PRAVASI

പുസ്തക പരിചയം-ജോൺ ഇളമത എഴുതിയ ചരിത്ര നോവൽ " സൂഫികളും സുൽത്താന്മാരും".

Blog Image

ശ്രീ ജോൺ ഇളമത പത്തനംതിട്ട  ജില്ലയിലെ കടപ്ര മാന്നാറിൽ നിന്ന്, 1973ൽ  ജർമ്മനിയിലേക്ക് കുടിയേറി. 1984 മുതൽ അദ്ദേഹം ക്യാനഡയിൽ അധിവസിക്കുകയാണ്. ഇതിനകം അദ്ദേഹം ശ്രദ്ധേയങ്ങളായ അനേകം മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻറെ സാഹിത്യ ഭാഷ രചനകൾ അനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജോൺ ഇളമത എഴുതിയ ഏറ്റവും പുതിയ ചരിത്ര നോവൽ " സൂഫികളും സുൽത്താന്മാരും" ഇതിനകം അനേകം വായനക്കാരുടെയും അനുവാചകരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ജോൺ ഇളമത തന്നെ എഴുതിയ മാർക്കോപോളോ എന്ന ചരിത്ര സഞ്ചാര നോവൽ വായനക്കാരെ ഇതിനുമുൻപ് ഹഠാദാകർഷിച്ചിരുന്നു. ഏതാണ്ട് അതേ ചുവടു പിടിച്ചു തന്നെയാണ് വളരെ ലളിതമായ ശൈലിയിൽ ഇബ്‌നു  ബത്തൂത്തയുടെ യാത്രക്കുറുപ്പുകളെ ആധാരമാക്കി സൂഫികളും സുൽത്താൻമാരും എന്ന പേരിൽ ഈ ചരിത്ര സഞ്ചാര നോവൽ രചിച്ചിരിക്കുന്നത്.

പക്ഷേ മാർക്കോപോളോക്ക് ശേഷം ഏതാണ്ട് അമ്പതിൽപരം വർഷങ്ങൾ കഴിഞ്ഞാണ് ഇബ്‌നു ബത്തൂത്ത  യാത്ര ആരംഭിക്കുന്നത്. മാർക്കോപോളോ 15000 മൈൽ  സഞ്ചരിച്ചുവെങ്കിൽ  അതിൻറെ 5 ഇരട്ടി ഏതാണ്ട് 75000 മൈൽ  ഇബ്‌നു ബത്തൂത്ത സഞ്ചരിച്ചു. 1325 മുതൽ 1354 വരെ 29 വർഷക്കാലം ഭൂമി പരന്നതെന്നും ജെറുസലം ഭൂമിയുടെ മധ്യഭാഗത്താണെന്നും കരുതിയിരുന്ന മധ്യകാലഘട്ടത്തിലെ യാത്ര അതീവ ഗുരുതരവും ദുർഘടം പിടിച്ചതും ആയിരുന്നു. അങ്ങനെയൊരു അനച്ഛിതത്വവും ആപൽകരവുമായ കാലഘട്ടത്തിൽ ജീവൻ പണയം വെച്ച് ഭൂമിയുടെ മറുപുറം തേടിയുള്ള യാത്രക്കു ഒരു തിരിച്ചുവരവ് നിശ്ചയം ഉണ്ടായിരുന്നില്ല.

