അമ്മ സംഘടനയിലെ വിവാദ വിഷയങ്ങളിൽ പ്രതികരണവുമായി നടൻ ആസിഫ് അലി രംഗത്തെത്തി. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ ആ വേദിയിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും, പുറത്തുപറയുന്ന സാഹചര്യമുണ്ടായെങ്കിൽ അത് അൻസിബയുടെ നിവൃത്തികേടുകൊണ്ടാകാമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നിലവിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് തനിക്ക് പൂർണ്ണമായ ധാരണയില്ലെന്നും, മാധ്യമങ്ങൾ വഴിയാണ് വിവരങ്ങൾ അറിയുന്നതെന്നും വ്യക്തമാക്കിയ ആസിഫ് അലി, ഇരുഭാഗത്തുനിന്നും കാര്യങ്ങൾ കേട്ടശേഷം മാത്രമേ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു.
നടൻ ടിനി ടോമും സംഘടനയിലെ മറ്റ് ചിലരും ചേർന്ന് തന്നെ ക്രൂരമായി അപമാനിച്ചുവെന്നും, വർഗ്ഗീയമായ അധിക്ഷേപങ്ങൾ നടത്തിയെന്നുമാണ് നടി അൻസിബ ഹസ്സന്റെ ആരോപണം. ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും, മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് തെറ്റായ പ്രചാരണങ്ങൾ നടത്തിയെന്നും അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങളെ തുടർന്ന് ഫെബ്രുവരി 21-നാണ് അൻസിബ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചത്.
അതേസമയം, അൻസിബയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുകയാണ് ടിനി ടോം. തന്റെ ഭാഗത്തുനിന്ന് തെറ്റായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും, ഈ വിഷയത്തിൽ സംഘടനയുടെ കമ്മിറ്റി തീരുമാനമെടുക്കട്ടെ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സംഘടനയ്ക്കുള്ളിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, അൻസിബയുടെ ഈ നീക്കങ്ങൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

