വലിയ നോമ്പിന്റെ ആഘോഷപൂർണ്ണമായ ആചാരം നമ്മെ ഓർപ്പിക്കുന്നത്, ക്രിസ്തുവിന്റെ ക്രൂശുമരണവും പുനരുത്ഥാനവും അവന്റെ പുനരാഗമനം വാഞ്ചിച്ചിരിക്കുന്ന വിശ്വാസികൾക്ക് ആചരിക്കാൻ ഭരമേല്പിച്ച വിശുദ്ധ കുർബ്ബാനയും അദൃശ്യമായ പരിശുദ്ധാത്മാവിന്റെ സഹവാസവുമാണ്.
പരിശുദ്ധ കുർബാന ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയത്തിൽ നിലകൊള്ളുന്ന ദൈവീക രഹസ്യമാണ്. അത് ഒരേസമയം ബലിയും വിരുന്നുമാണ്. കാൽവരി മലയിൽ കർത്താവായ യേശു ക്രൂശിൽ അർപ്പിച്ച ത്യാഗബലി മനുഷ്യരുടെ രക്ഷയ്ക്കായുള്ള ശാശ്വത യാഗമായി മാറി. ആ ഒരിക്കൽ നടന്ന ബലി തന്നെയാണ് പരിശുദ്ധ കുർബാനയിൽ സ്മരണയായി മാത്രമല്ല, ആത്മീയമായി ഇന്നും വിശ്വാസികളുടെ ഇടയിൽ സാക്ഷാത്കരിക്കപ്പെടുന്നത്.
പഴയ നിയമത്തിൽ ദൈവം മനുഷ്യനോടു സ്ഥാപിച്ച ഉടമ്പടികളും ബലികളും ഭക്ഷണങ്ങളും ഈ മഹാരഹസ്യത്തെ മുൻകൂട്ടി സൂചിപ്പിച്ചിരുന്നു.
ജീവന്റെ വൃക്ഷത്തിലെ വിലക്കപ്പെട്ട ഫലം മനുഷ്യന്റെ വീഴ്ചയ്ക്ക് കാരണമായി (ഉൽപത്തി 2:17). എന്നാൽ യേശുനാഥൻ കാൽവറി മലയിൽ കുരിശിൽ അർപ്പിച്ച ബലി മനുഷ്യർക്കു രക്ഷയുടെ വാതിൽ തുറന്നു (യോഹന്നാൻ 19:34).
ആദ്യ മനുഷ്യൻ അനുസരണക്കേടിലൂടെ നഷ്ടപ്പെടുത്തിയ കൃപ, കുരിശിൽ നിന്നു പൊഴിഞ്ഞ രക്തവും ജലവും വഴി വീണ്ടും ലഭിച്ചു. ജീവന്റെ വൃക്ഷം നഷ്ടത്തിന്റെ അടയാളമായിരുന്നുവെങ്കിൽ, കാൽവറിയിലെ കുരിശ് വീണ്ടെടുപ്പിന്റെ വൃക്ഷമായി മാറി.
മെൽക്കിസെദേക്കിന്റെ അപ്പംയും വീഞ്ഞും, അബ്രാഹാം തന്റെ മകനായ ഇസഹാക്കിനെ സമർപ്പിക്കാൻ സന്നദ്ധനായ സംഭവം, യഹൂദരുടെ പെസഹാ ഭോജനം തുടങ്ങിയവ എല്ലാം പിന്നീട് യേശുവിൽ പൂർണ്ണത കൈവരിക്കുന്ന കുർബാനയുടെ പ്രതീകങ്ങളായിരുന്നു.
അന്ത്യവിരുന്നിൽ യേശു തന്റെ ശരീരവും രക്തവും മനുഷ്യർക്കായി സമർപ്പിച്ച് പുതിയ നിയമത്തിന്റെ പെസഹാ ഭോജനത്തെ സ്ഥാപിച്ചു. അതുകൊണ്ട് കുർബാന വെറും ഒരു ആരാധനക്രമമല്ല; അത് ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെ പുതുക്കിയ ഉടമ്പടിയും ആത്മീയ ഭക്ഷണവുമാണ്.