വെനീസുകാരനായ മാർക്കോപോളോ മുഖ്യമായി വ്യാപാരത്തിനു വേണ്ടിയാണ് സഞ്ചാരങ്ങൾ നടത്തി ചൈനയിൽ എത്തിയത്. എന്നാൽ മൊറോക്കോകാരൻ ഇബ്‌നു ബത്തൂത്ത സൂഫികളെയും സുൽത്താന്മാരെയും തേടിയും ഇസ്ലാം സംസ്കാരം കൂടുതലായി പഠിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടിയാണ് ദീർഘ യാത്രക്കു  പുറപ്പെട്ടത്. മൊറോക്കോയിൽ അദ്ദേഹം ഒരു ഇസ്ലാം മതപണ്ഡിതനും, ഇസ്ലാം ജഡ്‌ജി  കൂടെ ആയിരുന്നു. ആ നിലയിൽ ഇസ്ലാമിക് ലോകരാജ്യങ്ങളിൽ അദ്ദേഹം കൂടുതൽ സ്വീകാര്യനായിരുന്നു. ഇന്നത്തേത് പോലെ യാതൊരു തരത്തിലുള്ള വാർത്താ സാങ്കേതിക മികവുകൾ ഇല്ലാതിരുന്ന ആ കാലഘട്ടത്തിലെ ജീവിതങ്ങളും, അനുഭവ കഥകളും, യാത്രകളും, അധികവും ഭാവനകളിൽ നിന്ന് മിനഞ്ഞെടുത്തു  കൂട്ടിച്ചേർത്തവയാണ്. അത് ഇക്കാലത്തെ ഏതൊരു എഴുത്തുകാരൻ ആണെങ്കിലും അത് അങ്ങനെ തന്നെ മാത്രമേ സാധിക്കുകയുള്ളൂ. എങ്കിലും ഒരു ചരിത്രാന്വേഷി എന്ന നിലയിൽ ശ്രീ ജോൺ ഇളമത ആകാവുന്നത്ര റിസർച്ചും  നിരീക്ഷണങ്ങളും നടത്തിത്തന്നെ, ഈ ചരിത്ര നോവൽ പൂർത്തിയാക്കിയിരിക്കുന്നു. 

അതിസാഹസികമായ ഈ യാത്രക്കുശേഷം ഒരു മടങ്ങിവരവ് ഉണ്ടാകില്ല എന്ന് തന്നെ ഇബ്‌നു ബത്തൂത്തയുടെ  മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും പൂർണ്ണമായി വിശ്വസിച്ചിരുന്നതിനാൽ അവർ കണ്ണുനീരോടെയാണ്     ബത്തൂത്തയെ യാത്രയാക്കിയത്. അറ്റ്ലാൻഡിക് കടൽ, മെഡിറ്ററേനിയൻ കടൽ, ജിബ്രാൾട്ടർ കടലിടുക്ക്, പസഫിക് സമുദ്രം, ഇന്ത്യ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, ഇതെല്ലാം ഓരോ യാത്രയ്ക്കിടയിൽ സമയോചിതമായി കടക്കേ  തായിട്ടുണ്ടായിരുന്നു. അന്നു ഉള്ളത് പായ്ക്കപ്പലുകൾ മാത്രം. അത് മുങ്ങിപ്പോകുവാനും ദിശ മാറി സഞ്ചരിക്കുവാനും സാധ്യതകൾ ഏറെയാണു  താനും. കൊടുങ്കാറ്റ്, കൊടുമുടി ഉയരത്തിൽ അലയടിക്കുന്ന തിരമാലകൾ. കടലിലെ ഹിംസ്രജന്തുക്കൾ. കരയിൽ ആണെങ്കിൽ പലയിടങ്ങളിലും നരഭോജികൾ ആയ മനുഷ്യർ, ആന സിംഹം കടുവ പുലി പെരുമ്പാമ്പുകൾ അതീവ വിഷം വമിക്കുന്ന നിരവധി ഇഴജന്തുക്കൾ. മരം കോച്ചുന്ന  ശീതക്കാറ്റുകൾ പലയിടത്തും, കാലത്തിനും സമയത്തിനും അനുസരിച്ച് ചിലയിടങ്ങളിൽ ഊഷരമായ പൊള്ളുന്ന തൊലി ഉരിയുന്ന കഠിനമായ ചൂട് കാറ്റ്. ഇത്തരം സാഹചര്യങ്ങളെല്ലാം അതിജീവിച്ച് വേണം ഇത്തരം സഞ്ചാരികൾ യാത്ര പൂർത്തീകരിക്കാൻ. യാത്രക്കു  പുറപ്പെടുന്നവരിൽ അവസാനം നൂറിൽ ഒരാൾ മാത്രമേ സാധാരണയായി രക്ഷപ്പെട്ട് തിരിച്ചെത്താറുള്ളൂ എന്നാണ് പറയപ്പെടുന്നത്. ഇബ്‌നു ബത്തൂത്ത  അത്തരത്തിൽ വിജയകരമായി യാത്ര പൂർത്തിയാക്കിയ ഒരു വ്യക്തി എന്നുള്ള നിലയിൽതന്നെ ശുഭ പര്യവസായി ആയിട്ട് തന്നെ നോവൽ സമാപിക്കുന്നു. 

