ചില കാര്യങ്ങൾ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അവയിൽ നിന്നും അത്ഭുതത്തിന്റെയും സന്തോഷത്തിന്റെയും വികാരം ഉടലെടുക്കുന്നു . അപ്പോൾ നമ്മൾ അറിയാതെ തന്നെ പുറപ്പെടുവിക്കുന്ന ചില വാക്കുകളും ശബ്ദവും ഉണ്ട്. നമ്മൾ അറിയാതെ “വാവ്!”, “എന്തൊരു അത്ഭുതം!”, “അയ്യോ!” എന്നൊക്കെ പറഞ്ഞുപോകും. അത്ഭുതവും സന്തോഷവും നിറഞ്ഞ ഈ ചെറിയ നിമിഷങ്ങൾ ചേർന്നാണ് “വിസ്മയാനന്ദം” എന്ന് വിളിക്കുന്ന മനോഹരമായ ഒരു വൈകാരികാനുഭവം രൂപപ്പെടുന്നത്.
സൂര്യാസ്തമയം കണ്ടപ്പോൾ എനിക്ക് വിസ്മയം തോന്നി. ആ വ്യക്തിയുടെ കരുണ കണ്ടപ്പോൾ എനിക്ക് അത്ഭുതം ഉണ്ടായി. നക്ഷത്രം തെളിഞ്ഞ ആകാശം എന്ന വിസ്മയിപ്പിച്ചു. തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. മനസ്സിൽ ഉടലെടുക്കുന്ന ആ വിസ്മയ ഭാവവും ഒപ്പം ചേരുന്ന ആനന്ദവും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന "വിസ്മയാനന്ദം" അനുഭവിക്കാത്തവരില്ല.
ലോക ഫുട്ബോൾ മത്സരത്തിൽ കാബോ വെർദെ എന്ന ചെറിയ രാജ്യം പൊരുതി തോറ്റപ്പോഴും, പലവിധ സമ്മർദ്ദങ്ങളെയും അതിജീവിച്ച് ശ്രീ വി ഡി സതീശൻ അവർകൾ കേരള മുഖ്യമന്ത്രിയായപ്പോഴും ബഹുഭൂരിപക്ഷം കേരള ജനതയിലും ഉണ്ടായ വികാരം വിസ്മയാനന്ദമാണ്.
ഒരു ലളിതമായ കാഴ്ച ചിന്തിച്ചുനോക്കൂ. ടാമ്പാ പാലത്തിൽ മുത്തച്ഛനും കൊച്ചുമക്കളും മീൻപിടിക്കുകയാണ്. വെറും 12-ഉം 14-ഉം വയസ്സുള്ള കുട്ടികൾ നാലുകിലോ തൂക്കമുള്ള ഒരു കടൽമീൻ മീൻ പിടിച്ചെടുക്കുന്നു. മുത്തച്ഛന്റെ വായിൽ നിന്ന് സ്വാഭാവികമായി “അയ്യോടാ!” എന്നും “ഓ മൈ ഗോഡ്!” എന്നും പുറത്തുവരുന്നു. അത്ഭുതവും സന്തോഷവും ഒന്നിച്ചുചേരുന്ന ആ സ്വാഭാവിക നിമിഷമാണ് വിസ്മയാനന്ദം.
15 വയസ്സുള്ള ക്നാനായ പെൺകുട്ടിയായ റേമ, ബാല്യകാലത്ത് നേരിട്ട വലിയ ആരോഗ്യപ്രതിസന്ധികളെ അതിജീവിച്ച്, ഒഹിയോ മിസ് ഫയർലാൻഡ്സ് ക്വീൻ 2026 എന്ന പ്രശസ്തമായ പട്ടം അഭിമാനത്തോടെ നേടി. തന്റെ വിജയത്തെ കുറിച്ച് ചിന്തിച്ചപ്പോൾ അവൾ പറഞ്ഞു: “വിജയ പ്രഖ്യാപനം കേട്ട നിമിഷം, എന്റെ പഴയ ആരോഗ്യ ട്രോമയിൽ നിന്ന് ഞാൻ സുഖപ്പെടുന്നതായി തോന്നി. സൗന്ദര്യം തുടങ്ങുന്നത് നിങ്ങൾ സ്വയം ആയിരിക്കാനുള്ള തീരുമാനത്തിൽ നിന്നാണ്.’"
