PRAVASI

സ്വത്വം,ചോദ്യങ്ങളും ഉത്തരങ്ങളും

Blog Image

ഏകാന്തതയുടെ ആഴക്കടലിൽ
മൗനത്തിൻറെ പുതപ്പ് പുതച്ച്
സ്വപ്നങ്ങളുടെ വിളക്കണച്ച്
ആത്മബോധത്തെ മനനം ചെയ്തു
തെളിയുന്ന അമൃത കുംഭത്തെ പ്രതീക്ഷിച്ചു
തപസ്സിരിക്കുക .
ആത്മാവാകുന്ന അനന്തനെ സ്വതന്ത്രനാക്കുക
വേണമെങ്കിൽ നിനക്ക് ഈ വാത്മീകം 
തകർത്തു പുറത്തുവരാം
ചോദ്യങ്ങൾ ചോദിക്കാം
ഉത്തരം പറയേണ്ടവർ മുഖം തിരിക്കുമ്പോൾ
വീണ്ടും ചോദ്യങ്ങളുമായി അവരെ ബുദ്ധിമുട്ടിക്കാം
ഉത്തരങ്ങളെ തേടാം
ഉത്തരങ്ങളെല്ലാം ചോദ്യങ്ങളായി പരിണമിക്കുമ്പോൾ
വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിക്കാം
കടമകൾ കടിച്ചിറക്കി
മോഹങ്ങൾ പൊതിഞ്ഞുകെട്ടി
കൽപ്പാന്ത കാലത്തേക്ക് യാത്ര പോകാം
ചോദ്യങ്ങൾ ചോദ്യങ്ങളായി അവശേഷിക്കുകയും
ഉത്തരങ്ങളെല്ലാം ചോദ്യങ്ങൾ ആവുകയും
ചോദ്യങ്ങൾക്ക് ത്രിശൂലത്തിൻറെ 
അഗ്രത്തിൽ പറ്റിയ ചോരയുടെ 
നിറം ഉണ്ടാകുകയും ചെയ്യുമ്പോൾ
ചോദ്യങ്ങൾ കൊണ്ട് മസ്തിഷ്ക പ്രക്ഷാളനം
നടത്തുന്നത് നിർത്തുക
കാലചക്രം പിന്നോട്ടില്ലെന്നു ഓർമ്മപ്പെടുത്തുക
മൗനത്തിൻറെ പുതപ്പ് വീണ്ടും വലിച്ച് തലവഴി മൂടി
കുഞ്ഞു കണ്ണുകളിലെ പ്രതീക്ഷകളുടെ
വിളക്കണച്ച്
സ്വപ്നങ്ങൾ കാണാതിരിക്കാൻ പ്രാർത്ഥിച്ച്
നിനക്കുറങ്ങാം.
അല്ലെങ്കിൽ ഉറക്കം നടിക്കാം

സോഫി.എൻ.പി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.