ഈ സാഹസിക യാത്രക്കാരൻ നേരിടേണ്ടി വന്ന നിരവധി യാത്രാ ജീവിത സംഘർഷങ്ങളെ, അതുപോലെ വളരെ സുഖമുള്ള അനുഭവങ്ങളെ വളരെ വ്യക്തമായി, ഇവിടെ അദ്ദേഹം ചിത്രീകരിക്കുന്നു. വളരെയധികം യാഥാർത്ഥ്യ ബോധത്തോടെ നടത്തിയ ഈ രചനയുടെ സംഭവപരമ്പരകൾ വളരെയധികം ആകാംക്ഷ ജനകങ്ങളാണ്. ഇവിടെ കഥയോടും കഥാപാത്രങ്ങളോടും ഒപ്പം മനസ്സിരുത്തി വായിക്കുന്ന വായനക്കാരൻ സഞ്ചരിക്കുകയാണ്.  അന്യോന്യം മനസ്സിലാകാത്ത വൈവിധ്യമേറിയ ഭാഷകൾ സംസാരിക്കുന്ന മനുഷ്യരെയും അവിടത്തെ ഒക്കെ ഭരണകർത്താക്കന്മാരായ സുൽത്താന്മാരുടെയും, മഹാരാജാക്കന്മാരുടെയും, സാധാരണക്കാരായ പ്രജകളുടെയും  സുഖ ദുഃഖങ്ങളും വ്യഥകളും സത്യസന്ധമായി ഈ നോവലിൽ ഉടനീളം മിഴിവോടെ പ്രതിഫലിക്കുന്നു. ആ കാലഘട്ടത്തിൽ അവിടെയുള്ള ജീവിതങ്ങളുടെ അരക്ഷിതാവസ്ഥ. നീതി നിഷേധങ്ങൾ എല്ലാം നോവലിസ്റ്റ് വരച്ചു കാട്ടുന്നു. ഇതിലെ ഗ്രാമീണ ഭാഷകളും വിവരണങ്ങളും ശൈലികളും ഈ കൃതിയെ അത്യധികം ആകർഷകമാക്കുന്നു.