ഓരോ ദിവസവും ഏതാനും മിനിറ്റുകൾ വിസ്മയാനന്ദം അനുഭവിക്കുകയും ശബ്ദങ്ങൾ ആത്മാർത്ഥമായി ഉരുവിടുന്നതും മാനസികാരോഗ്യം നിലനിർത്തുവാൻ സഹായിക്കുന്നു . വിഷാദം മാനസിക സമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങൾ കുറിക്കുന്നതിനും, ശരീര വേദനയും ഏകാന്തതയും തരണം ചെയ്യുന്നതിനും ഇത് ഉപകരിക്കും . ജീവിതാനന്ദം തിരിച്ചുപിടിച്ച് കൂടുതൽ സന്തോഷത്തോടെ ജീവിക്കുവാൻ സാധിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. വിസ്മയാനന്ദം വളർത്തിയെടുക്കാനുള്ള ചില ലളിതമായ മാർഗങ്ങളും അതിന്റെ ശക്തി തെളിയിക്കുന്ന അനുഭവങ്ങളും താഴെ പറയുന്നു. പ്രായോഗികമായി ചെയ്യേണ്ട ചില കാര്യങ്ങൾ:
1 ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുക;
വിസ്മയ ആനന്ദം അനുഭവിക്കുവാൻ വളരെയധികം വലിയ കാര്യം ചെയ്യണമെന്നില്ല. വലിയ ജീവിതവിജയം കൈവരിക്കുവാൻ കാത്തിരിക്കേണ്ടതുമില്ല. ഓരോ ദിവസവും നമ്മൾ കടന്നു പോകുന്ന ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുക. അവയിൽ ഉള്ള അത്ഭുതവും, ആനന്ദവും, കണ്ടെത്തുന്നത് ഒരു ശീലമാക്കുക.
ബേൺഔട്ടിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 56 വയസ്സുള്ള സൂസൻ എല്ലാ രാവിലെയും അഞ്ച് മിനിറ്റ് വീട്ടിന് പുറത്തിരിക്കാൻ തുടങ്ങി. ഒരു ദിവസം അവർ ഒരു പൂവിനരികെ നിൽക്കുന്ന ഒരു ഹമ്മിംഗ് ബേഡിനെ ശ്രദ്ധിച്ചു.
“അത് ഒരു ചെറിയ അത്ഭുതം പോലെയായിരുന്നു,” അവർ പറഞ്ഞു.
ആ ഒരൊറ്റ നിമിഷം അവളുടെ മുഴുവൻ ദിവസത്തെയും സന്തോഷകരമാക്കി
പ്രിയമുള്ള സംഗീതം ശ്രദ്ധയോടെ കേൾക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം, നക്ഷത്രങ്ങൾ മിന്നിമറയുന്ന ആകാശം കാണുമ്പോൾ നമ്മൾ മഹാവിസ്മൃതിയിലേക്ക് ചേരുന്ന അത്ഭുതത്തോടെയുള്ള ആനന്ദം. ചില വ്യക്തികൾ ചെയ്യുന്ന കരുണാമായ പ്രവർത്തികൾ കാണുമ്പോഴും കേൾക്കുമ്പോഴുള്ള സഹാനുഭൂതി ഒക്കെ ആനന്ദം അനുഭവിക്കുന്നതിന് ഉദാഹരണങ്ങളാണ്
2 സിനിമ, റീൽസ് , ടെലിവിഷൻ , തുടങ്ങിയവ കാണുമ്പോൾ ഉള്ള അനുഭവങ്ങളിലും ആനന്ദം കണ്ടെത്തുക;
പ്രകൃതി നൽകുന്ന അസുലഭ നിമിഷങ്ങളും സന്ദർഭങ്ങളും ഒട്ടനവധിയാണ്. പ്രകൃതിയുടെയും പക്ഷി മൃഗാദികളുടെയും ഡോക്യുമെൻററികൾ കാണുമ്പോൾ അതിജീവനത്തിനായി പൊരുതുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും സ്വഭാവരീതികൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അതുപോലെതന്നെ ചില ഗോത്രവർഗ്ഗക്കാരുടെ അസാധാരണമായ ജീവിതശൈലിയും, ചെറുത്തുനിൽപ്പും, അവരുടെ പ്രശ്നങ്ങളെ തരണം ചെയ്യുവാനുള്ള തന്ത്രങ്ങളും നമ്മെ വിസ്മയപ്പിക്കാറുണ്ട്
പിതാവിന്റെ വേർപാടിൽ ദുഃഖിച്ചുകൊണ്ടിരുന്ന 27 വയസ്സുള്ള മൈക്കിൾ, കടലാമകൾ മുട്ടയിടാൻ തീരത്തേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ടു.
