PRAVASI

മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് & ക്യാരം ടൂർണമെന്റ് അതിഗംഭീരമായി നടത്തപ്പെട്ടു

Blog Image

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയായുടെ  (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് രണ്ടിന്  ശനിയാഴ്ച  രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച്  നടത്തപ്പെട്ട ചെസ് & ക്യാരം ടൂർണമെന്റ്  മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും കാണികളുടെ സപ്പോർട്ടുകൊണ്ടും വൻ വിജയമായി.

സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വാശിയേറിയ ചെസ് & ക്യാരം   ടൂർണമെന്റിൽ   ക്യാരം  വിഭാഗത്തിൽ സിബി തോമസ്  & ആശിഷ് മാത്യു  ടീം ഒന്നാം സ്ഥാനവും,  ബാബു & ജിജു ടീം  രണ്ടാം  സ്ഥാനവും ബേബി കളപ്പറമ്പത്ത്  & ബെൻ ഫിലിപ്പ്  ടീം മൂന്നാം  സ്ഥാനവും കരസ്ഥമാക്കി.  ചെസ്സ് സീനിയർ വിഭാഗത്തിൽ സോഹിൽ അജി ഒന്നാം സ്ഥാനവും, ബിനു തോമസ് രണ്ടാം സ്ഥാനവും ചെസ്സ് ജൂനിയർ വിഭാഗത്തിൽ സയാൻ ബെഞ്ചമിൻ ഒന്നാം സ്ഥാനവും, റിത്വിക്ക് നാഥ് രണ്ടാം സ്ഥാനവും നേടി.

ബുദ്ധിയും ചടുലതയും ഭാഗ്യവും ഒത്തുചേർന്ന  വാശിയേറിയ ഈ മത്സരത്തിൽ ഏകദേശം 20 ൽ അധികം ടീമുകൾ  പങ്കടുത്തു.  നിറഞ്ഞു കവിഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിലായിരുന്നു സമ്മാനദാനം നിർവ്വഹിച്ചത്. ഫോമാ ട്രഷറാർ ബിജു തോണിക്കടവിൽ, ഫോമാ ജോയിന്റ് സെക്രട്ടറി ജെയ്‌മോൾ ശ്രീധർ, ഫോമാ ജോയിന്റ് ട്രഷറാർ ജെയിംസ് ജോർജ്, ഫോമാ മിഡ് അറ്റ് ലാന്റിക്ക് റീജിയൻ ആർ വി പി ജോജോ കോട്ടൂർ, ഫൊക്കാന ജനറൽ സെക്രട്ടറി കല ഷാഹി, ഐ ഓ സി പ്രസിഡന്റ് ലീല മാരേട്ട്, ഫൊക്കാന നേതാവ് സജിമോൻ ആന്റണി, ഫൊക്കാന ആർ വി പി ഷാജി സാമുവൽ, ഫോമാ ജുഡീഷ്യൽ കമ്മറ്റി സെക്രട്ടറി ബിനു ജോസഫ്, ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള സാമൂഹിക സാംസ്കാരിക സംഘടനാ  നേതാക്കൾ എന്നിവർ സമ്മാനദാന ചടങ്ങിൽ സംബന്ധിച്ചു.

മാപ്പിന്റെ 2024 കാലയളവിലെ പുതിയ ഭരണസമിതിയുടെ പ്രവർത്ത ഉത്‌ഘാടനവും അന്നേദിവസം മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ടു. മാപ്പിനെക്കുറിച്ചുള്ള ഒരു  ലഘു അവലോകനവും 2024 ലെ കർമ്മപരിപാടികളെക്കുറിച്ചുള്ള വിശദീകരണവും മാപ്പ്  പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് അവതരിപ്പിച്ചു. ഫോമാ, ഫൊക്കാന, ഡബ്ള്യു എം സി, കല  തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി നേതാക്കൾ മാപ്പിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

ലോകം മുഴുവൻ റോഡ് മാർഗം ഇന്ത്യൻ നിർമ്മിത വാഹനത്തിൽ പര്യടനം നടത്തികൊണ്ട്  55 രാജ്യങ്ങൾ പിന്നിട്ട് അമേരിക്കയിൽ എത്തിച്ചേർന്ന  മലയാളിയായ മുഹമ്മദ് സിനാന് മാപ്പ്  ആദരവും സ്വീകരണവും നൽകി. മാപ്പ് BOT അംഗങ്ങളായ അലക്സ് അലക്‌സാണ്ടർ, ജോൺ സാമുവൽ എന്നിവർ മാപ്പിന്റെ ഉപഹാരം മുഹമ്മദ് സിനാന് കൈമാറി. മാപ്പ് ജനറൽ സെക്രട്ടറി ബെൻസൺ വർഗീസ് പണിക്കർ സ്വാഗവും, മാപ്പ് ട്രഷറാർ ജോസഫ് കുരുവിള(സാജൻ) കൃതജ്ഞതയും പറഞ്ഞു . മാപ്പ് ഐറ്റി & എജ്യൂക്കേഷൻ ചെയർപേഴ്സൺ ഫെയ്ത് മറിയ യൽദൊ ആയിരുന്നു പ്രോഗ്രാം എം സി. ചടങ്ങിൽ ജെയിംസ് ചാക്കോ ഗാനങ്ങൾ ആലപിച്ചു. ഫിലഡൽഫിയയിലെ പ്രമുഖ ഗായിക റേച്ചൽ ഉമ്മന്റെ അമേരിക്കൻ -ഇന്ത്യൻ നാഷണലാന്തത്തോടുകൂടിയായിരുന്നു പരിപാടികൾ ആരംഭിച്ചത്.

ഈ രണ്ടു മത്സരങ്ങളും വൻ വിജയമാക്കിത്തീർക്കുവാൻ ചുക്കാൻപിടിച്ച  സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജിന്റെ  നേതൃത്വപാടവത്തിന്  മാപ്പ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ, കമ്മറ്റി അംഗങ്ങൾ ഏവരും നന്ദി രേഖപ്പെടുത്തി. ക്യാരംസ് മത്സരങ്ങളുടെ രജിസ്‌ട്രേഷനും നേതൃത്വം നൽകിയ  ഫോമാ ജുഡീഷ്യൽ കമ്മറ്റി സെക്രട്ടറിയും മാപ്പ് കമ്മറ്റി അംഗവുമായ  ബിനു ജോസഫ്, മാപ്പ് ട്രഷറാർ ജോസഫ് കുരുവിള(സാജൻ) ചെസ് ടൂർണമെന്റിന് നേതൃത്വം നൽകി നിയന്ത്രിച്ച  ബിനു സി തോമസ്  എന്നിവർക്കും, മാപ്പ് കമ്മറ്റി അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.

 മോശം കാലാവസ്ഥയായിരുന്നിട്ടും  മത്സരങ്ങൾ കാണുവാനും, ആസ്വദിക്കുവാനും, വിജയികളാരെന്ന് അറിയുവാനും   നിരവധി ആളുകൾ  ഹാളിനുള്ളിലും,  വെളിയിൽ പ്രത്യേകം സജ്ജമാക്കിരുന്ന പവലിയനിലും ആകാംക്ഷയോടു കാത്തിരുന്നു.

വാർത്ത: സജു വർഗീസ്, മാപ്പ് പി.ആർ.ഒ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.