PRAVASI

മണ്ണാങ്കട്ടയും! കരിയിലയും!

Blog Image

ഒരിക്കൽ ഇവർ രണ്ടുപേരും എവിടെയോ കണ്ടുമുട്ടി ഉറ്റ സുഹൃത്തുക്കളായി മാറി.  അങ്ങനെയിരിക്കെ അവരിൽ ഒരുവനായ മണ്ണാങ്കട്ടയുടെ മനസ്സിൽ  ഒരാശയം ഉദിച്ചു ചരിത്ര പ്രസിദ്ധമായ കാശിക്ക് പോകണം അവിടൊന്ന് ചുറ്റിക്കറങ്ങണം.  പക്ഷേ ഒറ്റയ്ക്ക് പോകാൻ ഒരു മടി കാര്യം കൂട്ടുകാരനോട് അവതരിപ്പിച്ചു.  കരിയിലക്ക് കേട്ടപ്പോൾ വളരെ സന്തോഷം എത്ര നാളായി മനസ്സിൽ ഈ ആഗ്രഹം കൊണ്ട് നടക്കുന്നു.  കാശിക്ക് പോകണം, കാശിക്ക് പോകണം.  അങ്ങനെ ഒരു ദിവസം അവർ ഇരുവരും യാത്ര ആരംഭിച്ചു.  ദീർഘമായ യാത്രയിൽ അൽപദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ ഇതാ വരുന്നു പെട്ടന്നൊരു കാറ്റ്.  കാറ്റിന് വേഗത കൂടുവാൻ തുടങ്ങിയപ്പോൾ കരിയില പിടിച്ചു നിൽക്കുവാൻ കഴിയാത്തവണ്ണം വിഷമിച്ചു.  കരിയില പതറിയപ്പോൾ പെട്ടെന്ന് മണ്ണാങ്കട്ട പറഞ്ഞു സാരമില്ല ഞാൻ സഹായിക്കാം.  ഇങ്ങനെ പറഞ്ഞുകൊണ്ട് കരിയിലയുടെ മുകളിൽ കയറി നിന്നുകൊണ്ട് മണ്ണാങ്കട്ട കാറ്റിനെ തടുത്തു.  അല്പം കഴിഞ്ഞപ്പോൾ  കാറ്റടങ്ങി ഇരുവരും സന്തോഷത്തോടെ വീണ്ടും പൊട്ടി ചിരിച്ചും കളിച്ചും പറഞ്ഞും യാത്ര തുടർന്നു.  അപ്പോഴിതാ പൊടുന്നന്നെ  ആകാശം  കറുത്തിരുണ്ടു മഴയും തുടങ്ങി.  ആദ്യം സാരമില്ലെന്ന് കരുതിയെങ്കിലും മഴ ശക്തമാകുവാൻ തുടങ്ങി.  മണ്ണാങ്കട്ട ആകപ്പാടെ ബേജാറായി.   ഉടനെ കരിയില പറഞ്ഞു ഈ മഴ സാരമില്ല ഞാൻ സഹായിക്കാമല്ലോ.  അങ്ങനെ കരിയില മണ്ണാങ്കട്ടയുടെ പുറത്ത് കയറി ഒരു കുടയായി നിന്നുകൊണ്ട് മഴയിയിൽ നിന്ന് തന്നെ രക്ഷിച്ചു.  ഇരുവർക്കും വീണ്ടും സന്തോഷം അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു.   യാത്ര കാശിയോട് അടുക്കാറായപ്പോൾ ഇതാ പൊടുന്നനെ വലിയ കാറ്റും വലിയ പെരുമഴയും ഒരുമിച്ച് വരുന്നു.  ഇരുവർക്കും ആകപ്പാടെ പരിഭ്രാന്തി ആവോളം തങ്ങളെതന്നെ സൂക്ഷിക്കുവാൻ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമില്ല.  ആ വലിയ കാറ്റിൽ പെട്ട് കരിയില എങ്ങോ പാറിപ്പോയി, മണ്ണാങ്കട്ട ആ കടുത്ത മഴയിൽ അലിഞ്ഞ് ഇല്ലാതായി.  അങ്ങനെ ആ ബന്ധവും കൂട്ടുകെട്ടും വഴിയിൽ അവസാനിച്ചു.