“അവയുടെ ദൃഢനിശ്ചയം മാസങ്ങളായി ഞാൻ അനുഭവിക്കാത്ത ഒരു വികാരം എന്നിൽ ഉണർത്തി,” അദ്ദേഹം പറഞ്ഞു.
ആ നിമിഷം അദ്ദേഹത്തിന്റെ വൈകാരിക മരവിപ്പിനെ കുറയ്ക്കാൻ സഹായിച്ചു.
ഈ അടുത്ത നാളുകളിൽ ഇറങ്ങിയ "ബാലൻ" എന്ന സിനിമ ഇതുവരെ കാണാത്ത ഒരു ആത്മബന്ധവും, പ്രമേയവും വ്യത്യസ്തമായി അവതരിപ്പിച്ച ദൃശ്യ വിസ്മയമായിരുന്നു. സിനിമ കഴിഞ്ഞിട്ടും സീറ്റിൽ നിന്ന് എഴുന്നേറ്റ് പോരുവാൻ മടിക്കുന്ന പലരെയും ശ്രദ്ധയിൽപ്പെട്ടു. ഒരു അതി ജീവനത്തിന്റെ കഥ മനോഹരമായി ദൃശ്യവൽക്കരിക്കപ്പെടുമ്പോൾ ഉണ്ടായ അൽഭുതാനന്ദം .
വയനാട്ടിൽ താമസിക്കുകയും ജീവിക്കുകയും ചെയ്തവർ മലമുകളിലെ പ്രഭാതത്തിൽ അനുഭവപ്പെടുന്ന മഞ്ഞ് വിസ്മയം. മനസ്സിനെ മഞ്ഞ് രഹസ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആ അനർഘനിമിഷങ്ങൾ. മനസ്സിൻറെ ഉള്ളറകളിൽ സ്വരൂപിച്ച് നൽകുന്ന ധൂമ മൗനം. പ്രഭാതത്തിൽ ലോകം പൂർണമായി കാണാനാകാതെ എന്നാൽ അതിൻറെ സൗന്ദര്യം ആഴത്തിൽ അനുഭവപ്പെടുന്ന അവസ്ഥയാണ് മഞ്ഞ് വിസ്മയം. വയനാട്ടിൽ ജീവിച്ചവർ അവിടുന്ന് വിട്ടുപോരാൻ മടിക്കുന്ന പ്രധാന കാരണം മറ്റൊന്നുമല്ല
3 ഒരു റഫഷർ ബട്ടനായി ഉപയോഗിക്കുക;
ജീവിതത്തിൽ കയറ്റവും , ഇറക്കവും സാധാരണയാണ്. ദുഃഖവും, വിയോഗവും ഉണ്ടാകുമ്പോഴും, ആശങ്കയും മാനസിക സമ്മർദ്ദവും അനുഭവിക്കുമ്പോഴും, വിഷാദ രോഗത്തിന് അടിമപ്പെടുമ്പോഴും ഒരു റഫഷർ ബട്ടൺ പോലെ വിസ്മയ ആനന്ദത്തെ പ്രയോജനപ്പെടുത്താവുന്നതാണ്. വേദനയേയും - ജീവിതത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി വിസ്മയാനന്ദത്തെ കണക്കാക്കാം. മാനസിക ആരോഗ്യത്തിന് ചികിത്സ തേടുന്ന പല രോഗികളും ഈ പ്രക്രിയയിലൂടെ രോഗമുക്തരായി പഠനങ്ങൾ തെളിയിക്കുന്നു.
