PRAVASI

അഭിവന്ദ്യ തോമസ് ആനിമൂട്ടിൽ പിതാവിന് സ്നേഹനിർഭരമായ ആശംസകൾ

Blog Image

സീറോ മലബാർ സഭയുടെ മെത്രാൻ സിനഡിന്റെ തിരഞ്ഞെടുപ്പിനെ തുടർന്ന്, മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രഖ്യാപിച്ച പ്രകാരം, കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി (പ്രത്യേകിച്ച് പ്രവാസി ക്നാനായ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷയ്ക്കായി) നിയമിതനായ അങ്ങേക്ക് എന്റെ ഹൃദയം നിറഞ്ഞ മംഗളങ്ങൾ അർപ്പിക്കുന്നു.

എന്റെ ആത്മീയ ജീവിതത്തിന്റെ വേരുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നായതിനാൽ ഈ നിമിഷം എന്റെ മനസ്സിൽ വലിയ സന്തോഷവും നന്ദിയും നിറയ്ക്കുന്നു. അങ്ങയുടെ ജന്മഇടവകയായ പയ്യവൂർ സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഞാൻ അൾത്താരബാലനായി ശുശ്രൂഷ ചെയ്തിരുന്ന കാലത്ത്, അങ്ങ് മൈനർ സെമിനാരി അവധിക്കാലത്ത് നാട്ടിലെത്തുമ്പോൾ ദൈവവചനം ഭക്തിപൂർവ്വം വായിച്ചിരുന്നത് ഞാൻ നന്ദിയോടെ ഓർക്കുന്നു. അന്ന് വേദപീഠത്തിൽ ദൈവവചനം വായിച്ച ആ ചെറുപ്പക്കാരനായ സെമിനാരി വിദ്യാർത്ഥി ഇന്ന് ദൈവജനത്തിന്റെ ഇടയനായി ഉയർത്തപ്പെടുമ്പോൾ, അത് ദൈവപരിപാലനയുടെ വലിയൊരു തെളിവായി ഞാൻ കാണുന്നു.

മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരിയിലെ പരിശീലനത്തിനും മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിൽ നിന്നുള്ള തിരുപ്പട്ട സ്വീകരണത്തിനും ശേഷം, റോമിലും ലോസ് ആഞ്ചലസിലുമായി നടത്തിയ ഉപരിപഠനവും തുടർന്ന് പ്രൊക്യൂറേറ്റർ, ചാൻസലർ, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ, പ്രോ-പ്രോട്ടോസിൻസെല്ലൂസ് എന്നീ നിലകളിലുള്ള അങ്ങയുടെ സേവനങ്ങളും അങ്ങയിലെ ഇടയശ്രേഷ്ഠനെയും ഭരണപാടവത്തെയും തെളിയിക്കുന്നവയാണ്.

ലോകമെമ്പാടുമുള്ള പ്രവാസി ക്നാനായ സമുദായത്തിന് ആത്മീയ നേതൃത്വം നൽകുവാൻ നിയോഗിക്കപ്പെട്ട അങ്ങയെ പരിശുദ്ധാത്മാവ് അനുഗ്രഹങ്ങളാലും ജ്ഞാനത്താലും നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങയുടെ മെത്രാൻ ശുശ്രൂഷ ക്നാനായ സമുദായത്തിന് വലിയ ഐക്യത്തിനും വളർച്ചയ്ക്കും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാക്ഷ്യത്തിനും കാരണമാകട്ടെ.

ഈ സന്തോഷകരമായ അവസരത്തിൽ, ഈ ആവശ്യം സിനഡിനും പരിശുദ്ധ പിതാവിനും മുമ്പാകെ സമർപ്പിച്ച മാർ മാത്യു മൂലക്കാട്ട് പിതാവിനും, മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിനും, ഗീവർഗ്ഗീസ് മാർ അപ്രേം പിതാവിനും എന്റെ കൃതജ്ഞത അറിയിക്കുന്നു.

പ്രാർത്ഥനാപൂർവ്വമായ ആശംസകളോടെ,

Jaimon Nanthikattu
Sacred Heart Knanaya Catholic Parish, Bensenville ( Chicago ), Illinois, USA.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.