എത്ര കാലം എടുത്താലും വിവിധ മുസ്ലിം പ്രദേശങ്ങളും , അതുപോലെ അറബ് രാജ്യങ്ങളും, ഇന്ത്യയും ചൈനയും, സന്ദർശിക്കണം. ഏറ്റവും മുഖ്യമായി ഹജ്ജിന് വിശുദ്ധ മെക്കയിൽ എത്തി പ്രാർത്ഥിച്ചു പുണ്യം നേടി സ്വന്തം രാജ്യമായ മൊറോക്കോയിൽ തിരിച്ചെത്തണം എന്നതായിരുന്നു സാഹസിക യാത്രികനായ ഇബ്‌നു ബത്തൂത്തയുടെ ഉദ്ദേശവും ലക്ഷ്യവും. ലിബിയ, സുഡാൻ, ട്രിപ്പോളി, അൽജീരിയ, ഈജിപ്ത്, ഇറാൻ, ഇറാഖ്, ടർക്കി, ജോർദാൻ, എത്തിയോപിയാ, സോമാലിയ, അഫ്‍ഗാനിസ്ഥാൻ, മാലിദ്വീപ്, ഇന്ത്യ, ചൈന തുടങ്ങിയ ഇടങ്ങളിലാണ് മുഖ്യമായി സന്ദർശിച്ചത്. ഇവിടങ്ങളിൽ എല്ലാം തന്നെ അക്കാലത്ത് കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ സുൽത്താന്മാരോ രാജാക്കന്മാരോ ആണ് നാടുവാണിരുന്നത്. അവരുടെ രാജ്യത്തെ ജനങ്ങളെ മിക്കവാറും എല്ലാ തരത്തിലും അടിച്ചമർത്തി, അവരിൽനിന്ന് അധിക നികുതി പിരിച്ചാണ് ഇവരെല്ലാം തന്നിഷ്ടം മാതിരി ആർഭാട ജീവിതം നയിച്ചിരുന്നത്. നികുതി ദായകരായ പൊതുജനങ്ങളിൽ അധികപക്ഷവും  മുഴു പട്ടിണിയിലും ദാരിദ്ര്യത്തിലും ചത്തൊടുങ്ങുമ്പോൾ, ചിലർ മണ്ണും പുല്ലും, ഗതിയില്ലാതെ തിന്നുമ്പോൾ വെള്ളത്തിന് പകരം സ്വന്തം മൂത്രം പോലും മുള്ളികുടിച്ചു കൊണ്ടിരുന്നപ്പോൾ പിശാചിൻറെ സ്വഭാവമുള്ള ഈ ഭരണകർത്താക്കൾ തിന്നുകൊഴുത്ത് മദ്യത്തിലും മദിരാക്ഷിയിലും തിമിർത്താടി ജീവിച്ചു. ഇവരിൽ മിക്കവർക്കും നൂറുകണക്കിന് ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായിരുന്നു. വെപ്പാട്ടിമാരും ഭാര്യമാരും ഗർഭിണികൾ ആവുകയും, പ്രസവത്തിനു പോവുകയും ചെയ്യുമ്പോൾ ആസ്ഥാനത്ത് പുതിയ പുതിയ ഭാര്യമാരും വെപ്പാട്ടികളും രാജാക്കന്മാരും സുൽത്താൻമാരും സ്വന്തമാക്കിയിരുന്നു. തിരുവായക്ക് ആരെങ്കിലും എതിർ നിൽക്കുന്നു എന്ന് കണ്ടാൽ അവരെ നിഷ്ടൂരമായി ശിക്ഷിച്ചിരുന്നു. അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുക, കൈകാലുകൾ വെട്ടുക, ഹിംസറ മൃഗങ്ങളെ കൊണ്ട് വേട്ടയാടിക്കുക. ജനമധ്യത്തിൽ കൊന്നു  കെട്ടി തൂക്കുക, അവരെ ജീവനോടെ തൊലി 
ഉരിയുക, ജീവനോടെ കുന്തമുനയിൽ പട്ടണത്തിൽ പ്രദർശിപ്പിക്കുക  തുടങ്ങിയ കിരാതമായ ശിക്ഷകളാണ് കൊടുത്തിരുന്നത്. സുൽത്താൻമാർക്കോ, രാജാക്കന്മാർക്കോ  ഏതു പ്രജകളുടെ സുന്ദരിമാരായ ഭാര്യമാരെയോ, പ്രായമാകാത്ത പെൺകുട്ടികളെ പോലും ബലമായി പിടിച്ചു കൊണ്ട് കൊട്ടാരത്തിൽ കൊണ്ടുവന്നു  ബലാൽകാരം   ചെയ്യാനുള്ള അവകാശമുണ്ടായിരുന്നു. അതിനെ എതിർക്കുന്ന ഏതൊരാളെയും പലതരത്തിലുള്ള കിരാത ശിക്ഷകൾ നൽകി കാലപൂരിക്ക് അയക്കുക പതിവായിരുന്നു. സുഖലോലുപതയിൽ മുങ്ങി കുളിച്ചു ഇവർ ജീവിതം മുന്തിരി ചാറ് മാതിരി ആസ്വദിച്ചിരുന്നു. കൊട്ടാര നർത്തകിമാർ അവരുടെ മുമ്പിൽ വിവസ്ത്രയായി ആവശ്യപ്പെടുമ്പോൾ എല്ലാം സ്തനങ്ങളും  ജഘ്നങ്ങളും കുലുക്കി മാദക  നൃത്തം ആടണമായിരുന്നു.