വിഷാദരോഗം അനുഭവിച്ചിരുന്ന 68 വയസ്സുകാരിയായ നാൻസി എല്ലാ ദിവസവും സൂര്യോദയം കാണാൻ തുടങ്ങി.
“ആകാശം നിറം മാറുമ്പോൾ എന്റെ മനസ്സും മാറുന്നു,” അവർ പറഞ്ഞു.
ദുഃഖം നമ്മെ നഷ്ടത്തെ ഓർമിപ്പിക്കുന്നു. എന്നാൽ വിസ്മയാനന്ദം നഷ്ടത്തിനു പിന്നിലെ സ്നേഹത്തിന്റെ ആഴം ഓർമ്മിപ്പിക്കുകയാണ്. ഒരാളെ കുറിച്ചുള്ള വിസ്മയം നിലനിൽക്കുന്നിടത്തോളം ആ വ്യക്തിയുടെ സ്വാധീനവും നമ്മുടെ ജീവിതത്തിൽ തുടരും.
വിസ്മയാനന്ദം ഒരു വികാരം മാത്രമല്ല അത് മനസ്സിൻറെ ദൃഷ്ടികോണം വികസിപ്പിക്കുന്ന ഒരു അനുഭവമാണ് . ചികിത്സാ പ്രക്രിയയിൽ വിസ്മയാനന്ദം ഉൾപ്പെടുത്തുന്നത് വഴി രോഗികൾ അവരുടെ പ്രശ്നങ്ങൾക്കപ്പുറം ജീവിതത്തിൻറെ അർത്ഥവും ,സൗന്ദര്യവും, മനുഷ്യ നന്മയും വീണ്ടും കണ്ടെത്തുവാൻ തുടങ്ങും.
ഭൂരിഭാഗം മനുഷ്യരും ചെറുതും വലുതുമായ ട്രോമാ അനുഭവിക്കുന്നവരാണ്. ട്രോമാ, മനുഷ്യന്റെ ലോകത്തെ, ഭയത്തിന്റെയും വേദനയുടെയും പരിധിയിൽ ഒതുക്കുന്നു. വേദനയ്ക്കപ്പുറം നിലനിൽക്കുന്ന ശക്തിയും, സൗന്ദര്യവും, അവസരങ്ങളും, ബന്ധങ്ങളും വീണ്ടും കാണുവാൻ വിസ്മയാനന്ദം സഹായിക്കുന്നു.
4 നന്മയെ കൂടെ കൂട്ടുക;
നമ്മുടെ ചുറ്റുമുള്ള പ്രകൃതി തന്നെയാണ് ഏറ്റവും വലിയ വിസ്മയാനന്ദം നൽകുന്നത്. അത് ഹിമാലയം കാണുമ്പോഴും, സമുദ്രത്തിന്റെ വിശാലതയും നമുക്ക് നൽകുന്നുണ്ട്. പർവതങ്ങളുടെ വിശാലത കണ്ട് മനസ്സും ഹൃദയവും വികസിക്കുന്ന അവസ്ഥ. വനത്തിന്റെ സജീവ നിശബ്ദതയിൽ മനസ്സ് വിശാലമാകുന്ന വന മൗനം. ഓരോ മരത്തിന്റെയും ഇലയുടെയും പിന്നിൽ ഒരു അജ്ഞാതലോകം മറിഞ്ഞിരിക്കുന്ന വന രഹസ്യം എന്ന അനുഭൂതി. സമുദ്രത്തിന്റെ ബൃഹത്തായ വ്യാപ്തിക്കു മുന്നിൽ സ്വയം വിനയത്തോടെ അനുഭവപ്പെടുന്ന വികാരമാണ് സാഗര വിപുലത. ഇവയെല്ലാം നമുക്ക് നൽകുന്നത് വിസ്മയാനന്ദമാണ്.