വിശ്വാസികൾ കുർബാനയിൽ പങ്കുചേരുമ്പോൾ, അവർ കർത്താവിന്റെ വചനത്തിലും ശരീരത്തിലും സാന്നിധ്യം അനുഭവിക്കുന്നു. അതിലൂടെ ആത്മീയ വളർച്ചയും വിശുദ്ധീകരണവും ലഭിക്കുകയും നിത്യജീവിതത്തിന്റെ പ്രത്യാശ ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു.
അതുകൊണ്ട് പരിശുദ്ധ കുർബാന കാൽവരിയിലെ ബലിയുടെ തുടർച്ചയും ദൈവകൃപയുടെ വിരുന്നുമായാണ് സഭ അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്—മനുഷ്യരോടുള്ള ദൈവത്തിന്റെ അഗാധ സ്നേഹത്തിന്റെ ജീവനുള്ള അടയാളമായി പരിശുദ്ധാത്മാവ് നമ്മളിൽ സദാ കുടികൊള്ളുന്നതിനാലാണ്.
ക്രൈസ്തവൻ തന്റെ ജീവിതം ആസ്വദിക്കുവാൻ കഴിയുന്നത് അവനിലുള്ള പരിശുദ്ധാത്മാവ് വഴിയാണ്; പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ വഴിയാണ്. അവ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാ 5:22) എന്നിവയാണ്. ഈ ഫലങ്ങളിലൂടെയാണ് ക്രൈസ്തവൻ സജീവിതം ആത്മീയമായി കാണുന്നതും അതുപോലെ ക്രൈസ്തവനെ തിരിച്ചറിയുന്നതും കാണുന്നതും. ഫലങ്ങളിലൂടെയല്ലാതെ വൃക്ഷങ്ങളെയും മനുഷ്യരെയും ഒക്കെ നാം തിരിച്ചറിയുക. ഈ ഫലങ്ങളിൽ, ജീവിതത്തെ ഏറ്റവും മനോഹരവും ആത്മാർത്ഥവുമാക്കി തീർക്കുന്നത് സ്നേഹമാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് സ്നേഹമാണ്. അതില്ലെങ്കിൽ നാം പരമ ദരിദ്രർ. അങ്ങനെ പൗലോസ് ഈ വിധം പറയുന്നു: “എനിക്ക് പ്രവചനവരമുണ്ടായിരിക്കയും സകല രഹസ്യങ്ങളും ജ്ഞാനം ഗ്രഹിക്കയും ചെയ്താലും സകല വിശ്വാസവും മലകൾ മാറ്റാൻ തക്ക വിശ്വാസവും എനിക്ക് ഉണ്ടായാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. എന്റെ എല്ലാം സ്വത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല” (1 കൊരി 13:2–3).
യഥാർത്ഥ സ്നേഹം ദൈവം തന്നെയാണ്. ദൈവത്തെക്കുറിച്ച് ചൊല്ലുന്ന ഏറ്റവും മനോഹരമായ നിർവചനം “ദൈവം സ്നേഹമാണ്” (1 യോഹ 4:8) എന്നതാണ്. തന്റെ ചെറുതുമായ, സത്യമായ ഈ സ്നേഹമാണ് അവിടുന്ന് നമുക്ക് നല്കിയിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിൽ ചൊരിഞ്ഞിരിക്കുന്നത് (റോമ 5:5). ക്രൈസ്തവ ജീവിതം എന്നത് ഈ സ്നേഹം ആസ്വദിക്കലാണ്. അതാണ് വി. കുർബാനയിലൂടെ ലഭിക്കുന്ന അനുഗ്രഹം.
അനുഗ്രഹീതമായ ഈസ്റ്റർ ആശംസിക്കുന്നു.
Dr.Mathew Joys
.jpg)

