PRAVASI

പാലക്കാട്ട് അഴയിൽ നിന്ന് ഷോക്കേറ്റ രണ്ടാമത്തെ സ്ത്രീയും മരിച്ചു; അപകടം ഭർതൃമാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

Blog Image

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധികയാണ് രാവിലെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതേ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാധികയുടെ ഭർതൃമാതാവ് ശാരദ ഓഗസ്റ്റ് 1ന് പുലർച്ചെ മരണപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ 24-നാണ് അപകടം നടക്കുന്നത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ കെട്ടിയ ഇരുമ്പ് കമ്പി അഴയിൽ ശാരദ തുണി കഴുകിയിടുന്നതിനിടെ ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു. വീണുപോയ ശാരദയെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ച മരുമകൾ രാധികയ്ക്കും തെറിച്ചുവീണ് ഗുരുതരമായി ഷോക്കേറ്റു. ഇതുകണ്ട് ഓടിയെത്തി രാധികയെ രക്ഷിക്കാൻ ശ്രമിച്ച അനുജന്റെ ഭാര്യ രേഷ്മയ്ക്കും ഷോക്കേറ്റെങ്കിലും പരിക്കുകൾ നിസ്സാരമായതിനാൽ ഇവർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഇവരുടെ വീടിന്റെ പണി നടക്കുന്നതിനാൽ തൊട്ടടുത്തുള്ള താൽക്കാലിക ഷെഡ്ഡിൽ നിന്നും ഇലക്ട്രിക് വയർ വഴി കണക്ഷൻ എടുത്തിരുന്നു. ഇതിൽ നിന്നും വയർ ചോർന്ന് ഇരുമ്പ് കഴുക്കോലിലൂടെ അഴയിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് ദുരന്തത്തിന് കാരണമായത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.