ട്രോമാറ്റിക് അപകടത്തിൽ നിന്ന് സുഖം പ്രാപിക്കുന്ന 32 വയസ്സുകാരനായ ഓവൻ ഒരു വനത്തിൽ നടക്കാൻ തുടങ്ങി. ഒരു ദിവസം മരങ്ങളിലൂടെ കാറ്റ് സഞ്ചരിക്കുന്ന ശബ്ദം കേൾക്കാൻ അദ്ദേഹം നിന്നു. “ആ നിമിഷം “കാട് എനിക്കൊപ്പം ശ്വസിക്കുന്നതുപോലെ തോന്നി. എന്തെന്നില്ലാത്ത ഒരു അനുഭൂതി ഉള്ളിൽ ജനിച്ചു”
5 സ്വയം കേന്ദ്രീകൃത ചിന്തകൾ കുറയ്ക്കുന്നു;
വിഷാദം, ഉൽക്കണ്ട, തുടങ്ങിയ അവസ്ഥകളിൽ ആളുകൾ പലപ്പോഴും സ്വന്തം പ്രശ്നങ്ങളെ കുറിച്ച് നിരന്തരം ചിന്തിച്ചു കൊണ്ടിരിക്കും. വിസ്മയ അനുഭങ്ങൾ വ്യക്തിയെ തന്റെ പ്രശ്നങ്ങളുടെ പരിധിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു.
കടൽ തീരത്ത് സൂര്യാസ്തമയം കാണുമ്പോഴും , മലനിരകളുടെ ഭംഗി ആസ്വദിക്കുമ്പോഴും, എൻറെ പ്രശ്നങ്ങൾ മാത്രമല്ല ലോകം എന്ന ബോധം ഉണ്ടാകാം . ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
ഉത്കണ്ഠയും ആകാംക്ഷയും ഉള്ള 24 വയസ്സുകാരനായ സ്കോട്ട് സന്ധ്യാസമയത്ത് കടൽത്തീരത്ത് പോകാൻ തുടങ്ങി. “സമുദ്രം അനന്തമായി നീളുന്നത് കാണുമ്പോൾ എന്റെ പ്രശ്നങ്ങൾ ചെറുതാകുന്നു,” അദ്ദേഹം പറഞ്ഞു.
വിസ്മയം മനസിനെ സാവധാനം പുറത്തേക്കു തിരിക്കുന്നു.
6 വികാര നിയന്ത്രണം മെച്ചപ്പെടുത്തുന്നു;
മനസ്സിനെ ശാന്തമാക്കുകയും ,നെഗറ്റീവ് വികാരങ്ങളുടെ തീവ്രത കുറക്കുകയും ചെയ്യുന്നതു വഴി മാനസിക ശാന്തത വർധിപ്പിക്കുന്നു
ഒരു ദിവസം തന്നെ പല വിധ മാനസിക ഭാവങ്ങളിൽ കൂടി കടന്നു പോകുന്ന ഒരു സ്കൂൾ അധ്യാപികയായ ജെൻ, തന്റെ വരാന്തയിൽ നിന്ന് ഇടിമിന്നൽ മഴ കാണുന്നതിൽ ആശ്വാസം കണ്ടെത്തി. “ആകാശത്തിന് ഭ്രാന്ത് പിടിച്ച പോലെ തോന്നുന്നു, പക്ഷേ എനിക്ക് അങ്ങനെ ആവേണ്ടതില്ല,” അവൾ പറഞ്ഞു.