അഫ്ഗാനിസ്ഥാനിലും, ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലെ മലബാറിലും ഈ യാത്രികൻ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെയും നാട്ടു  രാജാക്കന്മാരും സുൽത്താന്മാരും ഭരണകർത്താക്കളും ബത്തൂയെ രാജകീയമായി തന്നെ സ്വീകരിച്ചു. അവിടങ്ങളിലെ ഭരണങ്ങളും ഒട്ടുംതന്നെ മെച്ചമായിരുന്നില്ല. ഇവിടെയും സുൽത്താന്മാരും രാജാക്കന്മാരും സ്വന്തം പ്രജകളെ പരമാവധി ദ്രോഹിച്ചിരുന്നു ചൂഷണം ചെയ്തിരുന്നു. ഇന്ത്യയിലെ നാട്ടു  രാജാക്കന്മാരും സുൽത്താന്മാരും ഭരണകർത്താക്കളും സുഖലോലുപതയിൽ തന്നെ ജീവിച്ചിരുന്നു. അനാചാരങ്ങളും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭരണകർത്താക്കളുടെ ഇടയിലും ജനങ്ങളുടെ ഇടയിലും ഉണ്ടായിരുന്നു. രജപുത്ര രാജാക്കന്മാരും, മുഹമ്മദ് ബിൻ തുഗ്ലക്കുകളും ഇന്ത്യയെ ഭരിച്ചു നശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. മധ്യപൂർവ്വ ഏഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരുപറ്റം ജനത പെറ്റുപെരുകി പിൽക്കാലത്ത് അവർ  ഹിന്ദുക്കൾ എന്ന് അറിയപ്പെട്ടു. അവർ ഇന്ത്യയിലെ ആദിവാസികളെ താഴ്ന്ന ജാതിക്കാർ  ആക്കി ഏറ്റവും താഴെത്തട്ടിൽ ഒതുക്കി നിർത്തി. ശരിക്കും ഇന്ത്യ മഹാരാജ്യത്തിന്റെ ഏറ്റവും വലിയ അവകാശികൾ ആ പാവപ്പെട്ട ആദിവാസികൾ തന്നെയാണെന്ന് ഇബ്‌നു ബത്തൂത്ത  രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ വിവിധ നാട്ടുരാജാക്കന്മാരിൽ നിന്ന് ഈ സഞ്ചാരി ധാരാളം വിലപിടിപ്പുള്ള സമ്മാനങ്ങളും നേടുകയുണ്ടായി. മലബാറിൽ എത്തിയപ്പോൾ ഭരണകർത്താവ് സാമൂതിരി ചുക്ക് കുരുമുളക് അടയ്ക്ക, തുടങ്ങിയ അനവധി സുഗന്ധദ്രവ്യങ്ങളാണ് സഞ്ചാരിക്ക് സമ്മാനമായി നൽകിയത്.

സർവ്വാധികാരികളായ പല സുൽത്താന്മാരും വിദേശത്തുനിന്ന് എത്തിയ പണ്ഡിതനായ സഞ്ചാരി ഇബ്‌നു ബത്തൂത്തയെ വളരെ രാജകീയമായി തന്നെ അവരുടെ കൊട്ടാരത്തിൽ സ്വീകരിച്ചതായി അദ്ദേഹം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. പല സുൽത്താന്മാരും ധാരാളം അടിമകളെയും, സുന്ദരിമാരായ, സ്ത്രീ രത്നങ്ങളെയും അദ്ദേഹത്തിന് ദാനമായി കൊടുത്തിരുന്നു. അക്കാലത്തെ നാട്ടുമുറയും രീതിയും അനുസരിച്ച് ഇബ്‌നു ബത്തൂത്തയും ആ സൗകര്യങ്ങളെല്ലാം വളരെ നന്നായിട്ട് തന്നെ ആസ്വദിച്ചു വന്നു. കിട്ടിയ പെണ്മണികളെ ഭോഗിച്ചു. ചിലരെല്ലാം ഗർഭിണികൾ പോലും ആയി. അവരിൽ ചിലരെ യാത്രയ്ക്കിടയിൽ ഉപേക്ഷിച്ചു പോകാൻ അദ്ദേഹത്തിനു  മടിയുണ്ടായിരുന്നു. ചിലരെയൊക്കെ ചില യാത്രകളിൽ കൂടെ കൂട്ടിയെങ്കിലും അവസാനം വരെ ആരെയും മടക്കയാത്രയിൽ കൊണ്ടുവന്നില്ല. എല്ലാവരെയും ഉപേക്ഷിക്കേണ്ടിവന്നു. ഇതിനെല്ലാം ഉപരി ധാരാളം സ്വർണ്ണ വെള്ളി നാണയങ്ങളും രത്നങ്ങളും പാരിതോഷികങ്ങളും അടിമ തൊഴിലാളികളും, കഴുതകളും, കുതിരകളും ഒക്കെ സമ്മാനമായി രാജാക്കന്മാരും സുൽത്താന്മാരും അദ്ദേഹത്തിന് നൽകിയിരുന്നു. എന്നാൽ നീണ്ട യാത്രയ്ക്കുള്ളിൽ അതിൽ പലതും കൊള്ളക്കാർ കൊള്ളയടിച്ചു കൊണ്ടുപോയി.  പല അവസരത്തിലും ജീവൻ തന്നെ തിരിച്ചു കിട്ടിയത് ഒരു അനുഗ്രഹമായി അദ്ദേഹം കരുതി.  

