി മടുക്കുമ്പോൾ ഫോണെടുത്ത് റീലുകൾ കാണുന്നത് ശീലമാണ്. വലിയ അന്താരാഷ്ട്ര കാര്യങ്ങൾ ഒന്നുമല്ല ചളികൾ ആണ് സ്ഥിരം കാണുന്നത്. (Brain ഒട്ടും ഉപയോഗിക്കേണ്ടാത്തത്). അങ്ങനെ കാണുന്നതിനിടയിൽ ഇപ്പോൾ തുടർച്ചയായി ഫീഡിൽ കയറി വരുന്നത് എമ്പുരാൻ മൂവിയുടെ പ്രോമോകളാണ്.
ഓരോ റീലുകളുടെയും താഴെ വരുന്ന കമെന്റുകളിൽ നിന്നാണല്ലോ പ്രസ്തുത സംഭവത്തിനെ കുറിച്ചുള്ള popular pulse മനസിലാവുന്നത്. Pulse അറിയൽ പണ്ടേ ഒരു വീക്നെസ്സ് ആയത് കൊണ്ട് റീൽ മുഴുവനും കണ്ടില്ലെങ്കിലും കമെന്റ്സ് വായിക്കും.
അങ്ങനെ വായിക്കുമ്പോൾ..എമ്പുരാന്റെ പ്രോമോ റീലുകളുടെ താഴെ മലയാളികൾ എഴുതി വച്ചിരിക്കുന്നതിൽ നിന്ന് ചില കാര്യങ്ങൾ എനിക്ക് കൃത്യമായി തെളിഞ്ഞു വന്നു.
മലയാളികൾക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള മനോഭാവം.
അതെന്താണ് എന്ന് വച്ചാൽ, ചറപറാ ഇംഗ്ലീഷ് സംസാരിക്കുന്നവനെ കണ്ടാൽ സ്വഭാവികമായി ആദ്യം ഒരു ശരാശരി മലയാളിക്ക് ഉള്ളിൽ ഉണ്ടാവുന്നത് ബഹുമാനമാണ്. “ജ്ജാതി പെടയാണല്ലോ ലവൻ” എന്ന് മനസ്സിൽ പറയുകയും അവിഞ്ഞ ഒരു വിധേയത്വം മുഖത്ത് പടരുകയും ചെയ്യും. തൊട്ടടുത്ത നിമിഷം മലയാളി ചുറ്റും നോക്കും. “ഔ.. ലവനെ എല്ലാവരും കൂടി പൊക്കി ദ് എങ്ങട്ടാ..”
അങ്ങനെ ആരേലും നമ്മുടെ ഇടയിൽ നിന്ന് വലുതാവാൻ പാടുണ്ടോ.. സമ്മയ്ക്കില്ലെടാ.. ഇംഗ്ലീഷ് എന്ന ബൂർഷ്വാസി ഭാഷ സംസാരിക്കുന്ന, ചില്ലുമേടയിലിരിക്കുന്ന, അടിസ്ഥാന വർഗ്ഗത്തിന്റെ ശരീര ഭാഷ പോലുമില്ലാത്ത, ലിവനൊക്കെ എന്ത്.. ലവന് മണ്ണിന്റെ മണമുണ്ടോ.. ഓല വീടിന്റെ കിരുകിരുപ്പ് അവൻ കേട്ടിട്ടുണ്ടോ.. പട്ടിണി ലവൻ അറിഞ്ഞിട്ടുണ്ടോ..
പിന്നെ പുച്ഛമായി.. തെറി വിളിയായി.. കൂട്ടം ചേർന്ന് കല്ലേറായി..
മുംബൈ യിൽ നടക്കുന്ന പരിപാടിയുടെ റീലിന് താഴെ പൃഥ്വി രാജിനോട് മലയാളികൾ :
“നിനക്കെന്താടാ മലയാളത്തിൽ പറഞ്ഞാ.. ഓ.. നീയങ്ങ് സായിപ്പിന് ഉണ്ടായതാണല്ലോ..”
പിന്നെ പൃഥ്വിയുടെ pedigree വലിച്ചു കീറി പരിശോധനയായി. മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ പൂമുഖത്ത് കസേരയിട്ടിരുത്താൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ അധികഠിനമായ പരിശ്രമങ്ങളെ നാല് ചുരുളി യിലൊതുക്കി മലയാളി ഉറങ്ങാൻ കിടന്നു.
മഞ്ജു വാര്യരോട്..
“ ഓ.. കിളവി പുട്ടിയിട്ട് വന്ന് കാണാപാഠം പഠിച്ചു വച്ചു പറയാ. അവൾടെ ഒരു മറ്റേടത്തെ ഇന്ഗ്രീസ്. “
തുടർന്ന് മഞ്ജു വിന്റെ DNA പരിശോധന, ജാതകം വായിക്കൽ.
ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിൽക്കുന്നത് പോലെയല്ല വീണിടത്ത് നിന്ന് എഴുന്നേറ്റ് നിൽക്കുന്നത് എന്ന് അങ്ങനെ എഴുന്നേറ്റ് നിൽക്കാൻ ഒരു ശ്രമം എങ്കിലും നടത്തിയവർക്കേ മനസിലാവൂ.
അവൾ കടന്ന് പോന്ന കനൽ വഴികളിൽ അപവാദങ്ങളുടെ അമേദ്യം വാരിയെറിഞ്ഞ് മലയാളി അവന്റെ സ്വന്തം കുടുംബത്തിൽ ഫെമിനിസം നടപ്പിലാക്കാൻ പോയി.
ഇത് എന്ത് തരം സൈക്കോളജിയാണ്..
മുംബയിൽ പോയി ഇവർ മലയാളം സംസാരിച്ചാൽ ആർക്കെങ്കിലും മനസിലാവുമോ എന്ന് അദ്‌ഭുതം കൂറി പോയി നോക്കിയ എല്ലാ റീലുകൾക്ക് താഴെയും ദിത് തന്നെ.
ഞാനൊരു കാര്യം ഓർത്തു.. KGF ന്റെ പ്രൊമോഷന് വേണ്ടി യാഷ് കൊച്ചിയിൽ വന്നതിന്റെ റീലുകൾക്ക് താഴെ ഒരു കന്നഡിഗനും “നിനക്കെന്താടാ കന്നഡയിൽ പറഞ്ഞാൽ..” എന്ന് പറഞ്ഞത് ഞാൻ കണ്ടില്ല. മറിച്ച് ഞങ്ങളുടെ നാട്ടുകാരൻ പയ്യൻ ഇതാ മലയാളവും തമിഴും ഹിന്ദിയും കീഴടക്കുന്നു എന്ന അഭിമാനമായിരുന്നു അവർക്ക്. അങ്ങനെ പല അന്യഭാഷാനടികരുടെയും കാര്യങ്ങൾ ഓർമ്മ വന്നു.
നമുക്ക് മാത്രേ നമ്മളുടെ ഇംഗ്ലീഷ് ഉപയോഗത്തോട് ഈ ഇരട്ട താപ്പ് ഉള്ളൂ. കഴിഞ്ഞ രണ്ട് വർഷമായി എന്റെ അനുഭവമാണ്.. എന്റെ മേഖലയിൽ.
ഇംഗ്ലീഷ് ൽ എഴുതപ്പെടുന്ന പുസ്തകങ്ങൾക്ക് മൊത്തത്തിൽ ഇന്ത്യയിൽ നോക്കിയാൽ മലയാളി/ തമിഴ് വായനക്കാർ കുറവാണ്. (പുതിയ generation നെ മാറ്റി നിർത്തിയാൽ).
പുറം സംസ്ഥാനങ്ങളിൽ പുസ്തകമേളകൾ നടക്കുമ്പോൾ ഇന്ത്യക്കാർ എഴുതിയ ഇംഗ്ലീഷ് പുസ്തകങ്ങൾ പ്രാദേശിക ഭാഷാ പുസ്തകങ്ങൾക്കൊപ്പം തന്നെ വിറ്റു പോകുന്നത് കാണാം. Oxford ലോ Cambridge ലോ പഠിച്ചവരല്ല വാങ്ങാൻ വരുന്നവരിൽ പലരും. അവരോട് സംസാരിക്കുമ്പോൾ മനസിലാവാറുണ്ട്… ഭാഷ ഏറ്റവും നന്നായി ഉപയോഗിക്കാനുള്ള ഒരു means ആയിക്കൂടിയാണ് അവർ ഇംഗ്ലീഷ് പുസ്തകങ്ങൾ വാങ്ങുന്നതെന്ന്.
അന്നേരം മലയാളിയും തമിഴനും ചോദിക്കും.. ഈ പുസ്തകത്തിന്റെ മലയാളം/ തമിഴ് വിവർത്തനം ഇറങ്ങുമോ.
അങ്ങനെ നമ്മൾ അകറ്റി നട്ട ഇംഗ്ലീഷ് മരങ്ങൾ നമ്മൾ കാണാതെ ലോകം മുഴുവനും വേരുകളാൽ കൂട്ടിപ്പിടിക്കുമ്പോൾ നമുക്ക് നമ്മുടെ പക്കാ ലോക്കൽ ഭാഷയിൽ അവരെ നോക്കി ദിങ്ങനെ കുരച്ചു കൊണ്ടിരിക്കാം:
“നിനക്കെന്താടാ മലയാളം പറയാൻ ഒരു കൊറച്ചില്..ഓ.. നീയൊക്കെ നാല് ഇംഗ്ലീഷ് പഠിച്ചപ്പ മലയാളം എഴുതാനൊക്കെ മറന്നു.. അവൾടൊരു മറ്റേടത്തെ ഇംഗിരീസ്.. "

ശ്രീജാ രാമൻ