വിസ്മയം അവളുടെ വികാരങ്ങളെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിച്ചു
7. ജീവിതത്തിന് അർത്ഥവും ലക്ഷ്യവും നൽകുന്നു;
ഗുരുതരമായ നഷ്ടങ്ങൾ , രോഗം, ഡിവോഴ്സ് , തുടങ്ങിയ പ്രതിസന്ധിക്ക് ശേഷം ജീവിതത്തിൻറെ അർത്ഥം നഷ്ടപ്പെട്ടതായി പലർക്കും തോന്നും. വിസ്മയ അനുഭവങ്ങൾ ജീവിതത്തെ കൂടുതൽ വിശാലമായ കാഴ്ചപ്പാടിയിൽ കാണാൻ സഹായിക്കുന്നു. ഇതിലൂടെ വ്യക്തി "ഞാൻ എന്തിനാണ് ജീവിക്കുന്നത്" എന്ന ചോദ്യത്തിന് പുതിയ ഉത്തരങ്ങൾ കണ്ടെത്താൻ തുടങ്ങുന്നു
52 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ഭാര്യയെ നഷ്ടപ്പെട്ട 70 വയസ്സുകാരനായ വിറ്റ്നി പർവതങ്ങളിലേക്ക് യാത്ര ചെയ്തു. ഒരു രാവിലെ അദ്ദേഹം മൂടൽമഞ്ഞ് മൂടിയ താഴ്വര കണ്ടു.
“സൗന്ദര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന് അത് എന്നെ ഓർമ്മിപ്പിച്ചു,” അദ്ദേഹം പറഞ്ഞു. ആ നിമിഷം അദ്ദേഹത്തിന് വീണ്ടും ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സഹായിച്ചു.
8 മനുഷ്യബന്ധങ്ങൾ ശക്തിപ്പെടുത്തുന്നു;
വിസ്മയാനുഭവങ്ങൾ വിനയവും നന്ദിയും വർധിപ്പിക്കുന്നു. അതിന് ഫലമായി മറ്റുള്ളവരോട് കൂടുതൽ സഹാനുഭൂതി ഉണ്ടാകുന്നു. അതുവഴി സാമൂഹ്യ ബന്ധങ്ങൾ കൂടുതൽ ശക്തമാകു ഉണ്ടായിരുന്നു ന്നു.
ദേഷ്യം മൂലം പല പ്രശ്നങ്ങളിലും ചെന്ന് ചാടിയിരുന്ന ടോമി ഒരു കമ്മ്യൂണിറ്റി ഗാർഡനിൽ സ്വമേധയാ സേവനം ചെയ്യാൻ തുടങ്ങി. ഒരു ദിവസം ഒരു ശലഭം കൈയിൽ വന്നിരിക്കുന്നത് കണ്ടു അത്ഭുതപ്പെടുന്ന ഒരു കുട്ടിയെ അദ്ദേഹം ശ്രദ്ധിച്ചു. “അവളുടെ സന്തോഷം എന്നെ വീണ്ടും മനുഷ്യനായി തോന്നിച്ചു,” അദ്ദേഹം പറഞ്ഞു.
ആ നിമിഷം അദ്ദേഹത്തിന് മറ്റുള്ളവരുമായി വീണ്ടും ബന്ധപ്പെടാൻ സഹായിച്ചു
9. ശ്രദ്ധയോടെ ജീവിക്കാൻ പഠിക്കുക (Mindfulness);
വിസ്മയം പലപ്പോഴും അസാധാരണ കാര്യങ്ങളിൽ മാത്രമല്ല, സാധാരണ നിമിഷങ്ങളിലും ഒളിഞ്ഞിരിക്കുന്നു . ഭക്ഷണം കഴിക്കുമ്പോൾ അതിൻറെ രുചിയും ഗന്ധവും ശ്രദ്ധിക്കുക . പൂവിൻറെ ഭംഗി ആസ്വദിക്കുക. കുട്ടികളുടെ കൗതുകം നിരീക്ഷിക്കുക. ഓരോ ദിവസത്തിലും ഉള്ള ചെറിയ സൗന്ദര്യങ്ങൾ കാണാൻ ശ്രമിക്കുക. മനുഷ്യരുടെ നന്മയ്ക്കായി സേവന പ്രവർത്തനങ്ങളിൽ മുഴുകുക, തുടങ്ങിയവ നമുക്ക് അനുകരിക്കാവുന്നതാണ്.
എന്റെ ഒരു ക്ലയന്റായ തിരക്കേറിയ ഒരു മെഡിക്കൽ ഡോക്ടർ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി കഴിക്കുവാൻ തുടങ്ങി. ഒരു വൈകുന്നേരം അവർ തന്റെ ചായയുടെ സുഗന്ധവും ചൂടും ശ്രദ്ധിക്കാൻ തുടങ്ങി. “ഇത്ര ലളിതമായ ഒന്നിന് ഇത്ര ആശ്വാസകരമാകാമെന്ന് എനിക്ക് അറിയില്ലായിരുന്നു,” അവൾ പറഞ്ഞു.