കഥ വെറുമൊരു തമാശയെന്ന് തോന്നിയാലും ചിന്തിക്കുക നമ്മുടെ ഈ യാത്രയിൽ ബന്ധങ്ങൾ പലതും അവസാനിക്കും, അറ്റ് പോകും, ചിലത് പറന്ന് പമ്പ കടക്കും.  തിരുവചനം ഇങ്ങനെ പറയുന്നു നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത് സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത് (സങ്കീ 146: 3, 4)  നമ്മുടെ ദൈനംദിന ജീവിതത്തിന് നേരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൽ നാം പെടുമ്പോൾ പല ബന്ധങ്ങളും പൊട്ടി മാറും സഹായത്തിൻ്റെ കരങ്ങൾ പലതും അകന്ന് മാറും.   ഇന്നുള്ള നമ്മുടെ ആരോഗ്യവും സമ്പത്തും സൗന്ദര്യവും എല്ലാം വെറും മണ്ണാങ്കട്ടയും കരിയിലയും അത്രേ.   നാം അതിൽ ആശ്രയിച്ചുകൊണ്ട് യാത്ര തുടരുന്നുവെങ്കിൽ നിശ്ചയമായും പരാജയപ്പെടും.  ഇതെല്ലാം നമ്മുടെ കണ്ണുകൾക്കു മുമ്പിൽ പറന്നകലും അലിഞ്ഞ് ഇല്ലാതെയാകും.  എന്നാൽ ഓർക്കുക യുഗങ്ങളുടെ പാറയായ ക്രിസ്തുവിൽ മറയുന്നവരെ ഈശാനമൂലനും കൊടുങ്കാറ്റും തലയ്ക്കു മീതെ അടിക്കുമ്പോൾ അവൻ തൻ്റെ തൂവലുകൾ കൊണ്ട് മറയ്ക്കും. . സമ്പത്ത് വർധിച്ചാൽ അതിൽ മനസ്സു വെക്കരുത് അത് നീരാവിപോലെ പാറി പോകും, കഴുകനെ പോലെ ചിറകടിച്ച് പറന്നു പോകും.  നമ്മുടെ ഇന്നുള്ള ആശ്രയങ്ങൾ എല്ലാം നമ്മുടെ പ്രയാസത്തിൻ്റെയും വേദനയുടെയും നടുവിൽ അകന്ന് മാറും.  ലോകത്തിൻ്റെ ഭദ്രതയും ഇൻഷുറൻസിൻ്റെ  ബലവും നമ്മെ ഒരിക്കലും രക്ഷിക്കുകയില്ല.  വചനം പറയുന്നു ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്.  നമ്മുടെ യാത്രയുടെ ആരംഭത്തിൽ സഹായിക്കാം എന്ന്  പറഞ്ഞവർ പലരും ഇന്ന് നമ്മോടൊപ്പം ഇല്ല.  അന്ന് തുടക്കം കുറിച്ച സൗഹൃദ ബന്ധങ്ങൾ പലതും പറന്നുപോയി.  തിരക്ക് പിടിച്ച ഈ ലോകത്തിൽ ഏകാന്തതയുടെ വഴിയിൽ കൂടിയാണ് നമ്മിൽ പലരും യാത്ര ചെയ്യുന്നത്.  നമ്മുടെ ഈ യാത്ര കാശിയിലേക്കല്ല 
കാൽവറിയിലേക്ക് അത്രേ.   ഈ നീണ്ട യാത്രയിൽ കാറ്റടിക്കും തിരമാലകൾ ഉയർന്ന് പൊങ്ങും.  ഇന്ന് കാലാവസ്ഥ മാറി മറിയുന്നത് പോലെ ബന്ധങ്ങളും ഇളകി മറിയും.   

ഗുണപാഠം:  നമ്മുടെ ഈ ജീവിത യാത്രയിൽ ആരാണ് നമ്മോടൊപ്പം ഉള്ളത്? ആരെയാണ് നാം ആശ്രയിക്കുന്നത്?  പിന്തുടരുന്നത്?  പണവും, പ്രശസ്തിയും, പേരും, പദവികളും രോഗ കിടക്കയിൽ  വെറും കരിയില്ല.  സമ്പത്തുകളുടെ കൂമ്പാരവും ഫെയ്സ്ബുക്ക് ഫ്രണ്ട്സിൻ്റെ നീണ്ട ലിസ്റ്റും വെറും മണ്ണാങ്കട്ട.  ഇതെല്ലാം ഇവിടുത്തെ മഴയിൽ കുതിർന്ന് പോകും, അലിഞ്ഞ് ഇല്ലാതാകും.  എന്നാൽ കാൽവറി നാഥൻ നമ്മോട് സംസാരിക്കുന്നു ഞാൻ നിങ്ങളെ ഒരു നാളും കൈവിടുകയില്ല ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് (മത്തായി 28: 20). 

പാസ്റ്റർ മാത്യു വർഗീസ്, ഡാളസ്

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.