PRAVASI

ചില അംഗങ്ങളുടെ പ്രവൃത്തികൾ സംഘടനയുടെ പ്രതിച്ഛായ തകർത്തു; വിശദീകരണവുമായി ജഗദീഷ്

Blog Image

‘അമ്മ’യുടെ ഭരണസമിതിയുടെ രാജിക്കിടയാക്കിയ സാഹചര്യം വിശദീകരിച്ച് നടൻ ജഗദീഷ്. ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായ സംഘടനാപരമായ പാളിച്ചകളും, ചില അംഗങ്ങളുടെ പെരുമാറ്റം മൂലം സംഘടനയ്ക്ക് പൊതുമധ്യത്തിലുണ്ടായ മോശം പ്രതിച്ഛായയുമാണ് രാജിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജിവെച്ച ഭരണസമിതി ഒരു വർഷത്തിനിടെ അംഗങ്ങളുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, സംഘടനാപരമായ പ്രവർത്തനങ്ങളിൽ അവർക്ക് പരിചയക്കുറവ് ഉണ്ടായിരുന്നു.

ട്രഷറർക്ക് മാറിനിൽക്കേണ്ടി വന്നത് അക്കൗണ്ട്സ് കൃത്യസമയത്ത് അവതരിപ്പിക്കാൻ തടസ്സമായി. കണക്കുകൾ നേരത്തേ കൈമാറണമെന്ന നിയമപരമായ നിബന്ധന പാലിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടുവെന്ന് ജഗദീഷ് സമ്മതിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പറയേണ്ട കാര്യങ്ങൾ അംഗങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിലുള്ള അതൃപ്തി അദ്ദേഹം പങ്കുവെച്ചു. ഇത്തരം പ്രവൃത്തികൾ സംഘടനയുടെ അന്തസ്സിനെ ബാധിച്ചുവെന്നും അംഗങ്ങൾക്കിടയിൽ ഇതിൽ വലിയ അമർഷമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിശ്വാസപ്രമേയത്തിലേക്ക് കാര്യങ്ങൾ എത്തുംമുമ്പ് തന്നെ അംഗങ്ങളുടെ വികാരം മാനിച്ചാണ് ഭരണസമിതി രാജിവെക്കാൻ തീരുമാനിച്ചതെന്ന് ജഗദീഷ് പറഞ്ഞു.

ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും കണക്കുകളും അംഗീകരിക്കാൻ അംഗങ്ങൾ വിസമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ രാജി പ്രഖ്യാപിക്കുകയും, തുടർന്ന് മുഴുവൻ ഭരണസമിതിയും രാജിവെക്കുകയുമായിരുന്നു. നേതൃത്വത്തിനെതിരെ ഉയർന്ന രൂക്ഷമായ വിമർശനങ്ങളും ആരോപണങ്ങളും കണക്കിലെടുത്താണ് ഭരണസമിതി ഒഴിഞ്ഞത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.