ഒരു അവസരത്തിൽ നരഭോജികളായ കൊടുംക്രൂര കൊള്ളസംഘത്തിന്റെ പിടിയിൽ പെട്ടതാണ്. അവർ കൊടുവാളും കത്തിയുമായി തന്നെ വെട്ടിനുറുക്കി മാംസ കഷ്ണങ്ങളാക്കി മുളകുപൊടി തേച്ചു  എണ്ണയിലിട്ട് വറുത്തു  തിന്നാൻ പ്ലാനിട്ടു എന്നറിഞ്ഞപ്പോൾ അവരിൽ നിന്ന് വളരെ തന്ത്രപരമായി മിനിറ്റുകൾക്കുള്ളിൽ അല്ലാഹുവിൻറെ സഹായത്താൽ മാത്രമാണ് രക്ഷപ്പെട്ടത് എന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. അതുപോലെ ഓരോ സാഹചര്യത്തിലും, മനുഷ്യസഹജമായ ദുർബലതകൾക്കു അടിമപ്പെട്ടു യാത്രയ്ക്കിടയിൽ ചെയ്തുപോയ തെറ്റുകൾക്കും പാപങ്ങൾക്കും ഹൃദയമുരുകിയുള്ള അനുതാപത്തോടെ അല്ലാഹുവിനോട് മാപ്പപേക്ഷിച്ചു. ഇബ്‌നു ബത്തൂത്തയുടെ ഉലകം ചുറ്റിയുള്ള യാത്രയുടെ ഏറ്റവും വലിയ ലക്ഷ്യവും മുഹൂർത്തവും മെക്കയിലെത്തി, ഹജ്ജിൽ സംബന്ധിച്ചു  അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നതായിരുന്നു. അതും സഫലമായി. സ്വദേശമായ മൊറോക്കോയിലേക്കുള്ള മടക്കയാത്രയും അതീവ ദുർഘടവും സാഹസികവും ആയിരുന്നു. സ്വദേശത്ത് മടങ്ങിയെത്തിയ ആ അതിസാഹസിക ലോകയാത്രികനെ വീട്ടുകാരും സ്വന്തക്കാരും അല്ലാഹു അക്ബർ എന്ന പ്രാർത്ഥന മുറവിളികളോടെ സ്വീകരിച്ചു.

കുടുംബത്തിൻറെ അഭീഷ്ടമനുസരിച്ച് അനുയോജ്യയായ ഒരു പെൺകുട്ടിയെ നിക്കാഹ് കഴിച്ച് സ്വസ്ഥം ഗ്രഹ ജീവിതം ആരംഭിച്ചു. അന്നത്തെ, മൊറോക്കോ ഭരണകർത്താവ് സുൽത്താൻ ആവശ്യപ്പെട്ടതനുസരിച്ച് ഈ ലോകയാത്രികൻ ഇബ്‌നു ബത്തൂത്ത സ്വന്തം ലോക യാത്ര കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിച്ചു.

ഹൃദയസ്പർശിയായ, ഈ ചരിത്ര നോവലിനും നോവലിസ്റ്റിനും ഭാവുകങ്ങൾ. കൈരളി ബുക്സ് കണ്ണൂർ  ആണ് ഈ പുസ്തകത്തിൻറെ പ്രസാധകർ.                                                                                      അവരെ ബന്ധപ്പെടേണ്ട നാട്ടിലെ ഫോൺ നമ്പർ: 0497-2761200. Amazon.in യിലും പുസ്തകം ലഭ്യമാണ്.

പുസ്തക രചയിതാവ് ജോൺ ഇളമത  ഈ പുസ്തകത്തെ പറ്റി സംസാരിക്കുന്ന വീഡിയോ ലിങ്ക് താഴെ ചേർക്കുന്നു.
https://www.youtube.com/watch?v=BanYII-5Q30

  എ.സി.ജോർജ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.