ചെറിയ വിസ്മയ നിമിഷങ്ങൾ അവളെ മന്ദഗതിയിലാക്കി സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചു.
10 ; കൗതുകം നിലനിർത്തുക ,
കുട്ടികളിലെ വിസ്മയ ബോധം നിലനിർത്തുക , പ്രത്യേകിച്ച് പുതിയ കാര്യങ്ങൾ പഠിക്കുക. ശാസ്ത്രം ചരിത്രം ബഹിരാകാശം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വായിക്കുക. പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക . പുതിയ സംസ്കാരങ്ങളെ പരിചയപ്പെടുക. ലോകത്തെക്കുറിച്ച് ഉള്ള കൗതുകം വിസ്മയാനന്ദത്തിന്റെ വാതിൽ തുറക്കുന്നു
66 വയസ്സുള്ള വിരമിച്ച മലയാളിയായ കുര്യൻ ജീവിതത്തിൽ ലക്ഷ്യമില്ലാത്തതുപോലെ തോന്നി. പിന്നീട് അദ്ദേഹം ജ്യോതിശാസ്ത്രത്തെക്കുറിച്ച് വായിക്കാൻ തുടങ്ങി. ജെയിംസ് വെബ് ടെലിസ്കോപ്പ് ചിത്രങ്ങൾ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: “എനിക്ക് വീണ്ടും ഒരു കുട്ടിയെപ്പോലെ തോന്നി.”
കൗതുകം അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവന്നു.
11 നന്ദി വളർത്തുക;
ജീവിതത്തിലെ അനുഗ്രഹങ്ങളെ തിരിച്ചറിയുന്നത് വിസ്മയാനുഭൂതി വളർത്തും. ഓരോ ദിവസവും നന്ദിയുള്ള മൂന്ന് കാര്യങ്ങൾ എഴുതുക. ജീവിതത്തിലെ നല്ല മനുഷ്യരെ കുറിച്ച് ഓർക്കുക. ലഭിച്ച അവസരങ്ങളെ വലുതായി കാണുക . പ്രാർത്ഥന സ്വയം കേന്ദ്രീകൃത പുറത്തുകൊണ്ടുവരും. അൽപനേരം ധ്യാനിക്കുക, പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്തുക. ജീവിതത്തിൻറെ ആഴമുള്ള ചോദ്യങ്ങളെ കുറിച്ച് ചിന്തിക്കുക
ഡിവോഴ്‌സിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന കാതറിൻ ഓരോ രാത്രിയും മൂന്ന് നന്ദി കുറിപ്പുകൾ എഴുതാൻ തുടങ്ങി. ഒരു ദിവസം അവൾ ജനലിലൂടെ വീഴുന്ന സൂര്യപ്രകാശത്തെ കുറിച്ച് എഴുതി. “ഇത് ഞാൻ മുമ്പ് ശ്രദ്ധിച്ചിട്ടില്ല, പക്ഷേ അത് എന്നെ പ്രകാശത്തിന്റെ നേർമല്യതയിൽ സമാധാനമുണ്ടെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കി തന്നു,” അവൾ പറഞ്ഞു.
നന്ദി അവളുടെ വികാരശക്തി പുനർനിർമ്മിക്കാൻ സഹായിച്ചു.
വിസ്മയാനുഭൂതി സാധാരണ വികാരമല്ല. അത് മാനസികാരോഗ്യത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ചികിത്സാപരമായ ഒരു അനുഭവമാണ്. ജീവിതത്തിന് അർത്ഥം നൽകുകയും, മനുഷ്യബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ മാനസിക ആരോഗ്യ പരിപാലനത്തിൽ വിസ്മയ അനുഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് രോഗ ശാന്തി യിലേക്കുള്ള ശക്തമായ ഒരു വഴിയായി കണക്കാക്കാം.

Lukose Jacob, LCSW

